ജർമ്മനിയിൽ നിന്ന് വന്ന മാത്തുക്കുട്ടി, ഗൾഫിൽ നിന്ന് വന്ന ചന്ദ്രേട്ടൻ, മണ്ണാറത്തൊടി ജയകൃഷ്‌ണൻ എന്നിങ്ങനെ എണ്ണിയാൽ  തീരാത്ത  കഥാപാത്രങ്ങളുടെ അരികും മൂലയും വെട്ടിയൊട്ടിച്ചുണ്ടാക്കിയ ഹരിയേട്ടനും  ഒരു കൂട്ടം  മൂപ്പൻ കടുത്തമാരും കൂടി പ്രേക്ഷകനെ കൊന്നു തിന്നുന്നതാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന പേരിലിറക്കിയ നാലാംകിട സിനിമ.

സൂപ്പർതാരചിത്രങ്ങൾക്ക്  സാറ്റലൈറ്റ് റേറ്റ് വാരിക്കോരി കൊടുക്കിന്നിടത്തോളം കാലം  ഇത്തരം പടങ്ങൾ തട്ടിക്കൂട്ടാൻ ആളുണ്ടാവും. സിനിമകൾ നേരെചൊവ്വേ സംസാരിക്കുകയും ചെറുപ്പക്കാർ പുതിയ വഴികളിലൂടെ സധൈര്യം സൂപ്പർഹിറ്റുകളുണ്ടാക്കുകയും ചെയ്യുന്ന കാലത്താണ്  ഇവർ  പഴകിപുളിച്ച വിഭവങ്ങൾ കുത്തിക്കലക്കി പ്രേക്ഷകരെ   വിഡ്ഢിയാക്കാനിറങ്ങുന്നത് !

സിനിമ തുടങ്ങുന്നത് സണ്ണി വെയ്‌നും അനന്യയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ്. ‘കുട്ടനാടൻ ബ്ലോഗ്’  വായിച്ചു ജീവിക്കുന്ന രണ്ടു വിദേശമലയാളികളാണ് അവർ. ബ്ലോഗ് കുട്ടനാടിനെക്കുറിച്ചാണെന്നു തോന്നുമെങ്കിലും സംഗതി ഗൾഫുകാരനായ ഹരിയേട്ടന്റെ ജീവിതത്തിത്തിൻ്റെ ലൈവ് റിപ്പോർട്ടിങ് ആണ്. ഗൾഫിലിരുന്ന് ഹരിയേട്ടന്റെ കഥ വായിച്ചു വികാരം കൊള്ളുക  എന്നതാണ് മേൽപ്പറഞ്ഞവർക്ക്‌  ഈ സിനിമയിലുള്ള ദൗത്യം.

കൃഷ്‌ണപുരം എന്ന കുട്ടനാടൻ ഗ്രാമത്തിലാകട്ടെ മണ്ടന്മാർ മാത്രമേയുള്ളു. മൂപ്പൻ കടുത്തമാരായ ശിങ്കിടിപ്പയ്യന്മാരുടെ പെരും തള്ളും പഞ്ചായത്തു പ്രസിഡണ്ടിന്റെ (ലാലു അലക്‌സ്)  നേതൃത്വത്തിൽ എതിർ പക്ഷത്ത്   എന്നമട്ടിലുള്ള തള്ളും സഹിച്ചിരിക്കുന്ന പ്രേക്ഷകന്റെ മുൻപിലേക്ക് പതിവ് പോലെ കിടിലൻ കാറിൽ മമ്മൂക്ക വന്നിറങ്ങുന്നു. (എന്നാൽ തൊട്ടു മുൻപേ ഹരിയേട്ടന്റെ ഫ്‌ളെക്‌സ് ഉയർത്തിക്കാണിച്ച് ഒരു വെറൈറ്റി എൻട്രി സംവിധായകൻ സ്വന്തം കയ്യീന്നിട്ടിട്ടുണ്ട്. സമ്മതിക്കണം!)

പിന്നെയങ്ങോട്ട് നന്മകളുടെ പെരുമഴയാണ്. ഓരോ നന്മയും വെറും നന്മയല്ല ഗംഭീര നന്മ തന്നെയാണെന്ന്  ഹരിയേട്ടന്റെ സ്വന്തം ഡയലോഗുകളിലൂടെയും മൂപ്പൻ കടുത്തകളിലൂടെയും വേണ്ടത്ര ബൂസ്റ്റ് ചെയ്‌ത്‌ പ്രേക്ഷകരെ  ബോധ്യപ്പെടുത്തുന്നുണ്ട് തിരക്കഥാകാരൻ കൂടിയായ സംവിധായകൻ സേതു. എന്നാൽ നന്മ മാത്രം പോരല്ലോ ഹീറോയിസത്തിന്. പ്രത്യേകിച്ച് മുൻകാല നന്മക്കാരിൽ നിന്ന് വ്യത്യസ്‌തനായി ഈ ഹരിയേട്ടൻ ലക്ഷങ്ങൾ വാരിയെറിയാൻ മടിക്കാത്ത പാവം കോടീശ്വരൻ കൂടിയാകുമ്പോൾ. പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ ഹരിയേട്ടനെ ആരാധിക്കുകയോ, കൊതിക്കുകയോ ആ പൗരുഷത്തിനു മുൻപിൽ കുഴഞ്ഞാടുകയോ ചെയ്യട്ടെ എന്നൊരു വരം കൂടി കൊടുക്കുന്നു തിരക്കഥാകൃത്ത്! അങ്ങനെയായാൽപ്പോര, അത് പ്രേക്ഷകന് കണ്ടു മനസ്സിലായില്ലെങ്കിൽ പറഞ്ഞു കൊടുക്കാൻ ശിങ്കിടികളുടെ വായിൽ അൺലിമിറ്റഡ്  ഡയലോഗുകളും നിറച്ചു കൊടുക്കുന്നു സേതു ബ്രോ. ഇത്രയൊക്കെയുണ്ടെങ്കിലും ‘ഇതൊക്കെയെന്ത്’ എന്ന് ലാൽ ഫാൻസുകാർ കളിയാക്കാനിടയുള്ളതുകൊണ്ടു  മന്ദബുദ്ധികളാണെന്ന് പറയിപ്പിക്കാൻ മത്‌സരിക്കുന്ന  ശിങ്കിടികളെയും കൂട്ടി  മണ്ണാറത്തൊടി മോഡലിൽ എറണാകുളത്തേക്കു പോക്കുണ്ട് ഹരിയേട്ടന്.  ബൈക്കോട്ടക്കാരനും ന്യൂ ജെൻ ചങ്ക്‌സിന്റെ മുത്തുമാലയുമായ വെറൈറ്റി ഹരിയേട്ടനെ കണ്ടു കണ്ണ് തള്ളിയ കൃഷ്‌ണപുരം പിള്ളേർ സകലകലാവല്ലഭപ്പട്ടം  കൊടുത്ത് ആദരിക്കാതിരുക്കന്നതെങ്ങിനെ?! നാട്ടിൻപുറത്തെ പെണ്ണുങ്ങൾ  മാത്രമല്ല  നഗരത്തിലെ പരിഷ്‌കാരിപ്പെണ്ണുങ്ങളും ഹരിയേട്ടന്റെ  ടീമിലുണ്ടെന്നറിഞ്ഞ് അസൂയകൊണ്ട്  രോമാഞ്ച കഞ്ചുകമണിയുന്നു പിള്ളേർ!

അതൊക്കെ ഒരു വഴിക്കു പോകും. ലാലേട്ടൻ മോഡലിൽ ഇത്തിരി കുട്ടിക്കുറുമ്പൊക്കെ  കൊടുത്താൽ വെറൈറ്റി കൂടിക്കൂടി പ്രേക്ഷകർക്ക് ഹരാവും എന്നും സംവിധായകന് തോന്നാതിരുന്നില്ല.  അങ്ങനെയാണ്  കാമുകനെ കിടപ്പറയിൽ കയറ്റിവിട്ടു നാട്ടുകാരെകൂട്ടി കല്യാണം നടത്തൽ, ആങ്ങളയുടെ മുൻപിൽ ചെന്ന്  പ്രേമ സാഫല്യം നേടിക്കൊടുക്കൽ, പിള്ളേർക്ക് തുണ്ടുപടം  വിറ്റവനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊടുക്കൽ തുടങ്ങിയ കലാപരിപാടികളൊക്കെ  ഹരിയേട്ടന് ഹരമാവുന്നത്. കുറ്റം പറയരുതല്ലോ – ആ തുണ്ടുപടം വകയിൽ സ്ഥലത്തെ വനിതാ എസ്. ഐ വരെ ഹരിയേട്ടന്റെ പോക്കറ്റിലായി!

അങ്ങനെയിരിക്കുമ്പോഴാണ് ഒൻപതാം ക്ലാസിലെ കാമുകിയുടെ വരവും മറ്റൊരു നായികയുടെ അവിഹിത ഗർഭവും ഇടവേളയും! പിന്നെ ട്വിസ്റ്റോടു ട്വിസ്റ്റാണ്. അതൊക്കെ കണ്ടാസ്വദിക്കാനുള്ള, അനുഭവിച്ചറിയാനുള്ള   പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ധാരാളം സീറ്റുകളുണ്ട്. യുവനടൻ്റെ  പടത്തിനെപ്പോലെ ക്യൂവിൽ നിന്ന് വിയർത്തു കാണേണ്ട ദുരവസ്ഥയൊന്നും മെഗാ സ്റ്റാർ മമ്മൂക്കയുടെ പടം കാണാൻ വരുന്നവർക്കുണ്ടാകില്ല. ഇത്തിരി വൈകിയെത്തിയാലും കൈരളിയിലൊക്കെ നിങ്ങൾക്കുള്ള ടിക്കറ്റ്  ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. നിങ്ങൾക്കുള്ള സീറ്റ് ആർക്കും കൊടുക്കാതെ ഒഴിച്ചിട്ടിട്ടുണ്ടാവും.

(ഒന്നാം ദിവസം കോഴിക്കോട് കൈരളിയിൽ ഒരു കുട്ടനാടൻ ബ്ലോഗ് സെക്കന്റ് ഷോ  കണ്ട പ്രേക്ഷകരാണ് താരങ്ങൾ. എന്തൊരു അച്ചടക്കമായിരുന്നുവെന്നോ! തിരശീലയിൽ മമ്മൂട്ടിയും സംഘവും തമാശകൾ തകർത്തിട്ടും കാണികൾ മൊത്തത്തിലൊന്നു ഇളകിച്ചിരിച്ചത് നെടുമുടിവേണു പാട്ടുപാടി വരുന്ന സീനിൽ മാത്രം. സിനിമ തീരും വരെ നിശ്ശബ്‌ദരായിരുന്ന്, ഒടുവിൽ ‘കുട്ടനാടൻ ബ്ലോഗ് ഇനിയും തുടരു’മെന്നെഴുതിക്കാണിച്ചപ്പോൾ മാത്രം പകുതിയോളം പേരും ഒരേ സ്വരത്തിൽ കൂവി അഭിപ്രായമറിയിച്ചതും പട്ടാള ചിട്ടയോടെയായിരുന്നു. കൊടുക്കാം അവർക്കൊരു പട്ടാള സല്യൂട്ട്).

– ഉമേഷ് വള്ളിക്കുന്ന്

3 Comments
  1. Sunil 2 years ago

    ഹീറോയിസത്തിന്റെ കോപ്രായത്തരങ്ങൾ! നല്ല റിവ്യൂ.

  2. Thomas Jacob 2 years ago

    A true review!

  3. Anil 2 years ago

    Good review

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account