നാട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതിനിടെയാണ് മമ്മി കുട്ടിക്കാലത്തെ എന്റെ വാശികളെക്കുറിച്ച് ഓർമ്മിപ്പിച്ചത്. കുഞ്ഞുപ്രായത്തിൽ ദേഷ്യം തീർക്കാൻ വീട് ചുറ്റും കിടന്നോടുന്ന ഞാൻ ഒരു പ്രായം കഴിഞ്ഞപ്പോൾ ദേഷ്യം വന്നാൽ കിണറ്റിൽ നിന്ന് വെള്ളം കോരി വലിയ കുട്ടുകത്തിൽ നിറയ്‌ക്കുമായിരുന്നത്രെ! ആ സിനിമ കാണാനുള്ള വാശിക്കിടെ നീ കോരിയൊഴിച്ച വെള്ളം എത്രയാണെന്നോർമ്മയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ്  പഴയ സിനിമാക്കഥ മനസ്സിലേക്ക് വന്നത്…

ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് പുതിയ ഒരു തരം സിനിമ വന്നത്. വ്യക്‌തമായി കാണണമെങ്കിൽ കറുത്ത കണ്ണട വെച്ച് കാണേണ്ട സിനിമയായിരുന്നു അത്.

പരസ്യങ്ങളിലൂടെ ആ സിനിമയുടെ വിശേഷങ്ങൾ ഞങ്ങളിലുമെത്തി. ഐസ്‌ക്രീമിലെ മുന്തിരിങ്ങ നമ്മുടെ മൂക്കിന്റെ മുന്നിൽ വീഴുന്നത് പോലെ അനുഭവിപ്പിക്കുന്ന രംഗങ്ങളും, ചുവരിലൂടെ നടപ്പും, ഫാനിൻമേലുള്ള ഇരുപ്പുമൊക്കെയായി കൊതിപ്പിക്കുന്ന വിവരണങ്ങൾ. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ത്രീ ഡി സിനിമയാണത് എന്നല്ലാതെ എന്താണ് 3D എന്നൊന്നും വ്യക്‌തമായി ഞങ്ങൾക്കറിയില്ല. എന്തൊക്കെയോ പ്രത്യേകതകളുള്ള, കുട്ടികൾ അഭിനയിച്ച സിനിമയാണത് എന്നു മാത്രമറിയാം. ഉടൻ പ്രദർശനമാരംഭിക്കുമെന്ന് പത്രങ്ങളിൽ നിറഞ്ഞ പരസ്യങ്ങൾ കൊണ്ട് ആ 3ഡി സിനിമ ഞങ്ങളുടെ ഉറക്കം കെടുത്തി.

നാട്ടിലെ സിനിമാ തീയേറ്ററായ കതിരൂർ ജ്യോതിയിൽ പുതിയ സിനിമ മാറുമ്പോൾ വാസു ഏട്ടന്റെ ചായപീടികയുടെ മുന്നിലെ അഴുക്കുപിടിച്ച അരമതിലിൽ പോസ്റ്റർ ഒട്ടിക്കും. മൈക്ക് വെച്ച് സിനിമക്കഥ ആകാംക്ഷാ ഭരിതമായി പകുതി പറഞ്ഞ് ജീപ്പിൽ നോട്ടീസ് പുറത്തേക്കെറിഞ്ഞ് വിതരണം ചെയ്യും. മിടുക്കൻമാരായ ആൺകുട്ടികൾ കൈക്കലാക്കുന്ന നോട്ടീസ് വായിച്ചും പോസ്റ്റർ നോക്കിയും ബാക്കി സിനിമാക്കഥ ഞങ്ങൾ ഊഹിക്കും.

തീയേറ്ററിൽ പോയി സിനിമ കാണുന്നത് അപൂർവ്വ അനുഭവമാണ് ആ കാലത്ത്. പനം തട്ട് കൊണ്ടുള്ള ചുവരുകളും ഓല മേഞ്ഞ മേൽക്കൂരയുമുള്ള ജ്യോതിയിൽ തറസീറ്റും ബാക്ക് സീറ്റുമായി വല്യവ്യത്യാസവുമുണ്ടായിരുന്നില്ല. മാറ്റിനി കാണുമ്പോൾ പനം തട്ടിന് വിള്ളൽ വീണ വിടവിലൂടെ ഉള്ളിലേക്ക് അരിച്ചു വരുന്ന വെളിച്ചത്തിന്റെ ചീളുകൾ മുഖത്തടിച്ച് സ്‌പെഷ്യൽ എഫക്റ്റുകളും അനുഭവിക്കാം.

ഞങ്ങളുടെ സിനിമാനുഭവങ്ങൾ അങ്ങിനെയായിരിക്കെ കാത്തിരുന്ന 3ഡി സിനിമ നാട്ടിൽ പ്രദർശനമാരംഭിക്കുന്ന വിവരം പുറത്ത് വന്നു. കുട്ടികൾ പറഞ്ഞ് പറഞ്ഞ് ഈ സിനിമ തലശ്ശേരിയിലെ ഏതെങ്കിലും തീയേറ്ററിൽ വന്നാൽ കൊണ്ടുപോയി കാണിക്കാം എന്ന ഒരു അര സമ്മതം വീട്ടുകാരിൽ നിന്ന് കിട്ടി സന്തോഷിച്ചിരിക്കുമ്പോഴാണ് കണ്ണൂരിലെ കവിത തീയേറ്ററിൽ മാത്രമേ  ഈ സിനിമ റിലീസാവുന്നുള്ളു എന്ന വിവരം ഞങ്ങളറിഞ്ഞത്.

എത്രയൊക്കെ വാശി പിടിച്ചാലും കണ്ണൂരിൽ പോയി സിനിമ കാണൽ നടക്കില്ലെന്ന് ഞങ്ങൾക്കറിയാം. രണ്ട് ബസ് കയറി വേണം കണ്ണൂരെത്താൻ. കുട്ടികൾക്ക് സിനിമ കാണാൻ വേണ്ടി ഇത്രയും വലിയ സാഹസത്തിന് മുതിരുന്ന വീട്ടുകാരൊന്നും അന്നില്ല. ആഗ്രഹങ്ങൾ ഉണ്ടെങ്കിലും പലരുടെയും സാഹചര്യങ്ങൾ അനുവദിക്കില്ല എന്നതാണ് സത്യം.

കണ്ണൂരിലൊക്കെ പോയി 3D സിനിമ കാണാൻ വളരെ കുറച്ച് സാദ്ധ്യത മാത്രമുള്ള ഭൂരിപക്ഷം പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന ഗ്രാമത്തിലെ ഒരു ഗവൺമെന്റ് സ്‌കൂൾ ആയിരുന്നു ഞങ്ങളുടേത്. കുട്ടികളുടെ സങ്കടം മനസ്സിലാക്കിയ അദ്ധ്യാപകർ അത്തവണത്തെ വിനോദയാത്രാ പരിപാടിയിൽ  സിനിമയും ഉൾപ്പെടുത്തി. കൂട്ടത്തിൽ പയ്യാമ്പലം ബീച്ചും ഉൾപ്പെടുത്തി.

ഇരുപത്തി അഞ്ച് രൂപയാണ് അതിന് ചിലവ്.  തീരെ ചെറിയ ഒരു തുകയല്ല അത്. 3D സിനിമകളിക്കുന്നത് കണ്ണൂരിലെ ആദ്യത്തെ A/C തീയേറ്ററിലാണ്. അതിനാൽ ചിലവ് കൂടും. പക്ഷേ കുട്ടികളുടെ ഒരു വല്യ ആശ തീർക്കാൻ മിക്ക മാതാപിതാക്കളും സമ്മതിച്ചു. ചിലരെ അദ്ധ്യാപകർ സഹായിച്ചു.

ഞാനീ വിവരം വീട്ടിൽ പറഞ്ഞപ്പോൾ നീന്താനറിയാത്ത കുട്ടി പയ്യാമ്പലം ബീച്ച് സന്ദർശിക്കുന്നതിന്റെ അപകടത്തെ പറ്റി ആലോചനകളായി, ചർച്ചകളായി. ബഹളത്തിനും ചർച്ചകൾക്കുമൊടുവിൽ ഞായറാഴ്‌ച കണ്ണൂരിൽ ഡാഡി കൊണ്ടുപോയി സിനിമ കാണിക്കുമെന്ന തീരുമാനത്തിലെത്തി. കരച്ചിലും വാശിയും ആരും ചെവിക്കൊണ്ടില്ല. നിനക്ക് സിനിമ കണ്ടാൽ പോരേ എന്ന ചോദ്യത്തിന് മറ്റെന്തുത്തരം പറയാൻ!

സ്‌കൂളിൽ പൈസ കൊടുക്കേണ്ട അവസാന ദിവസമായി. ഞാനൊഴികെ ക്ലാസിലെ മറ്റ് കുട്ടികൾ മുഴുവൻ പൈസ കൊടുത്തു. വിനോദ യാത്രക്ക് വരാത്തതിന്റെ കാരണം പറഞ്ഞപ്പോൾ മാഷ് എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി. നിരാശയോടെ ഞാനും നിറഞ്ഞ കണ്ണുകളോടെ മാഷെ തിരിച്ചും നോക്കി.

അന്ന് വൈകീട്ട് വീട്ടിൽ അപ്രതീക്ഷിതമായി വന്ന അതിഥിയെ കണ്ട ശ്വാസം മുട്ടലിൽ നിന്ന് പുറത്ത് വരാൻ എനിക്ക്  അഞ്ച് മിനുട്ടോളം വേണ്ടിവന്നു. കുഞ്ഞികൃഷ്‌ണൻ മാഷായിരുന്നു അത്. അദ്ദേഹം ഡാഡിയുമായി കുറെ നേരം സംസാരിച്ചു. മാഷ് പറഞ്ഞതെന്താണെന്നറിയില്ല, പക്ഷേ… സംശയമേതുമില്ലാതെ ഇരുപത്തഞ്ചു രൂപ ഡാഡി മാഷെ ഏൽപ്പിച്ചു. യാത്രാ ലിസ്റ്റിൽ എന്റെ പേരും വന്നു.

3D കണ്ണട വെച്ചും, മാറ്റി നോക്കിയും ഞങ്ങൾ ആ സിനിമ  ആസ്വദിച്ച് ആഘോഷിച്ചു. പൊട്ടിച്ചിരിച്ചു, ബഹളം വെച്ചു.

ഒടുവിൽ കുട്ടിച്ചാത്തനെയോർത്ത് പൊട്ടിക്കരഞ്ഞു. ശ്രീജയുടെയും, പ്രതിഭയുടെയും നടുവിലിരുന്ന് കണ്ട ആ സിനിമയോളം നല്ല മറ്റൊരു സിനിമ ഞാനിന്നു വരെ കണ്ടിട്ടില്ല… ഇനി കാണുകയും ചെയ്യില്ല…

ചാനലുകളിൽ നിറയുന്ന സിനിമകൾ ഓർമ്മിപ്പിക്കുന്ന ഒരു കാലമങ്ങിനെയും…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account