ഞങ്ങൾ കുട്ടികളുടെ പ്രിയപ്പെട്ട ചില ആഘോഷങ്ങളിലൊന്നാണ് പറമ്പിലെ തേങ്ങ പറിക്കൽ.
കരുണേട്ടൻ തലേന്ന് തന്നെ വിവരം പറയും നാളെ തേങ്ങ പറിക്കാൻ വരുമെന്ന്… ഇന്നത്തെ പോലെയൊന്നുമല്ല, വരുംന്ന് പറഞ്ഞാ വരും. അതിരാവിലെ ഞാനും സുനിയും ഉമ്മറത്ത് ഹാജർ…
ഇന്ന് സ്കൂളിൽ പോവില്ലെന്ന് വാശി പിടിക്കുന്ന ഏട്ടനെ വല്യമ്മ നല്ലോണമൊന്ന് പെരുമാറും. ഞങ്ങളെ നോക്കി കോക്രി കാണിച്ച് മനസ്സില്ലാമനസ്സോടെ ഏട്ടൻ സ്കൂളിലേക്ക് യാത്രയാവും. കുരുത്തോല മുഴുവൻ നശിപ്പിക്കരുത് എന്ന് ഞങ്ങളോട് അപേക്ഷിക്കും.
രാവിലെ ഒരു തോർത്തുമുണ്ടുടുത്ത്, അരയിൽ ചൂടിയിൽ കെട്ടിയുറപ്പിച്ച മൂർച്ചയുള്ള കത്തിയും വലിയ മുളയേണിയും കയറ് കൊണ്ടുണ്ടാക്കിയ തളയുമൊക്കെയായി ഞങ്ങളുടെ നായകന്റെ ഒരു വരവുണ്ട്.
അച്ഛമ്മ നിർദ്ദേശം കൊടുക്കും തെങ്ങിന്റെ മണ്ട വൃത്തിയാക്കുമ്പോ കിളിക്കൂട് കളയരുത്; മഹാപാപം വരുത്തിവെക്കരുത്. പക്ഷികൾക്കും പ്രാണികൾക്കും കഴിഞ്ഞ് ബാക്കിയുള്ളതേ നമ്മൾക്കെടുക്കാവൂ എന്നാണ് അച്ഛമ്മയുടെ പോളിസി. നമ്മൾ ഇത്തിരിയെങ്കിലും ബാക്കി വെച്ചില്ലെങ്കിൽ കാക്കക്കും പൂച്ചക്കും തിന്നാനെന്താന്നൊക്കെ സങ്കടപ്പെടുന്നൊരു പാവമായിരുന്നു അച്ഛമ്മ.
ഇതിനിടയിൽ ഞാനും സുനിയും പല പല പദ്ധതികളും പ്ലാനും ഉണ്ടാക്കിയിട്ടുണ്ടാവും. തളിരോല കിട്ടിയാൽ പീപ്പി, വാച്ച് ,കണ്ണട, ആട്ട, പാമ്പ്, ചെറിയൊരു പൂക്കൊട്ട. കരുണേട്ടൻ കനിഞ്ഞാൽ കുറച്ച് പച്ചപ്ലാവിലയും കിട്ടും… പ്രേമേടത്തിയുടെ ആടിനു കൊടുക്കാൻ പ്ലാവില എന്തായാലും പറിക്കാതിരിക്കാതിരിക്കില്ല… പ്ലാവില കിരീടമൊക്കെ വെച്ച് രണ്ട് ദിവസം രാജാ പാർട്ട് കളിക്കാം.
പിന്നെ വയറ് നിറയെ ഇളനീര് കുടിക്കാനും നേരിയ പാടപോലെയുള്ള കാമ്പ് വയറ് നിറച്ച് തിന്നാനും ഞങ്ങൾക്ക് കുശാല് തന്നെ.
തേങ്ങ വീഴുന്ന ശബ്ദം കേട്ടാൽ മാധവി അമ്മ ഓടി വരും. കൊത്തിയിടുന്ന ഓലകൾ അവർക്ക് വേണം. പാറു അമ്മയും ജാനു അമ്മയും അന്നുണ്ടാവും. കത്തിക്കാനുള്ള സാമഗ്രികൾ സംഘടിപ്പിക്കുകയാണ് ഉദ്ദേശ്യം. അച്ഛമ്മയോട് സ്വകാര്യം പറയും, ‘ഈ കരുണൻ, തേങ്ങാക്കൂമ്പ് പൊതിയാനുള്ള കൊട്ട മെടയാൻ വരുന്ന പപ്പിപ്പെണ്ണിനെ മങ്ങലം കയിക്കുന്നാ തോന്ന്ന്ന്. ഓന്റെയൊരു തമാശേം ഓളയൊരു ചിരീം. പാവം മന്ദിയമ്മ! ഇച്ചെക്കനെ കൊണ്ട് ഓർക്കിനി കാര്യമൊന്നുമില്ല’.
പരദൂഷണങ്ങളും പരചരിത്രവുമായി തേങ്ങ പറി ഒരാഘോഷമാക്കും ജാനു അമ്മയും, പാറു അമ്മയും, ദേവു അമ്മയും. കത്തിക്കാനുള്ള വിറകും, ഒരാഴ്ച അരക്കാനുള്ള തേങ്ങയും അച്ഛമ്മ സമ്മാനമായിക്കൊടുക്കും.
എല്ലാം കഴിഞ്ഞാൽ കൂട്ടിയിട്ട തേങ്ങകൾ ഒന്നേ ഒന്ന്, രണ്ടേ രണ്ട് എന്ന് ഈണത്തിൽ എണ്ണി കരുണേട്ടനും വല്യമ്മയും കൂടയിൽ നിറക്കും.
‘തേങ്ങയെല്ലാം കൊറവാ നാണിയമ്മേ, ഇങ്ങള് തെങ്ങിൻ ചോട്ടിൽ ഓലകൊത്തിയിടണേ’ന്ന് ഉപദേശിച്ച് കരുണേട്ടൻ യാത്ര പറയും….
കൂലി കൊടുക്കുമ്പോൾ അച്ഛമ്മ ഓർമ്മിപ്പിക്കും ‘ഞ്ഞി ഇത് പൊരക്ക് തന്നെ കൊടുക്കണേ മോനേന്ന്’. പോവുന്ന പോക്കിൽ മാറ്റിവച്ച നാല് തേങ്ങയും ചേർത്ത് കെട്ടി കരുണേട്ടൻ നടന്ന് നീങ്ങും…. അട്ത്ത പറിക്ക് വരാമെന്ന് ഉറപ്പ് പറഞ്ഞ് കൊണ്ട് …. ഞങ്ങളും നഷ്ടബോധത്തോടെ അടുത്ത തേങ്ങ വിളയുന്ന കാലത്തേക്ക് നോക്കിയിരിക്കും….
ഇനിയില്ലാത്ത ഓർമ്മകളിൽ ഇതും…