അനുദിനം തെരുവിലേക്ക് ആട്ടിയിറക്കപ്പെടുന്നവരും, പെരുവഴിയിൽ ഉപേക്ഷിക്കപ്പെടുന്നവരുമായി ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഒട്ടനവധി പേരുണ്ട് നമ്മുടെ സമൂഹത്തിൽ.  വൈയക്‌തികവും സാമൂഹ്യവുമായ പല കാരണങ്ങൾ അത്തരം അനാഥത്വങ്ങൾക്ക് പിന്നിലുണ്ട്.  നാടോടികളായ മാതാപിതാക്കളുടെ മക്കൾ, പലപ്പോഴും വിഛിന്ന കുടുംബങ്ങളിൽനിന്ന് തെരുവിലേക്ക് നയിക്കപ്പെടുന്നവർ തുടങ്ങി പല തരത്തിൽ മനുഷ്യർ, പ്രത്യേകിച്ച് കുട്ടികൾ, അനാഥരാക്കപ്പെടുന്നു. അമ്മയെ കൊന്ന് അച്ഛൻ ജയിലിലായതും മറിച്ചുമുള്ള കേസുകൾ നിരവധി. താൽക്കാലിക കുടുംബ വ്യവസ്ഥകൾ നിലനിൽക്കുന്ന നാടോടി സമൂഹങ്ങളിൽ അനാഥരാവുക എന്നത് ഒരു പ്രാധാന്യമുള്ള വിഷയമേയല്ല. ഇതിനും പുറമേയാണ് അസ്വീകാര്യ ജനനങ്ങളിലെ കുട്ടികൾ.

സർക്കാരിന്റേതും അല്ലാത്തതുമായ കുറേയേറെ അനാഥ, അഗതി സംരക്ഷണ കേന്ദ്രങ്ങളാണ് ഇത്തരക്കാർക്ക് അഭയം നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ അഭയസ്ഥാനങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. സംസ്ഥാനത്ത് ഇതു വരെയായി 300 ലധികം അനാഥാലയങ്ങൾ അടച്ചു പൂട്ടിക്കഴിഞ്ഞു എന്നാണ് കണക്ക്. ബാക്കിയുള്ള ആയിരത്തോളം സ്ഥാപനങ്ങളും അതേ വഴി തെരഞ്ഞെടുക്കാൻ നിർബന്ധിതരാവുന്നു.

അനാഥാലയങ്ങൾക്ക് പലപ്പോഴും അവ അർഹിക്കുന്നതിലുപരി രാഷ്‌ട്രീവും മതപരവുമായ ഒരു മാനം കൂടിയുണ്ട് നമുക്കിടയിൽ. കഴിഞ്ഞ വർഷങ്ങളിൽ അനാഥാലയങ്ങളിൽ ചേർക്കാനെന്ന പേരിൽ സന്നദ്ധ പ്രവർത്തനമെന്ന വ്യാജേന അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടു വന്നതിന്റെ പുകിലുകളൊന്നും ഇപ്പോഴും പൂർണ്ണമായി കെട്ടടണ്ടിയിട്ടില്ല. മതപരിവർത്തനം, സർക്കാർ സഹായം തട്ടിയെടുക്കൽ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഡിവിഷൻ നേടിയെടുക്കൽ തുടങ്ങി നിരവധി ആരോപണങ്ങളായിരുന്നു അന്ന് ഉയർന്നുവന്നത്.  അനാഥാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബാല, ബാലികാ പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും അവയവ തട്ടിപ്പുൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളും സാധു സേവനത്തിന്റെ വിശ്വാസ്യതയെ വല്ലാതെ ഉലച്ചു കളഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുകയും ആരോപണങ്ങൾക്കിട നൽകാതിരിക്കുകയും ചെയ്യാനാണ് ഗവർമെന്റ് അനാഥാലയങ്ങളുടെ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ കർശനമാക്കിയത്. അതുകൊണ്ടു തന്നെ ഇത്തരം നിയന്ത്രണങ്ങൾ വേണ്ടെന്നു വക്കാനോ ലഘുകരിക്കാനോ സാധ്യമല്ല താനും.

പക്ഷേ തെരുവിൽ ചിന്നിച്ചിതറി പോകുമായിരുന്ന ജീവിതങ്ങൾ അനാഥാലയങ്ങളുടെ പരിമിതമായ സൗകര്യങ്ങളെങ്കിലും കിട്ടിയതുകൊണ്ട് മാത്രം തിരികെക്കിട്ടിയ എത്രയെത്ര ബാല്യകൗമാരങ്ങളുണ്ട്. സ്‌കൂളിൽ പോകാൻ കഴിയുന്നവർ, കോളേജ് വിദ്യാഭ്യാസത്തിന് അവസരം കിട്ടിയവർ, ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളും മോഹങ്ങളും തിരികെ കിട്ടിയവർ. അവരൊക്കെ പിന്നെയും അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടാൻ പോവുകയാണ്. അടച്ചു പൂട്ടുന്ന അഗതിമന്ദിരങ്ങളിലെ അന്തേവാസികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയോ ബന്ധുക്കൾക്ക് വിട്ടുനൽകുകയോ ചെയ്യാനാണ് സർക്കാർ നിർദ്ദേശം. മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ബന്ധുക്കൾ എന്നു വിശ്വസിക്കാൻ മാത്രം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവരുടെ ഗതി ഇങ്ങനെയാവുമായിരുന്നില്ലല്ലോ എന്ന ചോദ്യം മാത്രം മതിയാവും അനാഥമന്ദിരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ ഭാവി എന്ത് എന്ന് തിരിച്ചറിയാൻ.  മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെട്ട്, വിദ്യാഭ്യാസത്തിന്റേയും തൊഴിലവസരങ്ങളുടേയും സാധ്യതകൾ നിഷേധിക്കപ്പെട്ട് ജീവിതത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടുകയാണ് ഇവർ. കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അനാഥാലയങ്ങളുടെ ചിട്ടവട്ടങ്ങളെക്കുറിച്ചും അനാഥജന്മങ്ങളുടെ ജീവിതാവകാശങ്ങളെക്കുറിച്ചും ഉൽക്കണ്ഠപ്പെടുന്ന ഭരണകൂടങ്ങളോട് ഒരപേക്ഷയേയുള്ളൂ. പോകാൻ വേറൊരിടവുമില്ലാത്തവരാണിവർ. അവരുടെ സംരക്ഷണം തീർച്ചയായും സ്റ്റേറ്റിന്റെ ബാധ്യതയാണ്. നിയമങ്ങളുടെ കാർക്കശ്യത്തിന്റെ മറവിൽ ഈ നിസാര ജന്മങ്ങളെ തെരുവിലേക്ക് എറിഞ്ഞു കളയരുത്.

– മനോജ് വീട്ടിക്കാട്

1 Comment
  1. Vipin 2 years ago

    അവരുടെ സംരക്ഷണം തീർച്ചയായും സ്റ്റേറ്റിന്റെ ബാധ്യതയാണ്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account