മലയാളിക്കിത് അതിജീവനത്തിന്റെ ഓണം കൂടിയാണ്. സമാനതകളില്ലാത്ത മഹാപ്രളയം തച്ചുതകർത്ത കേരളത്തിന്റെ പുനരുജ്ജീവനത്തിനായുള്ള കഠിന പരിശ്രമങ്ങളുടെയും സമഗ്ര പുനർനിർമാണത്തിന്റേയും ആരംഭം കൂടിയാണ് ഈ ഓണക്കാലം. തകർത്തു എന്നതിനേക്കാൾ ഏറെ പ്രധാനം നാം തകർച്ചയെ അതിജീവിച്ചു എന്നതാണ്. പ്രാകൃതികവും അല്ലാത്തതുമായ ഏതു ദുരന്തത്തേയും നേരിടാനും മറികടക്കാനുമുള്ള മനുഷ്യന്റെ ശേഷിയെ ഈ അതിജീവനം ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തുന്നു .

പാഠങ്ങൾ ഏറെ പഠിപ്പിച്ചാണ് പ്രളയം പിൻമാറുന്നത്. പ്രകൃതിയോടു സമരസപ്പെട്ടു തന്നെയാവണം മനുഷ്യ സംസ്‌കൃതിയുടെ പുരോഗമനം എന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനുനാദത്തിലൂടെ (resonance) മാത്രമേ നമ്മുടെ നിലനിൽപ്പ് സാധ്യമാവൂ എന്നും നമ്മെ ഓർമിപ്പിക്കാൻ ഈ പ്രളയകാലത്തിനായി. അടിസ്ഥാനപരമായി അങ്ങനെയായിരുന്നു നാം.

ഓണമെന്നാൽ പൂവും പൂക്കാലവും പൂവിളികളുമായിരുന്നു, കൊയ്ത്തും കൊയ്ത്തുപാട്ടും നിലാവുമായിരുന്നു. പ്രകൃതിയുടേയും കാലത്തിന്റേയും ഗതിവിഗതികൾക്കനുസരിച്ചു തന്നെയാണ് എല്ലാ ആണ്ടറുതികളും നാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനിയും നമുക്കങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. നോക്കൂ, ആകാശം തെളിഞ്ഞു കഴിഞ്ഞു. നിലാവും നക്ഷത്രങ്ങളും നമ്മുടെയാകാശത്ത് തിരികെയെത്തിയിരിക്കുന്നു.

അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ ഇല്ലാത്ത, യുക്‌തിരഹിതമായ ഒന്നിനേയും അംഗീകരിക്കാത്ത ബൗദ്ധിക ഔന്നത്യമാണ് മലയാളിയുടെ സ്വത്വം. കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനം തീർച്ചയായും നമ്മെ എത്തിച്ചത് ഇന്ത്യയിലെ മറ്റൊരു ജനപഥത്തോടും താരതമ്യം ചെയ്യാനാവാത്ത ഉന്നതമായ ജീവിത വീക്ഷണങ്ങളും നിലപാടുകളുമുള്ള ഒരു ജനത എന്ന സ്ഥാനത്താണ്. പക്ഷേ, ഇടക്കെപ്പോഴോ നമുക്കാ ഔന്നത്യം നഷ്‌ടപ്പെട്ടു തുടങ്ങിയിരുന്നു. ആൾദൈവങ്ങൾക്കും മത ജാതി നേതൃത്വങ്ങൾക്കും നമ്മെ സ്വാധീനിക്കുക എളുപ്പമാണെന്ന് വന്നിരുന്നു. മന്ത്രവാദികളും ജ്യോത്‌സ്യന്മാരും നമ്മുടെ ജീവിതങ്ങളിൽ പരസ്യമായി ഇടപെടാൻ തുടങ്ങിയിരുന്നു. നമ്മുടെ സ്വതസിദ്ധമായ യുക്‌തിബോധം കൈമോശം വരികയും പകരം അതിമാനുഷ അത്‌ഭുതങ്ങൾ ചോദ്യങ്ങൾ കൂടാതെ സ്വീകരിക്കപ്പെടുകയും ചെയ്‌തു തുടങ്ങിയിരുന്നു. തീർച്ചയായും മലയാള ദേശത്തിന്റെ പുനർ നിർമാണം നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പ് കൂടിയായിരിക്കണം. അതിനു വേണ്ടിയുള്ള ബോധപൂർവമായ ഇടപെടലുകൾ നമ്മുടെ രാഷ്‌ട്രീയ സാംസ്‌കാരിക നേതൃത്വങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കാം.

ഉള്ളതുകൊണ്ട് ഓണം പോലെ എന്നതാണ് മലയാളിയുടെ ശീലവും പാരമ്പര്യവും. അതിനാൽ ഇത്തവണയും നാം ഓണമാഘോഷിക്കുന്നുണ്ട്. നമ്മുടെ സ്വന്തമായ ആത്‌മാർഥതയും പരസ്‌പര ബഹുമാനവും സ്‌നേഹവും പങ്കുവച്ചും നമ്മളെന്നും ഒന്നാണെന്ന് ആവർത്തിച്ചുറപ്പിച്ചും ഇക്കുറി നാം ആഘോഷിക്കുന്ന ഓണത്തിന് എന്നത്തേക്കാളും തിളക്കമുണ്ട്. മൂല്യവും.

– ടീം ജ്വലനം

1 Comment
  1. umesh vallikkunnu 4 months ago

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account