ഒരിടത്ത് ഒരു ഡാഡിയും മമ്മിയും ഉണ്ടായിരുന്നു. അച്ഛനും അമ്മയും എന്ന് തന്നെ ആണ് പറയേണ്ടിയിരുന്നത്. എന്നാൽ അവരുടെ രണ്ടു  മക്കളെ പോലെ, അവർ ചെന്നുകൂടി താമസിച്ചിരുന്ന ആ നാടും അവരെ ഡാഡി എന്നും മമ്മി എന്നും ആണ് വിളിച്ച് പോന്നിരുന്നത്.  അവരുടെ ഓടിട്ട ചെറിയ മഞ്ഞ വീടിന്റെ ചുറ്റോട് ചുറ്റും ഞാത്തിയിട്ട ചട്ടികളിൽ വള്ളിച്ചെടികൾ വളർന്നിരുന്നു. രാത്രിയിലെ ഓരോ കാറ്റിലും അവ ചുവരിന്റെ മഞ്ഞ കാൻവാസിലേക്ക്‌ വിരലുകൾ നീട്ടി തൊടും. അദൃശ്യമായ വരകളും അവർക്കും നിശാശലഭങ്ങൾക്കും മാത്രം കാണാവുന്ന പച്ചച്ചായവും കൊണ്ട് അവർ അതിൽ ചിത്രങ്ങൾ വരച്ചു. ചുവരിനപ്പുറം ഒരാൾക്ക് മാത്രം കിടക്കാവുന്ന കട്ടിലിൽ മമ്മിയും അതെ മുറിയിലെ പഴയ സോഫയിൽ ഡാഡിയും കിടന്നുറങ്ങി.

ഒരു രാത്രിയിൽ മമ്മി ഉറക്കത്തിൽ തേങ്ങി കരയുന്നത് അടച്ചിട്ട ജനലിന്റെ മുടിനാരു പോലത്തെ വിടവിലൂടെ കേട്ട ഒരു വള്ളിച്ചെടിയാണ് ആദ്യമായി ആ വീടിന്റെ ഉള്ളിലേക്ക് എത്തി നോക്കുന്നത്. ചട്ടിയിൽ നിന്ന് വലിഞ്ഞു നീണ്ട്, എല്ലാ വൈകുന്നേരവും മുടങ്ങാതെ കിട്ടുന്ന കുടിനീരു കുടിച്ച് തുടുത്ത വിരലുകൾ കൊണ്ട് ചുവരിലേക്ക്‌ അള്ളി പിടിച്ച് അവൻ പതിയെ വീടിനുള്ളിലേക്ക് കാണാവുന്ന ഒരു ദ്വാരം തിരഞ്ഞു. നാല് രാത്രിയുടെ അധ്വാനത്തിൽ ഒരിക്കലും തുറക്കാത്ത ജനലിനു മുകളിലെ മൂന്നാം പാദത്തിൽ ഓടിൻ കൂടിനോട് ചേർന്ന് അവൻ തീരെ ചെറുതല്ലാത്ത ഒരു വിടവ് കണ്ട് പിടിച്ചു. അതിലൂടെ വിരലിലും കണ്ണുള്ള വള്ളിച്ചെടി അകത്തെ ടെറാക്കോട്ട നിലത്തേക്ക് ആഞ്ഞ് നോക്കി. ഇരുട്ടിൽ മുറിയുടെ മൂലയിൽ കാലുറപ്പിച്ച് നിന്ന് മുടിയാട്ടുന്ന പഴയ ഇരുമ്പ് ഫാനും, അകം ചുവരിൽ മെഴുക് വട്ടങ്ങൾ ഉരുക്കി ഒട്ടിച്ച പൂമ്പാറ്റ രൂപങ്ങളും അവൻ കണ്ടു. ചുവന്ന നിലത്ത് പാമ്പ്  പോലെ വളഞ്ഞു പുളഞ്ഞു ഇഴയുന്ന വെള്ളത്തിന്റെ പതുങ്ങൽ കണ്ട് അവന് ദാഹിച്ചു. എന്നാൽ അത് ഉത്‌ഭവിക്കുന്നത് നിലത്ത് മുട്ടുകുത്തി കുനിഞ്ഞിരിക്കുന്ന മമ്മിയുടെ കാലുകളിൽ നിന്നാണെന്ന് മനസ്സിലായപ്പോൾ അവൻ പേടിച്ചു. ഡാഡിയെ വിളിച്ച് എഴുന്നേൽപ്പിക്കാൻ എന്താണ് വഴി എന്ന് അവൻ  വെപ്രാളപ്പെട്ടു. അടുത്ത കാലം വരെയും മമ്മിയും ഡാഡിയും ഒരുമിച്ചാണ് വൈകുന്നേരങ്ങളിൽ വെള്ളവുമായി എത്തിയിരുന്നത്.  ഓരോ വള്ളി ചെടിയെയും തഴുകി ഓമനിച്ചും ഉണങ്ങിയ തുമ്പുകൾ വെട്ടി ഒതുക്കിത്തന്നും മുറിഞ്ഞു പോയ ഇല ഞെട്ടുകളുടെ പൊറ്റൻ വേദനിപ്പാതെ അടർത്തി മാറ്റിയും രണ്ടു പേരും വീടിന് ചുറ്റും നടന്നിരുന്നു.  ഈയിടെ ആയി ഡാഡി മാത്രമാണ് വാതിൽ തുറന്ന് പുറത്തിറങ്ങുന്നത്.

അവന്റെ  ഇല കൈകൾ വേദനിച്ചു തുടങ്ങി. മമ്മി സോഫയിൽ കിടന്നുറങ്ങുന്ന ഡാഡിയെ വിളിക്കാത്തത് എന്ത് കൊണ്ടാണെന്ന് അവന് മനസ്സിലായില്ല. അവരുടെ വെള്ള നൈറ്റി ചുവന്നു പോയിരുന്നു. ഇരുട്ടിന്റെ മൂലകളിൽ ചോരയുടെ ഗന്ധം ഓടി നടന്ന് തല തല്ലി കരയുന്നുണ്ട്. കുറച്ച് കൂടി വളർന്ന് വീടിനുള്ളിലേക്ക് വിരൽ നീട്ടാൻ കഴിഞ്ഞെങ്കിൽ എന്ന് ആത്‌മാർത്ഥമായും അവൻ ആഗ്രഹിച്ചു. ഒരു രാത്രിയിൽ എത്ര കുറച്ചാണ് താൻ വളരുന്നത് എന്ന് ആലോചിച്ച് അവനു തന്നെ ജാള്യത തോന്നി. എന്നാലും മറ്റ് വള്ളിചെടികൾ ഇത് വരെയും തൂങ്ങി നിൽക്കുന്ന ചട്ടിയുടെ നിഴൽ വട്ടത്തിനപ്പുറം വളരാൻ മെനക്കെട്ടിട്ട് പോലും ഇല്ലല്ലോ എന്ന് ചിന്തിച്ചപ്പോൾ അതെ നിമിഷം തന്നെ അവന്, തന്നെ കുറിച്ച് അഭിമാനം തോന്നി. അകത്തെ ഇരുട്ടിൽ ഡാഡി ഒന്ന് അനങ്ങി. പെട്ടന്ന് ധൃതിയിൽ എണീറ്റു. “വിളിക്കായിരുന്നില്ലെ… എന്തിനാ എണീറ്റത്… ഇന്നും നല്ല ബ്ലീഡിംഗ് ആണല്ലോ യാമി… നാളെ ഡോക്റ്ററെ കാണിക്കാ… മെനോപോസിൽ ഈ ബ്ലീഡിംഗ് കോമൺ ആണെന്ന് പറഞ്ഞതാ.. യു ഷുഡ് ഹാവ് കോൾഡ് മീ.. ഒറ്റയ്ക്ക് എണീറ്റ് വീണു പോയില്ലേ…”. അയാൾ നീര് വറ്റിയ ഒരു വള്ളിച്ചെടി പോലെ തളർന്ന മമ്മിയെ നിലത്ത് നിന്ന് കോരിയെടുത്ത് കട്ടിലിൽ കിടത്തി. നിലത്ത് ഇഴയുന്ന നനവിനെ കാല് കൊണ്ട് കട്ടിലിനു കീഴെ നിന്നും ഒരു തുണി വലിച്ചെടുത്ത് മൂടി പുതപ്പിച്ചു.

വള്ളിച്ചെടി ഒന്നാശ്വസിച്ചു. വെറും വെള്ളമാണെന്ന്‌ കരുതിയ നനവ് ചോരയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ അസ്വസ്ഥപെട്ട് തല തിരിക്കുകയായിരുന്നു. ഡാഡി ശ്രദ്ധയോടെ മമ്മിയുടെ തുണികൾ ഊരി എടുത്തു. കട്ടിലിനു കീഴെ നിന്ന് തന്നെ നീല നിറത്തിലുള്ള ഒരു ബക്കറ്റ് വലിച്ചെടുത്ത് അതിലേക്ക് അവ ഓരോന്നായി നിക്ഷേപിച്ചു. ഇനിയും എന്തെന്തു വസ്‌തുക്കൾ ആണ് മമ്മിയുടെ കട്ടിലിനു കീഴെ ഒളിച്ചിരിക്കുന്നത് എന്ന് വള്ളിച്ചെടി അത്‌ഭുതപ്പെട്ടു. ഒന്ന് നീട്ടിയപ്പോൾ വിടവിന്റെ നിരപ്പിൽ അവന് കൈകുത്തി താഴേക്ക് ആയാനായി. ഒരു ചെറിയ വലുപ്പം കൂടി തന്റെ ഉടലിൽ രാത്രി തുന്നി ചേർത്തു എന്ന് അവനു മനസ്സിലായി. മമ്മി ഇപ്പൊൾ പൂർണ നഗ്നയാണ്. കണ്ണ് മാത്രം കണ്ണീരിന്റെ തോലുടുപ്പ്‌ കൊണ്ട് മൂടിയിരിക്കുന്നു.  അമ്മയുടെ നഗ്നത കൺ മുന്നിൽ വെളിപ്പെട്ട പോലെ വള്ളിച്ചെടിയ്ക്ക് വല്ലാതെ നൊന്തു. അവൻ കണ്ണും കാഴ്‌ചയും അടച്ചു കളഞ്ഞു. “യാമി… പാർകിൻസൺസ് ഒരു രോഗം ഒന്നുമല്ല. അത് ഒരു അവസ്ഥയാണ്. അതുമായി നമ്മൾ പൊരുത്തപ്പെടും. മെനോപോസിന്റെ  ഈ ഒരു കാലം.. അത് ഈ അസുഖത്തിൽ അല്ലെങ്കിലും നമ്മൾ ഫേസ് ചെയ്യേണ്ടതല്ലേ..? നമ്മുടെ മനസ്സാണ് പ്രധാനം. താൻ ഇത്ര ഡെസ്‌പ്‌ ആവേണ്ട കാര്യം ഒന്നുമില്ല, ചുമ്മാ…”. ഡാഡിയുടെ സ്‌നേഹത്തിന്റെ പൂക്കൾ വിരിഞ്ഞ ഗന്ധം ഇരുട്ടിൽ ഓടി നടന്ന ചോരമണത്തെ എവിടേക്കോ പായിച്ചു കളഞ്ഞെന്ന് വള്ളിചെടി അടഞ്ഞ കണ്ണുകൾ കൊണ്ട് അറിഞ്ഞു.

അവൻ പതിയെ കണ്ണുകൾ തുറന്നു. മുറിയിൽ വെളിച്ചമുണ്ട്. മമ്മി ഇളം മഞ്ഞ നൈറ്റിയിൽ സുന്ദരിയായിട്ടുണ്ട്. എന്തുകൊണ്ടാണ് മമ്മി പഴയപോലെ ഡാഡിയോട് മിണ്ടാത്തത് എന്ന് അവൻ പിന്നെയും ചിന്തിച്ചു. നരയുടെ രണ്ടോ മൂന്നോ ഇഴകൾ നെറ്റിയുടെ ഇടത്തേ കോണിൽ നിന്ന് പാറിക്കളിക്കുന്നുണ്ട് എന്നല്ലാതെ മമ്മിക്ക് വയസ്സായിട്ടേ ഇല്ല. ഡാഡി അടുത്തിരുന്ന് അവരുടെ കവിളിൽ തലോടുന്നുണ്ട്. “ടോ.. യാമി.. നമ്മുടെ പുസ്‌തകങ്ങൾ ഒക്കെ ഒന്ന് അടുക്കി പെറുക്കുന്നുണ്ട് നാളെ. തനിക്ക് ചിലപ്പോ വായിക്കാൻ വല്ലതും കിട്ടും. പണ്ട് വായിച്ച് മറന്ന എന്തെങ്കിലും കയ്യിൽ തടയും”. മമ്മി ഒന്നും മിണ്ടാതെ ഡാഡിയെ നോക്കി പുഞ്ചിരിച്ചു. അവർക്ക് മേലെ ചുവരിന്റെ വിടവിൽ കൈ കുത്തി കിടന്ന് വള്ളിച്ചെടിയും പുഞ്ചിരിച്ചു. പെട്ടന്ന്  മമ്മിയുടെ പുഞ്ചിരിയുടെ ഭാരം താങ്ങാൻ വയ്യാത്തത് കൊണ്ടെന്നപോലെ അവരുടെ ചുണ്ടുകൾ താഴേക്ക് തൂങ്ങി വീണു. ചെരിഞ്ഞു കോടിയ ചുണ്ടുകളും കവിളും ഡാഡി ഒന്നും സംഭവിക്കാത്തത് പോലെ വെറുതെ തലോടിക്കൊണ്ടിരുന്നു. പിന്നെ മമ്മിയുടെ കൈ കട്ടിലിൽ നിന്നെടുത്ത് ഉമ്മ വെച്ചു. അവരുടെ കൈവിരലുകൾ ഒരു പൂമൊട്ടു പോലെ കൂടിച്ചേർന്നിരുന്നു. തൂങ്ങിക്കിടക്കുന്ന ചട്ടികളിലെ വള്ളികൾ പോലെ അത് വിറയ്ക്കുന്നുണ്ടായിരുന്നു. ഡാഡി പിന്നെയും എന്തൊക്കെയോ പറഞ്ഞു… “ആദിയും ഗിരിയും പഠിത്തം കഴിഞ്ഞാലും ഈ നാട്ടിലേക്ക് വരുന്നില്ലെന്നാ പറയുന്നത്. തനിക്ക് ഇഷ്‌ടമല്ലെ ഈ നാട്… നമ്മടെ സ്‌കൂൾ തുടങ്ങിയത് ഇവടെ അല്ലേ… അന്ന് കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ അത് അങ്ങനെ നിന്ന് പോവില്ലേർന്നു. താൻ കുറെ പറഞ്ഞതാ.. ഞാനാ കേൾക്കാഞ്ഞത്. ആ ഇനിപ്പോ അതൊന്നും ആലോചിച്ചിട്ട്‌ കാര്യല്ല്യ. താൻ കിടന്നോ… നമ്മക്ക് നാളെ ഡോക്റ്ററെ കാണാൻ പോവാ.. നാസറിന്റെ ഓട്ടോ വിളിക്കാ..” .

ഡാഡി മമ്മിയുടെ നെറ്റിയിൽ ഒന്നുകൂടി ഉമ്മ വെച്ച് അപ്പൊൾ പ്രസവിച്ച കുഞ്ഞിനെ എന്ന വണ്ണം അവരുടെ കൈയിനെ ശ്രദ്ധയോടെ കട്ടിലിൽ അവർക്ക് അടുത്തേയ്ക്ക് ചേർത്ത് കിടത്തി.  വള്ളിച്ചെടിക്ക്‌ കരച്ചിൽ വന്നു. മമ്മിയുടെ തേങ്ങൽ കേട്ട് ഇറങ്ങി തിരിക്കേണ്ടായിരുന്നു. മറ്റു വള്ളികളെ പോലെ ഒന്നും അറിയാത്തത് പോലെ ചട്ടിയിൽ തൂങ്ങിക്കിടന്നു ചുവരിലേക്ക് കൈകൾ നീട്ടി ചിത്രം വരച്ച് കഴിഞ്ഞാൽ മതിയായിരുന്നു.

ഒരിടത്ത് ഒരു വീടുണ്ടായിരുന്നു. പാതി ജീവിച്ച് മരിച്ച ഒരു വീട്. അവിടെ ഒരു ഡാഡിയും മമ്മിയും കുറെ വള്ളിച്ചെടികളും പാർത്തിരുന്നു. അതിൽ ഒരു വള്ളിച്ചെടി ആരും എത്തിനോക്കാൻ ഇടയില്ലാതിരുന്ന ആ വീടിന്റെ സ്വകാര്യതയിലേക്ക് തുറന്ന ഒരു വിടവിലൂടെ ഏന്തി വലിഞ്ഞ് കേറി നാലാം രാത്രിയിൽ തന്റെ കണ്ണുകൾ കൊണ്ട്  അകത്തെ ജീവിതം കട്ടെടുത്തിരുന്നു.  ആ രാത്രിയിൽ മമ്മിയെ തലോടി തലോടി സ്‌നേഹിച്ച് ഉറക്കത്തിന്റെ  ഇടനാഴിയിലൂടെ ഡാഡി മരണത്തിലേക്ക് കയറി പോകുന്നതും ആർത്തവവിരാമത്തിന്റെ ചുവന്ന പഞ്ഞിക്കുരുകൾ പൊട്ടി ചിതറിയ കിടക്കയിൽ  ആ രാത്രിയും പിറ്റേന്ന് പകലും മമ്മി വിളറിയ ചുണ്ടുകൾ ആയാസപ്പെട്ട്‌ ഇറുക്കി അടച്ച് കരച്ചിലിനെ പുറത്ത് വിടാതെ പൂട്ടിയിടുന്നതും അവൻ ഞെട്ടലോടെ കണ്ടിരുന്നു. പിറ്റേന്നത്തെ  മഴയിലേക്ക്‌ ഡാഡിയും മമ്മിയും ആരുടെ ഒക്കെയോ കൈകളിൽ കിടന്ന് ഇറങ്ങി പോകുന്നതും  വെളിച്ചം കുറഞ്ഞ ചുവന്ന നിലത്തേക്ക് നോക്കി ഇരുമ്പ് പങ്ക മുടി യഴിച്ച് ആടി തളരുന്നതും  ചുവരിലെ പൂമ്പാറ്റകൾ മരണത്തിന്റെ ചൂടിൽ ഉരുകിയ മെഴുക് വട്ടങ്ങളിൽ നിന്ന് അടർന്നു വീഴുന്നതും അവൻ കരഞ്ഞു വീർത്ത കണ്ണുകളിലൂടെ കണ്ടിരുന്നു.  അവന്റെ തേങ്ങൽ കേട്ട വള്ളിച്ചെടികൾ ചട്ടിയുടെ വിസ്‌താരത്തിൽ നിന്ന് പിടഞ്ഞെണീറ്റ് മഞ്ഞ ചുവരിലെ ഈർപ്പത്തിലേക്ക്‌ വലിഞ്ഞു കേറി. പാതി മരിച്ച വീടിനെയാകെ പുണർന്നു സ്‌നേഹിച്ച് അവർ പരസ്‌പരം കെട്ടിപ്പിടിച്ചു നിർത്താതെ കരഞ്ഞു.

ഒരിടത്ത് ഒരു വീടുണ്ട്… വള്ളിച്ചെടികൾ കൊണ്ട് പുതച്ച് ധ്യാനിക്കുന്ന ഒരു പാവം വീട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account