പല്ലികൾക്കും പൂമ്പാറ്റകൾക്കും വീടുണ്ടായിരിക്കില്ലേ എന്ന സംശയം എന്റെയും സുനിയുടെയും  ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്  കുറച്ച് ദിവസമായിരുന്നു. പല്ലികൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കാക്കകൾക്കും വീടില്ല എന്ന സങ്കടകരമായ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത് അവിടന്നും കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ്.

ഉറുമ്പിനും കുഴിയാനക്കും വീടുണ്ടെന്ന് ഞങ്ങൾക്കറിയാം. സന്ധ്യക്ക് പണി കഴിഞ്ഞ് വയലിൻ കരയിലൂടെ പെണ്ണുങ്ങൾ പോവുന്നത് പോലെ പഞ്ചാരപ്പൊടിയും പൊക്കിപ്പിടിച്ച് ഉറുമ്പിൻ കൂട്ടം തങ്ങളുടെ വീട് ലക്ഷ്യമാക്കി നടക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. പരസ്‌പരം മിണ്ടിയും പറഞ്ഞും വരി തെറ്റി നടക്കുന്ന ചില ഉറുമ്പുകളെ എന്റെ സമ്മതത്തോടെ സുനി കുഴിയാനയുടെ വീട്ടിലേക്ക് തള്ളിയിട്ട് ശിക്ഷിക്കാറുമുണ്ട്.

കൂടാതെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതും വീടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നതുമായ മറ്റൊരു കൂട്ടർ വടക്ക് ഭാഗത്ത് കലപില കൂട്ടുന്ന ചപേലാടച്ചി പക്ഷികളും മൈനകളുമാണ്. സെവൻ സിസ്‌റ്റേഴ്‌സ് എന്ന് മമ്മി പറയാറുള്ള ചപേലാടച്ചികൾ മഞ്ഞക്കണ്ണുകളുള്ള മൈനകളെ കൂട്ടത്തിൽ കൂട്ടാറില്ല. ആവശ്യത്തിന് നുള്ളിപ്പെറുക്കി തിന്ന് വയറ് നിറഞ്ഞാൽ തിരിഞ്ഞ് പോലും നോക്കാതെ അവര് പറന്ന് പോവും. ഞങ്ങൾക്ക് കഴിക്കാൻ തരുന്ന ദോശയിൽ പകുതിയും അവരുടെ വയറ്റിലെത്തിയതിന്റെ നന്ദി പോലും കാണിക്കാതെ…

എന്നാൽ മൈനപ്പെണ്ണുങ്ങൾക്ക് കുറച്ച് കൂടി നന്ദിയുണ്ട്. ജോഡിയായി പറന്ന് വന്ന് സന്തോഷത്തോടെ ഇടം കണ്ണിട്ട് വടക്കേ ഇറയവും ഞങ്ങളുടെ കൈയിലെ ദോശപ്പാത്രവും ഒന്ന് നോക്കി, മുറ്റത്ത് തലേന്ന് രാത്രി പാത്രം കഴുകി മറിച്ചതിൽ ബാക്കിയായ വറ്റുകൾ കൊത്തിത്തിന്ന് വയറ് നിറച്ച് പരസ്‌പരം കളി ചിരികൾ പറഞ്ഞ് സന്തോഷിച്ച് അവരും പറന്ന് നീങ്ങും.

ഒടുവിൽ ബാക്കിയാവുന്നത് കാക്കക്കുറുമ്പൻ മാത്രമായിരിക്കും. അത് അടുക്കളക്കുള്ളിലേക്ക് എത്തി നോക്കി അക്ഷമയോടെ കാറിവിളിച്ചു കൊണ്ടിരിക്കും. കാക്കയുടെ ശബ്‌ദം കേട്ടാൽ വല്യമ്മ ‘വിരുന്നുകാരെ വിളിച്ച് കൂട്ടാതെ കാക്കേ’ എന്ന് പിറുപിറുത്തു കൊണ്ട് വറ്റു മണികൾ പുറത്തേക്ക് വലിച്ചെറിയും. എത്രയൊക്കെ കൊത്തിപ്പെറുക്കിയാലും തൃപ്‌തിയാവാതെ അത് വീണ്ടും തെങ്ങിൻ തടത്തിലും കാപ്പിമരത്തിന്റെ ചില്ലയിലും ക്ഷമയോടെ കാത്തിരിക്കും, മീൻകാരൻ വരുന്നത് വരെ. കാക്കക്ക് പോവാൻ ഒരു വീടില്ലെന്ന് ഞങ്ങൾക്ക് തോന്നിയത് അങ്ങിനെയാണ്.

വടക്ക് പുറത്ത് ചുറ്റിക്കളിക്കുന്ന പൂച്ചയുടെ വീട് വെണ്ണീറ് കൂട്ടിയിട്ട വടക്കേ പുറത്തെ വിറകുപുരയാണ്. അമ്മ മീൻ മുറിക്കുമ്പോൾ പറ്റി നിന്ന് വാലാട്ടി കാക്ക കൊത്തിയെടുക്കുന്നതിന് മുമ്പ് മീൻതല സ്വന്തമാക്കി ശാപ്പിട്ട് സന്തോഷ സൂചകമായി ഒരു ‘മ്യാവു’ വെച്ച് നേരെ വിരിച്ചിട്ട പഴയ ചാക്കിൽ കിടന്ന് ദിവാസ്വപ്‌നം കാണും. മറ്റാരെങ്കിലും അതുവഴി പോയാൽ മുഖം ചുളിച്ചു കൊണ്ട് ഒരു മ്യാവൂ കൂടുതൽ വെക്കും. അതവന്റെ വീടാണ്, അവിടേക്കാർക്കും പ്രവേശനമില്ല എന്ന് ഓർപ്പിക്കുന്നത് പോലെ.

ഞങ്ങളാലോചിക്കുമ്പോൾ എല്ലാവർക്കും സ്വന്തമായി വീടുണ്ട്, ഇങ്ങനെ ചിലർക്കൊഴികെ. വീട്ടിന്റെ മച്ച് താങ്ങി നിൽക്കുന്ന പല്ലിയോടായിരുന്നു ഞങ്ങൾക്കേറെ സങ്കടം. അതിനൊരു കാരണവുമുണ്ട്. മച്ചിലെവിടെയെങ്കിലും പല്ലി പറ്റി നിൽക്കുന്നത് കണ്ടാൽ വല്യമ്മയും അമ്മയും മത്‌സരിച്ച് അവയെ അടിച്ചോടിച്ചു. അവർക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ ശക്‌തമാവാൻ ഇതൊരു കാരണമായി.

തൊടിയിൽ പലതരം പൂക്കൾ വിരിഞ്ഞു വിടർന്ന് നിൽക്കുന്നത് ഞങ്ങൾ കണ്ടു തുടങ്ങുന്നത് പൂമ്പാറ്റകളുടെ വരവോടെയാണ്. ചെമ്പരത്തിപ്പൂക്കളിൽ നിന്ന് കനകാംബരത്തിലേക്കും അവിടെ നിന്ന് നന്ത്യാർവട്ടത്തിലേക്കും പറന്ന് പാറിയിരിക്കുന്ന പൂമ്പാറ്റകൾ പിന്നീട് പറമ്പിലെ കുഞ്ഞൻ മഞ്ഞപ്പൂക്കളിൽ തത്തിയിരുന്നു. വിസ്‌മയിപ്പിക്കുന്ന വർണ്ണച്ചിറകുകൾ നിശ്ചലമാക്കി പൂക്കളിൽ ധ്യാനമിരിക്കുന്ന പൂമ്പാറ്റകൾ ഞങ്ങളുടെ കണ്ണ് തെറ്റുമ്പോഴേക്കും പറന്ന് മാറി എവിടെയോ മാഞ്ഞു പോയി. വിശ്രമിക്കാൻ വീടില്ലാത്തവരുടെ സങ്കടം ഞങ്ങൾ വീണ്ടുമറിഞ്ഞു. ഞങ്ങൾക്ക് പ്രിയപ്പെട്ട പൂമ്പാറ്റകളും, കാക്കകളും, പല്ലികളും ആ കൂട്ടത്തിൽ പെടുമെന്നത് ഞങ്ങളുടെ കുഞ്ഞി മനസ്സിനെ ഏറെ വേദനിപ്പിച്ചു എന്നതാണ് സത്യം.

മുകളിലെ പറമ്പിലെ പൂട്ടിയിട്ട വീട് അവർക്കായി വീതിച്ചു നൽകാമെന്ന് സുനി ഒരു നിർദ്ദേശം വെച്ചത് എനിക്കും സ്വീകാര്യമായിരുന്നു. പൂമ്പാറ്റകൾക്ക് സ്വന്തമായി ഒരു വീടുണ്ടെങ്കിൽ എന്ത് രസമായിരിക്കും! പൂമ്പാറ്റകളെയും പല്ലികളെയും മുകളിലെ വീട്ടിലേക്ക് ആകർഷിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് പൂമ്പാറ്റകളെ പിടിക്കുന്ന ജീവികളാണ് പല്ലികൾ എന്ന് ഏട്ടൻ അറിവ് പങ്കുവെച്ചത്. അതുകൊണ്ടാണ് അമ്മമാർ പല്ലികളെ ഓടിച്ചു വിടുന്നതെന്നും അവൻ പറഞ്ഞു.

തെങ്ങിന്റെ മണ്ടയിലാണ് കാക്കകളുടെ വീട് എന്ന് കരുണേട്ടനും അച്ഛമ്മയുമായുള്ള സംഭാഷണത്തിൽ നിന്ന് കേട്ടറിഞ്ഞതോടെ ഞങ്ങളുടെ മനസ്സിൻ കൂടുതൽ സമാധാനം നിറഞ്ഞു. കാക്കകൾ കൂട്ടിൽ മുട്ടയിടുമെന്നും അവിടെ കാക്കക്കുഞ്ഞുങ്ങളും കുയിലിൻ കുഞ്ഞുങ്ങളും ഒന്നിച്ച് വളരുമെന്നും ഞങ്ങൾ കേട്ടറിഞ്ഞു.

വീടില്ലാത്തവർ പൂമ്പാറ്റകൾ മാത്രമാണെന്ന സങ്കടം ഞങ്ങളെ വല്ലാതെ അലട്ടി. രാത്രിയാവുമ്പോഴേക്കും പേടിച്ച് കരയുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങൾ ഒരു സങ്കടമായി മാറി. അവർക്കൊരു വീടുണ്ടായേ പറ്റൂ. ഞങ്ങളുടെ ആവശ്യങ്ങൾ കരുണയോടെ കേൾക്കുന്ന അച്ഛമ്മക്ക് മാത്രമെ ഞങ്ങളെ സഹായിക്കാൻ പറ്റൂ എന്ന വിശ്വാസത്തിൽ വിഷയം അവതരിപ്പിച്ചു. സുനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. മുകളിലെ അടച്ചിട്ട വീട് അവർക്കായി നൽകാമെന്ന നിർദ്ദേശം അവതരിപ്പിച്ച് മറുപടിക്കായി അച്ഛമ്മയെ നോക്കി.

പൂമ്പാറ്റകൾക്കും വീടുണ്ടെന്ന് അച്ഛമ്മ അലിവോടെ ആർദ്രമായി ഞങ്ങളോട് പറഞ്ഞു. നാളെ രാവിലെയാവട്ടെ നിങ്ങൾക്ക് കാണിച്ചു തരാം എന്ന് പറഞ്ഞ് ഞങ്ങളെ ചേർത്തു നിർത്തി വാത്‌സല്യത്തോടെ പറഞ്ഞു.

പൂക്കൾ തന്നെയാണ് പൂമ്പാറ്റകളായി ചിറക് വെച്ചു മാറുന്നതെന്നും, ചെടികളുടെ ഇലകൾ തന്നെയാണ് പൂക്കളുടെ വീടുകളെന്ന് അറിയാത്ത വിഡ്ഡിക്കുട്ടികളാണ് ഞങ്ങളന്നും പറഞ്ഞ് അതിനിടെ സ്‌കൂളിൽ പോവുന്ന ഏട്ടനും ഏച്ചിയും കളിയാക്കിത്തുടങ്ങിയിരുന്നു…

പൂമ്പാറ്റകളുടെ വീട് പൂക്കളാണെന്ന വിശ്വാസത്തിൽ ഞാനും സുനിയും അന്ന് രാത്രി സുഖമായി ഉറങ്ങി. പൂക്കളായി പറന്നുയരുന്ന പൂമ്പാറ്റകൾ സ്വപ്‌നത്തിൽ ഞങ്ങളെ സന്ദർശിച്ചു…

മിനിയും സുനിയും പ്രകൃതിയെ അറിഞ്ഞു കൊണ്ടു വളരുന്നുവെന്ന സമാധാനത്തിൽ അച്ഛമ്മയും.

ഓർമ്മകളിൽ ഇങ്ങിനെയുമൊരു പൂക്കാലവും പൂമ്പാറ്റക്കാലവും…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account