ഓരോ ദേശവും സ്വയം ഓരോ ഇതിഹാസങ്ങളാണ്. അനവധി കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായ ബഹുതല വ്യാപിയായ സാംസ്‌കാരിക ഏകകങ്ങളാണ് ഓരോ നാടും. അതുകൊണ്ടുതന്നെ അത്തരം കഥകളുടെ ആഖ്യാനങ്ങളിൽ ദേശ ജീവിതങ്ങളുടെ ഒച്ചയനക്കങ്ങൾ ഉണ്ടാവാതെ വയ്യ. പുറം ലോകത്തിന് അത്ര ഗ്രാഹ്യമില്ലാത്ത നിഗൂഡ ജീവിതങ്ങളെ അഭിസംബോധന ചെയ്യുന്ന അത്തരം ആഖ്യാനങ്ങൾ അതിനാൽ കാലാതിവർത്തികളാവുന്നു. അപ്രകാരം കാലത്തെ അതിജീവിച്ച കൃതിയാണ് പി.കണ്ണൻകുട്ടിയുടെ ഒടിയൻ എന്ന നോവൽ.

ഒടിയൻ ഒരേ സമയം പല വായനകൾ ആവശ്യപ്പെടുന്നുണ്ട്. അത് ഒരു ദേശത്തിന്റെ വൈവിധ്യമാർന്ന സംസ്‌കൃതിയുടെ ഇഴയടുപ്പങ്ങളെ വിശകലനം ചെയ്യുന്നു. അരികുവൽക്കരിക്കപ്പെട്ട അപര ജീവിതങ്ങളുടെ വേവലാതികളെ കണ്ടെടുക്കാൻ ശ്രമിക്കുന്നു. ദേശക്കാഴ്ച്ചകളുടെ പനോരമ രൂപപ്പെടുത്തുന്ന വൈദഗ്ദ്യവും ഒടിയൻ പ്രകടിപ്പിക്കുന്നു. ഒ.വി. വിജയനു ശേഷം വേറെയാരും  പാലക്കാടിന്റെ  പ്രാദേശിക മലയാളം ആഖ്യാന ഭാഷയായി ഉപയോഗിക്കുന്നതിൽ കണ്ണൻകുട്ടിയോളം വിജയിച്ചിട്ടില്ല എന്നു കൂടി പറയുമ്പോഴേ ഒടിയന്റെ അനന്യത പൂർണമാവൂ.

പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമമായ പരുത്തിപ്പുളളിയാണ് നോവലിലെ ദേശം. ജാതി വ്യവസ്ഥയുടെ ഭാഗമായ വിവിധ ജാതിത്തറകളിലാണ് ഇവിടെ ആൾക്കാർ പാർക്കുന്നത്. ആധുനിക കാലത്തും ഈ ജാതിത്തറകൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല – ജാതി ദുർബലമായെങ്കിലും ഓരോ സമുദായവും അവരവരുടെ തറകളിൽ തന്നെ താമസിക്കുന്ന വ്യവസ്ഥ പാലക്കാടൻ ഗ്രാമങ്ങളിൽ ഇപ്പോഴുമുണ്ട്. ഒരു ജന്മിയും അതിനു ചുറ്റും പുലരുന്ന നിരവധി ആശ്രിതരും അടങ്ങുന്ന സാമൂഹ്യക്രമം ഇല്ലാതായെങ്കിലും.

ഒടിവിദ്യ സത്യമുള്ളതാണ്. അത് സ്വന്തം പക തീർക്കാനോ നേട്ടങ്ങളുണ്ടാക്കാനോ ഉപയോഗിച്ചു കൂടാ.  തലമുറകളിലൂടെ കൈമാറ്റം ചെയ്‌തുപോകുന്ന പവിത്രമായ ഒരു വിജ്ഞാനമാണ് ഒടിവിദ്യ. ദേശത്തെ അവസാനത്തെ ഒടിയനായ കരിമാണ്ടി, ചെത്തുകാരൻ കുപ്പേലൻ കരിമ്പന മുകളിൽ ചെത്തിവച്ച കള്ള് കക്കാൻ കയറുകയും പനയിൽ നിന്ന് വീണ് എല്ലുകൾ നിറച്ച് അയച്ചുകെട്ടിയ  ഒരു ചാക്കു പോലായിത്തീരുകയും ചെയ്യുന്നിടത്താണ് ഒടിയൻ തുടങ്ങുന്നത്.  കാലം പഴയതാണ്. അയിത്ത ശങ്കയാൽ ആരും കരിമാണ്ടിയെ എടുക്കാൻ തയ്യാറായില്ല. പിന്നെ കുപ്പേലൻ തന്നെ കരിമാണ്ടിയെ ചുമന്ന് കോട്ടായി ഗവണ്മെന്റ് ആസ്‌പത്രിയിലെത്തിച്ചു. ചികിത്സയൊന്നും ഫലിച്ചില്ല. കരിമാണ്ടി മരിച്ചതുമില്ല.

ദേശത്ത് ഒടിയൻ കെട്ടാനുള്ള അവകാശമുള്ള ചെപ്പന്റെ പരമ്പരയിലെ ഏഴാമത്തെ കണ്ണിയാണ് കരിമാണ്ടി.  പരുത്തിപ്പുള്ളിയുടെ രക്ഷകയായ ഭഗവതിയെ ഒരു നമ്പൂതിരി തന്റെ മന്ത്ര സിദ്ധിയാൽ ചൊൽപ്പടിക്കു നിർത്തി മന്ത്രവാദവും ബാധ ഒഴിപ്പിക്കലുമൊക്കെ നടത്തുന്ന കാലം. ഒരു രാത്രി കർമം കഴിഞ്ഞു വരുമ്പോൾ വഴിയിൽ ചെപ്പനിരുന്ന് ഒരു ശിലയെ പൂജിക്കുന്നത് കണ്ട ഭഗവതി ചെപ്പന് പ്രത്യക്ഷപ്പെടുകയും തറയുടെ പരദേവതയാവുകയും ചെയ്‌തു. ക്ഷുഭിതനായ നമ്പൂതിരി ചെപ്പനെയും ഭഗവതിയെയും ശപിക്കുകയും സ്വയം മൃത്യു വരിക്കുകയും ചെയ്‌തു. നമ്പൂതിരിയുടെ ശാപം 156 വർഷങ്ങൾ കൊണ്ടാണ് ചുറ്റെത്തിയത്. അങ്ങനെ ശാപം പൂർത്തിയാവാനുള്ള അവസാനത്തെ ആൺതരിയാണ് ഇപ്പോൾ പറക്കാടത്തിയുടെ പള്ളേലുള്ളത്.

ചാതുർവർണ്യത്തിനു പുറത്തുള്ള സമൂഹങ്ങളുടെ ദൈവ സങ്കൽപങ്ങൾ മിക്കപ്പോഴും മനുഷ്യപ്രകൃതിയോട് തദാത്മ്യം പ്രാപിക്കുന്നതായിരുന്നു. പ്രണയം, കാമം, പക, സഹതാപം തുടങ്ങി മനുഷ്യസഹജമായ എല്ലാ വൈകാരിക ഭാവങ്ങളും ദൈവങ്ങൾക്കും സിദ്ധിച്ചിരുന്നു. മനുഷ്യനും ദൈവങ്ങളും ഒരേ ജീവിതം പങ്കുവച്ചിരുന്നതുകൊണ്ടാണ് മദ്യവും മാംസവും ഉൾപ്പെടുന്ന പൂജാദ്രവ്യങ്ങളും അസഭ്യങ്ങളും പുലയാട്ടും ഉൾപ്പെടുന്ന മന്ത്രങ്ങളും ഉണ്ടായത്. അതു കൊണ്ടു തന്നെയാണ് ആഗ്രഹ സാഫല്യം ലഭിക്കാത്ത ഒരടിയാളന് ദേവിയെ പുലഭ്യം പറയാനുള്ള സ്വാതന്ത്ര്യമുണ്ടാകുന്നത്. ബ്രാഹ്മണ ദൈവങ്ങൾ കൈയേറുന്നതിനു മുമ്പേ എല്ലാ ദ്രാവിഡ ദൈവങ്ങളും അത്രമേൽ സ്വതന്ത്രരുമായിരുന്നല്ലോ..

ഭരണി നാളിലാണ് പറക്കാളി ഉറയുക. അന്ന് കാവിൽ വരുന്നവർക്ക് കൽപന കിട്ടും. തറയിൽ പരസ്പ്പരം ഉപദ്രവിക്കുന്നവരെ താക്കീത് ചെയ്യും. മദ്യപിച്ച് വന്ന് ഭാര്യയെ മർദ്ദിക്കുന്നവർക്ക് തെറി കേൾക്കും. അമ്മായിയമ്മമാരോട് എന്റെ മകളെ സങ്കടപ്പെടുത്തിയാൽ നിന്നെ ഞാൻ മുടിച്ചു കളയുമെന്ന് ആക്രോശിക്കും. അങ്ങനെയുള്ള ദേവിക്ക് കാർത്തിക നാൾ മുതൽ തീണ്ടാരിയാണ്. മണ്ണാൻ ചങ്കുവിനാണ് മാറ്റ് കൊണ്ടു വരാനുള്ള ചുമതല. ചങ്കു മാറ്റ് നടക്കൽ വച്ച് തിരിഞ്ഞു നോക്കാതെ നടന്നു പോകും. പിറ്റേന്ന് പുതിയ മാറ്റ് കൊണ്ടു വരുമ്പോൾ തീണ്ടാരിക്കറ പിടിച്ച പഴയത് നടക്കൽ ചുരുട്ടി വച്ചിട്ടുണ്ടാവും. ഒരിക്കൽ ചങ്കുവിനൊരു പൂതി . ദേവിയെ ഒന്നു കാണണമെന്ന്. നിർബന്ധിച്ച് ദേവീദർശനം സാധ്യമായ അയാൾ പകരം കൊടുക്കേണ്ടി വന്നത് തലമുറകളുടെ വലതു കണ്ണിന്റെ കാഴ്ച്ചയായിരുന്നു. മിത്തും യാഥാർഷ്യവും ഫാന്റസിയും കൂടിക്കുഴഞ്ഞ് അത്രമേൽ സങ്കീർണമായിരുന്ന, അതേ സമയം തന്നെ പ്രായോഗികമായി വളരെ ലളിതവുമായിരുന്ന ജീവിതങ്ങളെ സമഗ്രമായി ആവിഷ്ക്കരിക്കുവാൻ നോവലിന് സാധിക്കുന്നു.

ഒടിമരുന്നുണ്ടാക്കാൻ 5 മാസം പ്രായമുള്ള ഗർഭത്തിലെ കരു വേണം. കരിമാണ്ടി തന്റെ ആദ്യത്തെ നാലു മക്കളേയും അഞ്ചാം മാസത്തിൽ പറക്കാടത്തിയുടെ ഗർഭത്തിൽ നിന്ന് ഇളക്കിയെടുത്ത് ഒടിമരുന്നുണ്ടാക്കി. അഞ്ചാമത്തെ ഗർഭത്തെ കരുവാക്കി എടുക്കുന്നതിനു മുമ്പേ കരിമാണ്ടി പനമുകളിൽ നിന്ന് വീണതിനാൽ മാത്രം അവൻ – വെളളമായൻ – ജനിക്കുകയാണ്. വെള്ളമായൻ മരണമടുത്ത വീടുകൾ നേരത്തെ തിരിച്ചറിയുവാൻ ശേഷിയുള്ളവൻ. മരണം പ്രവചിക്കുന്നതിനോളം വെറുക്കപ്പെട്ടതും ഭീതിദമായതും മറ്റെന്തുണ്ട്. പട്ടിണിയോടും ദാരിദ്ര്യത്തോടുമൊപ്പം വളരുന്ന വെള്ളമായന്  16 വയസാകുന്നതോടെ കാളി അവനെ സ്വന്തമാക്കുകയും അവൻ അച്ഛന്റെ പാരമ്പര്യമായ ഒടിവിദ്യ പ്രയോഗിച്ചു തുടങ്ങുകയും ചെയ്‌തു.

ജീവിതം എപ്പോഴാണ് പൂർണമാവുക എന്നൊരു ചോദ്യമുണ്ട്. പണ്ടൊക്കെ നൂറ്റിപ്പത്ത് വയസ് കഴിഞ്ഞ് മരിക്കാത്തവരെ നെഞ്ഞനാടീലെക്കെടുക്കുമായിരുന്നത്രേ (നന്നങ്ങാടി). പരുത്തിപ്പളളിയിലെമ്പാടും നന്നങ്ങാടികൾക്കു മേൽ സ്ഥാപിച്ച അടയാളക്കല്ലുകളുണ്ട്. കാലനു വേണ്ടാത്തവരെ മരിച്ചവർക്കു ചെയ്യുന്ന എല്ലാ ചടങ്ങുകളോടെയും ജീവനോടെ കുഴിച്ചിടുന്ന വൈചിത്ര്യത്തേയും ഒടിയൻ ചർച്ച ചെയ്യുന്നുണ്ട്. ജീവിതത്തോടുള്ള മനുഷ്യന്റെ ത്വര എത്ര അഗാധമാണ് എന്ന് നമ്മെ ആശ്ചര്യപ്പെടുത്തുന്നു കുഞ്ഞിക്കാവമ്മ. സുബോധമില്ലാത്ത ഒന്നും തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞിക്കാവമ്മ എന്തിനാണ് ജീവിതത്തെ ബലമായി പിടിക്കുന്നത് എന്നതിന് ഉത്തരമേയില്ല.

ഒരു സമൂഹം എങ്ങനെയാണ് സാവധാനം അതിന്റെ പഴമയെ മറികടക്കുന്നതെന്നും അനിവാര്യമായ മാറ്റങ്ങളിലേക്ക് ചുവടു വക്കുന്നത് എന്നും കണ്ണൻകുട്ടി കാണുന്നുണ്ട്‌. കുപ്പേലന്റെ മകൾ രമണി മാലിനിയമ്മയുടെ മകൻ ചന്തനിൽ നിന്നും ഗർഭിണിയാകുന്നു. അക്കാലത്ത് അതൊന്നും അത്ര വലിയ പ്രശ്‌നമല്ലെന്നിരിക്കിലും ചന്തൻ അവളെ വീട്ടിലേക്ക് കുട്ടിക്കൊണ്ടുവരികയും മാലിന്യേമ അവളെ മരുമകളായി സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹം മുഴുവൻ എതിർക്കും എന്നുറപ്പുണ്ടായിട്ടും അവനവൻ ശരികളെ പിന്തുടരാൻ തന്റേടം കാണിക്കുന്ന മാലിന്യേമ നോവലിൽ ബോധപൂർവം സ്ഥാപിക്കപ്പെട്ട ഒരു കഥാപാത്രമാണ്.

മാജിക്കൽ റിയലിസത്തിന്റെ ചില അപൂർവ ചേരുവകളാണ് അറിഞ്ഞോ അറിയാതെയോ കണ്ണൻകുട്ടി ഒടിയനിൽ പ്രയോഗിക്കുന്നത്. വിശ്വാസയോഗ്യമായ യാഥാർഥ്യങ്ങളോടൊപ്പം അതിലേറെ വിശ്വസനീയമായ ഫാന്റസികളെ ചേർത്തുവച്ച് അദ്ദേഹം നമ്മെ ഭ്രമിപ്പിക്കുന്നു. ഒടിയനെന്നത് വെറുമൊരു സങ്കൽപ്പമാണ് എന്ന് തോന്നിത്തുടങ്ങുമ്പോഴാണ് ആട്ടിയിട്ടും പോകാതെ ഒരു പൂച്ച ഇരുട്ടിൽ നിന്ന് അതിന്റെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നമ്മെ നോക്കുക.

ഉച്ചമയക്കത്തിൽ ആഴ്ന്നു പോകുമ്പോഴാണ് അണലിപ്പൂവിന്റെ മദഗന്ധം നാസാരന്ധ്രങ്ങളെ പ്രലോഭിപ്പിക്കുകയും ചുവന്ന പട്ടുടുത്ത കറുത്ത സുന്ദരി സുരതത്തിനു ക്ഷണിക്കുകയും ചെയ്യുക.

അവിശ്വസനീയതയും വിഭ്രാന്തിയും ഇടകലർന്ന സമാനതകളില്ലാത്ത ഒരു ലോകം ഒടിയൻ നമുക്ക് അനുഭവവേദ്യമാക്കുന്നു.

ഒടുവിൽ സ്വന്തം അമ്മയുടെ മരണത്തോടെ പൂച്ചരൂപത്തിൽ നിന്ന് തിരിച്ചു വരാനാവാതെ മായൻ എവിടേക്കോ അപ്രത്യക്ഷനാവുന്നതോടെ നമ്പൂതിരിയുടെ ശാപം ചിറ്റത്തുകയും ചെപ്പന്റെ ആത്മാവ് നാൽക്കാലിജന്മമായി ഒടുങ്ങുകയും ചെയ്‌തു. പിന്നീട് പറക്കാളിയുടെ സേവ ചെയ്യാൻ ആരുമുണ്ടായില്ല. അവൾ ഓരോ തലമുറയിലെ ആണുങ്ങളേയും ചതിക്കുകയായിരുന്നു എന്നാണ് പറക്കാടത്തി അവസാനം പറയുന്നത്. വെള്ളമായൻ പൂച്ചയും അത് തിരിച്ചറിഞ്ഞതു കൊണ്ടാവും അവസാനം കാവിലെ കല്ലിനു മുകളിൽ മലവും മൂത്രവും വിസർജിക്കുന്നത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account