ഈ പുതിയ ഇടത്ത് താമസം തുടങ്ങിയതു മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാണ് അയൽ വീട്ടിലെ പത്തു വയസുകാരനെ.

ഓൺലൈൻ ക്ലാസുകൾക്ക് ശേഷം അവൻ തന്റെ കൊച്ചു സൈക്കിളിൽ ചില്ലറ അഭ്യാസ പ്രകടനങ്ങൾ നടത്തും. മുറ്റത്തും മുൻവശത്തെ ചെറു റോഡിലും കറങ്ങിയടിച്ചതിന് ശേഷം  സൈക്കിൾ മാഞ്ചുവട്ടിൽ പാർക്ക് ചെയ്‌ത്‌ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ റോഡരികിൽ വന്നു നിൽക്കും. സന്ധ്യവിളക്ക് വെക്കുന്നത് വരെ അവന്റെ കാത്തിരിപ്പ് തുടരും. പെട്ടെന്ന് ഒരു ഛിൽ ഛിൽ ശബ്‌ദത്തോടെ തൊട്ടു മുന്നിലെ ഇലഞ്ഞിമരത്തിൽ നിന്നോ കാട്ടുപൊന്തയിൽ നിന്നോ ഒരു കുഞ്ഞി അണ്ണാരക്കണ്ണൻ ഓടി വന്ന് അവന്റെ ദേഹത്ത് കയറിയിരിക്കും. “കുഞ്ഞാപ്പു വന്നോ” എന്ന അവന്റെ അമ്മയുടെ ചോദ്യത്തിൽ കുഞ്ഞാപ്പു ആ കുടുംബത്തിലെ അംഗങ്ങളിലൊരാളായി അംഗീകരിക്കപ്പെട്ട കഥാപാത്രമാണെന്ന് എനിക്ക് മനസ്സിലായി.

അവന്റെ നാപജപം കുഞ്ഞാപ്പുവിനൊപ്പമാണ്. നിലവിളക്കിന് മുന്നിൽ പടിഞ്ഞിരിക്കുന്ന അവനെ നോക്കി ചിലുചിലെ കലപില കൂട്ടുന്ന അണ്ണാൻ കുഞ്ഞ് അൽപ്പ സമയം കഴിഞ്ഞാൽ വീടിന്റെ ഉത്തരത്തിനിടയിലേക്ക് കയറിപ്പോവും… പഠിക്കാനൊന്നുമില്ലാത്തതിനാലാവണം അവനും നിശബ്‌ദനായി വീട്ടിനകത്തേക്ക് നടക്കും.

പണ്ട് ഞങ്ങൾക്കുമുണ്ടായിരുന്നു ഇതു പോലൊരു കൂട്ടുകാരൻ. അണ്ണാൻ കുഞ്ഞിനേക്കാൾ അൽപ്പം കൂടി വലുപ്പമുള്ള ഒരു കുരങ്ങൻ കുട്ടിയായിരുന്നു അത്. മഹാഗണി മരത്തിന്റെ ചില്ലകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അതിനെ കണ്ടെടുത്തത് ജോഗിയായിരുന്നു. ചാട്ടം പിഴച്ച്  മരച്ചില്ലയിൽ പെടുന്നതിനിടെ അതിന്റെ കൈ ഒടിഞ്ഞിട്ടുണ്ടായിരുന്നെന്ന് തോന്നുന്നു. കൂട്ടത്തിലുള്ള മറ്റ് കുരങ്ങൻമാർ നിസ്സഹായരായതു കൊണ്ടാവും വെറുതെ ബഹളം വെച്ച് മറ്റ് മരച്ചില്ലകൾക്കിടയിലൂടെ ഓടി നടക്കുന്നുണ്ടായിരുന്നു. പുറത്തെ ബഹളം കേട്ടാണ് ഞങ്ങൾ മരക്കൂട്ടത്തിലെത്തിയത്. ജോഗിയും കറുത്ത നാരായണനുമാണ് വലിയ മരയേണി വെച്ച് മരത്തിനു മുകളിൽ കയറി അതിനെ കണ്ടെടുത്തത്.

വേദന സഹിക്കാനാവാത്തതിനാലാവണം വലിയ എതിർപ്പുകളൊന്നുമില്ലാതെ അത് ജോഗിയുടെ കൈകളിൽ ഒതുങ്ങിയിരുന്നു. പേടിക്കാനില്ലെന്നും ഉവ്വാവ് മാറി പമിടുമിടുക്കനായാൽ നിനക്ക് വീണ്ടും കാട്ടിലേക്ക്  തിരിച്ചു പോവാം എന്ന് പറഞ്ഞ് അതിന്റെ തലയിൽ തടവിക്കൊണ്ട് നാരായണൻ അതിനെ സമാധാനാനിപ്പിച്ചു.

ആ കോംപൗണ്ടിലെ ഒരു വിധം കുരങ്ങന്മാരൊക്കെ ജോഗിയുടെ സൗഹൃദ വലയത്തിൽപ്പെട്ടവരാണ്. വീടിനു മുന്നിലെ പനിനീർ ചാമ്പ മരത്തിലെ പുത്തൻ ചാമ്പക്ക മുഴുവൻ അവർക്കുള്ളതായിരുന്നു. ആത്തച്ചക്ക പഴുത്താലും അവർ രുചി നോക്കിയതിന്റെ ബാക്കിയേ ഞങ്ങൾക്ക് കിട്ടാറുള്ളു. അതുകൊണ്ട് തന്നെ കുരങ്ങൻ കുട്ടി വലിയ അപരിചിതത്വമൊന്നും കാട്ടിയില്ല.

വിശദമായ പരിശോധനകൾക്കൊടുവിൽ പിൻകാലുകളിലൊന്നിനായിരുന്നു അതിന് അപടകം പറ്റിയതെന്ന് മനസ്സിലായി. ജോഗിയുടെ കാട്ടുവൈദ്യചികിത്‌സയിൽ ഒരാഴ്‌ചകൊണ്ട് അത് ഞൊണ്ടി ഞൊണ്ടി. നടക്കാൻ തുടങ്ങി. കാളൻ മൂപ്പന്റെ മയിലെണ്ണ തടവി അതിന്റെ കാലുകളുടെ ചതവ് പരിപൂർണ്ണമായും സുഖപ്പെടുത്തി. പിന്നെ കുറച്ച് കാലം ജോഗിയുടെ വക ഫിസിയോ തെറാപ്പിയായിരുന്നു അതിന്. അസുഖ (സുഖ) ചികിത്‌സകൾക്കൊടുവിൽ കുരങ്ങൻ കുട്ടി മിടുക്കനായി ഓടി നടന്നു തുടങ്ങി.

ആയിടെയാണ് ഫോറസ്റ്റ്കാർ പുതിയ ഒരു ആനയെ ട്രെയിനിങ്ങിനായി മുത്തങ്ങയിലേക്ക് കൊണ്ടുപോയത്. രാമചന്ദ്രൻ എന്നായിരുന്നു അതിന്റെ പേര്. രാമചന്ദ്രന്റെ പേരുവിളി കഴിഞ്ഞയുടനെയാണ്

നമ്മുടെ കുരങ്ങൻ കുട്ടിക്കും പുതിയ ഒരു പേര് വേണമെന്ന് ഞങ്ങൾ ആലോചിക്കുന്നത്. ചാമ്പമരത്തിൽ പ്രേംനസീറിനെപ്പോലെ ചാരിക്കിടക്കുന്ന കുരങ്ങനെ പരിഹസിച്ചു കൊണ്ട് മേരിപ്പോലീസ് കടന്നുവന്നത് അപ്പോഴാണ്. പിന്നെ ഒന്നും ഓർക്കാനുണ്ടായിരുന്നില്ല. അതിന്റെ പേര് പ്രേംനസീർ എന്ന് ഉറപ്പിച്ചു. മുത്തുണ്ണി എന്നൊരു ഓമനപ്പേരും ഞാനതിനിട്ടു.

മുത്തുണ്ണിക്ക് പേരക്കയും പച്ചമാങ്ങയും കൂടാതെ ദോശയും വെള്ളയപ്പവും ഇഡലിയും സാമ്പാറു ചേർത്ത് കുഴച്ച ചോറുരുളകളും പ്രിയ ഭക്ഷണമായി. എനിക്ക് കിട്ടുന്ന ബ്രിട്ടാനിയ ബിസ്ക്കറ്റുകളിലൊരു പങ്ക് കിട്ടുന്നത് വരെ അത് അക്ഷമനായി എനിക്ക് ചുറ്റും നടക്കും. രാവിലെ ദോശയുണ്ടാക്കുന്ന മണമടിച്ചാൽ അടുക്കള മുറ്റത്ത് ഹാജരാകും. ഞാൻ സ്‌കൂളിൽ പോവുമ്പോൾ പകുതി വഴി അനുയാത്ര ചെയ്‌തു തുടങ്ങി. റോഡിലേക്ക് തിരിയുന്നവിടെ എത്തിയാൽ പിന്നെയത് ഓടി മരത്തിൽ കയറിയിരിക്കും. കാടിന്റെ അതിർത്തിക്കപ്പുറം ഒരിക്കലുമത് പുറത്ത് വരാറില്ല.

മനുഷ്യൻമാരുമായി അധികമായി സംസർഗം പുലർത്തിയാൽ മറ്റ് കുരങ്ങൻമാർ അതിനെ കൂട്ടത്തിൽ കൂട്ടില്ലത്രെ. അതുകൊണ്ട് പകൽ സമയത്ത് അതിന്റെ മരക്കൂട്ടത്തിലേക്ക് ഓടിച്ചു വിടും. പക്ഷേ ഞാൻ സ്‌കൂളിൽ നിന്ന് വന്ന ഉടൻ അത് മുറ്റത്ത് പ്രത്യക്ഷപ്പെടും. സന്ധ്യ മയങ്ങുന്നത് വരെ അത് ഞങ്ങളോടൊത്ത് കളിക്കും. ജോഗി എറിഞ്ഞു കൊടുക്കുന്ന റബ്ബർ പന്ത് കൈക്കലാക്കി തിരിച്ച് എറിഞ്ഞു കൊടുക്കാൻ വരെ അത് പഠിച്ചു കഴിഞ്ഞിരുന്നു. കളിമതിയാക്കി ഞങ്ങൾ നീങ്ങുമ്പോൾ പന്ത് കൈ കൊണ്ട് തട്ടി ജോഗിക്ക് നേരെ പാസ് ചെയ്യും. തിരിഞ്ഞു നോക്കാതെ മരക്കൂട്ടത്തിലേക്ക് ഓടി മറയുകയും ചെയ്യും.

ഒരു ദിവസം രാവിലെ ദോശ മണത്തിന് പിന്നാലെ പ്രേംനസീർ എത്തിയപ്പോൾ കൂട്ടത്തിൽ മറ്റൊരു ശിങ്കാരിയുമുണ്ടായിരുന്നു. ദോശക്കഷണങ്ങളുടെ രുചി നോക്കാൻ പ്രേരിപ്പിച്ചു കൊണ്ട് മുത്തുണ്ണി അതിനു ചുറ്റും കറങ്ങി നടന്നു. ഇത് കണ്ട് “നമ്മുടെ പ്രേംനസീറിന് ജയഭാരതിയെ കൂട്ട്

കിട്ടിയല്ലോ” എന്ന് പറഞ്ഞ് ജോഗി സന്തോഷത്തോടെ ചിരിച്ചു. ജയഭാരതിയുടെ കടന്ന് വരവോടെ പ്രേംനസീർ അൽപ്പം കൂടി ഗൗരവക്കാരനായി. കാട്ടിനുള്ളിലേക്ക് പോവുന്നതിന്റെ ഇടവേളകൾ കൂടിയെങ്കിലും പന്ത് കളി മുടക്കിയില്ല. ജയഭാരതി കൂട്ടത്തിൽ കൂടില്ലെങ്കിലും കാണിയായി മരച്ചില്ലയിൽ ഇരിപ്പുറപ്പിക്കും…

അതിനിടയിലായിരുന്നു ഞങ്ങൾക്ക് സ്ഥലം മാറ്റം കിട്ടിയത്. അടുത്ത പോസ്റ്റിങ്ങ് പറമ്പിക്കുളത്താണെന്ന് ഡാഡി പറഞ്ഞപ്പോൾ പ്രേംനസീറിനെ കൂടെ കൊണ്ടുപോവാമെന്നായി ഞാൻ…

ചില വേർപിരിയലുകൾ അനിവാര്യമാണെന്ന ജീവിതത്തിലെ ഒന്നാം പാഠം പഠിച്ചു തുടങ്ങുകയായിരുന്നു ഞാൻ….

നിറഞ്ഞ മിഴികളോടെ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ പ്രേംനസീറിനൊപ്പം ജയഭാരതിയും മരച്ചില്ലയിലിരുന്ന് എന്നെ നോക്കി യാത്ര പറഞ്ഞു.

നാലഞ്ച് മാസത്തിനു ശേഷം ചില ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡാഡി വയനാട്ടിൽ വന്നപ്പോൾ ഞങ്ങളും കൂടെ വന്നത് പ്രേംനസീറിനെ കാണാമെന്ന വിദൂര പ്രതീക്ഷയോടെയാണ്….

പുതിയ താമസക്കാർക്ക് കഥകളൊന്നുമറിയില്ലല്ലോ…

എന്റെ ശബ്‌ദം കേട്ടയുടൻ ഓടി വന്ന രണ്ട് കുരങ്ങുകളിലൊന്ന് ഷെഡിലെ മണ്ണിൽ പൂണ്ടു കിടന്ന റബ്ബർ പന്ത് തട്ടിനീക്കി മുറ്റത്ത് ഇട്ടത് കണ്ടപ്പോൾ എനിക്ക് പോലും അത്‌ഭുതമായി.

ജോഗിക്ക് മുന്നിൽ പോലും അവരിതു വരെ വന്നിരുന്നില്ലത്രെ!

1 Comment
  1. സുരഭി ഫൈസൽ 1 year ago

    എന്തൊരു രസാ ഇത് വായിച്ച് തീർക്കാൻ.. !!! കഴിയല്ലെ കഴിയല്ലേ ന്ന് ആഗ്രഹിച്ചുപോയി..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account