പറഞ്ഞുപ ഴകിയ ഓണാശംസകളും കേട്ടുപതിഞ്ഞ ഓണോർമ്മകളും ഇനി പുതിയ ഇ-ഓണത്തിന്റെ അളവുകോലിൽ അളക്കപ്പെടും. ആഘോഷങ്ങൾ അടുക്കളപ്പുറങ്ങളിലേക്കും കൂട്ടുചേരലുകൾ കുടുംബാന്തരീക്ഷത്തിലേക്കും ഒതുക്കപ്പെടും. വിട്ടുകൊടുക്കലിന്റെയും പങ്കുവെക്കലിന്റെയും ഉത്സവം വീണ്ടെടുപ്പിൻ്റെയും പരുവപ്പെടുത്തലിന്റെയും, നിറം മങ്ങിയതെങ്കിലും അർത്ഥഗർഭമായ മൗനങ്ങളിലേക്കും ഒടുങ്ങും. ഇനി ഓണപ്പാട്ടുകൾ ‘ഓൺലൈൻ’ പാട്ടുകളാകും; സമൂഹവും വ്യക്തിയും ഒന്നുതന്നെയാകും.
വ്യക്തി കേന്ദ്രീകൃതമാകുന്ന ആഘോഷങ്ങൾക്ക് പകിട്ട് ചോരുമെന്നത് ഒരു പുതിയ അറിവല്ല. കൂട്ടുകുടുംബത്തിന്റെ തണലിൽ നിന്നും ‘നാലാൾ’ ജീവിതം അന്വേഷിച്ച മലയാളി ഇതേ ഒറ്റപ്പെടൽ മുൻപും അനുഭവിച്ചുകാണണം. സ്വകാര്യത ആഗ്രഹിച്ചിട്ടുള്ളവരാണ് നാം, പണ്ടും ഇന്നും. എന്നിട്ടും എന്തുകൊണ്ടാണ് മലയാളി ‘ഒരുമിച്ചൊരോണം’ ഇന്നും കൊതിക്കുന്നത്? ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഡംബരങ്ങൾക്കിടയിലും ഉള്ളിലെവിടെയോ തളംകെട്ടി കിടക്കുന്ന കാർഷിക സംസ്കൃതിയുടെ ലാളിത്യമല്ലേ അതിനു കാരണം? ഒന്നിച്ചുവിതച്ച്, ഒന്നിച്ചു കൊയ്ത്, ഒന്നിച്ചിരുന്നുണ്ട കേരളീയ സാംസ്കാരിക സമ്പന്നതയുടെ കുത്തിനോവിക്കലാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ അസ്വസ്ഥതക്ക് ഹേതു. ഇത് മലയാളിയുടെ അസ്തിത്വക്ഷീണം പഠിച്ച മനസ്സിന്റെ വ്യഥയാണ്. ഇന്നും നമ്മുക്കു അപ്രാപ്യമായ പഴമക്കു വേണ്ടിയുള്ള ഉൾവിളിയാണ്. പഴമയെ അടക്കിപ്പിടിക്കാനും വിട്ടുകൊടുക്കാനും ഒരുപോലെ സങ്കുചിതരായ കേരളീയരുടെ ദുരഭിമാന ബോധമാണ്. സ്വന്തം സന്തോഷപ്രകടനങ്ങളും വികാരവിക്ഷോഭങ്ങളും പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചു മാത്രം ശീലമുള്ള ഇന്നത്തെ തലമുറയുടെ വീർപ്പുമുട്ടലാണ്.
ഇത്രയും പറയുമ്പോഴും ഓർമ്മിക്കേണ്ട ഒന്നുണ്ട്. കാട്ടിക്കൂട്ടലുകളുടെ വിളനിലമല്ല ആഘോഷങ്ങൾ. പൂരപ്പറമ്പിലെ സാഗരത്തിനുള്ളിൽ ഒരുവൻ അനുഭവിക്കുന്ന ചോതനകളും അതിന്റെ പ്രകടനവും മറ്റൊരാളെ അസൂയപ്പെടുത്തുവാനുള്ളതല്ലല്ലോ. അവിടെ നടക്കുന്നത് ഒരേ ആത്മാനുഭൂതി അനുഭവ്യമാക്കുന്ന നൂറായിരം ഹൃദയങ്ങളുടെ ഒരേ താളത്തിലുള്ള തുടിപ്പാണ്. ആ തുടിപ്പാണ് വിശ്വമാനവികതയുടെ ഈണം. ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന പങ്കുവെക്കലിന്റെ അന്ത്യ ശ്വാസവും ഇത് തന്നെ. നമ്മൾ കാത്തുസൂക്ഷിക്കേണ്ടത് ഈ ചോതനയെ ആണ്. ആഘോഷങ്ങളുടെ അന്ത:സത്ത തിരിച്ചറിയാനും , അവനവനിലും അപരനിലും ഒരുപോലെ അത് അനുഭവിക്കാനും സാധിക്കുന്നിടത് വെച്ചുകെട്ടലുകളും അമിതാവേശവും അടങ്ങുന്നു. ആരെയും ജയിക്കാനുള്ള മത്സരമാകരുത് ഉത്സവങ്ങൾ .അതിന്റെ അപ്രസക്തിയിൽനിന്നും ഉണ്ടാവുന്ന തിരിച്ചറിവായിരിക്കണം. അത് തന്നെയല്ലേ ഓണത്തിന്റെ സന്ദേശവും?
ഓൺലൈൻ ആഘോഷങ്ങൾ പൊടിപൊടിക്കട്ടെ… മഹാമാരിയൊഴിയുമ്പോൾ വീണ്ടും ഒരു ഓണക്കാലത്ത് ഒത്തുചേർന്നു സദ്യയുണ്ണവേ, പകരേണ്ടത് വിഭവങ്ങൾ മാത്രമാകരുത്. മരിച്ച ‘നിന്നെയും ഞാൻ തിരിച്ചറിയുന്നു’ എന്നോതുന്ന, കരവും കടാക്ഷവും അന്യനിലേക്കും നീട്ടുന്ന, ‘പൊന്നോണ’ പുഞ്ചിരിയും കൂടിയാകട്ടെ.