-വിഭീഷ് തിക്കോടി –

ഉത്സവം എന്നാൽ മേൽപ്പോട്ടുള്ള പ്രവാഹം. ഭൗതികവും ആധ്യാത്മികവുമായ പുരോഗതി സമാജത്തിലെ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കാനുള്ള ആചാരാനുഷ്‌ഠാനങ്ങളിലും, സങ്കൽപങ്ങളിലും സമ്പന്നമാണ് നമ്മുടെ ഉത്സവങ്ങൾ.

നാം കേരളീയർ ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ഓണം. പ്രചാതല്പരനും ധർമിഷ്ഠനുമായ അസുരചക്രവർത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്നു ഭയന്ന ദേവന്മാരുടെ അഭ്യർത്ഥന പ്രകാരം, ഭഗവാൻ വിഷ്‌ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത് മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും, മഹാബലിയ്ക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വർഷവും തിരുവോണനാളിൽ പ്രജകളെ സന്ദർശിക്കുവാനുള്ള അനുവാദം കൊടുത്തു എന്നുമാണ് നാം പാറഞ്ഞുകേട്ടിട്ടുള്ള ഐതിഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും പ്രചരിക്കുന്ന ഐതിഹ്യത്തിനുപരി, ശ്രീമദ് ഭാഗവതത്തിൽ ഭഗവാൻ വിഷ്‌ണുവിന്റെ വാമനാവതാരത്തെയും, മഹാബലി ചക്രവർത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. അതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പഠിക്കുകയും വേണം. അവിടെയാണ് ഓണത്തിന്റെ മാഹാത്മ്യം.

ശ്രീമഹാഭാഗവത്തിലെ കഥാസന്ദർഭമനുസരിച്ച് മഹാബലിചക്രവർത്തിയെ വാമനമൂർത്തി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.വാമനനായി അവതരിച്ച സാക്ഷാൽ മഹാവിഷ്‌ണു കാൽപാദം മഹാബലിയുടെ ശിരസ്സിൽവച്ച് അനുഗ്രഹിച്ചിട്ട്, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്‌ളാദനോടും മറ്റു അനുയായികളോടും കൂടി സ്വർഗത്തേക്കാൾ സുന്ദരമായ സുതലത്തിൽ സകല സുഖത്തോടുകൂടി വസിക്കാൻ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്‌നങ്ങളിൽ നിന്നും അവരെ സംരക്ഷിച്ച് ഭഗവാൻ  സുതല ദ്വരത്തിൽ കയ്യിൽ ഗദയും ധരിച്ച് കാവൽക്കാരനായി നിലകൊണ്ടു എന്ന് ഭാഗവതം ഉദ്‌ഘോഷിക്കുന്നു.

തന്റെ ഭക്തന്റെ യശസ്സ്, വീര്യം, ധർമ്മനിഷ്ഠ എന്നിവ എക്കാലവും നിലനിർത്താനാണ് ഭഗവാൻ ഈ കൃത്യം നിർവഹിച്ചത്. സമ്പത്ത്, പദവി, ഐശ്വര്യം എന്നിവ വർദ്ധിക്കുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന അഹങ്കാരത്തെ ഇല്ലായ്‌മ ചെയ്‌താൽ മാത്രമേ ശാശ്വതമായ സൗഖ്യം ഉണ്ടാവുകയുള്ളു എന്ന് ഈ കഥയിലൂടെ നമ്മെ പഠിപ്പിക്കുന്നു. അർത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്‌തി വരായ്‌മയാണ് ജനനമരണ രൂപമായ സംസാരബന്ധനത്തിന് കാരണം. യാതൃശ്ച ലാഭത്താൽ സംതൃപ്‌തി വരുന്നവൻ സംസാര ബന്ധനത്തിൽ നിന്ന് മുക്തനായി വരുന്നു. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ, അതാണ് സുഖകാരണം. അധികരിക്കുമ്പോൾ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്‌മ ഭവിക്കുന്നു.

എന്തൊക്കെ പ്രതിസന്ധികൾ വന്നാലും, ധർമ്മം കാത്തുസൂക്ഷിക്കണമെന്ന് ഇ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു. അസത്യത്തേക്കാൾ വലിയ അധർമ്മം മറ്റൊന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സകലതിനെയും ഉപേക്ഷിച്ച്, പറഞ്ഞ വാക്ക് പാലിക്കാൻ തയ്യാറാവുന്ന, സത്യസന്ധനായ, ധർമ്മിഷ്ഠനായ മാതൃകാഭരണാധികാരിയാണ് മഹാബലി.

സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാൽ തന്റെ യശസ്സ് എന്നും നിലനിൽക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് സത്യത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ ദാന സങ്കൽപ്പം മഹാബലി നിറവേറ്റിയത്. ഇത്തരം മഹത്തായ സങ്കൽപ്പവും സന്ദേശവും പ്രദാനം ചെയ്യുന്ന ഓണം ഇന്ന് എങ്ങിനെയാണ് നാം ആഘോഷിക്കുന്നത്?

കമ്പോളവത്‌കരിച്ച ആധുനിക ജീവിതക്രമത്തിൽ എല്ലാം വെറുമൊരു ചടങ്ങുമാത്രമാകുന്നു. അതിലുപരി, ആർഭാടങ്ങൾ കാട്ടാനുള്ള അവസരമായി മാറുന്നു ഓണാഘോഷങ്ങൾ.

പണ്ടുകാലത്തെ നമ്മുടെ കാർഷക സംസ്‌കൃതിയിൽ അധിഷ്ഠിതമായ ഓണാഘോഷങ്ങൾ വളരെ മഹത്വരമുള്ളതായിരുന്നു. അതിനു ഒരുപാട് പ്രത്യേകതയുണ്ടായിരുന്നു. ഒരു വർഷകാലം കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പത്തുകൊണ്ട്, നീണ്ട വറുതികൾക്ക് വിടപറഞ്ഞുകൊണ്ട്, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനുസരിച്ചാണ് ഓണാഘോഷങ്ങൾ നടക്കാറ്. സദ്യക്കാവശ്യമായ കാർഷികവിഭവങ്ങൾ എല്ലാം വയലിൽ വിളയിച്ചിരുന്നു. പൂക്കൾ തൊടിയിൽ ഉണ്ടായതായിരുന്നു. ഓണക്കളികൾക്കും പാട്ടുകൾക്കും വിനോദങ്ങൾക്കും എല്ലാം നാടൻ തനിമയുണ്ടായിരുന്നു. എല്ലാറ്റിലും എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇന്ന് ആ സാന്നിദ്ധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.

തിരക്ക് പിടിച്ച ആധുനിക യുഗത്തിൽ കുടുംബങ്ങൾ അണുകുടുംബങ്ങളായി. ആർക്കും ഒന്നിനും സമയമില്ലാതായി. എല്ലാവരും മാർക്കറ്റിനെ മാത്രം ആശ്രയിച്ച് ഓണം ആഘോഷിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന, വർണപ്പകിട്ടാർന്ന ടെലിവിഷൻ പരസ്യങ്ങളുടെയും, പരിപാടികളുടെയും ഉത്സവമായി മാറി ഓണം. എക്‌സ്‌ചേഞ്ച് ഓഫറുകളുടെയും ഓണക്കിറ്റുകളുടെയും കാലം. പണം പൊടിപൊടിക്കാനുള്ള ഒരവസരം. എന്നാൽ ഇതിൽ നിന്ന് നമുക്ക് പഴയ പ്രതാപ കാലഘട്ടത്തിന്റെ ഓണ സംതൃപ്‌തി ലഭിക്കുമോ? എല്ലാവരും ചിന്തിക്കേണ്ട സമയമാണിത്.

ആഘോഷങ്ങൾ വേണം, പക്ഷെ, ആഘോഷങ്ങൾക്കുവേണ്ടി മാത്രമാവരുത് ഉത്സവം. ഓണത്തിന്റെ സന്ദേശവും ഐതിഹ്യവും, ദർശനതത്ത്വവും മനസ്സിലാക്കിക്കൊണ്ട് ലളിതമായി ആഘോഷിക്കുവാൻ നാം തയ്യാറാവണം. അടിച്ചുപൊളി ആഘോഷങ്ങളേക്കാൾ നല്ലത് ധർമ്മാധിഷ്ഠിതമായ സംസ്‌കാരത്തിൽ ഊന്നിയ ആഘോഷങ്ങളാണ് വേണ്ടത്.

നമ്മുടെ സമ്പത്ത് കരുതിവച്ച് വ്യക്തമായ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാനും, അതോടൊപ്പം ഒരു പങ്ക് അശരണരായ സഹജീവികൾക്ക് കൊടുക്കുവാനുമുള്ള മനസ്സ് നമുക്കുണ്ടാവണം. ഓണം നമുക്ക് നൽകുന്നത് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ്. അത് ഉൾക്കൊണ്ടുകൊണ്ട് നാം നമ്മുടെ ആഘോഷവേളകളിൽ സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗത്തേയും യഥാശക്തി സഹായിക്കാൻ തയ്യാറാവണം. പരമാവധി എല്ലാവർക്കും സന്തോഷം പകരാൻ നമ്മളുടെ പ്രവർത്തികളിലൂടെ സാധിക്കണം. ഒരായിരം നന്മയുടെ പൂക്കളങ്ങൾ ഒരുക്കിക്കൊണ്ട് നമുക്ക് ഈ ഓണത്തെ വരവേൽക്കാം. .

1 Comment
  1. Meera Achuthan 4 years ago

    നന്മയുടെ പൂക്കളെക്കാൾ മഹനീയമായി മറ്റൊന്നും തന്നെ ഇല്ല.

    നല്ല വർണ്ണന.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account