“ഏതെങ്കിലും ഒരുകാലത്ത് കുഞ്ഞുകുട്ടിപരാധീനതകളും അവരവരുടെ കുടുംബബന്ധങ്ങൾക്കുള്ളിലുമായിത്തീരുമ്പോൾ നിവർത്തികേടിന്റെ പര്യായമായിത്തീരുന്നു എന്നു മനസ്സിലാക്കാതെ, നാളെ പ്രതീക്ഷകൾക്കൊത്തുയരാത്ത കുഞ്ഞുങ്ങൾക്കു മുന്നിൽ കണ്ണുനീരിന്റെയും കടമളുടെയും  ഒരുപിടി നിബന്ധനകൾ നിരത്തുന്നു…”

ആരോ ഉണ്ടാക്കിയ ഒരു നടപ്പാത… കാ‍ടുപിടിച്ച, ഇടതൂർന്ന പച്ചിലയുടെ ഇടയിലൂടെ നടന്നു നടന്ന് എത്തിയാൽ അങ്ങ് പാതിരാമണിലിലെത്താം. കേട്ടുപരിചയമുള്ള പേര്. ആരോ പണ്ട് പാതിരാക്ക് നടന്നെത്തിയപ്പോൾ ഇട്ട പേരുപോലെയുണ്ട്. ചെറിയനിലാവെളിച്ചത്തിൽ കണ്ട മണൽത്തരികളും കൂടെ ചേർന്നു നിൽക്കുന്ന പാതിരാവും… എന്തുമാകട്ടെ നടന്നെത്താൻ ഇനിയും കുറേ ദൂരമുണ്ടെന്നു തോന്നുന്നു. നടത്തങ്ങളെ എന്നും ഞാനെന്റെ ചിന്തകളാൽ കോർത്തിണക്കിയിരുന്നു. മനസ്സിന്റെ വിഹലനൊമ്പരങ്ങളും സന്തോഷങ്ങളും ഏതോവഴി മനസ്സിൽ വന്നുചേരുകയും ചോർന്നൊലിക്കുകയും ചെയ്‌തിരുന്നു.

അന്നും നടത്തത്തിനൊപ്പം എത്തിച്ചേർന്നു ബേക്കർ സ്‌കൂളിന്റെ അലുമ്‌നി ഒത്തുചേരൽ! മറ്റുള്ളവർക്കു മുന്നിൽ ആകെ തമാ‍ശരൂപത്തിൽ പരിണമിക്കപ്പെട്ട ഒരു മീറ്റ്. 1970 ൽ  ഒരുമിച്ചു പഠിച്ചു എന്ന സന്തോഷത്തിൽ  ഓരോ പൊട്ടും പൊടിയും ഓർത്തെടുത്ത എന്റെ മനസ്സിന്റെ വികാരങ്ങളെ എല്ലാവരും അംഗീകരിക്കണം എന്നില്ല എന്നു ഞാൻ  ഓർത്തില്ല. എന്റെ ഫെയ്‌സ്ബുക്കിലെ സമയങ്ങൾ അതിനുമാത്രമായിത്തന്നെ ചിലവിട്ടു. എന്നാൽ ഫെയ്സ്ബുക്ക് ഇന്നും സാധാരണക്കാരനു അന്യമാണ്. വിവരദോഷികൾക്കും പെണ്ണുങ്ങൾക്കും കൌമാരക്കാർക്കും അഴിഞ്ഞാടാനുള്ള ഒരുതട്ടകം എന്നു മുദ്രകുത്തപ്പെട്ടുകഴിഞ്ഞു. എന്തിനും ഏതിനും തെറ്റുകുറ്റങ്ങൾ മാത്രം കാണാറുള്ളവർ കൌമരപ്രായക്കാരായവരെയും അവരുടെ മക്കളുടെ ദൂരെ ദൂരെയുള്ള ബന്ധുക്കാരുടെ കുട്ടികളെ വരെ ‘ഫെയ്‌സ്’ പോയിട്ട് ബുക്കുപോലും പറയാൻ സമ്മതിക്കാറില്ല. ഒറ്റവാക്കിൽ ഉത്തരം എത്തിച്ചേരും. ‘കെട്ടിച്ചുവിടുന്ന വീട്ടുകാർക്കും ഭർത്താവിനും ഇതൊക്കെ ഇഷ്‌ടപ്പെടുമൊ എന്നാർക്കറിയാം!’ പെൺമക്കളെ വളർത്തുന്നതു തന്നെ തല്ലിപ്പഴുപ്പിച്ച്, തടിപ്പിച്ച്, കൊഴുപ്പിച്ച് ഏറ്റവും നല്ല വിലകിട്ടുന്ന ആദ്യത്തെ വിൽ‌പ്പനക്കെത്തുന്ന ആളിനു വിൽക്കാൻ തയ്യാറാക്കുന്ന ഒരു പ്രതീതി. അതിൽ ഫെയ്‌സ്ബുക്ക് ഒരു വലിയ  പ്രതിസന്ധിയായി വഴിമുടക്കുന്നു. ഇവളെങ്ങാനും വല്ലവന്മാരുടെയും  പുറകെ പോയാലൊ? ആ ചിന്തകൾക്ക് ആ നടപ്പാതയിൽ അനുവാദം  നിഷേധിച്ചു.

ഇതിനിടയിൽ എത്തിയ ബിനുവിന്റെ മെസ്സേജ് ഫെയ്‌സ്ബുക്കിൽ നിന്നും തന്നെ ഫോണിൽ എത്തി, ‘ഞാൻ ഇന്നു രാവിലെ കുറച്ചു പേരോടു സംസാരിച്ചിരുന്നു. അവരുടെ പേരുകളും ഫോൺ നമ്പരുകളും തരട്ടെ? നീ വിളിക്കുമൊ?’

ഫോണെടുത്ത്  നേരെ നെറ്റ് വർക്ക് ഓണാക്കി, ഈ നടത്തത്തിനിടയിലും. എന്നിട്ട് ഒറ്റയടിക്ക് കോപ്പി പേസ്റ്റ്.. നേരെ മെസ്സേജ് പേജിലേക്ക്! വീണ്ടും നെറ്റ് വർക്ക് ഓഫ് ചെയ്‌തു. അല്ലെങ്കിൽ നല്ലശമരിയക്കാരനായ എന്റെ ഭർത്താവ്, മാസം ഫോൺബില്ലിന്റെ അക്കങ്ങളുടെ ഭാവമാറ്റത്തിലൂടെ, പിശാചിന്റെ  രൂപത്തിലുടലെടുക്കും. വേണ്ട!. എങ്കിലും മനസ്സിൽ ഒരു സൗഹൃദത്തിന്റെ മൈന കൂകിവിളിച്ചോ.. അതോ, പച്ചിലകൂടെ ഇടയിലെ കരിയിലകൾക്കു മഞ്ഞച്ചുണ്ടുകളുടെ നിറവ്യത്യാസം എന്റെ സ്വപ്‌നചിന്തകൾ ചേർത്തു തുന്നിയതാണോ.. ആവോ!

വീണ്ടും നടത്തത്തിനു സാവകാശം ആയിത്തുടങ്ങി. എല്ലാവർക്കും ചേർത്തയച്ച മെസ്സേജിനു ആരുംതന്നെ  മറുപടി അയക്കില്ല എന്നു തീർത്തും അറിയാമായിരുന്നു. എങ്കിലും പ്രതീ‍ക്ഷ കൈവിടാൻ തയ്യാറല്ലാത്ത എന്റെ മനസ്സ് ആരുടെയും എക്സ്ക്യൂസുകൾക്ക് വിലനൽകിയില്ല. ആരോടു ചോദിച്ചാലും  ഒരേ ഉത്തരം.. പിള്ളാരെല്ലാവരും പ്രായമായി.  കല്യാണപ്രായമായ പെമ്പിള്ളാരും മക്കളും ഒക്കെയുള്ള നമ്മൾ ഫെയ്സ്ബുക്കിൽ കയറി കിന്റർഗാർഡൻ സ്‌കൂളിൽ പഠിച്ച സഹപാഠികളുമായി സൌഹൃദസംഭാഷണത്തിലേർപ്പെടാൻ എല്ലാവർക്കും ചമ്മലും നാണവും. ഇനി അതിനു പരിഹാരം എവിടുന്നുണ്ടാക്കും? ബന്ധുക്കളോടു ദിനരാത്രം ഗുസ്‌തിയും, വാക്കുതർക്കത്തിലൂടെയും ഏതെങ്കിലും ഒരുകാലത്ത് ബുദ്ധിയുപദേശിക്കാം എന്നു കരുതാം. സൌഹൃദസത്യവാദി ദേവിദേവന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും! ഏതെങ്കിലും ഒരുകാലത്ത് കുഞ്ഞുകുട്ടിപരാധീനതകളും അവരവരുടെ കുടുംബബന്ധങ്ങൾക്കുള്ളിലുമായിത്തീരുമ്പോൾ, നിവർത്തികേടിന്റെ പര്യായമായിത്തീരുന്നു എന്നു മനസ്സിലാക്കാതെ, നാളെ പ്രതീക്ഷകൾക്കൊത്തുയരാത്ത കുഞ്ഞുങ്ങൾക്കു മുന്നിൽ കണ്ണുനീരിന്റെയും കടമളുടെയും  ഒരുപിടി നിബന്ധനകൾ നിരത്തുന്നു. പകുതിയിലധികം അഛനമ്മമാരുടെ അവസാനം ഏതോ വൃദ്ധസദനത്തിൽ അവസാനിക്കപ്പെടാൻ വിധിക്കപ്പെടുന്ന ജന്മങ്ങൾ! ആരും തന്നെ അവിടെ എത്തിപ്പെടാതിരിക്കട്ടെ… എന്റെ ജീവിതംകൊണ്ടു ഞാൻ പഠിച്ച പാഠം എല്ലാവരുടെ ജീവതത്തിലും സംഭവിക്കണം എന്നും നിർബന്ധമില്ലല്ലോ? അതും ജീവിതത്തിന്റെ ഒരു  നടപ്പാതയുടെ അവസാനം…

ബിനുവിന്റെ ചോദ്യം വീണ്ടും വന്നു… ‘സപ്‌ന, ആരെങ്കിലും തിരിച്ചു വിളിച്ചോ? നിന്റെ ഇമെയിൽ  ഞാനും കണ്ടു. അതിൽ ആരും റിപ്ലൈ പോലും ഇട്ടിട്ടില്ലല്ലോ!’

‘ആ നോക്കട്ടെ  ബിനു, ഞാൻ ദിവസവും  എല്ലാവർക്കും   മെസ്സേജുകൾ അയക്കുന്നുണ്ട്’. എന്റെ  ശബ്‌ദത്തിന്റെ ദൈന്യത അങ്ങെത്തി എന്നു തോന്നി, ബിനുവിന്റെ മറുപടി കേട്ടപ്പോ…

‘നീ വെറുതെ സങ്കടപ്പെടാതെ..  ആരും ഇല്ലെങ്കിലും നമ്മൾ ഏതാണ്ട്  15 പേർ  കോട്ടയത്തുണ്ട്! നമുക്ക്  തീരുമാനിച്ച ദിവസംതന്നെ അലുമ്‌നി നടത്താം’.

1 ആം ക്ലാസ്സിൽ, 5 ആം വയസ്സിൽ കൂടെ പഠിച്ചിരുന്ന ഓരോരുത്തർക്കും ഈ വർഷം  50 വയസ്സാകുന്നു, അതുതന്നെയാവട്ടെ ഈ അലുമ്‌നി ദിവസത്തിന്റെ  പ്രത്യേകതയും!

സ്‌നേഹത്തിന്റെ, സൌഹൃദത്തിന്റെ വേലിയേറ്റങ്ങൾ എന്റെ മനസ്സിൽ മാത്രമെ പെയ്‌തൊഴിയാറുള്ളൊ എന്ന് തോന്നിപ്പൊകാറുണ്ട്. ‘നിനക്കൊന്നും വേറേ പണിയൊന്നും ഇല്ലെ,  1 ആം ക്ലാസ്സിന്റെ അലുമ്‌നി, ആരെയെങ്കിലും  കണ്ടാൽപോലും മനസ്സിലാകുമോ?’ ഒരു  പുഛവും നീരസവും കലർന്ന എന്റെ ഭർത്താവിന്റെ  കമന്റും കൂടി കേട്ടുകഴിഞ്ഞപ്പോ എല്ലാം  തീരുന്നു എന്നൊരു തോന്നലും  മനസ്സിൽ കയറിക്കൂടി!

സ്‌നേഹത്തിവേണ്ടിയുള്ള തിരച്ചിൽ ഒരിക്കലും ‘തീരാത്ത ദാഹവമായി‘ ആരോ ഉപമിച്ചതായി ഓർത്തുകൊണ്ട് തണുത്ത നടപ്പാതയിലൂടെ  വീണ്ടും പാതിരാമണൽത്തരികളിലേക്കുള്ള യാത്ര തുടർന്നു ഞാൻ.  പകുതി നിറച്ച ഗ്ലാസ്സുകളിലെ വെള്ളം പാതിമാത്രം നിറഞ്ഞിരിക്കുന്നു എന്ന വാദം. പാതി നിറഞ്ഞതും നഷ്‌ടമായതുമായ ജീവിതത്തോടുമാത്രം ഉപമിക്കുന്ന സത്യവാദികൾ. ജീവിതത്തിൽ എന്നും എന്നന്നേക്കും ഇൻലെന്റിന്റെ പേജുകളിൽ ബന്ധങ്ങളും, സൌഹൃദങ്ങളും മുറപോലെ കൊണ്ടുനടന്നിരുന്നവർ. ഇന്റെർനെറ്റിന്റെ വരവോടെ ഇമെയിലിലേക്കും, മൊബൈലിലേക്കും നടന്നു കയറി. അതു പുരോഗതി, സമ്മതിച്ചു, സ്വീകരിച്ചു!  ഇമെയിൽ ചാറ്റ് തുടങ്ങിയപ്പോൾ അത് ഇത്തിരി കടന്ന കയ്യായിപ്പോയി എന്നു  തീർത്തും പറഞ്ഞു. എന്നാൽ ഇന്നത്തെ തലമുറയെന്നു നമ്മൾ വിളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി ആലോചിക്കാതെ ഇന്റെർനെറ്റിൽ  സ്വച്ഛന്തം കിട്ടുന്ന അനാവശ്യചിത്രങ്ങളും, ഈ സ്വതന്ത്ര ചിന്താഗതിക്കാരെ പേടിച്ച് വീട്ടിൽ ഇന്റെർനെറ്റുപോലും വെക്കാത്ത അഛനമ്മമാർ. എന്നാൽ  നമ്മൾ ഇല്ലാത്ത ഏതോ ഒരു കാലത്ത് ഇന്നത്തെ തലമുറയിലെ നമ്മുടെ മക്കൾ ദിവസവും സംസാരിക്കുകയും, ഫെയിസ്ബുക്ക് എന്നിവയുപയോഗിക്കുന്നതു വഴി, വർഷത്തിലൊരിക്കൽ അവധിക്കാലത്തു മാത്രം കിട്ടുന്ന ബന്ധം പുതുക്കലിനും സംസാരത്തിനുമായി നോക്കിയിരിക്കില്ല എന്നാലോചിക്കാറേ ഇല്ല.

കൂട്ടുകാരിൽ ചിലർ അടിവരയിട്ടറിയിച്ചു ഫോണിലൂടെ.. ‘എടീ, അച്ചായത്തി,  നമ്മക്കിതൊന്നും വേണ്ട! എന്റെ ഡാഡി ഇന്നും കത്തുകൾ മാത്രമെ എനിക്കയക്കാറുള്ളു. നിന്റെ അമ്മക്ക് ഈമെയിലും ചാറ്റും ഒക്കെ മതി എന്നു അടിവരയിട്ടു പറഞ്ഞപ്പോൾ എനിക്ക് മറ്റുവഴികൾ ഒന്നുംതന്നെ കണ്ടില്ല, പോസ്റ്റാപ്പീസിലേക്കുള്ള നടപ്പാതയല്ലാതെ!!’

എന്നും നടക്കക്കണം, ആരോഗ്യത്തിന്.  പിന്നെ, മീനിയുടെ ‘ഡൈബെറ്റിസ്സിനും വണ്ണം കുറയാനും ഏറ്റവും നല്ലത്’  എന്നുള്ള ഉപദേശം മറക്കാറില്ല!  എല്ലാ മാസത്തെയും ചെക്കപ്പിനു ചെല്ലുമ്പോൾ എന്റെ ഡോക്റ്റർ  കോർണീലിയസ് ഓർമ്മിപ്പിക്കും, ‘സപ്‌നാ, എന്തായി നടപ്പ്’. ഞാനുണ്ടോ  കേൾക്കുന്നു? കരിഞ്ഞുപോകുന്ന ചൂടടിക്കുന്ന ഈ മണലാരണ്യത്തിൽ എവിടെ കിട്ടും കാടും പടലും നിറഞ്ഞ, മുല്ലപ്പൂവിന്റെ സൌഗന്ധവും, ഇലഞ്ഞിപ്പൂമണം നിറഞ്ഞകാറ്റും, സന്ധ്യയുടെ  നിറങ്ങളും, ശബ്‌ദങ്ങളും നിറഞ്ഞ ഈ നടപ്പാത! മനസ്സിന്റെ ചിന്താഗതിക്കുതന്നെ സ്വസ്ഥത വരുന്നു, ഈ നടപ്പാതകളിൽ!  ഉള്ളിലേക്ക് ഏറെ ശ്വാസം വലിച്ചു നടക്കൂ ആരോഗ്യത്തിന് എന്ന് കൂകിവിളിക്കുന്ന യോഗാചാര്യന്മാരെ, സ്‌തോത്രം! അവിടെ മസ്‌കറ്റിൽ ഞാൻ നീട്ടിവലിച്ചാൽ ശ്വാസം നിലച്ചുപോകുന്ന ചൂടും പൊടിപടലങ്ങളും ആ ശ്വാസം ഇല്ലാതെയാക്കും! പാതിരാമണിലിന്റെ ഈ നടപ്പാതകളിൽ ശ്വാസം എന്റെ മനസ്സിനും ബുദ്ധിക്കും ഇത്തിരി കുളിർമ്മയേകുന്നു. ദേഷ്യപ്പെട്ട്  ചവിട്ടിക്കുത്തി പലവട്ടം മനസ്സൊന്ന് തണുപ്പിക്കാൻ ഈ ഞാൻ ഇറങ്ങി നടന്നിട്ടുണ്ട്. അൽ‌പ്പനേരത്തെ നടപ്പിനുശേഷം പല നേർവഴികൾക്കും മനസ്സിന്റെ ചിന്തകൾക്ക്  സമാധാനിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ  പണിതിട്ട നടപ്പാതകൾ. ഗൾഫിലെ നടപ്പാതകൾ…

മനസ്സിന്റെ കഥകൾ മെനെഞ്ഞെടുക്കാനുള്ള കഴിവിന് ഒരവസാനവും ഇല്ല എന്ന് എന്റെ മനസ്സിനും, എന്നെ ഈ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിച്ച ചാണ്ടിക്കുഞ്ഞിന്റെ ചിത്രത്തിനും ഒരുപക്ഷെ നേരത്തെതന്നെ അറിയാമായിരിക്കാം എന്നു തോന്നുന്നു. ഒരറ്റത്തും എത്താതെ എന്നാൻ മനസ്സിന്റെ കുളിർമ്മയും മറ്റും ഈ നടപ്പാതകളിലൂടെ എത്തിപ്പെടാൻ ഒരു നിമിത്തം മാത്രമായെന്ന് തോന്നുന്നു. മസ്‌കറ്റിലിരിക്കുന്ന ഞാൻ എന്ന സപ്‌ന  ഒരു ചിത്രത്തിന്റെ നടപ്പാതയിലൂടെ  ഇത്രമാത്രം എന്റെ കഥാചിന്തികൾക്ക്  വഴിയൊരുക്കി.

ഒരു നല്ല ചിത്രത്തിന്റെ  കഴിവ്… ഒരു നടപ്പാതയുടെ ഭംഗി… പാതിരാമണലിലേക്കുള്ള എന്റെ മനസ്സിന്റെ  നടപ്പാത… വീണ്ടും കഥകളെതേടി മനസ്സിന്റെ നടപ്പാതയിൽ, ദീർഘശ്വാസം വലിച്ചുകൊണ്ടു തന്നെ നടന്നകന്നു!

സപ്‌ന അനു ബി ജോർജ്

2 Comments
  1. Anil 3 years ago

    Good story (experience?)

  2. Vipin 3 years ago

    Good writing. Sounded as real experience.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account