വിവാഹജീവിതമോ ലിവിങ് ടുഗെതറോ എന്തുമാകട്ടെ, സ്‌ത്രീപുരുഷ ബന്ധത്തിൽ കുട്ടികൾ ഉണ്ടാവുന്നത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിക്കുന്നതാണ് നല്ലത് എന്നാണ് കുടുംബ കോടതികളിൽ ദിവസേന വർദ്ധിച്ച് വരുന്ന വിവാഹമോചനക്കേസുകൾ വെളിവാക്കുന്നത്. കുട്ടികളുണ്ടായിപ്പോയി എന്നതിന്റെ പേരിൽ മാത്രം പലതും സഹിച്ച് ജീവിയ്ക്കുന്ന എത്രയോ ദമ്പതികൾ വേറെയുമുണ്ട്.

ഒരു അബദ്ധത്തിന്റെയോ ആവേശത്തിന്റെയോ പേരിലോ സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെന്ന നിലയിലോ ദാമ്പത്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്ന ക്ലീഷെ സങ്കൽപ്പത്തിലോ സംഭവിക്കേണ്ടതല്ല ഒരു കുട്ടിയുടെ ജനനം എന്ന് എന്നാണ് നമ്മൾ ഇനി മനസിലാക്കുക?

രണ്ടോ മൂന്നോ കൊല്ലം ഒരുമിച്ച് ജീവിച്ച് പൊരുത്തക്കേടുകളില്ലാതെ തുടരാനാവുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമല്ലെ കുട്ടികളുണ്ടാവുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ?

കുടുംബകോടതിയുടെ വരാന്തയിൽ ഊഴം വെച്ച് കൈമാറാനോ അച്ഛന്റെയും അമ്മയുടേയും വാശികൾ പരസ്‌പരം തീർക്കാനുള്ളതോ ആണോ പിഞ്ചുകുട്ടികൾ? ഓരോ ദിവസവും എത്രയെത്ര വിവാഹമോചന കേസുകളാണ് നമ്മുടെ കുടുംബകോടതികളിൽ എത്തുന്നത്. അതിൽ ഭൂരിഭാഗവും കുട്ടികളുള്ള ദമ്പതികളാണ്.

അമ്മയിൽ നിന്ന് അച്ഛനിലേക്കോ അച്ഛനിൽ നിന്ന് അമ്മയിലേക്കോ പറിച്ച് മാറ്റപ്പെടുമ്പോൾ പിഞ്ചുകുട്ടികൾ ഉറക്കെ നിലവിളിക്കും. ആ നിലവിളികളാൽ നമ്മുടെ കോടതി വരാന്തകൾ ബധിരരാകും. ഇതിനിയും എത്രനാൾ തുടരാനാകുമെന്നാണ് നമ്മൾ കരുതുന്നത്?

കുറച്ച്കൂടി തിരിച്ചറിവായശേഷം മാതാപിതാക്കളുടെ വാശികൾക്കും ഈഗോകൾക്കും ഇരയാവുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള മാനസിക അരക്ഷിതത്വത്തിലായിരിയ്ക്കും തുടർന്നുള്ള ജീവിതം ജീവിച്ചു തീർക്കുക. പിന്നീടുള്ള തലമുറയേയും ഈ അരക്ഷിതത്വം ബാധിക്കാതിരിക്കുമോ?

സുരക്ഷിതമായി സ്‌നേഹവാത്‌സല്യങ്ങളോടെ വളർത്താനാവുമെങ്കിൽ മാത്രം കുട്ടികളെ ജനിപ്പിക്കുക എന്നതാണ് നമ്മുടെ കുട്ടികളോട് നാം ചെയ്യേണ്ട ഏറ്റവും വലിയ നീതി.

കുട്ടികളുണ്ടാവുക എന്നതല്ല ദാമ്പത്യത്തിന്റെ ആത്യന്തികലക്ഷ്യം എന്ന സാമാന്യബോധമുണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതിന് സമൂഹത്തിൽ നിലനിൽക്കുന്ന ചില സ്ഥിരം ചോദ്യങ്ങൾക്കെതിരെ മറുചോദ്യങ്ങൾ ചോദിക്കേണ്ടി വരും.

ഏറ്റവും സുരക്ഷിതമായലോകത്ത് ജീവിക്കാൻ നമ്മുടെ കുട്ടികൾക്ക് ഭാഗ്യമുണ്ടാകട്ടെ…

– ജ്യോതി മദൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account