ആദ്യമായി ഓർമ്മകളിലൊരു സ്വർണ്ണ വർണ്ണത്തോടടുക്കുന്ന മഞ്ഞനിറം പൂമ്പാറ്റയെപ്പോലെ പാറി വന്ന സന്ധ്യാസമയമായിരുന്നു അത്.

വീട്ടിലെ മുതിർന്നവരൊക്കെ പലവിധ തിരക്കുകളിലായിരുന്നു. സന്ധ്യക്ക് വിളക്കുവെക്കുന്നതിന് മുമ്പ്  മുറ്റമടിക്കണമെന്ന കലമ്പൽ ഒരു വശത്ത്, സന്ധ്യയാവുന്നതിന് മുമ്പ് വെള്ളം കോരി വെച്ച് കിണറ്റ് വാതിലടക്കണമെന്ന അശരീരി മറ്റൊരു ഭാഗത്ത്, മണ്ണെണ്ണ വിളക്കിൽ എണ്ണ പാകത്തിനൊഴിച്ച് കരി പിടിച്ച വിളക്ക് കുപ്പികൾ തുടച്ചുണക്കുന്ന തിരക്ക് മറ്റൊരുഭാഗത്ത്, ഇതൊന്നുമറിയാതെ പടിഞ്ഞാറെ മുറ്റത്ത് തിരക്ക് പിടിച്ച് അത്താഴമൊരുക്കുന്ന ഞാനും.

മിക്ക ദിവസവും സന്ധ്യാസമയമാവുമ്പോഴേക്കും എന്റെ മനസ്സിലേക്ക്  സങ്കടങ്ങൾ  കുത്തിമറിഞ്ഞ് വരും. ചെയ്യാത്ത വികൃതിക്ക് അമ്മ കണ്ണ് മിഴിച്ചതും, അമ്മാവൻ പ്ലാവിലവണ്ടി ചവിട്ടിയരച്ചതും, വടക്ക് പുറത്ത് നിന്ന് കട്ടുറുമ്പ് കടിച്ചതുമെല്ലാം പെടും ഈ സങ്കടക്കൂട്ടത്തിൽ. സൂര്യനങ്ങിനെ പടിഞ്ഞാറോട്ട് തിരിഞ്ഞു നടക്കുമ്പോൾ, തെക്ക് വശത്തെ പുളിമരം മുതലിങ്ങോട്ട് മഞ്ഞ വെളിച്ചം പരന്ന് തുടങ്ങുമ്പോഴേക്ക്, കളി മതിയാക്കി കുളിക്കാൻ വിളിച്ചു തുടങ്ങും അമ്മയും വല്യമ്മയും.

അപ്പോഴേക്കും പടിഞ്ഞാറുവശത്തെ കുഞ്ഞടുപ്പിൽ ഇലഞ്ഞിക്കുരുക്കൾ കഞ്ഞിപ്പാകത്തിൽ വെന്തിട്ടുണ്ടാവില്ല, ചിരട്ടയിൽ കിടക്കുന്ന ചെടിച്ചപ്പുകൾ കൂട്ടാൻ പാകവുമായിട്ടുണ്ടാവില്ല. പനിക്കുന്ന പാവക്കുട്ടിക്ക് ഒരിത്തിരി ചൂടുവെള്ളം കൊടുക്കാതെ, പടിഞ്ഞാറു വശത്ത് അനാഥയാക്കി ഉപേക്ഷിക്കുന്ന അമ്മക്കുട്ടിയുടെ സങ്കടത്തോടെ കുളിക്കാനായി പോവുമ്പോഴാണ് മഞ്ഞ നിറമുള്ള ഒരു സ്വപ്‌നം ആദ്യമായി എന്റെ പിന്നാലെ നടന്ന് തുടങ്ങിയത്.

കിണറ്റിൻ കരയിലെ ചെറിയ കൽക്കെട്ടിന് മുകളിൽ നിർത്തി മൂർദ്ധാവ് മുതൽ കാൽപ്പാദം വരെ ചെറിയ കുത്തു കിണ്ണത്തിലെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കും അമ്മ. പകല് മുഴുവൻ പണിയെടുത്ത് തളർന്ന അവരുടെ പരാതികൾ ഞങ്ങൾ കുട്ടികളുടെ ശരീരത്തിൽ ലൈഫ്ബോയ്  സോപ്പ് തേച്ചുരച്ച് കഴുകി തീർത്തു. കിണറ്റിൽ നിന്ന് വെള്ളം കോരിയെടുത്ത് ബക്കറ്റിൽ നിന്ന് ശരീരത്തിലേക്ക് നേരിട്ട് പാർന്നൊഴിച്ചു. പകുതി നനഞ്ഞ തോർത്തിൽ തലമുടിയും ശരീരവും തുടച്ച് വെളുത്ത പെറ്റിക്കോട്ട് ഇട്ടു തന്ന് കിഴക്കേ ഇറയത്ത് നിന്ന് മാറിപ്പോവരുത് എന്നൊരു ശാസനയാണ്. ഇനിയും ശരീരത്തിൽ ചളി പറ്റിയാൽ അടി കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ വീണ്ടും ആ മഞ്ഞ സ്വപ്‌നത്തിന് പിന്നാലെ നീങ്ങി. മുറ്റത്തിറങ്ങരുത് എന്ന കർശനനിർദ്ദേശം ലംഘിക്കാനുള്ളതല്ല. ഇനിയിപ്പം സന്ധ്യവിളക്കുമായി വല്യമ്മ കിഴക്കേ ഇറയത്ത് വരും.

അതിന് മുൻപേ വടക്കേ വാതില് അടച്ചു കുറ്റിയിട്ടില്ലെങ്കിൽ പാമ്പു കയറുമെന്ന് വല്യമ്മ പറയുമ്പോൾ ജ്യേഷ്‌ഠയും കൂട്ടത്തിൽക്കയറുമെന്ന് അച്ഛമ്മ ഓർമ്മിപ്പിക്കും. ജ്യേഷ്‌ഠാഭഗവതി അകത്ത് കടന്നാലും വല്യ പ്രശ്‌നമില്ല. സന്ധ്യവിളക്ക് വെച്ച് ഉറക്കെ നാമം ചൊല്ലിയാൽ മതി. വികൃതിക്കുട്ടികളുടെ കൂടെയാണ് ജ്യേഷ്‌ഠാഭഗവതിയുടെ ഇരിപ്പും നടപ്പും. പറഞ്ഞാല നുസരിക്കാത്ത കുട്ടികൾ, നാമം ചൊല്ലാത്ത കുട്ടികൾ , നുണ പറയുന്ന കുട്ടികൾ ഇവരുടെ കൂടെയൊന്നും ശ്രീഭഗവതി കൂടില്ല.

മുതിർന്നവർ പറഞ്ഞാൽ അനുസരിക്കാത്ത കുട്ടിയായതു കൊണ്ട്  എന്റെ തൊട്ടടുത്ത് തന്നെ ജ്യേഷ്ഠക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നു. ഇന്നെങ്കിലും നല്ല കുട്ടിയായി നാമം ചൊല്ലണമെന്ന്  കരുതിയിരിക്കുമ്പോഴാണ് വീണ്ടും എന്നെ ഭ്രമിപ്പിച്ചു കൊണ്ടാ മഞ്ഞ നിറം മുന്നിലെത്തിയത്. ഒരു സ്വർണ്ണ വർണ്ണ നിറത്തിൽ തിളങ്ങുന്ന ആ നിറത്തിനു പിന്നാലെ നടന്നു ഞാനെത്തിയത് കുളക്കരയിലെ കുഞ്ഞു പൊത്തിനു മുന്നിലാണ്.

ഇലഞ്ഞിമരച്ചുവട്ടിൽ നിന്നും, വടക്കേപ്പുറത്തെ ചേതിയിറമ്പിൽ നിന്നും എന്നെ വെട്ടിച്ചു കടന്നു കളഞ്ഞ കുഞ്ഞൻ സ്വർണ്ണ നിറം ഒടുവിൽ എത്തി നിന്നത് അവിടെയായിരുന്നു. നിഷ്‌കളങ്കമായ കുഞ്ഞ് കണ്ണുകൾ തുറന്നടച്ച് അതെന്നെ കളിക്കാൻ വിളിക്കുകയായിരുന്നു. വിലക്കുകളില്ലാത്ത ലോകത്തേക്ക് ക്ഷണിക്കുകയായിരുന്നു.

പൊത്തിനുള്ളിലേക്ക് കൈവിരൽ കടത്തുമ്പോഴേക്ക് ജ്യേഷ്‌ഠാഭഗവതി എന്നെ പിന്നോട്ട് വലിച്ചു. കിണറ്റ് കരയിലെ തെങ്ങിൻ ചുവട്ടിൽ പതഞ്ഞു കിടക്കുന്ന സോപ്പുകുമിളകമായി…

എന്റെ ദൈവേ എന്ന അച്ഛമ്മയുടെ വിളിക്ക് പിറകെ എന്റെ കാൽപ്പാദം തൊട്ടുരുമ്മിപ്പോയത് എന്നെപ്പോലെ വികൃതിയായ ഒരണലിക്കുട്ടിയായിരുന്നത്രെ! എല്ലാ സ്വപ്‌നങ്ങളുമെന്ന പോലെ ആ മഞ്ഞ സ്വപ്‌നവും പിടി തരാതെ കടന്നു കളഞ്ഞിരിക്കുന്നു എന്ന സത്യം ഞാൻ തിരിച്ചറിയുമ്പോഴേക്ക് ചെവി സ്വർണ്ണ നിറമായിരുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account