വിഷുവിന്റെ ആഘോഷങ്ങൾ അവസാനിക്കുമ്പോഴേക്ക് ചൂട് കാലം അതിന്റെ മൂർദ്ധന്യത്തിലെത്തും. പകൽ മുഴുവൻ അടുക്കളയിലെ ചൂടിൽ വലയുന്ന സ്‌ത്രീ ജന്മങ്ങൾ കിഴക്കെ ഇറയത്ത് കാലും നീട്ടിയിരുന്ന് പഴങ്കഥകൾ പറഞ്ഞു തുടങ്ങും. കഴിഞ്ഞ മേടത്തിലൊന്നും ഇമ്മാതിരി ചൂടുണ്ടായിട്ടില്ലേ എന്ന ആവലാതിയോടെയാണ് മിക്കവാറും വല്യമ്മ സംഭാഷണം തുടങ്ങുക. വയലിലെ വെള്ളരി പറിച്ചൊഴിയുമ്പോഴേക്ക് സാധാരണ ഒരു മഴ ഉണ്ടാവുന്നതാണെന്ന് അച്ഛമ്മ ഓർമ്മകളിൽ പിറകോട്ട് പോവും. ചെറിയ പായ വിശറികൾ വീശിക്കൊണ്ട് അവർ മനോരമക്കഥകളിലേക്ക് വിഷയം വ്യാപിപ്പിക്കുമ്പോഴേക്ക് ഞങ്ങൾ കുട്ടികൾ കിഴക്കേ ഇറയത്തെ സിമന്റിന്റെ തണുപ്പിൽ ആകാശത്തേക്ക് നോക്കി കിടക്കും.

നക്ഷത്രങ്ങളും ചന്ദ്രക്കലയും തെളിഞ്ഞ് നിൽക്കുന്ന ആകാശത്തിന്റെ കഷണത്തിന്റെ അവകാശത്തർക്കത്തിൽ ഞാനും സുനിയും പരസ്‌പരം തല്ല് പിടിക്കും. തിളങ്ങുന്ന നക്ഷത്രങ്ങൾ ഏറെയുള്ള ഭാഗമാണ് ഇരുവർക്കും ആവശ്യം.  ഞങ്ങൾ ബഹളം തുടരുന്നതിനിടെയാവും ഓലച്ചൂട്ടിന്റെ വെളിച്ചം വയൽ വരമ്പത്തൂടെ നടന്ന് പൊന്ന്യം പാലത്തിന് നേരെ നീങ്ങുന്നത്. കൂട്ടത്തിലൊരു കൂമന്റെ മൂളൽ കൂടിയായാൽ ഞങ്ങൾ ഒന്ന് ചുരുളും.

അമ്മമാർ വലിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വായനയിലായിരിക്കും. അച്ഛമ്മ കണ്ണടച്ചിരുന്ന് ഭാഗവതം ഉരുക്കഴിക്കുന്ന തിരക്കിലും .

പുറത്ത് നാലാം ദിവസത്തെ ചന്ദ്രക്കല ഭൂമിക്ക് സമ്മാനിക്കുന്ന ഇരുട്ടും വയലിനക്കരെ നിന്ന് പാറിവരുന്ന മേടക്കാറ്റും കൂടിയാവുമ്പോൾ ഞങ്ങളുടെ ഉള്ളിലേക്ക് ചെറിയ ഭയപ്പാട് അരിച്ചരിച്ച് വരും.

ഞങ്ങൾ സാവധാനം നിശബ്‌ദരാവും…

‘വലിയ ആകാശത്തിന്റെ കഷണം നീയെടുത്തോ’ എന്ന് പരസ്‌പരം ഞങ്ങൾ സ്‌നേഹം പങ്കു വെച്ചു തുടങ്ങും. ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും. പ്രേമേച്ചിയുടെ വീട്ടിലെ മുല്ലവള്ളിയിൽ പൂത്ത് വിടർന്ന മുല്ലപ്പൂക്കളുടെ തീവ്ര സുഗന്ധം ഞങ്ങൾക്കിടയിൽ പടർന്നു പരക്കും.

ഭാഗവതം ചൊല്ലൽ നിറുത്തി അച്ഛമ്മയും ആ ഗന്ധത്തിലേക്ക് മനസ്സ് പായിക്കും. ആഴ്‌ചപ്പതിപ്പുകൾ മാറ്റി വെച്ച് വിളക്കിന്റെ തിരി താഴ്ത്തി ഉമ്മറത്തെ ഇരുത്തിയിൽ കൈ തട്ടാതിടത്ത് മാറ്റി വെച്ച് അമ്മമാരും നിശബ്‌ദരായി ഏതോ ഓർമ്മകളിൽ മുഴുകും, അവരുടെ ഓർമ്മകളെക്കുറിച്ചോ സ്വപ്‌നങ്ങളെക്കുറിച്ചോ ആരും ഒരിക്കലും അക്കാലത്ത് ചിന്തിച്ചിരുന്നില്ലെങ്കിൽ കൂടി.

വീണ്ടും വീണ്ടും കൂമനും ചിവീടും മൂളിക്കൊണ്ടിരിക്കും. ഓലച്ചൂട്ട് വയലിനക്കരെ എത്തിക്കഴിഞ്ഞിരിക്കുമെങ്കിലും, സുനി എന്റെ കൈപ്പടത്തിൽ അവന്റെ തണുത്ത വിരലുകൾ ചേർത്ത് വെക്കും…

മുല്ലപ്പൂവിന്റെ ഗന്ധത്തിന്റെ മാസ്‌മരികതയിൽ ഞങ്ങൾ വികൃതിക്കുട്ടികളെന്ന മുഷിഞ്ഞ ഉടുപ്പ് അഴിച്ചു മാറ്റും…

അച്ഛമ്മ ഭാഗവതം ഉറക്കെ ചൊല്ലാനും തുടങ്ങും…

ഓർമ്മകളിൽ പലവിധ ഗന്ധങ്ങൾ ഇടപെടുന്നതിങ്ങനെയും…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account