വേനലിന്റെ ഉഷ്‌ണപ്പാച്ചിൽ സന്ധ്യാസമയത്ത് രണ്ട് ബക്കറ്റ് കിണറ്റിലെ വെള്ളം ദേഹത്തൊഴിച്ചാൽ തീരുന്നതേയുള്ളൂ. പക്ഷേ ഞങ്ങൾ കുട്ടികൾക്ക് കഷ്‌ടകാലം തുടങ്ങുന്ന കാലമാണ് മഴക്കാലം. പുതുമഴ മുതലിങ്ങോട്ട് മുതിർന്നവരുടെ വക നിയന്ത്രണങ്ങൾ തുടങ്ങും. മുറ്റത്തിറങ്ങരുത്, ചളിയിൽ കളിക്കരുത്, മഴ നനയരുത് എന്നിങ്ങനെ മന്ത്രം ചൊല്ലുന്നതു പോലെ അമ്മയും വല്യമ്മയും ഒരേ കാര്യങ്ങൾ ആവർത്തിക്കും.

ഇടവം മുതലിങ്ങോട്ട് ചണുങ്ങിയും പിണുങ്ങിയും പെയ്യുന്ന മഴച്ചാറ്റൽ കർക്കിടകമാവുമ്പോഴേക്ക് തോരാത്ത മഴയാവും. മഴച്ചില്ല് ചിന്നിച്ചീറിപ്പാറി കുഞ്ഞിരുത്തിയും ഉമ്മറക്കോലായും നനഞ്ഞ് കുതിർന്ന് വെള്ളം പറ്റിയിരിക്കും. അച്ഛമ്മയുടെ മരക്കസേലക്കും ഈർപ്പം ബാധിച്ചിട്ടുണ്ടാവും. വശങ്ങളിലൊക്കെ വെള്ളപ്പൂപ്പൽ പടരുന്ന ആ കസേല തെക്കേ ഇറയത്ത് ഉപേക്ഷിച്ച് തഴപ്പായയിൽ ചുമര് ചാരിയിരുന്ന് രാമായണവും ഭാഗവതവും വായിച്ച് കൊണ്ട് സമയം കളയും. അച്ഛമ്മയുടെ അനുയായികളായ അയൽ വീട്ടിലെ ജാനു അമ്മയും പാറു അമ്മയും മഴക്കാലത്ത് ഇങ്ങോട്ട് വരവില്ല. മഴത്തണുപ്പിൽ അവരും തീ കാഞ്ഞിരിക്കും.

മുറ്റത്തുള്ള ചെടികളൊക്കെ മഴവെള്ളപ്പെയ്‌തിൽ തളർന്നവശരായിട്ടുണ്ടാവും. അശോകച്ചെക്കിയിലും ചുവന്ന ഒറ്റച്ചെമ്പരത്തിയിലും മഴയെക്കൂസാതെ വിരിയുന്ന പൂക്കൾ തല താഴ്ത്തി നിൽക്കും. വീടിനു മുൻ വശത്തെ പാടത്തെ നെൽച്ചെടികൾ കതിരിടാനുള്ള തയ്യാറെടുപ്പിലാണെങ്കിലും അവരും ഈ മാരി മഴയിൽ തലയുയർത്താൻ മെനക്കെടില്ല.

കുളത്തിലെ അലക്കു അലക്ക് പണിക്കും കുളിമുറിയിലേക്ക് സ്ഥാനക്കയറ്റം കിട്ടും. ഉണങ്ങാത്ത തുണികളെപ്പറ്റി പരാതി പറഞ്ഞ് അമ്മമാർ ശബ്‌ദമുണ്ടാക്കാതെ കുത്തിപ്പിഴിഞ്ഞെടുക്കുന്ന തുണികൾ വടക്കേപ്പുറത്തെ അയക്കോലിൽ ഉണക്കം പ്രതീക്ഷിച്ച് തൂങ്ങിയാടും. ഉണങ്ങാൻ വിരിച്ചിട്ട തുണികളുടെമേൽ മഴച്ചില്ലടിക്കാതിരിക്കാൻ മെടഞ്ഞ ഓലകൊണ്ടൊരു മറവ് ഉണ്ടാക്കിയിട്ടുണ്ടവിടെ. ഉച്ചയൂണിന് മുന്നേ അപൂർവ്വമായി വരുന്ന വെയിലിനെ വിശ്വസിച്ച് തുണി പുറത്ത്  ഉണക്കാനിടാനും പറ്റില്ല. കർക്കിടകത്തിൽ ആനത്തോലുണങ്ങുമെന്ന പഴംചൊല്ലിൽ പതിരുണ്ടെന്ന അടുക്കള തർക്കങ്ങൾ ഞങ്ങൾ കുട്ടികളെ ബാധിച്ചില്ല.

പുറത്തിറങ്ങി കളിക്കാനോ പറമ്പിൽ പൂമ്പാറ്റയെ പിടിക്കാനോ മഴയിൽ ഒരു ഇട നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. കുത്താൻ ഓങ്ങുന്ന കൊമ്പനാനയെപ്പോലെ കറുത്തു ഭീകരനായ വലിയ ഒരു മഴമേഘം വയലിനു മുകളിൽ ചുറ്റിക്കളിച്ചു കൊണ്ടിരിക്കുന്നത് വെറുതെ നോക്കിയിരിക്കുമ്പോഴാണ് തലക്കുടയുമായി ചിലരിങ്ങനെ വയൽ വരമ്പിലൂടെ നടന്നു കളിക്കുന്നത് സുനിയുടെ ശ്രദ്ധയിൽ പെട്ടത്. അത് അവനെനിക്ക് ചൂണ്ടിക്കാട്ടിത്തരുമ്പോൾ കളിക്കാൻ ഒരു വെള്ളങ്ങ പോലും കൈയിലില്ലാത്ത സങ്കടത്താൽ തീവ്ര വിഷാദത്തിലാഴ്ന്നിരിക്കുകയായിരുന്നു ഞാൻ.

ആന പോലെയുള്ള കാർമേഘക്കൂട്ടം ആടായും ഒട്ടകമായും മയിലായും എലിയായും രൂപമാറ്റം വന്ന് ദൂരെയെവിടെയോ പാറിപ്പോയി. രാമായണം വായനക്കിടയിൽ അച്ഛമ്മ അറിയാതെ മയക്കത്തിലാഴ്ന്നിരുന്നു. വല്യമ്മ തുണി കുത്തിപ്പിഴിയുന്ന ശബ്‌ദത്തോടൊപ്പം അമ്മ മുതിര വറുക്കുന്ന ഗന്ധം  അടുക്കളയും കടന്ന് കിഴക്കെ ഇറയത്തെത്തി. കിഴക്കേ വയലിൽ വയലറ്റ് നിറത്തിലുള്ള കാക്കപ്പൂക്കളും പൂത്താളികളും വിരിഞ്ഞ് നിൽക്കുന്നത് എനിക്ക് ഉമ്മറത്തിരുന്നാൽ കാണാമായിരുന്നു. ചെമ്പരത്തിമൊട്ടുകൾക്കിടയിലൂടെ പറന്നിറങ്ങിയ വെള്ളിത്തുമ്പി വഴി കാട്ടിയതനുസരിച്ച് ഞാൻ ഏറെയൊന്നുമാലോചിക്കാതെ സുനിയുടെ കൈയും പിടിച്ച് മുറ്റത്തിറങ്ങി. ഞങ്ങൾ പുറത്തിറങ്ങുന്നത് കണ്ട് മഴനനഞ്ഞ് മടുത്ത ഒരു കാക്ക വെറുതെ കാ കാ എന്ന് വിളിച്ചു കൂവിയെങ്കിലും അച്ഛമ്മ ഉണർന്നില്ല.

ഞങ്ങളിതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത ഒരു പുതുലോകം മുന്നിൽ പരന്ന് കിടന്ന് മാടി വിളിച്ചു. പരൽമീനുകളും വയൽക്കൊറ്റികളും മഴച്ചോർച്ചയിൽ കണ്ണു തുറന്ന് ചുറ്റും നോക്കി. വെള്ളക്കൊക്കിന്റെ ചിറകിൽ പിടിക്കാനായി സുനി നടത്തം വേഗത്തിലാക്കി. മുൻവശത്തെ കൽപ്പടികൾ ഞങ്ങൾ പിടിച്ച് പിടിച്ച് താഴെയിറങ്ങി. പടികൾ ഇറങ്ങുന്നതിനിടെ ചുറ്റുപാടുമൊന്ന് നോക്കാനും ഞാൻ മറന്നില്ല. വീട് നിശബ്‌ദമായും നിശ്ചലമായും അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തി. വല്യമ്മ അലക്ക് കഴിഞ്ഞ് വടക്ക് ഭാഗത്ത് തുണി തോരാനിടുന്നുണ്ടാവും. വെള്ളക്കെട്ടുകൾ നിറഞ്ഞു കിടക്കുന്ന പാടവരമ്പത്തേക്ക് ഞങ്ങൾ തിടുക്കത്തിൽ നടന്നുകയറി. പരൽ മീനുകൾ ഞങ്ങളെ നോക്കി മന്ദഹസിച്ചു. വെള്ളക്കൊറ്റികൾ ധ്യാനത്തിലാണ്. വയലറ്റ് പൂവുകൾക്കൊപ്പം മഞ്ഞ നിറമുള്ള മറ്റൊരു പൊട്ടുപൂവും കൂടി അതിനിടെ ഞാൻ കണ്ടു പിടിച്ചിരുന്നു.

സുനിയെ പാടവരമ്പത്ത് ചളിയിൽ ചായ്ച്ചിരുത്തി ഞാൻ പൂവുകൾക്ക് നേരെ നടന്നുകയറി. ഞങ്ങളുടെ സന്തോഷത്തിൽ അസൂയാലുവായ കാക്ക വെറുതെ കാറിക്കൊണ്ട് കിണറ്റുകരയിലിരുന്നു. ഒന്നുരണ്ടു മിനുട്ട് കൊണ്ട് എവിടെ നിന്നോ പറന്ന് വന്ന രണ്ടു മൂന്ന് കാക്കകൾ കൂടി ശബ്‌ദ മുണ്ടാക്കിക്കരഞ്ഞു കൊണ്ട് സുനിയുടെ തലയ്ക്ക് മുകളിൽ പറന്നു നടന്നു. ധൈര്യശാലിയും ബുദ്ധിമതിയുമായ ഞാൻ ചെറിയ ചെടികൾ പറിച്ചെറിഞ്ഞു കാക്കയെ ഓടിക്കാൻ ശ്രമിച്ചു. അതിനിടെ കിണറ്റുകരയിലും വടക്ക് പുറത്തും കാക്കക്കൂട്ടം ബഹളം തുടങ്ങിയിരുന്നു.

വയലറ്റ് പൂക്കളുടെ പിന്നാലെ വിരൽ നീട്ടിയെങ്കിലും അതെന്നെ പറ്റിച്ച് കൊണ്ട് അൽപ്പം കൂടി മുന്നോട്ട് നീങ്ങി വെള്ളക്കെട്ടിന് തൊട്ടിപ്പുറത്ത് സ്ഥാനം പിടിച്ചു. വെള്ളത്തിൽ തെളിഞ്ഞു കണ്ട പരൽ മീനിനോട് ഇപ്പം വരാമെന്ന് പറഞ്ഞ് സുനിയെ തിരിഞ്ഞു നോക്കി അവൻ സുരക്ഷിതനാണെന്നുറപ്പ് വരുത്തി മുന്നോട്ട് നീങ്ങി. അതുവരെ പാടവരമ്പിന് മുകളിൽ കൂടി വെറുതെ ശബ്‌ദമുണ്ടാക്കിയ കാക്ക സുനിയുടെ അടുത്തേക്ക് താഴ്ന്നു വന്നു. അവനാണെങ്കിൽ ഉറക്കെ കരയാൻ തുടങ്ങി. കാക്കകളുടെ ബഹളം കേട്ട് കണ്ണു തുറന്ന അച്ഛമ്മയും വടക്ക് ഭാഗത്തെ കാക്ക ശല്യത്തിൽ സംശയം തോന്നിയ വല്യമ്മയും ഒന്നിച്ച് പുറത്തിറങ്ങിയപ്പോഴാണ് വയലിൽ സുനിയുടെ ഉടുപ്പിന്റെ മഞ്ഞ നിറം കണ്ടതും താഴേക്ക് ഓടി വന്നതും. വെള്ളക്കെട്ടിന് തൊട്ടു മുന്നിൽ മറ്റൊരു സുന്ദരൻ മീനിനെ കണ്ട സന്തോഷത്തിൽ ചളിയിൽ കുത്തിയിരുന്ന ഞാൻ പിന്നിൽ നടക്കുന്ന സംഭവ വികാസങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല…

കാക്കകളുടെ ബഹളവും വല്യമ്മയുടെയും അച്ഛമ്മയുടെയും കരച്ചിലും കേട്ട് തിരിഞ്ഞു നോക്കുമ്പോഴേക്കും ഞാൻ അക്കരെ വയലിലെ കുമാരേട്ടന്റെ കൈപ്പിടിയിലായിരുന്നു. സുനി വല്യമ്മയുടെ നെഞ്ചത്തും…

പഴനിമുരുകനാണ് ആ സമയത്ത് കുമാരേട്ടനെ അവിടെ എത്തിച്ചതെന്ന് പതം പറഞ്ഞ് കരയുന്നതിനിടെ അച്ഛമ്മ പറയുന്നുണ്ടായിരുന്നു. നീലപ്പൂക്കൾ പറിക്കുന്നതിന് മുമ്പ് കുമാരേട്ടനെ അവിടെ എത്തിച്ച പഴനി മുരുകന്റെ പ്രവൃത്തി എനിക്ക് ന്യായീകരിക്കാനാവുന്നതല്ലായിരുന്നു.

അമ്മ അന്ന് എന്തിനെന്നെ അത്രമേൽ ശക്‌തിയായി അടിച്ചെന്നും എനിക്ക് കുറെക്കാലത്തേക്ക് മനസ്സിലായിരുന്നില്ല…

1 Comment
  1. Anita Vijayan 4 weeks ago

    അന്ന് വെള്ളത്തിൽ പോണ്ടതായിരുന്നു രണ്ടാളും, വെറുതെയല്ല അടികിട്ടീത്..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account