ഓർമ്മയിലെ ആദ്യത്തെ അടുക്കള തറവാട്ട് വീട്ടിലെതാണ്. വറുത്തിടലുകളുടെ ഗന്ധം കൊണ്ട് രുചികൾ ഓർമ്മകളിൽ അടുക്കി വെക്കാൻ പ്രാപ്‌തയാക്കിയത് ആ പഴയ അടുക്കളയായിരുന്നു.

താഴെയൊരു മൂലയിൽ കനൽ നിറത്തിൽ എരിഞ്ഞു കൊണ്ടിരുന്ന അടുപ്പിനും ചുറ്റും പലവിധ രുചി ഗന്ധങ്ങൾ പാറി നടന്നു. ഉപ്പു ഭരണിയുടെ എതിർ വശത്ത് ഒരു കുപ്പി വിളക്കും സ്ഥാനം പിടിച്ചിരുന്നു. സന്ധ്യകഴിഞ്ഞാൽ അതങ്ങിനെ മുനിഞ്ഞു കത്തും. ചക്കപ്പുഴുക്കും കഞ്ഞിയും അളവു തെറ്റാതെ വിളമ്പാനുള്ള കാവലായി.

അടുക്കളയുടെ ഒരു ഭാഗത്ത് അരിയാട്ടുന്ന ആട്ടമ്മിയും മറുഭാഗത്ത്, തേങ്ങ നീട്ടിയരക്കുന്ന നീട്ടമ്മിയും. നീട്ടമ്മി ഉച്ചവരെ കട കട നീങ്ങിയെങ്കിൽ സന്ധ്യയോടടുത്ത് ആട്ടമ്മി കുടു കുടു ഉരുണ്ടു തുടങ്ങും. ദോശമാവിന്റെ ധവളതയിൽ ഞങ്ങൾ കുട്ടികൾ കൈയിട്ടിളക്കാൻ വരുമ്പോൾ അരിമാവ് പറ്റിയ കൈ വെച്ച് തല്ലും കിട്ടും.

രാവിലെ മുതൽ  അമ്മയും വല്യമ്മയും കഷണം നുറുക്കുകയോ, തേങ്ങ ചിരകുകയോ, അരക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരിക്കും. അച്ഛമ്മ താഴെ ഒരു പലകയിട്ടിരുന്ന് തീ കൂട്ടുകയും, വിറക് അടുപ്പിലേക്ക് നീക്കിയിടുകയും, ചിരട്ടക്കൈയിൽ കൊണ്ട് കൂട്ടാൻ ഇളക്കുകയും, വല്യമ്മ ഒരുക്കിക്കൊടുക്കുന്ന ചേരുവകൾ ചേർത്ത് പാചകം ചെയ്യുകയും ചെയ്യും.

അടുക്കളക്ക് തൊട്ടടുത്ത് കുഞ്ഞകം എന്ന ഒരു സ്റ്റോർ മുറിയുണ്ടായിരുന്നു തറവാട്ടിൽ. അവിടെ കമിഴ്ത്തി വെച്ചിരിക്കുന്ന പല വലുപ്പത്തിലുള്ള കൽചട്ടികളും, മൺ പാത്രങ്ങളും മൺ കലങ്ങളും ഉണ്ടായിരുന്നു. വീട്ടുകാർ ഉപയോഗിക്കുന്ന പാത്രങ്ങൾ കൂടാതെ വിരുന്നു കാർ വന്നാൽ എടുക്കുന്ന വലിയ കലച്ചട്ടികൾ മുറം വെച്ച് മൂടിയിരിക്കും. അരി ചേറാൻ നിത്യമുപയോഗിക്കുന്ന മുറം അടുപ്പിന് തൊട്ടു മുകളിലൊരു ആണിയിൽ തൂങ്ങിയിരിക്കും.

അടുപ്പു കത്തിക്കുന്ന വിറകിനുമുണ്ടൊരു സ്ഥാനം. വടക്ക് വശത്ത് നിറയെ ചെറുതായി മുറിച്ചു വെച്ച വിറകുകൾ, തേങ്ങാ മടലുകൾ എന്നിവ അടുക്കി വെച്ചിട്ടുണ്ടാവും. ഓലക്കണ്ണികൾ ചൂട്ട് കെട്ടിയത് മറുവശം നിരന്നിട്ടുണ്ടാവും. എളുപ്പത്തിൽ കത്തിക്കാനും തീപ്പിടിപ്പിക്കാനും ഒരോലച്ചൂട്ട് അടുപ്പിനരികെയും.

മീൻ ചട്ടികൾക്ക് സ്ഥാനം എന്നും വടക്കുഭാഗത്തായിരുന്നു. അതുമുണ്ടാവും പല വലിപ്പത്തിൽ.  വടക്ക് ഭാഗത്ത് മറ്റൊരു കഥാപാത്രം കൂടെയുണ്ട് – ഉരൽ. അതോട് ചേർന്ന് കുറച്ച് ഉലക്കകളും. കഴുങ്ങിൻ തടി മിനുസപ്പെടുത്തി രണ്ടറ്റത്തും പിച്ചള ബൂട്ട് പിടിപ്പിച്ച ഉലക്കകൾ ഒന്നിൽ കൂടുതലുണ്ടാവും മിക്ക വീടുകളിലും. സന്ധ്യയാവുന്നതിനു മുൻപ് അടുത്ത വീട്ടിലെ ജാനുവമ്മ വന്ന്  അരിയിടിക്കാനൊരുങ്ങും. പച്ചരി കഴുകി തുണിയിൽ വിരിച്ചിട്ട് ഉണക്കി വെച്ചിട്ടുണ്ടാവും. വിസിലടിക്കുന്ന ഒരു ശബ്‌ദമുണ്ടാക്കി ജാനുവമ്മ അരിയിടിക്കുന്നത് ഞങ്ങൾക്ക് വല്യ ഒരു കൗതുക കാഴ്ച്ചയായിരുന്നു. ചിലപ്പോൾ കൂട്ടത്തിൽ അമ്മയും കൂടും. രണ്ടുലക്കകൾ താളത്തോടെ ഉയർന്ന് താഴുന്നത് കാണാൻ തന്നെ രസമായിരുന്നു.

അമ്മയും വല്യമ്മയും നാട്ടുവിശേഷങ്ങളും പറഞ്ഞു കൊണ്ട് മുറത്തിലേക്ക് അരിപ്പൊടി അരിച്ചെടുക്കും. അവിടെയും ഞങ്ങൾക്ക് പ്രവേശനമില്ല. ജാനുവമ്മ പ്രാദേശിക ദിനപ്പത്രത്തിന്റെ പണി കൂടെ കൂട്ടത്തിൽ നിർവ്വഹിക്കും. ചുറ്റുവട്ടത്തുള്ള കല്യാണം, പ്രസവം, അമ്മായിഅമ്മപ്പോര്, മുതലായ പല വിഷയങ്ങൾ പങ്ക് വെച്ചായിരിക്കും അരിയിടിക്കൽ കലാപരിപാടി.

ഉലക്കയുടെ ഇരുമ്പു ചുററുകൾ കഴുകി വൃത്തിയാക്കി, ബാക്കി വരുന്ന കരളയുമായി ജാനുവമ്മ പോവുമ്പോഴേക്ക്, അടുക്കളയിൽ നിന്ന് പുട്ടുപൊടി വറുക്കുന്ന വാസന ഉയർന്നു വരും.

അന്നത്തെ കളികളിലും ആഗ്രഹങ്ങളിലും ഞങ്ങൾ പെൺകുട്ടികൾ അടുക്കളക്കാവൽക്കാർ മാത്രമായി. അടുപ്പിൽ തീ ഊതിക്കത്തിക്കുന്ന അച്ഛമ്മയാവാനും അരിയിടിക്കുമ്പോൾ വിസിലടിക്കുന്ന ജാനുവമ്മയാവാനും ഞങ്ങൾ  തിരക്ക് കൂട്ടും. കൊച്ചു ചിരട്ടകളും പ്ലാവില കൈയിലുകളും കൽച്ചട്ടികളും ചിരട്ടക്കൈയിലുകളുമായി രൂപാന്തരം പ്രാപിച്ചു.

ഓർമ്മകളിലിന്ന് ആ ഗന്ധങ്ങൾ മാത്രം ബാക്കിയായി. രുചി ഗന്ധങ്ങൾ ഓർമ്മകളാവുമ്പോൾ നഷ്‌ട ബാല്യ സമൃദ്ധികൾ സ്വയമറിയാതെ കണ്ണ് നനയിപ്പിക്കുന്നു.

കിണറ്റിലെ വെള്ളത്തിലേക്ക് തുള്ളിത്തിമർക്കുന്ന ഇരുമ്പ് ബക്കറ്റ് പോലെ ഞാനും പഴയ ഓർമ്മകളിലങ്ങിനെ ഒഴുകി നടക്കും.

1 Comment
  1. ഇബ്രൂ 5 months ago

    വെരി ഗുഡ് ✌

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account