പൊട്ടിച്ചിരിക്കുന്ന തോടും,നദികളും,
കിളികൾതൻ സംഗീത മന്ദ്രമധുരവും,
ഓർമ്മയിലൊരോണം തുടികൊട്ടി നിൽക്കുന്നു,
ഓടിയൊളിക്കാനിടം കണ്ടതില്ലല്ലൊ.

പാടവരമ്പത്ത് പുല്ലരിക്കായി ഞാൻ,
പിഞ്ഞിയ പാവാട മാടിയൊതുക്കിയും,
വട്ടയില കൊണ്ട് കോട്ടിയ കുമ്പിളിൽ,
ഒട്ടുനേരം മുമ്പിറുത്തൊരാ തുമ്പയും.

മാറോടടുക്കി  ഞാൻ വീഴാതെ മെല്ലവെ,
തോട്ടിൻ കരയിലായ് പാദങ്ങളൂന്നിയും,
താതന്റെ വാക്കുകൾ കർണ്ണദ്വയങ്ങളിൽ,
”സൂക്ഷിച്ചു വേണം നടക്കുവാൻ പെെതലെ”,

കാക്കപ്പൂവിന്റെ നീലിമയെൻ കണ്ണിൽ,
അന്നുഞാൻ തീർത്തൊരാ പൂക്കളം തന്നിലും,
ചാരുഭംഗിയോടഞ്ജനം ചേർത്തതും,
ചഞ്ചലാക്ഷിയായന്നു ഞാൻ നിന്നതും.

അച്ഛന്റെ കൂടെ ഞാൻ തിരുവോണമുണ്ടതും,
അമ്മതൻ നെഞ്ചിലെ സ്‌നേഹമാമുണ്ടതും,
ചേച്ചിതൻ നിഴലായ് കൂടെ നടന്നതും,
അനിയന്റെ കെെ പിടിച്ചോടി നടന്നതും.

ഊയലാട്ടുവാൻ മാമന്റെ കെെകളും,
സ്‌നേമൂട്ടുവാൻ മാമീകരങ്ങളും,
ഊഴവും പാർത്ത് ഞാനങ്ങിരുന്നതും,
സ്‌നേഹമോടെന്നെ വാരിയെടുത്തതും.

കണ്ണാരം പൊത്തി കളിച്ചുല്ലസിച്ചതും,
ഓണപ്പുടവയുടുക്കാൻ കൊതിച്ചതും,
കൂട്ടുകാരിതൻ പട്ടുകുപ്പായമെൻ,
മേനിയിൽ മാററു കൂട്ടി രസിച്ചതും.

പൊന്നിൻ ചിങ്ങത്തെ മാറോടണച്ചതും,
അത്തപ്പിറവി തന്നാനന്ദ ദുന്ദുഭി,
ഗ്രാമവീഥിയിൽ മാറ്റൊലി കൊണ്ടതും,
കൊച്ചു കൂരയിലിരുന്നു ഞാൻ കേട്ടതും.

ഓർമ്മയിലോളങ്ങളലയടിച്ചുയരുന്നു,
ഓർക്കുവാനോ, മനമേറെകൊതിക്കുന്നു,
ത്രാണിയില്ലാതോളമെന്നെ നീയേറ്റുക,
പ്രാണനിൽ കരേറി നീ നൃത്തം ചവിട്ടുക.

വിട്ടുപോയൊരാ ബാല്യം കരേറുവാൻ,
ഇഷ്ടമേറെയുണ്ടെങ്കിലും, നൊന്തു ഞാൻ,
തുഷ്ടമായിന്നൊരോണം കഴിക്കുവാൻ,
എത്തുമോ ബാല്യം വീണ്ടുമെൻ ചാരെയായ്.

അച്ഛന്റെ കൂടെയൊരോണമൊന്നുണ്ണുവാൻ,
മാമന്റെ കെെകളാലൂയലൊന്നാടുവാൻ
ചേച്ചി തൻ നിഴലായ് കൂടെ നടക്കുവാർ,
മാടി വിളിക്കുന്ന പൂക്കളിറുക്കുവാൻ.

തോടും, നദികളും, ചിറയും, കുളങ്ങളും,
പാടും കിളികളും, തുമ്പിയും, തുമ്പയും,
ഗ്രാമ ഭംഗിയും അന്യമായീടുന്നു,
ഓണവും നമുക്കന്യമായീടുമോ?

2 Comments
 1. Haridasan 1 year ago

  മനോഹരമായ വരികൾ..

  • Author
   Meera Achuthan 1 year ago

   നന്ദി ഹരിദാസ്,
   വളരെ നന്ദിയുണ്ട് അഭിപ്രായത്തിന്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account