നേരിയ കാറ്റിന്റെ അകമ്പടിയോടെ കടന്നുവന്ന  മഴച്ചാറ്റലിൽ ക്ലാസ് മുറിയുടെ ജനാലകളിലൂടെ വെള്ളത്തുള്ളികൾ ഉള്ളിലേക്ക് ചാഞ്ഞിറങ്ങി.

അവസാനത്തെ തുന്നൽ പിരീഡിന്റെ ആലസ്യത്തിലമർന്ന ക്ലാസ് മുറി ആകെയൊന്നിളകി. നേരിയ വെയിലിനിടയിലൂടെ മഴ കനത്തു തുടങ്ങി. മഴയ്‌ക്കൊപ്പം ക്ലാസ് മുറിയിലെ പിറുപിറുക്കലുടെ ശബ്‌ദവും വളർന്നപ്പോൾ രമണി ടീച്ചർ മേശപ്പുറത്ത് വടിയെടുത്ത് ഒന്നു തട്ടി. പുസ്‌തകങ്ങൾ ഒതുക്കി വെക്കാനും തുന്നൽത്തുണിയിൽ സൂചി കുത്തിയുറപ്പിച്ച് ടീച്ചറെ ഏൽപ്പിക്കാനും അനുവാദം തന്നു. ക്ലാസ് ലീഡർ ഓരോ കുട്ടികളെയും സമീപിച്ച് തുണി തിരിച്ചു വാങ്ങുന്ന തിരക്കിലിടെയാണ് എന്റെ കൈ വിരലിൽ സൂചി കൊണ്ടതും അത് വലിച്ചെടുക്കുന്നതിനിടെ കൂട്ടമണി ശബ്‌ദം ഉയർന്നതും.

ലാസ്റ്റ് ബെല്ലിന്റെ താളാത്‌മകതക്കൊപ്പം അടുക്കളപാത്രങ്ങളുടെ ബഹളം കൂടി കൂടിക്കലർന്നതിന്റെ വിസ്‌മയത്തിൽ കണ്ണു തുറന്നത് തീക്കാറ്റിലേക്കാണ്. തീ പോലെ ഭൂമി ചുട്ടുപൊള്ളുന്ന കാലമാണ്, മരുഭൂമിയിലെ വേനൽക്കാലം. ഇടവപ്പാതിയുടെ സാന്ത്വനത്തിൽ മേടച്ചൂട് ഇറക്കിവെച്ച നാട്ടിലേക്ക് വിളിക്കുമ്പോഴൊക്കെ മഴക്കാലത്തിന്റെ വിശേഷങ്ങൾ വേദനിപ്പിക്കുന്ന ഓർമ്മകളായി.

സങ്കടം സഹിക്കാനാവാത്ത ഒരു ദിവസത്തെ ഉച്ചമയക്ക സ്വപ്‌നത്തിൽ കുത്തിയൊഴുകുന്ന മഴ വെള്ളത്തിലൂടെ പാവാടയുലച്ച് നടന്നു കളിച്ചിരുന്ന നാട്ടുവഴികളിലൂടെ ഞാനങ്ങ് നടന്നു നടന്ന് എത്തിച്ചേർന്നത് നാലാം ക്ലാസിലെ തുന്നൽ പിരീയഡിലെ സൂചിക്കുത്തിലും .

ഓർമ്മകളിലെ നാലാം ക്ലാസിന് ഉരുളൻ കല്ലുകളുടെ തിളക്കമായിരുന്നു. ഒരുപോലെ വലുപ്പവും തുക്കവും രൂപവുമുള്ള അഞ്ച് ഉരുളൻ കല്ലുകൾ തേടിയുള്ള അലച്ചിൽ അവസാനിച്ച അക്കാലത്തെ ഇടസമയങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ബാല്യം ഓടിപ്പാഞ്ഞും ഒളിച്ചും കഞ്ഞിയും കറിയും വെച്ചും കളിച്ച്  മടുത്തു തുടങ്ങിയിരുന്നു.

ഉച്ചയൂണിന്റെ ഇടവേളകളിൽ ടീച്ചർമാർ കാണില്ലെന്നുറപ്പു വരുത്തി വലിയ ചേച്ചിമാർ പോക്കറ്റിൽ ഒളിച്ചു വെച്ചിരുന്ന കല്ലുകൾ പുറത്തെടുത്ത് കല്ല് കളിക്കുന്നത് കണ്ടപ്പോഴാണ് ഇത്രയും കാലം ഞങ്ങൾ കളിച്ചു തീർത്ത കളികളുടെ വിരസത ഞങ്ങളെ അലട്ടി തുടങ്ങിയത്.

നിലത്ത് പടിഞ്ഞിരുന്ന് അഞ്ച് കല്ലുകൾ കൈയിലെടുത്ത് ആയം നോക്കി വീശി പതുക്കെ നിലത്തേക്കിടും. അതിലൊരു കല്ലെടുത്ത് മേലേക്ക് എറിഞ്ഞ് അത് താഴെ വീഴുന്ന ഇടവേളക്കിടയിൻ മറ്റൊക്കെ അതേ കൈ കൊണ്ട് പെറുക്കിയെടുക്കണം. അടുത്ത സ്റ്റെപ്പിൽ അത് രണ്ട് കല്ലുകളായും, പിന്നെയത് മൂന്നായും മാറും. നാലെണ്ണം ഒന്നിച്ച് ചുറ്റിച്ചെടുക്കുന്നതാണ് ഏറ്റവും വലയ ടാസ്‌ക്. കുഞ്ഞിക്കൈകൾക്കുള്ളിൽ നാലെണ്ണം ഒതുങ്ങിയിരിക്കണം. കളിച്ച് ജയിക്കണമെങ്കിൽ കണ്ണും മനസും കൈയും ഒരേ പോയന്റിൽ ഏകാഗ്രമായി നിൽക്കണം. മേലോട്ടേക്ക് പോവുന്ന കല്ല് താഴേക്കു വീഴുന്ന നിമിഷനേരം കൊണ്ട് താഴെയുള്ള കല്ലുകൾ വാരിയെടുക്കുന്നത് അത്ര എളുപ്പമുള്ള ഒരു പരിപാടിയല്ല. അതിന് പാകത്തിന് പറ്റിയ കല്ലുകൾ വേണം. ഒതുങ്ങിയ തിളങ്ങുന്ന കൊച്ചു കല്ലുകൾ.

ആൺകുട്ടികളുടെ പന്തുകളിയേക്കാൾ മിടുക്ക് വേണം ഈ “കൊത്തങ്കല്ല്” കളിക്ക്. പക്ഷേ കളിച്ചിട്ടൊടുവിൽ കല്ലുകൾ പുറം കൈയിൽ എത്തിച്ച് ഒരു കടം ഒപ്പിക്കലുണ്ട്. അതുകൊണ്ട് കടം കളി എന്ന ദുഷ് പേരിന്റെ പാപഭാരം  ഏറ്റെടുക്കേണ്ടി വന്ന ഈ കളിക്ക് അമ്മമാരുടെ സാമൂഹിക അംഗീകാരം കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ആരുമറിയാതെ സാഹസികമായി സംഘടിപ്പിക്കേണ്ട ഒന്നാണ് കല്ലുകൾ.

വൈകീട്ട് സ്‌കൂൾ വിട്ടു വരുന്ന വഴിയാണ് ഇത്തരം അന്വേഷണങ്ങൾക്കും പര്യവേക്ഷണങ്ങൾക്കുമുള്ള സമയം. സൂക്ഷ്‌മമായി നിലത്ത് നോക്കി നടന്നാലേ ഇവ സംഘടിപ്പിക്കാൻ പറ്റൂ. കൂട്ട് കൂടി നടക്കുന്നവരെയും വിശ്വസിക്കാൻ പറ്റില്ല. കാൽ വിരലുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച് അവർ ഒളിച്ച് വെക്കും.

അന്ന് നടന്ന് നടന്ന് ഞങ്ങൾ എത്തിപ്പെട്ടത് റോഡരികിൽ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടുമുറ്റത്താണ്. ചുറ്റി നടന്ന് നോക്കിയപ്പോഴാണ് ഒരു വശത്ത് കൂട്ടി വെച്ചിരിക്കുന്ന കറുത്ത നിറമുള്ള കല്ലുകൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. പാകത്തിന് വലുപ്പവും തിളക്കവുമുള്ള ആ കല്ലുകൾക്ക് വശങ്ങളിൽ ചെറിയ മൂർച്ചയുണ്ടായിരുന്നു. കല്ല് നോട്ടത്തിൽ വിദഗ്ദ്ധയായ പ്രതിഭ അത് കൈയിലെടുത്ത് സൂക്ഷ്‌മ പരിശോധന നടത്തിയതിനു ശേഷം സിമന്റ് നിലത്ത് ഇട്ടു പാകപ്പെടുത്തിയാൽ മൂർച്ച ഇല്ലാതാവുമെന്ന് ആധികാരികമായി ഉറപ്പ് തന്നു .പിന്നെ രണ്ടാമതൊന്നാലോചിക്കാതെ ഞങ്ങൾ പാവാടയുടെ ഇരു പോക്കറ്റുകളിലും കറുത്ത കല്ലുകൾ വാരി നിറച്ചു, മഴച്ചാറലിനിടയിലൂടെ ഓടി വീടുകളിലെത്തി. കല്ലുകൾ കുപ്പായക്കീശയിൽ നിന്ന് സ്വതന്ത്രമാക്കി വീട്ടു മതിലിനരികിലെ ഒരു പൊത്തിൽ ഭദ്രമായി ഒളിച്ചു വെച്ചു…

സന്ധ്യയാവാനായപ്പോഴാണ് ഇടവഴിയിലൊരു ചിണുങ്ങിക്കരച്ചിലും ബഹളവും എന്റെ ശ്രദ്ധയിൽപ്പെട്ടത്. ശ്രീജയുടെ ശബ്‌ദമാണോ എന്ന സംശയത്തിൽ പുറത്തേക്ക് എത്തിനോക്കിയപ്പോഴാണ് ശ്രീജയും പ്രതിഭയും അവളുടെ അച്ഛനും അപരിചിതനായ ഒരാളും പടി കടന്നുവരുന്നത് കണ്ടത്. കരഞ്ഞു വീർത്ത അവരുടെ കണ്ണുകൾ കണ്ടപ്പോൾ സംഭവം പന്തിയില്ലെന്ന് എനിക്കും മനസ്സിലായി…

ഞങ്ങൾക്ക് പിന്നാലെ വന്ന പെൺപടയും കല്ല് കളിക്കാനായി വീടുപണിക്ക് വെച്ച മെറ്റൽ  ദാക്ഷിണ്യലേശവുമില്ലാതെ അടിച്ച് മാറ്റി പോക്കറ്റിലാക്കിയത് ഞങ്ങളറിഞ്ഞിരുന്നില്ല. ഞങ്ങളെ പരിചയമുള്ള കിട്ടേട്ടൻ അവിടെ നിന്ന് പശുവിനെ മേയ്ക്കുന്നതും. മെറ്റൽ കൂമ്പാരത്തിന് ഗണ്യമായ കുറവ് കണ്ട വീട്ടുടമസ്ഥനോട്  പ്രതിഭയുടെ വീട്ടുപേര് പറഞ്ഞു കൊടുത്ത മൂപ്പർ അവളുടെ വീട്ടിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്‌തു. ചോദ്യം ചെയ്യലിനൊടുവിൽ

ഒരു ദാക്ഷിണ്യവുമില്ലാതെ അവൾ ഞങ്ങളെയും ഒറ്റിക്കൊടുത്തു. തൊണ്ടി മുതൽ പിടിച്ചെടുക്കാനായി ചുറ്റുവട്ടത്തുള്ള കുട്ടികളെ തപ്പിയിറങ്ങിയതാണവർ. കരച്ചിലിനും ബഹളത്തിനുമിടയിൽ ഞങ്ങൾ വളരെ ചെറിയ ഒരു തെറ്റ് ചെയ്‌തു എന്ന് മനസ്സിലായി.

ഇനി ഒരിക്കലും അങ്ങിനെ ഉണ്ടാവില്ലെന്ന വിട്ടുകാരുടെ ഉറപ്പിന്മേൽ അവർ തൊണ്ടി മുതലുമായി തിരിച്ചു നടന്നു.

അഞ്ച് കല്ലുകൾക്ക് വേണ്ടി ഞങ്ങൾ നാട്ടിലെ ഭീകര മെറ്റൽ കടത്തുകാരായെങ്കിലും പ്രതിഭ കൂട്ടത്തിൽ അഞ്ച് കല്ലുകൾ ഭദ്രമായി മാറ്റി വെച്ചിരുന്നു. സിമന്റിലുരച്ച് മിനുക്കിയെടുത്ത ആ കല്ലുകൾ വെച്ച് പല മത്‌സരക്കളികളിലും ഞങ്ങൾ ജയിച്ചു.

ഇവിടെയി മണൽക്കാറ്റിലെ ഉച്ച സ്വപ്‌നത്തിൽ വീണ്ടുമാക്കാലം കടന്ന് വന്നപ്പോൾ കണ്ണ് നിറഞ്ഞത് പൊടിമണൽത്തരികൾ കണ്ണിൽ പോയതു കൊണ്ടായിരുന്നില്ല… മഴയോർമ്മകളിൽ മനസ്സ് തണുത്തിട്ടുമായിരുന്നില്ല…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account