എന്നിലേക്ക്
നിന്നാഴങ്ങളിൽ പുകയുന്ന
ധൂപസുഗന്ധങ്ങൾ
ചാർത്തുമ്പോൾ മാത്രമാണ്
ജീവന്റെ ജാലകങ്ങൾ
തനിയെ തുറക്കുന്നത്,
ഒന്നിച്ച്‌ നിലച്ചു പോയ
ശ്വാസവും, ഹൃദയവും
താനേ മിടിച്ചു തുടങ്ങുന്നത്,
ചലനമറ്റ  വിരലുകൾ
ഇരുണ്ട മൂലയിൽ മാറ്റിവെച്ച
പിയാനോയുടെ മടിയിലെ
കറുപ്പിനെയും, വെളുപ്പിനെയും
ആർദ്രമായി ലാളിക്കുന്നത്,
ഹാ! അപ്പോൾ പൊഴിയുന്ന
മധുരസ്വരത്തിൽ
ജീവതന്തുക്കളാകെ
ഉയിർത്തെഴുന്നേൽക്കുന്നത്,
കൂടുകളെല്ലാം വാതിൽ തുറന്ന്
നൃത്തമാടുന്നത്,
പുഴകളിൽ തിരകളുയരുന്നത്,
നിലാവ് മല്ലികയായടരുന്നത്,
ധരയാകവേ പൂപ്പട്ടു ചുറ്റുന്നത്,
മലകളെല്ലാം കൽക്കണ്ടമാവുന്നത്,
മതിലുകളെല്ലാം
മയിൽപ്പീലിയാവുന്നത്,
പീലികളെല്ലാം പറവകളാവുന്നത്,
പറവകളെല്ലാം മേഘങ്ങളാകുന്നത്,
മേഘങ്ങളെല്ലാം താരകങ്ങളാവുന്നത്,
താരകങ്ങളെല്ലാം എന്റെ
ഹൃദയത്തുണ്ടുകളാകുന്നത്‌,
അത്തുണ്ടുകളെല്ലാം മിന്നുന്ന
തുമ്പികളാകുന്നത്,
വാനമാകെ തിളങ്ങുന്നത്…
വേഗമാവട്ടെ,
ഇത്തണുപ്പിലിരുട്ടിൽ
ഏറെനേരമായി…
കത്തിയെടുത്ത്, കീറിമുറിച്ച്
പ്രേതശുശ്രൂഷയ്ക്കായി
അവരണയും മുൻപേ
മിനുമിനിപ്പിന്റെ രസച്ചരടിൽ
ഊയലാടി ഞാൻ
അപ്രത്യക്ഷയാകട്ടെ!

– സുനിത ഗണേഷ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account