നാട്ടിൽ നിന്ന് അച്ഛപ്പന്റെ കത്ത് വന്നതിൽ പിന്നെ ഒന്നു രണ്ടാഴ്‌ചയായിട്ട്  വീട്ടിൽ വലിയ വലിയ ചർച്ചകൾ നടക്കുകകയാണ്.

മുൻപേ കേട്ടു പരിചയമില്ലാത്ത കല്യാണം എന്ന പുതിയ ഒരു വാക്ക് ഇതിനിടയിൽ കിടന്ന് കറങ്ങുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും ഈ കല്യാണം എന്ന് ആലോചിച്ച് എന്റെ തല പുകഞ്ഞു തുടങ്ങി.

കല്യാണത്തിന് പൊന്ന് വാങ്ങുന്ന കാര്യവും, സാരി വാങ്ങുന്ന കാര്യവും പറയുന്നതിനിടെ ഇവൾക്ക് സദാനന്ദയിൽ നിന്ന് ഉടുപ്പ് വാങ്ങാം, തുണി വാങ്ങി തുന്നിക്കാൻ സമയമില്ല എന്നും കൂടി പറയുന്നത് കേട്ടപ്പോൾ എനിക്ക് കല്യാണത്തോട് വല്യ ഇഷ്‌ടം തോന്നി. ഉടുപ്പുകൾ തുണി വാങ്ങി അളവെടുത്ത് തയ്ക്കുന്നതിനേക്കാൾ എനിക്കിഷ്‌ടം സദാനന്ദയിൽ പെൺപാവകൾ ഉടുത്തു നിൽക്കുന്ന തരം കിന്നരി ഉടുപ്പുകൾ ആയിരുന്നു. ഏതായാലും ഇത്തവണ അതുപോലൊരു ഉടുപ്പും ഒരു ഭംഗിയുള്ള വള്ളിച്ചെരിപ്പും കൂടി എനിക്ക് കിട്ടി.

കല്യാണത്തിന് നാട്ടിൽ പോവണമെന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം ഇരട്ടിയായി. കുറച്ച് ദിവസം സ്‌കൂളിലും പോവണ്ട, ഗൃഹപാഠവും ചെയ്യണ്ട എന്നത് ചെറിയ ഒരു കാര്യമല്ല, ഒരു രണ്ടാം ക്ലാസുകാരിയെ സംബന്ധിച്ച്.

നാട്ടിലേക്കുള്ള യാത്രയിൽ ഇഷ്‌ടമില്ലാത്ത ഒരേ ഒരു കാര്യം ചുരമിറങ്ങുമ്പോൾ വയറ്റിൽ നിന്നുള്ള തേക്കിമറിയൽ മാത്രമാണ്. ചെറുനാരങ്ങ മൂക്കിലമർത്തിപ്പിടിച്ച് മമ്മിയുടെ മടിയിൽ കമിഴ്ന്ന് കിടക്കുന്നത് കൊണ്ട് വനഭംഗികളൊന്നും ആസ്വദിക്കാനാവാറില്ലായിരുന്നു. കാട്ടിന്റെ നടുവിൽ താമസിക്കുന്നത് കൊണ്ട് കുരങ്ങൻമാരെ കാണുന്നതിൽ വലിയ അത്‌ഭുതമൊന്നും ഇല്ല താനും.

മനസ്സിൽ മുഴുവൻ ഡാഡിയുടെ വീട്ടിൽ എത്തിക്കിട്ടാനുള്ള പെട പെടപ്പാണ്. ഒരുപാട് അംഗങ്ങളുള്ള വലിയ ഒരു കൂട്ടുകുടുംബമാണ് അത്. വീടു നിറയെ ചേച്ചിമാരും ചേട്ടൻമാരും ഇളയമ്മമാരും ഉണ്ടായിരിക്കും. അച്ഛപ്പൻ ചാരുകസേരയിൽ ചാരിക്കിടക്കും. അച്ഛമ്മ സകല കാര്യങ്ങളും നോക്കി നടത്തി അകത്തും പുറത്തുമായി ഓടി നടക്കും. അടുക്കള മുതൽ പശുവിന്റെ ആല മുതൽ അച്ഛമ്മയുടെ കണ്ണെത്തും.

ഞങ്ങൾ വരുന്നത് കാണുമ്പോൾ വീട്ടിനുള്ളിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് ഓടി വരും. പിന്നെ വിശേഷം പറച്ചിലുകളുടെയും കളിചിരികളുടെയും ബഹളമാണ്. ഇളയമ്മയുടെ മക്കളായ  ഗോപുവും മധുവും എന്റെ സമപ്രായക്കാരാണ്. അവരാണ് എനിക്കവിടെ കൂട്ട്. ഗോപുവിനും മധുവിനും അറിയാത്തതായി ഒന്നുമില്ല. ടോർച്ച് ലൈറ്റ് കത്തുന്നത് ബാറ്ററി ഇട്ടിട്ടാണെന്നും, ബാറ്ററി ഇടുമ്പോൾ പോസിറ്റീവും നെഗറ്റീവും ചേരുംപടി ചേർന്നില്ലെങ്കിൽ  ടോർച്ച് പൊട്ടിത്തെറിക്കുമെന്നും എനിക്ക് പറഞ്ഞ് തന്നത് അവരാണ്.

ഇത്തവണ വീട്ടിലെത്തിയപ്പോൾ പതിവിലും കൂടുതൽ ആളുകളുണ്ട്. പെയിന്റ് മണത്തിൽ കുളിച്ച് സുന്ദരിയായിരിക്കുന്ന വീട്ടു മുറ്റത്ത് വലിയ പന്തൽ വലിച്ചു കെട്ടുകയാണ് ചിലർ. ഈന്തോലകൾ ചേർത്ത് വെച്ച് കെട്ടി വഴിയും മുറ്റത്തിന്റെ അതിരുമൊക്കെ ഭംഗിയാക്കുന്നുണ്ട് മറ്റു കുറച്ചാൾക്കാർ.

എന്നെ കണ്ട ഉടൻ ഗോപു ഓടി വന്ന് കൈ പിടിച്ചു. നാളെ കഴിഞ്ഞാൽ രമേച്ചിയുടെ കല്യാണമാണെന്നും അവനും മധുവിനും പുതിയ കുപ്പായങ്ങൾ തയ്ച്ചിട്ടുണ്ടെന്നുമുള്ള വിശേഷങ്ങൾ പറഞ്ഞു. പതിവിനു വിപരീതമായി വടക്ക് പുറത്താണ് വലിയ അടുപ്പുകളും പാചകവും ഒക്കെ. ഇളയമ്മമാരൊക്കെ തിടുക്കപ്പെട്ട് ഓടി നടന്ന് വിരുന്നുകാരോട് സംസാരിച്ചും പാചകക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയുമിരുന്നു. നാളെ മുതൽ മുഴുവൻ സമയവും ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ അവരാണെന്ന് മധു പറഞ്ഞു.

രമേച്ചിക്ക് ചുറ്റുമുണ്ട് ഒരു കൂട്ടം പെണ്ണുങ്ങൾ. അവരുടെ കൈയിലുള്ള ചുവന്ന സാരിയുടെ രണ്ടറ്റത്തും സ്വർണ്ണക്കര പിടിപ്പിച്ചിട്ടുണ്ട്.  റോസ് നിറമുള്ള കടലാസിൽ പൊതിഞ്ഞ സ്വർണ്ണക്കമ്മലും മാലയും വളയും തിരിച്ചും മറിച്ചും നോക്കി സമയം കളയുകയും തമാശകൾ പറഞ്ഞു ചിരിക്കുന്നുമുണ്ട്.

താഴെ മുറ്റത്ത് പന്തൽപ്പണി കഴിഞ്ഞിരിക്കുന്നു. നിരത്തി വെച്ച പെട്രോമാക്‌സുകൾ രാത്രിയാവുമ്പോ കത്തിച്ച് വെക്കാനുള്ളതാണ്. നടുമുറ്റത്ത് ചെറിയ മണ്ഡപം കലാപരമായി ഉണ്ടാക്കുകയാണ് ചിലർ. വർണ്ണക്കടലാസുകൾ പല രൂപത്തിൽ മുറിച്ച് ഒട്ടിച്ചു വെച്ചിട്ടുള്ള അതു പോലൊന്ന് ഞാൻ  മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. അമ്പലപ്പറമ്പിൽ നിന്ന് വാങ്ങാൻ കിട്ടുന്ന കടലാസ് വിശറി പോലെ മനോഹരമായ  നാലു തൂണുകളും ഒരു ചരട് വലിച്ചാൽ പൊങ്ങി മുകളിൽ പോയി ഒരു കാർബോർഡ് പലക പോലെ നിൽക്കും. വിദഗ്ദ്ധമായി അത് പൊക്കിയും താഴ്ത്തിയും ട്രയൽ നോക്കുന്ന ചെറുപ്പക്കാരനെ അൽപ്പമൊരാരാധനയോടെ ഞാൻ നോക്കി.

പന്തൽപ്പണി കഴിയുമ്പോഴേക്ക് ഉമ്മറത്തും തൊടിയിലും പെട്രോമാക്‌സുകൾ വെളിച്ചം തൂകി. ഈന്തോലകളും കുരുത്തോലകളും ആ പ്രകാശത്തിൽ തിളങ്ങി.

സന്ധ്യാ സമയമായതോടെ വീട്ടിൽ വിരുന്നുകാർ നിറഞ്ഞു. വെറ്റില മുറുക്കിയും പൂവൻ പഴവും മിക്സ്ച്ചറും കഴിച്ചും കല്യാണപ്പെണ്ണിന് സമ്മാനങ്ങൾ കൊടുത്തും ആളുകൾ വന്നും പോയുമിരുന്നു. ഇരുട്ട് കൂടുന്നതിനനുസരിച്ച് ടോർച്ചില്ലാത്ത ചില വിരുന്നുകാർക്കൊക്കെ നേരത്തെ കെട്ടിവെച്ച ഓലച്ചൂട്ടുകൾ കൊടുക്കുന്നുമുണ്ട് വല്യേട്ടൻ.

ഞങ്ങൾ കുട്ടികളും ദേഹണ്ഡപ്പുരയിലും കലവറ മുറിക്ക് മുന്നിലും പെട്രോമാക്‌സിനു പിന്നിലുമായി അലഞ്ഞു നടന്നു. ഇരുട്ടിൽ പറമ്പിലേക്ക് ഇറങ്ങരുതേ മക്കളേ എന്ന് പറഞ്ഞ് ചിരുതേയമ്മ ഞങ്ങളെ വീടിനകത്തേക്ക് ഓടിച്ചു വിടും.  മുതിർന്നവരുടെ കണ്ണ് വെട്ടിച്ച് ഞങ്ങൾ പിന്നെയും പപ്പടത്തിന്റെയും തേങ്ങാപ്പാലിൽ ശർക്കരയും പരിപ്പും വേവുന്ന ഗന്ധത്തിന് പിറകെയും ഓടും. നിരന്നിരുന്ന് വടക്കൻ പാട്ട് പാടി നീട്ടിയരക്കുന്ന അരവു പെണ്ണുങ്ങൾക്ക് മുന്നിൽ തത്തി നിൽക്കും.

ഒടുവിൽ പലവിധ ഭക്ഷണ ഗന്ധങ്ങൾ നിറഞ്ഞ ദേഹണ്ഡപ്പുരയിൽ നിന്ന് അടുത്ത ദിവസത്തെ മുല്ലപ്പൂവിന്റെ തീവ്ര സുഗന്ധത്തിലേക്കാണ് ഞാൻ ഉറക്കമുണർന്നത്. കണ്ണിലും മുഖത്തും നിറയെ എണ്ണ തേപ്പിച്ച് പാറു അമ്മ കുളിപ്പിച്ചത് എനിക്ക് ഇഷ്‌ടമായില്ലെങ്കിലും ഉപ്പുമാവിന്റെയും പൂവൻ പഴത്തിന്റെയും ഗന്ധത്തിന് പിന്നാലെ മനസ്സ് പോയത് കൊണ്ട് വാശി പിടിക്കാതെ വേഗം മമ്മിയുടെ അടുത്തെത്തി.

പുതിയ ഉടുപ്പ് മാത്രമായിരുന്നില്ല, പൂവ് പോലെ ചുറ്റിക്കെട്ട് കെട്ടിയ ഒരു റിബൺ കൂടിയുണ്ടായിരുന്നു എനിക്ക്. കണ്ണഴുതി , ഒരു ചന്ദനവരയും കൂടിയായപ്പോൾ എന്റെ മെയ്ക്കപ്പ് കഴിഞ്ഞു. പുത്തൻ കുപ്പായങ്ങളിട്ട് ഒരുങ്ങി സുന്ദരൻമാരായി ചന്ദനം കൊണ്ട് ഗോപിക്കുറി വരച്ച് മധുവും ഗോപുവും എന്നെത്തേടിയെത്തി. ഞങ്ങൾ പുതിയ പെണ്ണിനെ തേടി നടന്നു.

രമേച്ചിയുടെ തലയിൽ നിറയെ മുല്ലപ്പൂവൊക്കെ വെച്ച് സുന്ദരിയാക്കുകയായിരുന്നു ഇളമ്മമാർ. കൂട്ടത്തിൽ ഒരു ചെറിയ കഷണം പൂവ് എനിക്കും കിട്ടി. വീട് നിറയെ പനിനീരിന്റെയും പൂക്കളുടെയും പുത്തൻ കുപ്പായത്തിന്റെയും ഗന്ധം നിറഞ്ഞു. കല്യാണമേളത്തിനുള്ളിൽ ഞങ്ങളും അലിഞ്ഞു.

ചെറിയ ഒരു വെള്ളി നിറമുള്ള ഒരു സാധനം  കൈയിൽ തന്നു അച്ഛമ്മ. ചെറുക്കന്റെ പാർട്ടിക്കാർ വരുമ്പോൾ അവരുടെ ശരീരത്തിൽ പനിനീര് കുടഞ്ഞ് സ്വീകരിക്കണം. കൂട്ടത്തിൽ ഒരിത്തിരി ഞങ്ങൾ പരസ്‌പരവും കുടയാതിരുന്നില്ല.

ചെറുക്കൻ കടന്ന് വരുമ്പോൾ പന്തലിനടുത്ത് നിന്ന് നാദസ്വരമേളമുയർന്നു.  കല്യാണ മണ്ഡപത്തിന് താഴെ വെള്ളയും കമ്പിളിയും വിരിച്ച് ഒരുക്കിയത് അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. വലിയ ഒരു പറ നിറയെ നെല്ല് നിറച്ച് തെങ്ങിൻ പൂക്കുല കുത്തിവെച്ചിരിക്കുന്നു. തിളങ്ങുന്ന നിലവിളക്കിൽ തിരിതെളിഞ്ഞു. വിരുന്നുകാർക്ക് സമ്മാനിച്ചതിന്റെ ബാക്കി ചെറുനാരങ്ങയും ചുവന്ന റോസാപൂക്കളും, മുല്ലപ്പൂക്കളും ഇടകലർത്തി കെട്ടിയ വലിയ പൂമാലയും ബൊക്കെയും ഒരു താലത്തിൽ ഒരു സ്വർണ്ണ നൂലുകൾ തിളങ്ങുന്ന നീല സാരിയും ഒരു സ്വർണ്ണ മാലയും അടുത്തടുത്ത് വെച്ചിട്ടുണ്ടായിരുന്നു…

നാദസ്വരമേളം തുടരുന്നതിനിടെ മമ്മിയും ഇളയമ്മമാരും രമേച്ചിയെ മണ്ഡപത്തിൽ കൊണ്ടു നിർത്തി. തൊട്ടടുത്ത് കല്യാണച്ചെറുക്കനും. അപ്പോഴാണ് കറുത്ത ഒരുപെട്ടി പോലെ ഒരു സാധനം കണ്ണിൽ വെച്ച് ലൈറ്റ് അടിക്കുന്നത് ഞാൻ കണ്ടത്. അയാൾ ഫോട്ടോഗ്രാഫർ ആണെന്ന് മധു എന്റെ ചെവിയിൽ പറഞ്ഞു. നാദസ്വരമേളം മുറുകിത്തുടങ്ങുമ്പോൾ അച്ഛപ്പൻ മണ്ഡപത്തിനരികിലെത്തി. ആ തിരക്കിൽ ഞങ്ങൾ കുട്ടികൾ പിറകിലായതുകൊണ്ട് മുഴുവൻ കല്യാണക്കാഴ്‌ചകൾ കാണാൻ പറ്റിയില്ലെങ്കിലും ഇതാണ് കല്യാണം എന്ന് മധു എന്നോട് പറഞ്ഞു തന്നു. വലിയ മാലയും കഴുത്തിലിട്ട് ഒരു പരിചയവുമില്ലാത്ത ആ വിരുന്നുകാരന്റെ കൈ പിടിച്ച് മണ്ഡപം ചുറ്റുന്ന രമേച്ചിയെ അത്‌ഭുതത്തോടെ ഒന്നുകൂടി നോക്കി.

മണ്ഡപത്തിന്റെ തൂണുകളുടെ ഭംഗിയിൽ മയങ്ങിയ ഞാൻ അതിനു ചുറ്റും നടന്നു. കൊഴിഞ്ഞു കിടക്കുന്ന റോസാപ്പൂവിതളുകളും ചെറുനാരങ്ങയും കൈയിലൊതുക്കി സാമ്പാറിന്റെ ഗന്ധത്തിലേക്ക് പതുക്കെ നീങ്ങി. നിരത്തിയിട്ട ബെഞ്ചുകളിലൊന്നിൽ സ്ഥലം പിടിച്ച ഞങ്ങൾക്ക് മുന്നിലും ഓരോ നാക്കില വന്നു. സാമ്പാറും പപ്പടത്തിനും മുന്നേ വന്ന ഐറ്റങ്ങളൊക്കെ അവഗണിച്ച എനിക്കരികിലെത്തിയ വല്യമ്മാവൻ കല്യാണ സദ്യയിൽ ഒരിനവും കഴിക്കാതിരിക്കരുത്, സദ്യ ബാക്കി വെച്ചാൽ അവനവന്റെ കല്യാണത്തിന് മഴ പെയ്യുമെന്ന് പറഞ്ഞു പേടിപ്പിച്ചു…

കല്യാണത്തിന് മഴ പെയ്യുന്നതിന് ശരിയല്ലെങ്കിലും പരിചയമില്ലാത്ത ഒരാളുടെ കൈ പിടിക്കുന്ന കല്യാണം ഞാൻ കഴിക്കില്ലെന്ന് തീരുമാനിച്ച് ഞാൻ പായസം വാരി വയറ്റിലാക്കി…

ഓർമ്മയിലൊരു നാദസ്വരമേളം കടന്നുവന്നപ്പോൾ ഓർത്ത് പോയ കല്യാണമേളങ്ങൾ ഇങ്ങിനെയും…

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account