കുറെ ദിവസങ്ങളായി ഞാനൊരുപാട് പെണ്ണുങ്ങളുടെ കൂടെ നടക്കുകയിരിരുന്നു. അതിൽ ചിലരൊക്കെ മരിച്ചു പോയവരായിരുന്നു. ജീവിച്ചിരിക്കുന്ന ചിലരിൽ നിന്ന് ഓർമ്മകൾ മരിച്ചവരിലേക്കെത്തുവാൻ സമയമേറെ വേണ്ടല്ലോ!

അതിലൊരാൾ ദേവകിയമ്മ എന്ന എന്റെ മുത്തശ്ശിയായിരുന്നു. പത്ത് നാൽപ്പതു കുടുംബാംഗങ്ങൾ ഉണ്ടായിരുന്ന ഒരു കൂട്ടുകുടുംബത്തിന്റെ കാരണവത്തി. പുറത്ത് നിന്ന് നോക്കുമ്പോൾ സമ്പൽ സമൃദ്ധമായ ഒരു തറവാട്. ഒരുപാട് കൃഷിയും തൊഴുത്ത് നിറയെ പശുക്കളും.

പക്ഷേ നെല്ല് പുഴുങ്ങിക്കുത്തി പത്തായം നിറച്ചതു കൊണ്ട് മാത്രം വലിയ ഒരു  കുടുംബം ഓടില്ല.

പറമ്പ് നിറയെ വാഴയും ചേനയും കിഴങ്ങും നട്ട് നനച്ച് മുത്തശ്ശി  കിഴക്കെ ഇറയത്തിരുന്ന് സദിരു പറയുന്ന വിരുന്നുകാരടക്കമുള്ള വീട്ടുകാർക്കും സമൃദ്ധമായി വിളമ്പി. പണിയെടുത്ത് തളരുന്ന അടുക്കളപ്പെണ്ണുങ്ങൾക്ക് ഉപ്പിട്ട കഞ്ഞിവെള്ളത്തിൽ നിറയെ തേങ്ങ ചിരവിയിട്ട് കിണ്ണം നിറയെ കോരിക്കൊടുത്ത് അവരുടെ ദാഹത്തിനൊപ്പം വിശപ്പും കെടുത്തി.

പെൺകുട്ടികൾക്ക് തീണ്ടാരിപ്പുര ഉണ്ടായിരുന്നില്ല ആ വീട്ടിൽ. ആൺ മക്കളുടെ ഭാര്യമാർക്ക് മാസത്തിൽ അഞ്ച് ദിവസം കാല് നീട്ടി വടക്ക് പുറത്തിരിക്കാനുള്ള അനുവാദമുണ്ടായിരുന്നു. അടുക്കളയിൽ കയറാനും ഭക്ഷണത്തിന്റെ ഉപ്പ് പാകം നോക്കാനുമുള്ള സ്വാതന്ത്ര്യവും ആ ദിവസങ്ങളിലും അവർ അനുഭവിച്ചിരുന്നു. മനോരമ ആഴ്ച്ചപ്പതിപ്പിനൊപ്പം, മാതൃഭൂമി ആഴ്ച്ചപ്പതിപ്പും ചൂടാറാതെ തന്നെ അവർ വായിക്കുകയും സാമ്പാറിന് വറുക്കുമ്പോഴും, തിളക്കുന്ന വെള്ളത്തിൽ അരി ഇടുമ്പോഴും സാഹിത്യ ചർച്ചകൾ നടത്തുകയും ചെയ്‌തു. ചങ്ങമ്പുഴയുടെ രമണൻ നീട്ടിപ്പാടുകയും കണ്ണു നിറക്കുകയും ചെയ്യുമ്പോഴും ദാരിദ്ര്യത്തേക്കാൾ വല്യ ദുഃഖമായിരുന്നോ ഇത് എന്ന് ദീർഘശ്വാസം വിടുകയും ചെയ്‌തു മുത്തശ്ശി.

പറമ്പിലെ വിളവു കുറയുമ്പോൾ പത്ത് നാൽപ്പതു വയറ് നിറയാനുള്ളതാണെന്ന ഓർമ്മയില്ലാതായിപ്പോയല്ലോ എന്ന് ദൈവത്തോട് പരാതി പറയുകയും ചെയ്യുമായിരുന്നു.

സന്ധ്യാസമയത്ത് പശുവിന് ഒരൽപ്പമധികം പുല്ല് തൊഴുത്തിലിട്ട് കൊടുത്ത്, നീട്ടിവലിച്ച് ഭസ്‌മം തൊട്ട് നാരായണാ എന്ന ഒറ്റ വിളിയിൽ പ്രാർത്ഥനയൊതുക്കി മുത്തശ്ശി മുതിർന്ന പേരക്കുട്ടികളിൽ നിന്ന് സിനിമാക്കഥ കേട്ടു. പ്രേം നസീറിനേയും സത്യനേയും ഒരുപോലെ ആരാധിച്ചു. മനോരമയിലെ കഥകൾ സിനിമയായി വന്നാൽ ആദ്യ ദിവസത്തെ രാത്രി ഷോയ്ക്ക് പോയി കണ്ടു. സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുമ്പോൾ അത് വീട്ടിലെ മറ്റ് പെണ്ണുങ്ങൾക്കും പകർന്നു കൊടുക്കാൻ മുത്തശ്ശി മടിച്ചില്ല.

ദേവകി മുത്തശ്ശിയിൽ നിന്ന് ഞാൻ പിന്നീടെത്തിയത് നാരായണി അമ്മയിലാണ്. നാരായണി അമ്മയുടെതും കൂട്ടുകുടുംബമാണ്. ചെറിയ ഒരോലപ്പുരയിൽ  ഭർത്താവിന്റെ വയസായ അമ്മയടക്കം പന്ത്രണ്ടോളം ആളുകളുണ്ട്. ഒന്നോ രണ്ടോ വയസ് വ്യത്യാസത്തിൽ അവർക്ക് തന്നെ അഞ്ച് മക്കളുണ്ട്. കൂട്ടത്തിൽ അനിയന്റെ കുടുംബവും. പെണ്ണുങ്ങൾ രണ്ടും അതിരാവിലെ പാടത്തെ പണിക്കിറങ്ങും. തലേന്ന് വെച്ച ചോറിന്റെ ബാക്കി മീൻ ചട്ടിയിലിട്ട് അടച്ച് വെച്ചത് പ്രാതലായി കുട്ടികളും വൃദ്ധരും കഴിക്കും.

നാരായണി അമ്മക്ക് കഞ്ഞിയായോ കഞ്ഞിവെള്ളമായോ വല്ലതും പണിയെടുക്കുന്ന വീട്ടിൽ നിന്ന് കിട്ടിയാലായി. പുഴുക്ക് ഉണ്ടാവും എന്തായാലും, അതുകൊണ്ട് പട്ടിണിയാവില്ല. സന്ധ്യക്ക് മീൻ വാങ്ങാനുള്ള പൈസ കൂലിയിൽ നിന്ന് മാറ്റിവെക്കണം. റേഷനരിക്കും ക്ഷാമമുണ്ട്. അത്യവശ്യത്തിന് പറമ്പിൽ കിഴങ്ങോ നേന്ത്രവാഴയോ ഇല്ല. തെങ്ങിൻ ചോട്ടിൽ നിന്ന് പാത്രം കഴുകുന്നത് കൊണ്ട് നാലഞ്ച് തേങ്ങ അധികം കിട്ടും. സ്വന്തം പറമ്പിൽ പണിയെടുക്കാൻ സമയമെവിടെ! മാസത്തിൽ വയറ് വേദന വരുമ്പോഴും വിശ്രമമില്ല. പണിക്ക് പോയില്ലെങ്കിൽ കുട്ടികളുടെ വയറ് നിറയില്ല .നാരായണി അമ്മയും കൂട്ടുകാരും പാടും, ചങ്ങമ്പുഴക്കവിതയല്ല, തച്ചോളി ഒതേനന്റെ നേർപെങ്ങള് ഉണ്ണിയാർച്ചയുടെ പാട്ട്. വയലിലെ പണിയെടുക്കുമ്പോൾ ക്ഷീണമറിയാണ്ടിരിക്കാൻ എല്ലാ പെണ്ണുകളും പാടും വീരകഥകൾ, ഉണ്ണിയാർച്ചയുടെയും മാക്കം തെയ്യത്തിന്റെയും വീരകഥകൾ.

കൈയിലെ അരിവാൾ വെറുതെയല്ല, നല്ല മൂർച്ചയാണ്, നാരായണി അമ്മയുടെ നാവ് പോലെ. ഉറക്കെ പറയണം, ഉറപ്പിച്ച് പറയണം. നാരായണി അമ്മക്കും പറയാൻ അതേയുള്ളൂ. പെൺ മക്കളോട്. ഒറ്റ വാക്ക് പറഞ്ഞാൽ മതി. പക്ഷേ പറയേണ്ടത് പോലെ ഉറപ്പിച്ച് പറയണം.

ദേവകി അമ്മയും നാരായണി അമ്മയും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പെണ്ണുങ്ങളാണ്. നാരയണി അമ്മയുടെ കഞ്ഞിവെള്ളത്തിൽ ദേവകി മുത്തശ്ശിയുടെ കൈ തെറ്റി അൽപ്പമേറെ വറ്റ് വീഴുന്നതിനും കാരണങ്ങൾ പലതുണ്ട്.

പലതരം ഓർമ്മകളാണ്,  പെണ്ണോർമ്മകൾ! ജീവിക്കാൻ ഊർജ്ജം തരുന്ന പെണ്ണോർമ്മകൾ!!

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account