ഓണമെന്നാൽ എനിക്ക് പുത്തനുടുപ്പായിരുന്നു, സുഭിക്ഷമായ ആഹാരമായിരുന്നു, സ്വാതന്ത്ര്യത്തിന്റെ ആഘോഷമായിരുന്നു.

ഒട്ടും ആർഭാടമില്ലാതെ, അരിഷ്ടിച്ചു കാര്യങ്ങൾ നടന്നുപോകുന്ന വീട്ടിലെ ചുറ്റുപാട്. പുത്തനുടുപ്പും നിക്കറും കിട്ടുന്നത് ഓണത്തിന് മാത്രമാണ് – ചിലപ്പോൾ സ്‌കൂൾ തുറക്കുമ്പോഴും. വീടിനടുത്തുള്ള മലമേൽ ചന്തയിലെ ജോർജ് അച്ചായന്റെ കടയിൽനിന്നും തുണി വാങ്ങിയാണ് തയ്പ്പിക്കുന്നത് – കുറച്ചു കടവും കിട്ടും ആ കടയിൽനിന്ന്. തയ്യൽക്കടയിൽ കാവലിരുന്ന്‌, ഉത്രാടത്തിന്‌ ഉച്ചയോടെയെങ്കിലും തയ്പ്പിച്ചു വാങ്ങുക എന്നത് ഞങ്ങൾ കുട്ടികളുടെതന്നെ ചുമതലയാണ്. മുതിർന്നവർക്കൊക്കെ ഓണക്കോടിയുണ്ടാവണം എന്നുതന്നേയില്ല. തയ്ച്ചത് കയ്യിൽ കിട്ടുമ്പോൾ ഉള്ള ആഹ്ലാദം പറഞ്ഞറിയുക്ക വയ്യ. ഇന്നത്തെ കുട്ടികൾക്ക് സ്വപ്‌നം കാണാൻ പോലും ആവില്ല ആ സന്തോഷം.

അടുത്ത സന്തോഷം ആഹാരമാണ്. നാലഞ്ചു കറികൾ കൂട്ടിയുള്ള ഊണ് ഓണത്തിനോ ദീപാവലിക്കോ മാത്രമേ ഉള്ളു. അല്ലെങ്കിൽ, വല്ല കല്യാണത്തിനോ പതിനാറടിയന്തിരത്തിനോ പോകണം. പല പച്ചക്കറിയിനങ്ങളും കാണുന്നതുതന്നെ ഓണക്കാലത്ത് മാത്രമാണ്. ക്യാരറ്റ്, തക്കാളി, ക്യാബേജ്, അമരപ്പയർ മുതലായവയൊന്നും സാധാരണ ചന്തയിൽ കാണാറില്ല. വീടുകളിൽ സാധാരണയായി കാച്ചിൽ, ചേന, ചേമ്പ്, ചക്ക, പയറ്, ചീര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, പയറ്റില, മുരിങ്ങയില, മുരിങ്ങക്കായി മുതലായവ കൊണ്ടുള്ള കറികളും ഏതെങ്കിലും മീൻകറിയും മാത്രമാണ് പതിവ്. എല്ലാ വീട്ടിലും ഒരു പശുവെങ്കിലും ഉള്ളതിനാൽ ആവശ്യത്തിന് പാലും മോരും ഒക്കെ ഉണ്ടാകും. എന്റെ കുട്ടിക്കാലത്ത് വീടുകളിൽ ചായയും കാപ്പിയും ഉണ്ടാക്കുന്ന പതിവില്ല. ചായ കുടിക്കാൻ ചായക്കടയിൽ തന്നെ പോകണം. ഇപ്പോഴല്ലേ നമ്മുടെ വീടികളൊക്കെ ചായക്കടകളായി മാറിയത്! അതിനനുസരിച്ച് ആരോഗ്യപ്രശ്നങ്ങളും കൂടി എന്നതും വാസ്തവം. പപ്പടം അന്ന് ഒരു നിത്യോപയോഗ സാധനമായിരുന്നില്ല. വിശേഷദിവസങ്ങളിൽ പപ്പടം ഉണ്ടാക്കുന്ന ആൾക്കാരുടെ (ഒരു പ്രത്യേക സമുദായക്കാരുടെ കുലത്തൊഴിലായിരുന്നു അന്നത്) വീട്ടിൽ പോയി വാങ്ങണമായിരുന്നു. ഇന്നത്തെപോലെ കടകളിൽ കിട്ടുമായിരുന്നില്ല. എന്റെ വീടിനടുത്തുള്ള ഒരു ചെല്ലമ്മയമ്മാളിന്റെ വീട്ടിലായിരുന്നു പപ്പടനിർമ്മാണം. ഉത്രാടദിവസം രാവിലെതന്നെ അവിടെപ്പോയി ഓർഡർ കൊടുത്തു കാവൽ നിൽക്കണം. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാവും പപ്പടം കിട്ടാൻ. പപ്പടം വെയിലത്തിട്ട് ഉണ്ടാക്കാനും എണ്ണിക്കെട്ടിവെക്കാനുമൊക്കെ എന്നെപ്പോലുള്ള കുട്ടികളുടെ സഹായം അവർ ചോദിക്കും. സന്തോഷപൂർവം അതുചെയ്തുകൊടുക്കും. കാരണം സഹായികൾക്ക് പപ്പടം കിട്ടാൻ മുൻഗണനയുണ്ടാകും എന്നതുതന്നെ. പപ്പടം കിട്ടിയാൽ ഉടനെ ഒറ്റയോട്ടമാണ് വീട്ടിലേക്ക് – ‘അമ്മ കാത്തിരിക്കുകയാവും പപ്പടത്തിനായി. പായസം കൂട്ടിയുള്ള ഊണും ഓണദിവസങ്ങളിൽ മാത്രമാണ്.

ഊണൊക്കെ കഴിഞ്ഞാൽ പുതുവസ്‌ത്രവും ധരിച്ച് പുറത്തേക്കിറങ്ങും. കൂട്ടുകാരൊക്കെ ഓരോരുത്തരായി എത്തും. ഇടയ്ക്കിടയ്ക്കുള്ള ചില വീടുകളിൽ ഓണക്കളിയും തിരുവാതിരയും മറ്റും ഉണ്ടാകും. വലിയ മരങ്ങളുടെ തണലിൽ അമ്മമാരും ചേച്ചിമാരുമൊക്കെ പുതുവസ്‌ത്രമൊക്കെ അണിഞ്ഞു ഓണക്കളികൾ ഉണ്ടാകും. പുലിയെ-പുലി  കളി ഒരു പ്രധാന ഇനമാണ്. ആൺപിള്ളേരൊക്കെ പുലികളിക്ക് താല്‌പര്യം കാട്ടും. ഒരാളുടെ ദേഹത്തൊക്കെ ഓണത്തുമ്പവച്ച് പൊതിഞ്ഞുകെട്ടി പാളകൊണ്ടുണ്ടാക്കിയ മിയൂഖംമൂടിയും വച്ച് പുലിവേഷത്തിൽ (കരടി എന്നും പറയും) കളിക്കാൻ ഇറങ്ങും. ഒരു തോക്കുമായി വേട്ടക്കാരനും ഉണ്ടാകും. ചെത്തിയെടുത്ത ഓലമെടലാകും തോക്ക്. മേളത്തിന് ചെണ്ടയോ, അതല്ലെങ്കിൽ തകരപ്പാട്ടയോ, പാത്രങ്ങളോ ഒക്കെയാവും. പുലികളിയുമായി വീടുവീടാന്തരം കയറിയിറങ്ങും – അന്ന് കാശൊന്നും ആരും തരില്ല – ഉപ്പേരിയാവും കിട്ടുക. നേരം വൈകുമ്പോഴേക്കും നിക്കറിന്റെ പോക്കറ്റ് നിറയെ ഉപ്പേരികൾ മാത്രമാകും സമ്പാദ്യം.

എല്ലാ വീടുകളിലും അത്തപ്പൂക്കളം ഇടുന്ന പതിവൊന്നും എന്റെ ഗ്രാമത്തിലില്ലായിരുന്നു. അപൂർവം ചില സമ്പന്ന ഗൃഹങ്ങളിൽ മാത്രം, അതും പെൺകുട്ടികൾ ഉള്ളിടത്ത്, അവർ മുൻകൈയെടുത്ത് പൂക്കളം ഇടുമായിരുന്നു. പൂപറിക്കാനും മറ്റും ആൺകുട്ടികളും സഹായിക്കും.

നാലോ-അഞ്ചോ ദിവസംകൊണ്ട് ഓണംതീരുമല്ലോ എന്നതായിരുന്നു അന്നത്തെ സങ്കടം. അതുകഴിഞ്ഞാൽ സ്‌കൂളിൽ പോകണമല്ലോ എന്ന സങ്കടവും. മൂന്നാം ഓണം മുതൽ രാവിലെ പഴങ്കഞ്ഞികുടി ഒരു ഹരമാണ്. അൽപ്പം പുളിച്ച സാമ്പാറും വെള്ളത്തിലിട്ട ചോറും  തൈരും പച്ചമുളകും ഒക്കെച്ചേർത്ത പഴങ്കഞ്ഞികുടി ഒരു രസമായിരുന്നു, ആരോഗ്യദായകവും. വിഭവസമൃദ്ധമല്ലെങ്കിലും മറ്റു ദിവസങ്ങളിലും രാവിലത്തെ ആഹാരം മിക്കവീടുകളിലും പഴങ്കഞ്ഞി തന്നെ ആയിരുന്നു. എഴുപതുകളോടെ ആണ് ഈ പഴങ്കഞ്ഞിയൊക്കെ മാറി ദോശയും ഇഡലിയും പുട്ടുമൊക്കെ നമ്മുടെ പ്രാതലായി അവതരിക്കുന്നത്. അപ്പോഴേക്കും ചായയും വീടുകളിൽ എത്തിക്കഴിഞ്ഞിരുന്നു. അതുവരെ വീട്ടിൽ വിരുന്നുവരുന്നവർക്ക് ചായയ്ക്ക് പകരം സംഭാരവും കഞ്ഞിവെള്ളവും അത്യാവശ്യം കരിക്കുമൊക്കെ ആയിരുന്നു പാനീയങ്ങൾ.

ബാല്യകാലം അത്ര സുഭിക്ഷമല്ലാതിരുന്നതിനാലാണ് എനിയ്ക്ക് ഇന്നും ഓണം ഒരു സന്തോഷകരമായ ഓർമയായി നിലനിൽക്കുന്നത്. ഇന്നത്തെ ഭൂരിപക്ഷം കുട്ടികളും സമ്പന്നതയിലും പട്ടിണി അറിയാതെയും വളരുന്നു എന്നതിനാൽ ഓണക്കാലം അവർക്കൊക്കെ സാധാരണ ദിവസങ്ങൾ മാത്രമാകുന്നു. ടി.വി.-യിലെ ഓണപ്പരിപാടികളിലും കമ്പ്യൂട്ടർ ഗെയിമുകളിലും വാട്ടർ തീം പാർക്കുകളിലും അവരുടെ ആഘോഷം നിറംകെട്ടുപോകുകയാണ്. ഈ സുഭിക്ഷതകൊണ്ടുതന്നെയാണ് അൽപം മുതിർന്ന കുട്ടികളും ചെറുപ്പക്കാരും തങ്ങളുടെ ആഘോഷം ബിയർ പാർലറുകളിലേക്കും മയക്കുമരുന്നുകളിലേക്കും തിരിച്ചുവിടുന്നത്. കഷ്ടപ്പാടുകൾ അനുഭവിച്ച തലമുറക്കെ അതില്ലാത്ത അവസ്ഥയുടെ മഹത്വം മനസ്സിലാക്കാനാവു.

ഓരോ ഓണവും എനിയ്ക്ക് ബാല്യത്തിലേക്കുള്ള തിരിഞ്ഞോട്ടമാണ്. ഒരുപക്ഷെ ആ ബാല്യം തന്നെയാവണം എന്റെ ജീവിതത്തിലെ സ്ഥായിയായ  പല നന്മകളുടെയും ഉറവിടം ഇന്നും പലപ്പോഴും എനിയ്ക്ക് ബോധ്യപ്പെടാറുണ്ട്. ആ പഴയ ഓണവും അതിന്റെ ആഹ്ലാദത്തിമിർപ്പും ഒരിക്കലും ഇനി തിരിച്ചുവരില്ലല്ലോ?

1 Comment
  1. Author
    RAJAN KAILAS 3 years ago

    സന്തോഷം…..ഓണം ഓർമ്മകൾ എല്ലാവരും പങ്കുവച്ചത് നന്നായി….
    ഈ ഓണം നന്മകൾ പൂക്കുന്നതാവട്ടെ!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account