ചില പൂക്കൾ ഒരിക്കലും വാടുകയില്ല. അത്തരമൊരു പൂവിനെ 111 വർഷങ്ങൾക്ക് മുൻപ് വീഴാതെ എടുത്തുയർത്തിയ കരങ്ങളെക്കുറിച്ചാണിത്.

കുമാരനാശാന്റെ വീണപൂവ് 1907 ൽ മിതവാദിയിലാണ് അച്ചടിച്ചുവന്നത്. എന്തുകൊണ്ടോ അന്നത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അക്കാര്യത്തിൽ ആശാനേക്കാൾ ആകുലപ്പെട്ടത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്.

എഴുതിയ സമയത്ത് ആശാൻ ചൊല്ലിക്കേൾപ്പിച്ചതാണ്. പോറ്റിയത് പകർത്തിയെഴുതി വയ്ക്കുകയും ചെയ്‌തിരുന്നു. അതൊക്കെ അന്നത്തെ ചില പതിവുകളാണല്ലോ.  കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുമായും പോറ്റി വലിയ കൂട്ടാണ്. ആ വഴിക്ക് വീണപൂവ് വീണ്ടും അടുത്ത വർഷം പോറ്റി ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിപ്പിച്ചു. മറവിയിലേക്ക് വീണുപോകാമായിരുന്ന ഒരു പൂവ് അതോടെ അധികതുംഗപദത്തിൽ ശോഭിക്കുന്ന രാജ്ഞിയെക്കണക്കെ ഉയരങ്ങളിലേക്കെത്തി. മലയാളമുള്ളിടത്തോളം മായാത്ത കവിതാ അനുഭവമാണ് അതോടെ മലയാളിക്ക് ലഭിച്ചത്.

സൗഹൃദങ്ങളുടെ സൗരഭ്യമാണ് വീണപൂവിന് ഇന്നുമുള്ളത്. നല്ല സൗഹൃദങ്ങൾക്കും വ്യക്‌തി ബന്ധങ്ങൾക്കും വിലങ്ങു തടിയായി സമൂഹം നിൽക്കുന്ന അവസ്ഥയും ഇവരുടെതന്നെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

വീട്ടിലെ സ്വന്തമാളെന്ന നിലയ്ക്ക് ആശാനുമായുള്ള അടുപ്പത്തിന്റെ പേരിൽ സുബ്രഹ്മണ്യൻ പോറ്റിക്ക് സമുദായം ഊരുവിലക്കും ജാതിഭ്രഷ്ടുമാണ് നൽകിയത്. അമ്മയുടെ ഉദകക്രിയകൾക്ക് പോലും സമുദായാംഗങ്ങൾ കൂടെ നിന്നില്ലയെങ്കിലും അദ്ദേഹത്തിനെയതൊന്നും ബാധിച്ചില്ല. കരുനാഗപ്പള്ളിയിലെ വീട്ടിൽ നടത്തിവന്ന ഇംഗ്ലീഷ് സ്‌കൂളിലെ ജീവനക്കാരും വളരെയടുപ്പമുള്ള ബന്ധുക്കളിൽ ചിലരും കർമ്മങ്ങൾക്കായി അദ്ദേഹത്തിനൊപ്പം നിന്നു. നന്മ മനസുകൾക്ക് ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്തു നിന്ന് അംഗീകാരവും സ്‌നേഹവും കിട്ടാതെ വയ്യല്ലോ. വീട്ടുവളപ്പിൽ അദ്ദേഹം തുടങ്ങിയ ആ സ്‌കൂളാണ് ഇന്നത്തെ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂൾ.

വീണപൂവിനെ കൈവിടാതെ കാത്തുരക്ഷിച്ച സി എസ് സുബ്രഹ്മണ്യൻ പോറ്റി തന്നെയാണ് മലയാളത്തിലെ ആദ്യ വിലാപകാവ്യത്തിന്റെ കർത്താവും. ആദ്യപുത്രിയെ കൊതി തീരെ കാണും മുൻപേ മരണം കൂട്ടിക്കൊണ്ടു പോയതിൽ മനസു തളർന്ന ഒരച്ഛന്റെ വിലാപമാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ മലയാളത്തിന് ലഭിച്ച ‘ഒരു വിലാപം’ എന്ന കൃതി.

വളരെ ലളിതമായ ഭാഷയിൽ, ഇംഗ്ലീഷ് കവിതകളുടെ രീതി പിൻപറ്റിയുള്ള ആഖ്യാനമാണതിന്റെ രചനാരീതി. ഇതിന്റെ അവതാരികയിൽ രാമവർമ അപ്പൻ തമ്പുരാൻ പറയുന്നത് ‘വളവ്, തിരിവ്, ചുഴി, മലരി, പാറ, കയം, മുതലായ പ്രതിബന്ധങ്ങളൊന്നും കൂടാതെ നിർബാധമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽക്കൂടി, തുഴയാതെ പോകുന്ന തോണിപോലെയാണ് എന്റെ മനസ് ഈ സരസ കൃതിയിൽക്കൂടി സഞ്ചരിച്ചുകൊണ്ടിരുന്നത്’ എന്നാണ്.

‘സുബ്രഹ്മണ്യൻ പോറ്റിയുടെ വിലാപം ശക്‌തിമത്തായ വികാരങ്ങളുടെ കരകവിഞ്ഞൊഴുക്കായിരുന്നു. കൃത്രിമ കൽപ്പനകളുടെ അണക്കെട്ടുകളില്ല; അതാണതിന്റെ പുതുമ… ഭാവത്തിന്റെ ലഘിമ ആയിരുന്നു അതിന്റെ മറ്റൊരു പ്രത്യേകത’ എന്നാണ് ലീലാവതി ടീച്ചർ പറഞ്ഞിരിക്കുന്നത്.

ചില വ്യക്‌തിത്വങ്ങൾ, അവരുടെ സൃഷ്‌ടികൾ ഒക്കെ കാലാനുവർത്തികളാവുന്നത് ആശയങ്ങളുടെ ഉദാത്തതകൊണ്ടാണ്. പ്രത്യേകിച്ചും ആശയപരമായും ജാതിമത ചിന്താ പരമായും പിന്നോട്ട് നടക്കുന്ന ഇക്കാലത്ത്. ഒരു നൂറ്റാണ്ടെങ്കിലും മുൻപ് ജീവിച്ച് എത്രയോ പുരോഗമനപരമായി  ചിന്തിച്ചിരുന്ന മഹാരഥന്മാരെയും അവരുടെ സംഭാവനകളേയും ചിലപ്പോഴെങ്കിലും ഓർത്തെടുക്കേണ്ടത് ഇന്നിന്റെ ആവശ്യവും കൂടെയാണ്. യോഗക്ഷേമസഭയുടെ ആദ്യകാല നേതാക്കളിലൊരാളായ സുബ്രഹ്മണ്യൻ പോറ്റി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വ്യക്‌തമായും വസ്‌തുനിഷ്ഠമായും ശബ്‌ദമുയർത്തിയിരുന്നു. ആ സാമൂഹ്യ പ്രവർത്തകൻ നടന്ന, കുറച്ചു വാക്കുകളിലൊതുക്കാൻ കഴിയാത്ത, അക്ഷരവഴികൾ വളരെ ശ്രദ്ധേയമാണ്.

കുമാരനാശാനോടുണ്ടായിരുന്നത് സ്‌നേഹിതൻ എന്ന ബന്ധമായിരുന്നുവെങ്കിൽ സി.വി.രാമൻപിള്ളയോടത് ഒരേ സമയം ബഹുമാനവും സൗഹൃദവുമായിരുന്നു. സി.വിയുടെ വസതിയായ റോസ് കോർട്ടിലെ സൗഹൃദ സദസുകളിലെ ഒരു സ്ഥിരാംഗമായിരുന്നു സി.എസ്.

ഭാഷാപോഷിണിയുടെ ആദ്യകാല വളർച്ചയിലും സുഹൃത്തും സഹപാഠിയുമായ കണ്ടത്തിൽ വറുഗീസ് മാപ്പിളക്കൊപ്പം സി.എസ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്‌ടികൾ ഏറ്റവുമധികം പ്രകാശിതമായതും ഭാഷാപോഷിണിയിലായിരുന്നു. ചില ലക്കങ്ങളിൽ ഒന്നിലധികം സൃഷ്‌ടികൾ പ്രസിധീകരിച്ചിട്ടുമുണ്ട്.

ഏത് ഭാഷയും ഭാഷാ സാഹിത്യവും വളരുന്നത് അന്യഭാഷകളേയും സാഹിത്യത്തേയും മനസിലാക്കിയും അതിൽ നിന്ന് പലതും  സ്വാംശീകരിച്ചുമാണ്. മലയാളിക്ക് ബംഗാളി സാഹിത്യത്തെ പരിചയപ്പെടുത്തിയതിൽ ബങ്കിം ചന്ദ്ര ചതോപാദ്ധ്യായയുടെ ദുർഗേശ നന്ദിനിയുടെ മലയാളം തർജ്ജമയ്ക്ക്  കാര്യമായ പങ്കുണ്ട്. സുബ്രഹ്മണ്യൻ പോറ്റിയുടേതാണ് ഈ തർജ്ജമ. തർജ്ജമകളും കവിതകളുമടക്കം പതിനേഴോളം കൃതികൾ സി. എസിന്റേതായുണ്ട്.

പുതുചിന്തകൾ യുവതയിലേക്ക് എത്തിക്കുന്നതിനും സാഹിത്യം സാധാരണക്കാരിലേക്കെത്തിക്കുന്നതിനും ഒരു പോലെ കഴിയുന്നത് ഗ്രന്ഥശാലകൾക്കാണെന്ന് സാമൂഹ്യ നേതാവായൊരു സാഹിത്യകാരനേക്കാൾ മറ്റാര് തിരിച്ചറിയാൻ. മഹാത്മജിയുൾപ്പടെയുള്ളവർ അതിഥി പുസ്‌തകത്തിൽ അഭിനന്ദനമറിയിച്ച ചരിത്രം പേറുന്ന ലാലാജി ഗ്രന്ഥശാല കരുനാഗപ്പള്ളിയിൽ സ്ഥാപിച്ചത് സി.എസാണ് .

സ്വജാതിക്കാർ എതിർത്തിട്ടും അരയ സമുദായത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച പോറ്റി, ചെറിയഴീക്കലിൽ ആദ്യത്തെ ഫിഷറീസ് നൈറ്റ് സ്‌കൂൾ സ്ഥാപിക്കുകയുണ്ടായി.1920 കളിൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്‌കൂളിൽ സംഘടിപ്പിച്ച വിദ്യാലയ ദിനാഘോഷത്തിൽ ജാതിമത ഭേദമില്ലാതെ കുട്ടികൾക്ക് ഒരേ പന്തിയിൽ സദ്യ വിളമ്പി. തിരുവിതാംകൂറിൽ വർണ്ണ ഭേദമന്യേ നടത്തയ ആദ്യ സദ്യ ഇതായിരുന്നു.

സ്‌ത്രീ സ്വാതന്ത്ര്യം, സ്‌ത്രീകളുടെ വിദ്യാഭ്യാസം എന്നിവയേക്കുറിച്ചും കാലത്തിനുപരിയായ ചിന്തകളായിരുന്നു സുബ്രഹ്മണ്യൻ പോറ്റിയുടേത്. ‘സ്‌ത്രീജനങ്ങളുടെ കാര്യത്തിലുള്ള നമ്മുടെ അവിവേകവും ഉന്നമനത്തിലുള്ള നമ്മുടെ ഉദാസീനതയും വലിയ ആപത്തുകൾക്കിടയാക്കുമെന്നുള്ളത് നമുക്ക് കണ്ടറിയാനുള്ള കാലമായിക്കഴിഞ്ഞു’. ‘ഭാര്യ ഭർത്താവിന്റെ പകുതി ശരീരമത്രെ. ഇവിടെ ഇടമെന്നും വലമെന്നുമുള്ള വ്യത്യാസമില്ല. ഒരാൾക്ക് വേണ്ടതെന്ന് വിചാരിക്കപ്പെടുന്നവയെല്ലാം മറ്റേ ആൾക്കും ഉണ്ടായെങ്കിലേ പൂർണ്ണതയുള്ളു. ഒന്ന് മറ്റൊന്നിനെ പൂർണമാക്കാനുള്ള സൃഷ്‌ടിയത്രേ. വാസ്‌തവത്തിൽ ഏകത്വത്തിൽ ദ്വിത്വവും ദ്വിത്വത്തിൽ ഏകത്വവും എന്നു പറയുന്നതിന്റെ ഒരു ദൃഷ്ടാന്തമത്രേ ഇത്.’ 1929 ൽ എടക്കുന്നിയിൽ കൂടിയ യോഗക്ഷേമ സഭാ സംസ്ഥാന സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നുള ഉദ്ധരിണികളാണിവ. സ്‌ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ഈ പഴയ അധ്യക്ഷ പ്രസംഗമൊക്കെ ഇന്നത്തെ സാമുദായിക സഭകളെ എത്ര കേൾപ്പിച്ചാൽ മതിയാകും!

സ്വസമുദായത്തിലെ അയിത്താചാരങ്ങളെപ്പറ്റിയും അനാചാരങ്ങളെപ്പറ്റിയും അദ്ദേഹം അന്നവിടെ പറഞ്ഞതും എത്ര കാലാനുവർത്തിയെന്നു നോക്കൂ – ‘ഇതൊന്നും സദാചാരമല്ല. ആചാരാഭാസങ്ങളത്രെ. നിറം പിടിപ്പിച്ച മൗഢ്യങ്ങളത്രെ. പൗരോഹിത്യത്തിന്റെ ഉപജീവനത്തിന് വരുത്തിക്കൂട്ടി ഉറപ്പിച്ചു വച്ചിട്ടുള്ള ദുർവൃത്തികളത്രേ.’  ഈയൊരൊറ്റ പ്രസംഗം മുഴുവൻ വായിച്ചാൽ മതി നമ്മൾക്കെങ്ങനെയുള്ള നേതൃത്വമാണ്, മാറ്റങ്ങളാണ് ഇന്നുമാവശ്യമെന്നറിയാൻ.

ജീവിതത്തിന്റെ അവസാനകാലം വരെയും പ്രവൃത്തി നിരതനായിരുന്ന അദ്ദേഹത്തിന്റെ മരണസമയത്ത് ചാരുകസേരയിലെ എഴുത്തുപലകയിൽ അദ്ദേഹം വിവർത്തനം ചെയ്‌തുകൊണ്ടിരുന്ന എ.എസ്.പി അയ്യരുടെ ‘ശ്രീകൃഷ്‌ണൻ’ എന്ന പുസ്‌തകത്തിന്റെ കയ്യെഴുത്തുപ്രതിയുണ്ടായിരുന്നു. അതിൽ നിന്ന് അദ്ദേഹം അവസാനമായി തർജ്ജമ ചെയ്‌ത വരികൾ ‘സംസാരസാഗരം നീന്തിക്കഴിഞ്ഞു. ഇനി വേഗമാകട്ടെ, പുറപ്പെടാം’ എന്നതായിരുന്നു. അതികായൻമാർ അരങ്ങൊഴിയുന്നതും അന്തസ്സോടെ ആയിരിക്കുമല്ലോ!!

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account