ഓർമ്മകളാണ്, ഈ ഏകാന്ത കാലം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്…

പാഠപുസ്‌തകങ്ങൾക്ക് പുറത്താണ് ജീവിതമെന്ന് പഠിപ്പിച്ച ഒരു അധ്യാപകനുണ്ടായിരുന്നു എനിക്ക്. ഇന്ന് അദ്ദേഹത്തെ ഓർക്കാനും ഈ കാലമൊരു കാരണമായി.

ഗോവിന്ദൻകുട്ടി മാഷെക്കുറിച്ചുള്ള ഓർമ്മകൾ റോബിൻസൺ ക്രൂസോവിലും, അവിടെ നിന്ന് തിരിച്ച് വർത്തമാന കാലത്തിലേക്കും എത്തി നിൽക്കുന്നു.

ആറാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് മുറി ഒരു നീളൻ കെട്ടിടത്തിന്റെ ഏറ്റവും അറ്റത്തായിരുന്നു.  ക്ലാസിലേക്ക് ചാഞ്ഞ് കിടക്കുന്ന അധികം ഉയരം വെക്കാതെ പടർന്നു നിൽക്കുന്ന ഒരു കായ്ക്കാത്ത മാവിന്റെ തണലിലായിരുന്നു ആ ക്ലാസ്. ഉച്ചയൂണ് കഴിഞ്ഞ ഒന്നാം പിരീഡിൽ ഉറക്കത്തെ ക്ഷണിച്ചു കൊണ്ട് ആ മാവിന്റെ ചില്ലകൾ കാറ്റ് വീശി താരാട്ടും. കണ്ണ് തുറന്ന് വെക്കാൻ കഷ്‌ടപ്പെടുന്ന അങ്ങനെയൊരു ഉച്ച നേരത്തെ ഒന്നാം പിരീഡിലാണ് ഗോവിന്ദൻകുട്ടി മാഷ് ഞങ്ങളുടെ ക്ലാസിലെത്തിയത്.

വെളുത്ത മുണ്ടും വെള്ള പോളിയെസ്റ്റർ ഷർട്ടും, തോളൊപ്പം നീണ്ടു വളർന്ന മുടിയും, വെട്ടിയൊതുക്കാത്ത താടിയും, കറുത്ത ഫ്രെയിമുള്ള കണ്ണടയും, സിഗരറ്റു കറയിൽ പുകപിടിച്ച ചുണ്ടുകളുമുള്ള അദ്ദേഹം മറ്റ് മാഷമ്മാരിൽ നിന്നും വ്യത്യസ്‌തനായി കൈയിലൊരു ചൂരലുമായി ആറാം ക്ലാസ് എ യിലേക്ക് ആദ്യമായി കടന്നുവന്നു.

ഞങ്ങളുടെ  അദ്ധ്യാപകരാരും അന്നുവരെ ക്ലാസിൽ വടിയുമായി വന്നിട്ടില്ല, തല്ലിയാലും നന്നാവില്ല എന്നറിയാവുന്നത് കൊണ്ടു മാത്രമാണത്. ദരിദ്ര കർഷക കുടുംബത്തിലെ കുട്ടികൾ നിറഞ്ഞ ഒരു ഗവൺമെന്റ് സ്‌കൂൾ വിദ്യാർത്ഥികളെക്കുറിച്ച് അവർക്കൊരു ഏകദേശ ധാരണയുണ്ടായിരുന്നു.

ക്രമമനുസരിച്ച് സയൻസ് ക്ലാസാണ്. കുട്ടികൾ ഉറക്കം തൂങ്ങുമ്പോൾ സ്റ്റാൻഡ്, സിറ്റ് എന്ന്  രണ്ടു തവണ പറഞ്ഞ് ഉറക്കം മാറ്റുകയല്ലാതെ, വഴക്ക് പറയില്ലായിരുന്നു മുഹമ്മദ് മാഷ്. പഞ്ചാരപ്പായസം പോലെ സൗമ്യനായ മാഷിന്റെ ക്ലാസിന് പകരം പുതിയ മലയാളം മാഷ് ആദ്യമായി ക്ലാസിൽ വന്നിരിക്കുകയാണ്.

ഇത്രയും കാലം കണക്ക് പഠിപ്പിക്കുന്ന ഗോപാലൻ മാഷ് തന്നെയായിരുന്നു അതുവരെ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. പര്യായപദങ്ങളും, അർത്ഥവും ചോദ്യോത്തരങ്ങളും ബൈ ഹാർട്ട് പഠിച്ചും, കവിതയും കഥ പോലെ പറഞ്ഞുമായിരുന്നു ഞങ്ങൾ അതുവരെ മലയാളം പഠിച്ചത്.

പുതിയ മാഷുടെ അപ്രതീക്ഷിതമായ കടന്ന് വരവും സൗഹാർദ്ദപരമല്ലാത്ത കർശനനോട്ടവും അന്ന് ഞങ്ങളിൽ നിന്ന് ഉച്ചമയക്കം അകറ്റി.

സാധാരണ പുതിയ അദ്ധ്യാപകർ ചെയ്യുന്നത് പോലെ ഓരോരുത്തരുടെയും പേര് ചോദിച്ച് പരിചയപ്പെട്ടില്ല. ചൂരൽ വടി അന്തരീക്ഷത്തിൽ വെറുതെയൊന്ന് വീശി ശബ്‌ദമുണ്ടാക്കി വടിയും ഡെസ്റ്ററും അടുത്തടുത്ത് വെച്ച് മാഷ് ബോർഡിൽ ഭംഗിയായി മലയാളം എന്നെഴുതി. ഇനി മുതൽ ഈ പിരിയഡ് മലയാളം ആയിരിക്കുമെന്നും പറഞ്ഞു.

പാഠപുസ്‌തകമല്ലാതെ മറ്റെന്തെങ്കിലും പുസ്‌തകം നിങ്ങൾ വായിച്ചിട്ടുണ്ടോ എന്ന മാഷുടെ ആദ്യ ചോദ്യത്തിന് ധാരാളം കൈകൾ ഉയർന്നപ്പോഴാണ് അദ്ദേഹം ബാലരമയും, പൂമ്പാറ്റയും ഒഴികെ എന്ന് കൂട്ടിച്ചേർത്ത് ചോദ്യം ഒന്നുകൂടെ വ്യക്‌തമാക്കിയത്. ആവേശത്തിൽ ഉയർന്ന കൈകൾ മിക്കതും അതുപോലെ താഴ്ന്നു. ഞാനും അശോകനും മാത്രമായി അവശേഷിച്ചവർ.

ശ്രീ മുത്തപ്പചരിതം എന്ന് അശോകനും, ‘വിഷപ്പാമ്പുകളുടെ ലോകത്തിൽ’ എന്ന് ഞാനും ഉറക്കെപ്പറഞ്ഞു, തെന്നാലിരാമൻ കഥകൾ,  എന്ന് കൂടി ഞാൻ കൂക്കിവിളിച്ചപ്പോൾ മാഷ് നോട്ടം  എന്നിലേക്കുറപ്പിച്ചു…

ഞാൻ  ഇന്നു നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരാമെന്ന് പറഞ്ഞു തുടങ്ങിയത് റോബിൻസൺ ക്രൂസോവിന്റെ കഥയായിരുന്നു….

മനുഷ്യരാരുമില്ലാന്ന ഒരു ദ്വീപിൽ പെട്ടുപോയ ഒരു മനുഷ്യന്റെ കഥ…

മറ്റൊരു സഹജീവിയെ  കാണാതെ, മിണ്ടാതെ, പറയാതെ  ഒരു മനുഷ്യൻ ഏകാന്തതയെ അതിജീവിച്ച കഥ…

ഞങ്ങൾ ആദ്യമായായിരുന്നു ദൈവങ്ങളുടേതല്ലാത്ത ഇങ്ങിനെയൊരു കഥ കേൾക്കുന്നത്…

പിന്നീട് മാഷ് എന്നും ചൂരൽവടി വീശുക മാത്രം ചെയ്‌തു.

ഞങ്ങളെക്കൊണ്ട് കഥകളും നോവലുകളും വായിപ്പിച്ചു…

അതിജീവനത്തിന്റെ കഥകൾ പറഞ്ഞു തന്നു. വിജയിക്കാൻ ആത്‌മവിശ്വാസം മാത്രം കൈമുതലായി ഉണ്ടായാൽ മതിയെന്ന് വിശ്വസിപ്പിച്ചു.

അർത്ഥവും, പര്യായവും, വിപരീതവും ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല…

ഓർമ്മയിൽ ഒരദ്ധ്യാപകൻ അങ്ങനെയും… മലയാളത്തെ സ്‌നേഹിക്കാൻ പഠിപ്പിച്ച അദ്ധ്യാപകൻ ഇങ്ങിനെയും …

റോബിൻസൺ ക്രൂസോവിനെ ഓർത്തു പോവുന്ന ഈ ഏകാന്ത കാലത്ത് മറ്റാരെ ഓർക്കാനാണ്?!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account