കുംഭമാസാരംഭത്തോടെ ഉത്‌സവങ്ങളുടെ കാലമായി.

ആ സമയത്ത് അച്ചാച്ഛൻ അച്ഛന്റെ വീട്ടിലേക്ക് വരുമ്പോൾ പറമ്പിലുണ്ടായ മാങ്ങയും, ചേമ്പും ചെറു കായക്കുലയും ഒക്കെ കൊണ്ടുവരും. ഞങ്ങളെ ഔദ്യോഗികമായി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടുപോവാനുള്ള വരവ്.

ശിവരാത്രി പ്രമാണിച്ച് വീടിനടുത്തുള്ള ശിവന്റെ അമ്പലത്തിൽ ഉത്‌സവമുണ്ട്. ചിലപ്പോൾ പട്ടാളത്തിലുള്ള  ആൺ മക്കളാരെങ്കിലും ലീവിന് വരാനും മതി. ‘ഇവരെയും അങ്ങോട്ടേക്ക് കൂട്ടിയാലോന്ന് ഒരാലോചന’ എന്നേ പറയൂ അച്ചാച്ഛൻ.

അച്ഛമ്മയ്ക്ക് നൂറ് സമ്മതമാണ്. എന്നാലും കുഞ്ഞിപ്പെണ്ണിനെയും കൊണ്ട് ഇടക്ക് ഒന്ന് വരണമെന്ന് പറയും. അച്ചമ്മ എന്നെ മിസ്സ് ചെയ്യുമെന്ന അറിവ് തരുന്ന സന്തോഷത്തോടെ ഞാൻ അച്ഛമ്മക്കും വീടിനും നേരെ കൈവീശിക്കാണിച്ച് അച്ചാച്ഛന്റെ കൈ വിരൽ പിടിച്ച് നടക്കും. കുറച്ചധികം ദൂരമുണ്ട് നടക്കാൻ, എന്നാലും സാരമില്ല. വയല് കഴിയുമ്പോഴുള്ള കുഞ്ഞ് ചായപ്പീടികയിൽ എന്നെ ഇരുത്തും. അമ്മക്ക് അവിൽ വേണോന്ന് ചോദിക്കും. എനിക്കൊരു മൈസൂർപഴം തരും അവിടത്തെ മുത്താച്ചി. ക്ഷീണം മാറ്റി വീണ്ടും നടക്കും ഞങ്ങൾ. നാട്ടുകാരോട് മുഴുവൻ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങൾ വീടെത്തുമ്പോഴേക്കും സമയം സന്ധ്യയായിട്ടുണ്ടാവും.

പിറ്റേദിവസം രാവിലെ എണീറ്റു വരുമ്പോഴേക്ക് അച്ചാച്ഛൻ റെഡിയായിരിക്കുന്നുണ്ടാവും. ‘ബാ നമക്ക് പണിയുണ്ട്’ എന്നും പറഞ്ഞ് എന്നെയും കൂട്ടി പശുവിന്റെ ആലയുടെ മുന്നിൽ നിൽക്കും. തലേന്ന് പറിച്ച് വല്ലത്തിലാക്കി (കുട്ട) വെച്ച പച്ചപ്പുല്ലൊരിത്തിരി അതിന് ഇട്ട് കൊടുത്ത് നെറ്റിയിൽ വാത്‌സല്യത്തോടെ പൈക്കുട്ടിയെ ഒന്ന് തലോടും.ആലയാകെ ഒന്നു വിഹഗ വീക്ഷണം നടത്തി പച്ചോല മെടഞ്ഞുണ്ടാക്കിയ അടിക്കൊട്ടയിൽ ചാണകം വാരിയെടുക്കും.

പച്ചപ്പുല്ലും വൈക്കോലും കൊടുത്ത് വളർത്തുന്ന പശുവിന്റെ പച്ചചാണകത്തിന് അന്ന് ദുർഗന്ധമൊന്നുമില്ലായിരുന്നു. മുറ്റത്തിന്റെ വശത്ത് ഒരുക്കിവെച്ച സ്ഥലത്ത് ചാണകം കുടഞ്ഞിട്ട് അതിലേക്ക് കുറച്ച് ഉമിയും കൂടി ചേർത്ത് ചെറിയ വട്ടങ്ങളായി പരത്തി മുറ്റത്ത് നിരത്തി വെക്കും. അതിനിടെ നിർദ്ദേശങ്ങളുമായി വരുന്ന അമ്മമ്മയെ ഓടിച്ചു വിടുകയും ചെയ്യും. പണിയൊക്കെ  കഴിഞ്ഞാൽ കിഴക്ക് വശത്തെ ഇരുമ്പ് ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത്  കൈയും കാലും നന്നായി കഴുകി വൃത്തിയാക്കും. ഒന്നും ചെയ്‌തില്ലെങ്കിലും, എവിടെയും സ്‌പർശിച്ചില്ലെങ്കിലും എന്റെ കൈയിലേക്കും കുറച്ച് കിണറ്റ് വെള്ളം കോരിയൊഴിക്കും, ‘കുഞ്ഞൻ ക്ഷീണിച്ചു പോയി’ എന്നു പറഞ്ഞ് കൊണ്ട്.

അടുത്ത ദിവസം മുതൽ  രാവിലെ ഈ ചാണക വരളികൾ തിരിച്ചും മറിച്ചുമിട്ട് ഉണക്കാനിടാൻ ഞാനും സഹായിക്കും. ഒന്നു രണ്ടാഴ്ച്ചയെങ്കിലും വെയില് കൊള്ളിക്കുമത്.

നന്നായി ഉണങ്ങിക്കഴിഞ്ഞ ചാണകവരണികൾ ശിവരാത്രിയുടെ തലേന്ന് സന്ധ്യക്ക് അച്ചാച്ഛനും അമ്മമ്മയും അടുത്ത വീട്ടിലെ ഒന്ന് രണ്ട് കാര്യക്കാരും ഒക്കെയായി മുറ്റത്തിന്റെ വശത്ത് കൂട്ടിയിട്ട്, കർപ്പൂരത്തിന്റെ ചെറിയ പാക്കറ്റുകൾ തുറന്ന് അതിന്റെ മുകളിൽ തട്ടും. കത്തുന്ന വിളക്ക് തിരിയിൽ നിന്ന് തീ കൊളുത്തി കർപ്പൂരത്തിന് മുകളിലേക്കിടും. ചാണകവരളികൾ കത്തിയമരുമ്പോൾ ചെറിയ ഒരു വടി കൊണ്ട് അച്ചാച്ഛൻ തിരിച്ചും മറിച്ചും ഇളക്കിയിടും. എല്ലാം കത്തിക്കഴിഞ്ഞെന്ന് ഉറപ്പ് വരുത്തുന്നത് വരെ അതിന് ചുറ്റും നടക്കും. വീട്ടിലെ ആഘോഷങ്ങളിൽ ഒന്നായിരുന്നു ഈ ചാണകവരളി കത്തിക്കൽ . ശർക്കരയും തേങ്ങയും ചേർത്ത് നനച്ച അവലിൽ മുറിച്ചിട്ട ചെറുപഴവും മലരും ചേർത്ത് ഞങ്ങൾക്കും സന്ധ്യക്ക് വീട്ടിൽ വരുന്ന അയൽക്കാർക്കും ഇലക്കീറിൽ അമ്മമ്മ വിളമ്പും. അന്നത്തെ അവലു ചേർന്ന ആ പഴനുറുക്കിന്റെ രുചി അമൃത തുല്യമായിരുന്നു. വലുതായതിന് ശേഷം പിന്നീടൊരിക്കലും ഞാനാ രുചി അറിഞ്ഞിട്ടില്ല.

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ രാത്രിയിൽ മഴ പെയ്യല്ലേ തമ്പുരാട്ടീ എന്നൊരു പ്രാർത്ഥനയും കൂടിയുണ്ടാവും. അടുത്ത ദിവസം രാവിലെ ചാണകവരളികൾ ചാരമായി മുറ്റത്ത് കിടക്കുന്നുണ്ടാവും. പക്ഷേ ആ ചാരത്തിന്റെ പേര് ഭസ്‌മം എന്നായി മാറിയിട്ടുണ്ടാവുമെന്ന് മാത്രം. ഉമ്മറത്ത് തൂക്കിയിടുന്ന ഭസ്‌മക്കൊട്ടയിലേക്ക് അച്ചാച്ഛൻ ആ ചാരം ഭദ്രമായി നിക്ഷേപിക്കും. സന്ധ്യക്ക് വിളക്ക് വെച്ചാൽ നെറ്റിയിൽ വരക്കാനും, കുളി കഴിഞ്ഞാൽ മൂർദ്ധാവിൽ തിരുമ്മാനുമാണീ ഭസ്‌മം. കൂട്ടത്തിൽ അച്ഛമ്മക്ക് കൊടുക്കാനായി കുറച്ച് മാറ്റി പൊതിഞ്ഞ് വെക്കാനും മറക്കില്ല.

രണ്ട് ദിവസം കഴിഞ്ഞാൽ മടക്ക യാത്രയായി. അമ്മ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പിരിയുമ്പോൾ അച്ചാച്ഛന് മുറുക്കിയൊരു കെട്ടിപ്പിടുത്തമുണ്ട്. ‘അച്ചാച്ഛന് ഒരു വാച്ചം തന്നാട്ടെ’ എന്ന് പറഞ്ഞ് പൊക്കിയെടുത്ത് വലത്തെ കവിൾ കാണിക്കും. ഒരുമ്മ കിട്ടിയാൽ നൂറായി അത് തിരിച്ച് തരും. അമ്മയും ഞാനും പലഹാരപ്പൊതികളുമായി ഓട്ടോയിൽ കയറുമ്പോൾ ‘ഞാനും കൂടി വരാം’ എന്ന് പറയുമ്പോൾ അമ്മ തടയും. പരിചയക്കാരനായ ഓട്ടോ ഡ്രൈവർ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് സമാധാനിപ്പിക്കും

ഓട്ടോ നീങ്ങുമ്പോൾ തിരിഞ്ഞ് നോക്കി അമ്മ കണ്ണ് തുടക്കുമ്പോൾ അച്ചാച്ഛൻ മുഖമുയർത്തി വിദൂരതയിലേക്ക് നോക്കി നിൽക്കും. അമ്മമ്മയുടെ നിഴൽ ഉമ്മറക്കോലയയിൽ നിന്ന് മുന്നോട്ട് നീങ്ങുന്നുണ്ടാവും. ഇതിലൊരു വലിയ തമാശയുണ്ട്. ഞങ്ങൾ ഓട്ടോ കയറി വരുന്ന വീട്ടിലേക്ക്  ഇവിടെ നിന്ന് അര മണിക്കൂർ നടക്കാനുള്ള ദൂരമേ ഉള്ളു എന്നതാണത്. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങോട്ട് തന്നെ തിരിച്ചു വരുമെന്ന് മാത്രമല്ല, പാലും മോരും അരിപ്പൊടിയുമായി പല തവണ അച്ചാച്ഛനും അമ്മമ്മയും ഞങ്ങളെ സന്ദർശിക്കാൻ അച്ഛന്റെ വീട്ടിലേക്ക് വരികയും ചെയ്യും.

എന്നാലും ഞങ്ങൾ ആ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ അച്ചാച്ഛന് സങ്കടം വരും. സങ്കടവും സന്തോഷവും പുറത്ത് കാണിക്കാറില്ലെങ്കിലും അമ്മമ്മയും എന്നെ നോക്കി കണ്ണ് തുടക്കും..

അച്ഛമ്മയോട് ഭസ്‌മത്തിന്റെ വിശേഷം പറയാനുള്ള തിടുക്കമുണ്ടെങ്കിലും എന്റെ മനസ്സിലും സങ്കടത്തിന്റെ നാരുകൾ നിറയും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account