ചെറുമഴക്കാലം തുടങ്ങുമ്പോഴാണ് വയലിൽ ഞാറു പൊടിച്ചു തുടങ്ങുന്നത്.

വേനൽക്കാലം ഊർദ്ധ്വൻ വലിച്ചവസാനിക്കുന്നതിന് മുന്നേ മൺകട്ടകൾ ഉടച്ച് നിലമൊരുക്കി, വിത്ത് നിറച്ച മുറം നെഞ്ചത്തോട്ട് ചേർത്തു വെച്ച് ആണുങ്ങളും പെണ്ണുങ്ങളും നിരന്ന് നിന്ന് ഈശ്വരനെ വിചാരിച്ച് വീടിനു മുൻവശത്തെ പാടത്ത് നെൽവിത്തുകൾ പാറ്റി വിതറും.

അടുത്ത കൊല്ലത്തിന്റെ സമൃദ്ധി നിശ്ചയിക്കുന്നത് ഈ നെൽവിത്തുകളാണ്. മഠപ്പുര മുത്തപ്പന് ഇടവും വലവും പയംകുറ്റി വെച്ച് സമ്മതം വാങ്ങിയിട്ടാണ് വിത്തിടൽ കർമ്മം. പിന്നീട് ഓരോ ദിവസം പ്രതീക്ഷയോടെ കാത്തിരിപ്പാണ്. അങ്ങനെ പ്രാർത്ഥനയോടെ ദിവസങ്ങൾ എണ്ണിക്കഴിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത ഒരു വൈകുന്നേരം  മഴ പെയ്‌ത്‌ തുടങ്ങും. കാത്തിരിക്കുന്ന മഴയാണെങ്കിലും പെയ്‌ത്‌ തുടങ്ങുമ്പോഴേക്കും ആദ്യം പരിഭ്രമമാണ്. പുതുമഴയിലാണ് കെട്ടിപ്പുതച്ച വീടിന്റെയും ആലയുടെയും കൂടയുടെയും പണിക്കുറ്റങ്ങൾ പുറത്ത് വരിക.വല്ലിടത്തും ചോർച്ച വന്നാൽ വേനൽക്കാലത്ത് കഷ്‌ടപ്പെട്ടതൊക്കെ വെറുതെയായി.

ഓല അടുപ്പിച്ച് ചേർത്തു വെച്ച് കെട്ടിയില്ലെങ്കിൽ വെള്ളമിറ്റ് വീഴും. അകവും പുറവും എല്ലാം ഭദ്രമാണെന്നുറപ്പ് വരുത്തി പുതുമഴയുടെ നനഞ്ഞഗന്ധമാസ്വദിച്ച് കൊണ്ട് മഴ പെയ്യിച്ച ദൈവങ്ങളെ ഒന്ന് നീട്ടി വിളിക്കും, ഉപകാര സൂചകമായി.

വിത്തിന് നനവ് കിട്ടണം, പൊടിച്ച് പൊന്താൻ. വയലിലേക്ക് കുളത്തിൽ നിന്ന് വെള്ളം തേവാനിടയാക്കാതെ പ്രകൃതി കനിഞ്ഞ് മഴ പെയ്‌താൽ കാർണോർക്ക് ഒരു ഗുരുതി പൂജ വേറെയുമുണ്ട്. മഴ നനഞ്ഞ് പൊടിപ്പു വരുന്ന കതിരിന് ശക്‌തി കൂടും. അതുപോലെ വിളവുമെന്നാണ് പഴമക്കാരുടെ വിശ്വാസം.

ജൂൺ മാസം തുടങ്ങുമ്പോഴേക്ക് പാടം നിറയെ പച്ചപിടിച്ചിട്ടുണ്ടാവും. നെൽ വിത്തുകൾ മുളച്ച് പൊന്തി ഞാറ് മാറ്റി നടേണ്ട സമയമാണത്. രാവിലെ സൂര്യനുദിക്കുന്നതോടൊപ്പം  വയൽവക്കത്ത് വെള്ളക്കൊക്കുകളും, തലയിൽക്കെട്ട് കെട്ടിയ പെണ്ണുങ്ങളും ഒരു പോലെ നിറയും. വെയിലിന്റെ ചൂട് കൂടുന്നതിന് മുമ്പ് ഞാറ് മാറ്റി നടണം. ചെറിയ കെട്ടുകളായി മാറ്റിയിട്ട നെൽതൈകൾ വരിയൊപ്പിച്ച് നടുന്നതിനിടെ വടക്കൻ പാട്ടിലെ വീരേതിഹാസങ്ങൾ ഈണത്തിൽ പാടുമവർ. തലയുയർത്താതെ ഒരേ വരിയിൽ നിരന്ന് നിന്ന് നേർരേഖയിൽ ഞാറ് നടുന്നത് കാണാൻ തന്നെ ചേലാണ്.

സ്‌കൂളിൽ പോവാനുള്ള എളുപ്പ വഴിയാണ് വയലിലൂടെയുള്ളത്. ഞാറ് നടുന്ന കാലത്ത് എത്ര കഷ്‌ടപ്പെട്ടാലും അതു വഴിയേ സ്‌കൂളിൽ പോവൂ. പരിചയക്കാരാരെങ്കിലുമുണ്ടാവും ആ നടൽക്കാരുടെ കൂട്ടത്തിൽ. തോടിനു വശത്തുള്ള കൃഷിയില്ലാ പാടത്ത് വിരിഞ്ഞു നിൽക്കുന്ന വെള്ളപൂത്താളി (ഒരു തരം ആമ്പൽ) പറിച്ചു തരും അവരാരെങ്കിലും. ആ പൂക്കളുടെ ഉളളിലെ മഞ്ഞപ്പൊട്ടിന്റെ ഗന്ധമാണ് ലാവൻഡർ എന്ന് തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞ് ദുബായിലെത്തിയപ്പോഴാണ്. ആദ്യത്തെ പ്രണയ ലേഖനം തുറന്നപ്പോഴും മനസ്സിൽ കടന്നുവന്ന ഗന്ധം അതായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ബാല്യത്തിന്റെ ഗന്ധങ്ങളിലൊന്ന് എന്നെ തേടി വരികയായിരുന്നു.

കുട ചെരിച്ച് പിടിച്ച് ചാറ്റൽ മഴയിൽ മുഖം നനച്ച് കൊണ്ട് പോവുന്ന വഴികളിലെ കാഴ്‌ചകൾ ആവാഹിച്ചു കൊണ്ടായിരുന്നു സ്‌കൂളിലെത്തുക. മഞ്ഞ നിറത്തിലും വയലറ്റ് നിറത്തിലും തോട്ടിറമ്പിൽ പൂത്തു നിൽക്കുന്ന കുഞ്ഞിപ്പൂക്കൾക്ക് ചുറ്റും വണ്ടുകളുടെ മൂളക്കമുണ്ടാവും. ഇളം കാറ്റിന്റെ മർമ്മരവും വയലിലെ കാറ്റിന്റെ ഈണവും കൂടിയാവുമ്പോ നടപ്പിന്റെ ക്ഷീണമറിയില്ല. തോടിറമ്പുകൾ ചാടിക്കടക്കുമ്പോൾ “സൂക്ഷിക്കണേ മോളേ” എന്ന വിളി പല നാവുകൾ ഉരുവിടും.

ശ്രീജയുടെ വീടിനു മുന്നിൽ എത്തുമ്പോഴേക്ക് അവൾ റെഡിയായി നിൽക്കുന്നുണ്ടാവും. അവളെ നോക്കി നിൽക്കുന്ന അമ്മമ്മയ്ക്ക്  നേരെ കൈവീശി ഞങ്ങൾ രമയുടെ വീട്ടിലെത്തും. രമയും അനിയനും അനിയത്തിയും കൂടെച്ചേരുമ്പോഴേക്ക് നടത്തത്തിന് സ്‌പീഡ് കൂടും. വയല് കഴിഞ്ഞ് കമാനം കടക്കുമ്പോഴേക്ക് മൺറോഡിൽ കുട്ടികൾ നിരന്ന് നടന്നു പോവുന്നുണ്ടാവും. വയല് കഴിഞ്ഞാൽ ആദ്യത്തെ തിരിവിലാണ് പ്രതിഭയുടെ വീട്.  രേഷ്‌മയും അനിയത്തിയും കൂടെ ഓടി വന്ന് കൂട്ടത്തിൽ ചേരുമ്പോഴേക്ക് ഞങ്ങൾക്കും വലിയ ഒരു ഗ്യാംഗ് ആവും.

വീട്ടു കണക്കുകൾ ചെയ്യാനറിയാത്തതിന്റെയും, ചെയ്യാൻ മറന്ന് പോയതിന്റെയും പരിഭ്രമം പങ്ക് വെച്ച് പട്ടാളക്കാരന്റെ പറമ്പിലെ മൂത്ത നെല്ലിക്കകൾ കാറ്റിൽ താഴെ വീഴണേന്ന് പ്രാർത്ഥിച്ചുകൊണ്ട് അനിയത്തിക്കുട്ടികളുടെ കൈ മുറുക്കെപ്പിടിച്ച് വലിച്ച് കൊണ്ട് ഞങ്ങൾ നടന്ന് നീങ്ങും. സ്‌കൂളിന് മുന്നിലെ ചായപ്പീടികയിൽ കപ്പക്ക് വറുത്തിടുന്ന ശബ്‌ദവും ഗന്ധവും വീണ്ടും വീടിനെ ഓർമ്മിപ്പിക്കും…

സ്‌കൂളിലെ കലപില ബഹളത്തിൽ ഒരാളായി കൂടെച്ചേരുമ്പോഴേക്ക്  അഷ്‌റഫിക്ക കട്ടിയുള്ള ഉരുക്കു ദണ്ഡുമായി ഒന്നാം മണിയടിക്കാൻ നീങ്ങുന്നുണ്ടാവും. ഓടിത്തൊട്ടുകളി അവസാനിപ്പിച്ച് ആൺകുട്ടികൾ ബഹളത്തോടെ ക്ലാസ് റൂമിന് നേരേ പായും. അറ്റൻഡൻസ് റെജിസ്ട്രർ ഒതുക്കിപ്പിടിച്ച് ടീച്ചർമാരും തയ്യാറാവും.

രണ്ടാം ബെല്ലിൽ പ്രാർത്ഥനയാണ്… അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കിയ ഈശ്വരന് സ്‌തുതി പറഞ്ഞു കൊണ്ട് പത്താം ക്ലാസിലെ രണ്ട് കുട്ടികൾ ഹെഡ് ടീച്ചറുടെ മുറിക്ക് മുന്നിൽ നിന്ന് ഉറക്കെപ്പാടും. ഞങ്ങളെല്ലാവരും നിശബ്‌ദരായി, നിശ്ചലരായി ഈശ്വര പ്രാർത്ഥനയിലലിയും. ടീച്ചർ കാണാതെ പഠിക്കാൻ പറഞ്ഞ പദ്യം ഇന്നത്തെ ചോദ്യത്തിലുണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെ.

ഇന്ന് രാവിലെ ഓൺലൈൻ ക്ലാസിന്റെ വിരസതയിൽ നിന്ന് ഓർമ്മകൾ ഓടിയെത്തിയത് ഒരു സ്‌കൂൾ ദിവസത്തിലേക്കായിരുന്നു. തലയിൽ നിറയെ എണ്ണ വെച്ച് കുളിച്ച് രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ടു പോവുന്ന വഴിക്കാഴ്‌ചകളായിരുന്നു. ഇടവപെയ്‌തിൽ പച്ച പുതച്ച് നിൽക്കുന്ന പാടവരമ്പുകളിലൂടെ വെറുതെ ഒരു ഓർമ്മനടത്തം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account