ഏറെ കൊതിച്ച യാത്രകളിലൊന്നായിരുന്നു ഹംപി യാത്ര. പാറക്കൂട്ടങ്ങൾ ചിതറിത്തെറിച്ചതു പോലുള്ള ഭൂപ്രദേശങ്ങൾക്കിടയിൽ ഞാൻ കണ്ട ആദ്യ കൗതുകക്കാഴ്‌ച ക്ഷേത്ര ഗോപുരങ്ങളായിരുന്നില്ല. റോഡ് നിറഞ്ഞു നിൽക്കുന്ന ആട്ടിൻകൂട്ടത്തെയും മേയ്‌ച്ചു കൊണ്ട് നടന്ന് നീങ്ങുന്ന ഗ്രാമീണരുമായിരുന്നു. കൂട്ടം തെറ്റിപ്പോവുന്ന ആട്ടിൻ കുഞ്ഞുങ്ങളെ ചുറുചുറുക്കോടെ മേയ്ക്കുന്ന കൊച്ചു കുഞ്ഞുങ്ങളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ.

ആട്ടിൻകൂട്ടത്തെ അലോസരപ്പെടുത്താതെ വളരെ സൂക്ഷ്‌മമായി വണ്ടിയോടിക്കുന്നതിനിടെ ജഗദീഷ് എന്ന ഞങ്ങളുടെ വഴികാട്ടിയും സാരഥിയുമായ ഓട്ടോ ഡ്രൈവർ കാര്യങ്ങൾ വിശദീകരിച്ചു.

മഴയില്ലാത്ത ബെൽഗാമിൽ നിന്ന് കാൽനടയാത്രയായി ആടുകളെ മേച്ച് കൊണ്ട്  കർഷകർ കുടുംബമായി ഹോസ്‌പെട്ടിൽ വരും. തുംഗഭദ്രയുടെ സമൃദ്ധിയിൽ മാസങ്ങളോളം താമസിച്ച് സന്തോഷത്തോടെ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോവും.

അവൻ പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നെ കോവർകഴുതകളുടെ കഴുത്തിനിരുവശവും പാത്രങ്ങളും വീട്ടുസാധനങ്ങളും താത്‌കാലിക ടെന്റുകളുമായി സ്‌ത്രീകളടക്കമുള്ള ആൾക്കൂട്ടം ഞങ്ങളെ കടന്ന് പോയി. കാലിയായി കിടക്കുന്ന പാടശേഖരത്തിലൂടെ വലിയ ഒരു ആട്ടിൻകൂട്ടം മേയുന്നതും കണ്ടു. ആട്ടിൻ കാട്ടത്തിന്റെ ഗന്ധം തന്നെ ഓഷധമൂല്യമുള്ളതാണ്. വയൽ നിറയെ ആട്ടിൻ വളം കിട്ടുന്നത് ചെറിയൊരു കാര്യമല്ലല്ലോ എന്ന് ജഗദീഷ് സന്തോഷിക്കുകയും ചെയ്‌തു. അതിഥികളോടുള്ള പ്രീതി അവന്റെ കണ്ണുകളിൽ തെളിഞ്ഞു.

ദേശാടകരായി ജീവിതം നയിക്കുന്ന ഈ ജനതയോട് വല്ലാത്ത ബഹുമാനം തോന്നി. യാത്രകൾക്കിടയിൽ പ്രണയവും വിവാഹവും ജനനവും മരണവും നടക്കുന്നുണ്ടാവാം. ആട്ടിൻപാലെന്ന സമ്പാദ്യത്തിൽ വിശ്വസിച്ച് ഊര് തെണ്ടി, ഭക്ഷണം തേടി അലയുന്ന പച്ച മനുഷ്യരുടെ കാഴ്‌ച മനസ്സിൽ നൊമ്പരമുണർത്തി.

ജഗദീഷിന്റെ കഥ കേൾക്കുന്നതിനിടെ ഞങ്ങളെ കടന്നുപോയ മോപ്പഡിൽ നിന്നും എന്തോ ഒന്ന് തെറിച്ച് വീണു. ഒരു കുഞ്ഞു ആട്ടിൻകുട്ടിയായിരുന്നു അത്. ഉടനെ വണ്ടി സ്ലോ ആക്കി റോഡിൽ നിന്ന് വാത്‌സല്യത്തോടെയും അതീവ ശ്രദ്ധയോടെയും അതിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് വെച്ച് തിരിച്ച് വരികയായിരുന്ന മോപ്പഡുകാരനടുത്തെത്തിച്ചു ജഗദീഷ്. ആ മോപ്പഡിനിരുവശവും തുണിത്തൊട്ടിൽ പോലെ  കെട്ടിയിട്ടുണ്ടായിരുന്നു. അതിൽ നിന്ന് ചാടിപ്പോയതാണ് ആ വിരുതൻ. ഇന്ന് പ്രസവിച്ച കുട്ടിയാണിതെന്ന് അയാൾ ഒരു പിതാവിന്റെ അഭിമാനത്തോടെയും സന്തോഷത്തോടെയും എടുത്തുയർത്തി നെഞ്ചിലമർത്തി. ഒരു മായാജാലക്കാരനെപ്പോലെ മറ്റേയറയിൽ നിന്ന് മറ്റൊരു മിടുക്കിയെയും  കൂടി പുറത്തെടുത്തു. അയാളുടെ കൂർത്ത കണ്ണുകളിൽ നിറയെ വാത്‌സല്യമായിരുന്നു… മുറുക്കി ചുവന്ന മീശക്കിടയിലൂടെ എത്തി നോക്കുന്ന ചുണ്ടുകളിൽ അഭിമാന സ്‌മിതവും… ആട്ടിൻകുട്ടികളുടെ മൂർദ്ധാവിൽ ചുണ്ടു ചേർത്തു വെച്ച് ഇവരാണ് ഞങ്ങളെ ജീവിപ്പിക്കുന്ന ഊർജ്ജം എന്ന് പറഞ്ഞു, ശ്രദ്ധയോടെ തൊട്ടിലിലേക്ക് താഴ്ത്തി വെച്ചു. ഒന്നുകൂടി മുറുക്കിക്കെട്ടി. നന്ദിയോടെ യാത്ര പറഞ്ഞു .

പ്രസവ ക്ഷീണത്തോടെ തള്ളയാട് ഈ കൂട്ടത്തിലെവിടെയോ നടന്ന് വരുന്നുണ്ടാവാം. തന്റെ കുരുന്നുകൾ സുഖമായിരിക്കുന്നുവെന്ന വിശ്വാസത്തോടെ. അതിനിടെ ഒരുകൊച്ചു മിടുക്കൻ കൂട്ടത്തിലൊരാടിന്റെ അമ്മിഞ്ഞ നുണയുന്നതും കണ്ടു. അവന് ശേഷം കൂട്ടത്തിലൊരു മനുഷ്യക്കുട്ടിയും പാല് കുടിച്ച് വയറ് നിറച്ചു.

അതിജീവനത്തിന്റെ ഓർമ്മകളിൽ ഈ മിണ്ടാപ്രാണികളും കടന്ന് വന്നപ്പോൾ മനസ്സ് തേങ്ങി…  അവരുടെ യാത്രകൾ അവസാനിച്ചിരിക്കുമോ…? പച്ചപ്പുല്ല് നിറഞ്ഞ വയലേലകളിൽ അവർ എത്തിയിരിക്കുമോ…? പ്രതീക്ഷകളും പ്രത്യാശകളും അവസാനിക്കുന്നില്ല…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account