മഴ ഇരമ്പിപ്പാഞ്ഞാണ് എത്തിയത്. കാറ്റ് പെരുങ്കന്‍ തീവണ്ടിപോലെ ചൂളം വിളിച്ചു. ഇടിമുഴക്കങ്ങള്‍ കേട്ടപ്പോള്‍ ആകാശം പൊട്ടിത്തെറിക്കുകയാണെന്നാണ് തോന്നിയത്. കൂറ്റന്‍ മേഘങ്ങള്‍ മാനത്തെമ്പാടും അലറി നടന്നു. ഏവരേയും പേടിപ്പിച്ചുകൊണ്ട് മിന്നല്‍പ്പിണരുകള്‍ ആകാശരേഖകളായി.
മഴയുടെ താണ്ഡവമായിരുന്നു. പേമാരിയുടെ തൊണ്ടകാറല്‍.
ജനാലകള്‍ ശക്തിയോടെ വന്നണഞ്ഞു. വാതിലുകള്‍ നിയന്ത്രണം വിട്ട് ആടിക്കൊണ്ടിരുന്നു. കതകുകുറ്റി ഊരിത്തെറിച്ചു പോയി. ചുവരിലെ ദൈവപടങ്ങളുള്ള കലണ്ടറുകള്‍ കുറ്റിയില്‍ കിടന്നാടി. മഴച്ചാറലുകള് വീട്ടിന്നകത്തേക്ക് എത്തുകയാണ്. മഴയുടെ ശബ്ദം പെരുത്തുപെരുത്തു വരുന്നു.
നിനക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. മഴയുടെ വരവില്‍ നീ അസ്വസ്ഥനായിരുന്നു. കുറച്ചുനേരം നീ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് പതിവുപോലെ കോപിച്ചു.
‘ഇതെന്താ, കാലവര്‍ഷമാണോ? അല്ല, തുലാവര്‍ഷമോ? ഇതേതാ മാസം?’
ഞാനാകട്ടെ മഴയുടെ താണ്ഡവത്തിനൊത്ത് തുള്ളുകയായിരുന്നു, നീയറിയാതെ. ഒന്നും പുറത്തുകാട്ടാതെ. എന്റെയുള്ളിലും മഴപ്പെരുക്കമായിരുന്നു.
‘എന്തൊരു ശല്യമാണിത്?’നീ ക്ഷോഭിച്ചു തുടങ്ങി.
‘ആ ജനാലയും വാതിലും കൊട്ടിയടയ്ക്ക്’ കല്പ്പിച്ചതു നീയാണ്. ഞാന്‍ അനുസരിച്ചു.
ഇപ്പോള്‍ എന്തൊരു ശാന്തതയാണ്. കാറ്റില്ല, മിന്നലില്ല, മഴച്ചാറലില്ല. നീ രാജസിംഹാസനത്തിലെന്നപോലെ ചാരുകസേരയില്‍ വിരാജിക്കുന്നു.
വീട്ടിന്നകത്തെ നിശ്ശബ്ദതയില്‍ നീ രക്ഷാധികാരിയായി കല്‍പ്പനകള്‍ തുടര്‍ന്നു. നിന്റെ ജീവിതത്തിന്റെ കോപ്പിവരയില് തിങ്ങിഞെരുങ്ങിയിരിക്കുന്ന അക്ഷരമായി ഞാന്‍…
എന്റെയുള്ളിലെ മഴയെ ഞാന്‍ തടുത്തു നിര്‍ത്തി. വീട്ടിന്നകത്ത് മൗനം. നിശ്ശബ്ദത. എന്നാല്‍ പുറത്ത് മഴയുടെ ആയിരമായിരം തുറസ്സുകള്‍.
കാലവര്‍ഷത്തിന്റെ, തുലാവര്‍ഷത്തിന്റെ കതകടയ്ക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക?