ഒരു സിനിമ കാണുമ്പോൾ സ്വന്തം മനഃസാക്ഷി ചോദ്യങ്ങളുയർത്തി നെഞ്ചിൽ ഇടിച്ചുക്കൊണ്ടിരിക്കുന്ന അനുഭവമായിരുന്നു മധുപാലിന്റെ ‘ഒരു കുപ്രസിദ്ധ പയ്യൻ’. ഏറെ പരിചിതമായ ‘സുന്ദരിയമ്മ കൊലക്കേസി’ന്റെ  അന്വേഷണവും വിചാരണയും വിധിയും ഡയറിക്കുറിപ്പുകൾ പോലെ മനസ്സിൽ തെളിഞ്ഞു വന്നു. ഇതേ തരത്തിൽ മുൻപ് വന്ന സിനിമകളുടെ  ഓർമ്മകളെ നിരാകരിച്ചു കൊണ്ട് ‘സുന്ദരിയമ്മ കൊലക്കേസ്’ മുൻപിൽ നിന്നു. സ്വന്തമായി വക്കീലിനെ വെക്കാൻ ആളും കാശുമില്ലാത്ത കുറ്റാരോപിതനായ ബാബുവിന്  അനിൽകുമാർ എന്ന താരതമ്യേന അപ്രശസ്‌തനായ (അന്ന്) വക്കീൽ ലീഗൽ  എയ്‌ഡ്‌ കൗൺസെൽ ആയി നിയമിക്കപ്പെട്ടതായിരുന്നു വെളിച്ചത്തിലേയ്ക്കു വഴി തുറന്നത്.

ആ കേസിൽ അനാഥനായ ഒരു യുവാവിനെ വ്യാജ തെളിവുകളുണ്ടാക്കി പ്രതിയാക്കി ജയിലിലടക്കുകയായിരുന്നുവെന്ന കണ്ടെത്തലോടെ കോടതി വിധി പ്രഖ്യാപിച്ചതിന്റെ തുടർ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്നെ സംബന്ധിച്ച്  വല്ലാത്തൊരനുഭവമാണ്. വളരെ സാധാരണമായ ശൈലിയിൽ, പ്രേക്ഷകർ  പ്രതീക്ഷിച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്ന ഒരു സിനിമയായിരുന്നിട്ടും ഈ ചിത്രം കൊണ്ടുപോയെത്തിച്ച ഓർമ്മകളും ചിന്തകളും തികച്ചും വേറിട്ടതാണ്.

ശാസ്‌ത്രലേഖകൻ എന്ന നിലയിൽ പരിചിതനായ  ജീവൻ ജോബ് തോമസ് സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയാക്കപ്പെട്ട ബാബുവിന്റെ ഉള്ളറിഞ്ഞയാളാണ്. ആ കേസിന്റെ എല്ലാ തലങ്ങളും അറിയാവുന്ന ആൾ. അങ്ങനെയൊരാൾ തിരക്കഥയെഴുതുന്നതിന്റെ തീവ്രത സിനിമയ്ക്കുണ്ട്. മധുപാലിന്റെ ആദ്യചിത്രമായ തലപ്പാവ്  കൈകാര്യം ചെയ്‌ത  എഴുപതുകളിലെ  പോലീസ്  സാഹചര്യങ്ങൾ 2018 ലും വലിയ വ്യത്യാസമില്ലാതെ പലയിടങ്ങളിലും നിലനിൽക്കുന്നു എന്നതൊരു വസ്‌തുതയാണ്. അതിന്റെ ഇരകളായിരുന്നു ബാബുവും വിനായകനും ഉദയകുമാറുമൊക്കെ. തലപ്പാവിന് ശേഷം മധുപാൽ സംവിധാനം ചെയ്‌ത പെർഫെക്റ്റ് സിനിമയായിരുന്നു ഒഴിമുറി. അന്ന് നാലിലോ അഞ്ചിലോ പഠിക്കുന്ന ഉത്തര എല്ലാ ദിവസവും തുടർച്ചയായി ‘ഒഴിമുറി’ മാത്രം കണ്ടു കൊണ്ടിരുന്നതോർക്കുന്നു. ഞാനും എത്രയോ വട്ടം ആ സിനിമ കണ്ടു. അവിടെ നിന്ന് വർഷങ്ങൾ കഴിഞ്ഞ് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെത്തുമ്പോൾ ക്രാഫ്റ്റ് ഒട്ടും കൈമോശം വരാത്ത സംവിധായകനെ കാണാം. പക്ഷെ കച്ചവട സിനിമാലോകം അവശ്യപ്പെടുന്ന കോംപ്രമൈസുകൾക്കു വഴങ്ങേണ്ടി വരുന്ന ഒരു നല്ല സംവിധായകൻ്റെ നിസ്സഹായതയാണ് സിനിമ കണ്ടിറങ്ങിയിയപ്പോൾ കൂടെ പോന്നതെന്ന് ഖേദപൂർവ്വം പറയാതെ വയ്യ. ഒരു മികച്ച തിരക്കഥയൊരുക്കി അതിലേക്ക് ആർക്കോ വേണ്ടി തുണ്ടുകൾ തിരുകിക്കയറ്റേണ്ടി വന്ന ജീവൻ ജോബ് തോമസിന്റെ സംഘർഷവും തിരിച്ചറിയാനാകുന്നു. ആ തുണ്ടുമസാലകൾ വെട്ടി നീക്കി മനസ്സിൽ വീണ്ടും എഡിറ്റ് ചെയ്‌ത സിനിമയാണ്  എനിക്കിഷ്‌ടപ്പെട്ട ‘ഒരു കുപ്രസിദ്ധ പയ്യൻ’.

വിരണ്ടോടിയ ഒരു പോത്തിനെ പൊരുതിത്തോൽപ്പിച്ചാണ്  പരമസാധുവായ  നായകൻ അജയൻ്റെ എൻട്രി! സിനിമയുടെ രണ്ടാം പകുതിയിൽ  നിമിഷ സജയൻ്റെ  ഉഗ്രൻ പ്രകടനവും വിചാരണയുമായി സിനിമ മുന്നോട്ടു പോകുമ്പോഴാണ്  ജയിലിനകത്ത് ടോവിനോയുടെ സ്റ്റണ്ട് സീൻ തിരുകിക്കയറ്റിയത്! (നൂറ് സിനിമകളിലെങ്കിലും നമ്മൾ കണ്ട അതേ വാട്ടർ ടാങ്ക്, കുളിസീൻ, ഇരുമ്പു ബക്കറ്റ്, വെള്ളത്തിൽ തലമുക്കൽ..!!) ഒരു നല്ല സിനിമയെ ഇല്ലാതാക്കാൻ ഒരൊറ്റ സീൻ മതിയെന്ന് നിർമ്മാതാക്കളെ ആര് ബോധ്യപ്പെടുത്തും? പുലിമുരുകനും ഒഴിമുറിയും രണ്ടു സിനിമകളാണ്. പുലിമുരുകന്റെ ബിറ്റ് ഒഴിമുറിയിലിട്ട് കൊമേഴ്സ്യലാക്കാമെന്നോ ഒഴിമുറിയുടെ കഷണം  പുലിമുരുകനിലിട്ട് ക്ലാസിക് ആക്കാമെന്നോ കരുതുന്നത് എന്തൊരു മണ്ടത്തരമാണ്! പക്കാ കച്ചവട സിനിമ ആഗ്രഹിക്കുന്നവർ പോലും സിനിമയിലെ ഇത്തരം  രംഗങ്ങളെ ഇഷ്‌ടപ്പെടുമെന്ന് തോന്നുന്നില്ല. പ്രേക്ഷകരെ വിലകുറച്ചു കാണുന്നത് കച്ചവടസിനിമാക്കാരുടെ സ്ഥിരം രീതിയാണ്.

ശക്‌തരായ സ്‌ത്രീകളാണ് മധുപാൽ സിനിമകളിലെ നായികമാർ. ധന്യാമേരി വർഗീസ്, ശ്വേതാ മേനോൻ, റീജ എന്നിവരുടെയൊക്കെ മികച്ച വേഷങ്ങൾ മധുപാൽ സിനിമകളിൽ കണ്ടു. ധന്യാമേരിയുടെ സാറാമ്മ മനസ്സിലേൽപ്പിച്ച മുറിവിൽ നിന്ന് ഇപ്പോഴും ചോര പൊടിയാറുണ്ട് ഓർക്കുമ്പോഴൊക്കെ. നിമിഷ സജയനാണ് കുപ്രസിദ്ധ പയ്യനിലെ ഏറ്റവും മികച്ച അഭിനേതാവ്.  മുൻപൊരിക്കൽ കോഴിക്കോട് ജില്ലാ കോടതിയുടെ വരാന്തയിൽ സരിതവക്കീലിൻ്റെ കൂട്ടുകാരി ആദ്യമായി കേസ് വാദിക്കാൻ കയറുന്നതിനു മുൻപ് കാണിച്ച പരിഭ്രമങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. നിമിഷയുടെ ‘ഹന്ന’ അവിടെ നിന്ന് തുടങ്ങുന്നു. ഒരിടത്തുപോലും പാളിപ്പോകാതെ ഹന്നയെ വിദഗ്‌ധമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകനും അഭിനേത്രിയും ചേർന്ന്.  ശരണ്യയുടെ ചെമ്പമ്മാൾ കരുത്തുള്ള പെൺകഥാപാത്രമാണ്. ഒരിക്കലും നശിക്കാത്ത പ്രണയം, ജീവിതം, ജാതി, ഫെമിനിസം തുടങ്ങിയ പലതും ആ കഥാപാത്രത്തിലൂടെ പറയുന്നുണ്ട്. എന്നാൽ അനു സിതാരയുടെ ജലജ പൂർണമായും ഒരു ക്ളീഷേ കാമുകിയാണ്. ഈ സിനിമയിൽ അധികപ്പറ്റായി നിൽക്കുന്ന കഥാപാത്രം. അറുബോറായ  സ്വീക്വൻസായിരുന്നു കോടതി രംഗത്ത് ശ്വേതാ മേനോന്റെ ഡോക്റ്റർ അപ്പിയറൻസ്. ഉണ്ണിമായ  ജൂനിയർ വക്കീലിന്റെ കുപ്പായമിട്ട്  ചെറിയ നോട്ടങ്ങളും ചിരികളും കൊണ്ട് മനസ്സിൽ നിൽക്കുന്ന കഥാപാത്രമായി വിസ്‌മയിപ്പിക്കുന്നു – പതിവ് പോലെ.

ടോവിനോ തോമസ് തനിക്ക് കഴിയുന്നത്ര പെർഫോം ചെയ്‌തിട്ടുണ്ട് സിനിമയിൽ. എന്നാൽ അയാളുടെ കഥാപാത്രം അമിതമായി മിനുക്കിയെടുത്തതാണ്. നിഷ്‌കളങ്കൻ എന്ന നിലയുടെ എക്‌സ്‌ട്രീം. എന്നാൽ കൃത്യമായി ജിമ്മിൽ പോയി ബിൽഡ് ചെയ്‌ത സിക്‌സ് പാക്ക് ശരീരം ആ വ്യക്‌തിത്വത്തിന് ചേരുന്നുമില്ല. പല സീനുകളിലും അടിവസ്‌ത്രം മാത്രമിട്ട് ആ ശരീരം കാണുമ്പോൾ ഇത് അജയനല്ലെന്നും ടോവിനോ ആണെന്നും ഓർമ്മവരുന്നു. സിനിമ ഒരു വലിയ മാർക്കറ്റിനെ മുന്നിൽ കാണുന്നത് കൊണ്ട് ടോവിനോയുടെ താരമൂല്യം തന്നെയാണ് കഥാപാത്രത്തേക്കാൾ പണം മുടക്കുന്നവർക്ക് വലുത്. വലിയ സങ്കടങ്ങൾ പ്രകടിപ്പിക്കുന്ന രംഗങ്ങളിൽ ചിലതിലെങ്കിലും ‘അഭിനയം’ ഫീൽ ചെയ്യുന്നു. ഹന്നയും അജയനും ആശുപത്രിയിൽ ആദ്യം കാണുന്ന സീൻ ഉദാഹരണം. ടോവിനോയുടെ തരക്കേടില്ലാത്ത പ്രകടനം എന്നേ  അജയനെക്കുറിച്ച് പറയാനുള്ളു.

ജഡ്‌ജിയായി വന്ന ജി. സുരേഷ്‌കുമാർ സ്വാഭാവികതയോടെ മികച്ചു നിന്നു. ‘സുന്ദരക്കുട്ടപ്പ’നും കുടിലനുമായ പ്രോസിക്യൂട്ടറായി നെടുമുടി വേണു പതിവിലും നന്നായി. ‘തൊണ്ടി മുതലി’ലെ ‘ഷേണി പോലീസ് സ്റ്റേഷനി’ൽ നിന്ന് പ്രൊമോഷനായ സിബിയെസ്സൈ (സിബി തോമസ്)  വൈക്കം സി.ഐ ആയി സിനിമയിലുണ്ട്. സുജിത് ശങ്കറിന്റെ ക്രൈം ബ്രാഞ്ച്  ഓഫീസർ പക്കാ സിനിമാറ്റിക് ആയി. ദിലീഷ് പോത്തൻ, സുധീർ കരമന, അലൻസിയർ, സിദ്ധിഖ്, ബാലു വർഗീസ് , അരുൺ, മാലാ പാർവതി, ശ്രീലക്ഷ്‌മി, അരുൺ, ശരത് കോവിലകം, അമൽ രാജ് തുടങ്ങി പ്രശസ്‌തരും അപ്രശസ്‌തരുമായ നിരവധിപേർ കഥാപാത്രങ്ങളായി വന്നു പോകുന്നുണ്ട്. പുതുമുഖങ്ങളുടെ കുഞ്ഞുവേഷങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്.

രാജീവ് കോവിലകത്തിന്റെ കലാസംവിധാനം ഒന്നാംതരമാണ്. വളരെ സ്വാഭാവികമായി, തെറിച്ചു നിൽക്കാത്ത വിധത്തിൽ ഭംഗിയായി നിർവഹിച്ചു പകുതിയിലേറെയും. എന്നാൽ സംവിധായകന്റെ സമീപനം മൂലമാവാം ഒട്ടേറെ സീനുകളിൽ വരുന്ന ക്രൈം ബ്രാഞ്ച് ഓഫീസ് വെറും സിനിമാറ്റിക് ആയിപ്പോയി. ഓഫീസ്  മാത്രമല്ല, ആ സീനുകൾ മുഴുവൻ അസ്വാഭാവികമായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും വിജയിപ്പിച്ച പ്രേക്ഷകരോട് ആക്‌ഷൻ ഹീറോ ബിജുവിനും പുറകിലേക്ക് പോകാൻ പറയുന്നത് ഇങ്ങനെയൊരു സിനിമയെ സംബന്ധിച്ച് ബോറാണ്. പോലീസുദ്യോഗസ്ഥരായ സിബി തോമസും ശരത്തുമൊക്കെ കൂടെയുള്ളപ്പോൾ സംശയനിവൃത്തിക്ക് പോലും പുറത്തുപോവേണ്ടതില്ലല്ലോ. എന്നിട്ടും.. അതുപോലെ തന്നെയാണ് കോടതി രംഗങ്ങളും. ഒഴിമുറിയിൽ അതുല്യ മികവോടെ കോടതി രംഗങ്ങൾ ആവിഷ്ക്കരിച്ച സംവിധായകന്റെ സൂക്ഷ്‌മത എവിടെപ്പോയി?! സെഷൻസ് കേസ് എന്നതിന്റെ ചുരുക്കമാണ് എസ്. സി. എന്നിരിക്കെ ബെഞ്ച് ക്ലർക്ക് പലവട്ടം ‘എസ്. സി. കേസ് നമ്പർ’ എന്ന് വിളിച്ചു പറയുന്നത് ചെറിയൊരുദാഹരണം മാത്രം.  തിരക്കഥയിൽ കോടതി നടപടികൾ  എഴുതുമ്പോൾ  ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കാണിക്കേണ്ടതുണ്ട്.

ഛായാഗ്രാഹകൻ നൗഷാദ് ഷെരീഫിന് ലഭിച്ച ഏറ്റവും മികച്ച അവവസരമാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. അതദ്ദേഹം ഏറ്റവും മികച്ച രീതിയിൽ തന്നെ ഗംഭീരമാക്കിയിരിക്കുന്നു. മലയാളത്തിലെ മികച്ച ഛായാഗ്രാഹകർക്കൊപ്പം ഇനി നൗഷാദ് ഷെരീഫുമുണ്ട്. വി. സാജനാണ് എഡിറ്റർ. ഔസേപ്പച്ചൻ ഈണം നൽകിയ ഹൃദ്യമായ പാട്ടുകളെഴുതിയത് ശ്രീകുമാരൻ തമ്പിയാണ്.

ഈ സിനിമയിൽ ശ്രദ്ധയോടെ നിരീക്ഷിച്ച മറ്റൊരു ഘടകം ചമയമാണ്. ക്യാപ്റ്റൻ എന്ന സിനിമയിലെ  അതിഗംഭീര മേക്ക് അപ്പ്  അന്ന് ശ്രദ്ധിച്ചിരുന്നു.  കഥാപാത്രങ്ങളുടെ സൂക്ഷ്‌മമായ  പ്രായവ്യതിയാനങ്ങൾ മേക്കപ്പിലൂടെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പിന്നെയും പിന്നെയും സിനിമ കണ്ട് നിരീക്ഷിച്ചിരുന്നു. അങ്ങനെ ലിബിൻ മോഹനൻ എന്ന മേക്കപ്പ് ആർടിസ്റ്റിന്റെ അതുല്യ പെർഫോമൻസ് കണ്ടറിഞ്ഞതാണ്.

അതെ, അയാളൊരു ഒന്നാംതരം കലാകാരനാണ്. നിമിഷയുടെ സ്വാഭാവികമായ മൂഡ് വ്യതിയാനങ്ങൾക്കൊപ്പവും ടോവിനോയുടെ മുറിവുണങ്ങുന്നതിനോടൊപ്പവും ചെമ്പമ്മാളുടെ ദേഹത്തെ സ്‌പെഷ്യൽ എഫക്റ്റുകളിലും  അയാളുടെ പ്രതിഭ തിളങ്ങുന്നു. ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖങ്ങൾക്ക് പോലും നൽകിയ രൂപമാറ്റവും മലയാളികളെ തനി ബംഗാളികളാക്കിയതും കിടുവാണെന്നു പറയാതെ വയ്യ.

വി. സിനിമാസിന്റെ ബാനറിൽ ടി.എസ്  ഉദയനും എ.എസ് . മനോജുമാണ് നിർമ്മാതാക്കൾ. അവർക്കും സംവിധായകൻ  മധുപാലിനും എഴുത്തുകാരൻ ജീവൻ ജോബ് തോമസിനും അഭിന്ദനങ്ങൾ. പക്ഷേ, കോംപ്രമൈസുകളില്ലാതെ സ്വന്തം സിനിമകൾ ചെയ്യാൻ  മധുപാലിനും ജീവൻ ജോബ് തോമസിനും സാധിച്ചാലേ അവരുടെ സിനിമ മുന്നോട്ടു പോകൂ. വലിയ പ്രതിഭകൾ ചങ്ങലകളിൽ കുടുങ്ങിപ്പോകുന്നത് അങ്ങേയറ്റം സങ്കടകരമാണ്.

– ഉമേഷ് വള്ളിക്കുന്ന്

8 Comments
 1. PJJ Antony 2 years ago

  A near perfect approach to a good cinema from a gifted director Madhupal. Worth reading. Every aspect of the movie is being deliberated. Congratulations to Umesh Vallikkunnu

 2. Sunil 2 years ago

  Super review!

  • Author
   umesh vallikkunnu 2 years ago

   Thank you

 3. Anil 2 years ago

  Good review

  • Author
   umesh vallikkunnu 2 years ago

   സന്തോഷം. thank you

 4. Sreeraj 2 years ago

  Nice review.

  • Author
   umesh vallikkunnu 2 years ago

   Thank you

 5. Reji 2 years ago

  Good note..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account