(കെ ജയകുമാറിന്റെ “നില്പ്പു മരങ്ങൾ” – ഒരു വായന)

“Like a piece of ice
a hot stove, the poem
must ride on
its own melting” – Rober Frost

എഴുത്തിലെ ആനന്ദത്തെക്കുറിച്ച് വിസ്‌ലാവ സിം ബോർസ്‌കയുടെ ഒരു കവിതയുണ്ട്; The joy of writing എന്ന തലക്കെട്ടോടെ.

“ഈ എഴുതിയ മരക്കൂട്ടങ്ങളുടെ അതിരുകൾ
ഈ എഴുതിയ മാൻപേട എന്തുകൊണ്ട് മുറിച്ചുകടന്നു
ഒരു വസന്തത്തിൽനിന്ന്
എഴുതപ്പെട്ട ഒരു തുള്ളി വെള്ളത്തിനായി
ആരുടെ പ്രതലങ്ങളാണ്
അവളുടെ മൃദുലമായ മൂക്കിൻചുഴികൾ അടച്ചുകളയുക?
എന്തിനാണവൾ തല ഉയർത്തുന്നത്?
അവൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ?”

ഇങ്ങനെ തുടങ്ങുന്ന കവിത മാൻപേടയിൽനിന്ന് എഴുത്തിലെ അതിജീവനത്തിലേക്ക് കടക്കുകയാണ്. നാലുകാലുകൾ ആയാസപ്പെട്ട് വിടർത്തി വലിച്ചുനടക്കുന്നത് കവിതന്നെ ആവുകയാണ്. ഒഴിഞ്ഞ പേജിനു പുറകെ ലോകം നടന്നുതുടങ്ങുകയാണ്. ഒഴിഞ്ഞ പേജിനെ ഉച്ചരിക്കാൻ കാത്തുനിൽക്കുന്ന ഒരാൾക്കൂട്ടം ജനിയ്ക്കുകയാണ്. ഓരോ തുള്ളി മഷിയും ഉള്ളിലൊളിപ്പിക്കുന്നത് വേട്ടക്കാരെയാണ്. കണ്ണുകളിൽ പടയൊരുക്കങ്ങളുടെ അടയാളങ്ങളുള്ള വേട്ടക്കാരെ. ഏതു നിമിഷവും ആ താളിൽനിന്ന് പേന തെറിച്ചുപോകാം. മാനപേടയ്ക്കു ചുറ്റും തോക്കുകൾ നിരയ്ക്കാം. ജീവിതത്തിൽ ഇല്ലാത്തതാണ് ഇവിടെ കവിതയിൽ. മറന്നുപോയവരെക്കുറിച്ചു കവിത പറയുന്നു. കറുപ്പോ വെളുപ്പോ ആയ നിയമങ്ങൾ മാത്രം നിലനിൽക്കുന്ന വ്യവസ്ഥിതിയെ വിമർശിക്കുന്നു. ഈ ലോകത്ത്, താൻ ഉൾപ്പെട്ട, താൻ ഉൾപ്പെടുന്ന ലോകം എന്നത് മുഴുവനായും വിധിയ്ക്ക് കീഴ്‌പ്പെട്ടതാകുമോ എന്നും അടയാളങ്ങൾ കൊണ്ടുമാത്രം തന്റെ സമയത്തെ/കാലത്തെ തന്നിലേക്ക് ചേർത്തുകെട്ടേണ്ടി വരുമോ എന്നും ആശങ്കപ്പെടുന്ന കവി കണ്ടെത്തുന്ന പരമമായ സത്യമിതാണ്.

The joy of writing
The power of preserving
Revenge of a mortal hand

നശ്വരനായ മനുഷ്യന് ഈ ലോകത്ത് കൊത്തിവെയ്ക്കാൻ കവിതയല്ലാതെ മറ്റെന്തുണ്ട്‌!

വിസ്‌ലാവ സിം ബോർസ്‌കയുടെ തന്നെ മറ്റൊരു കവിതയിലെ വരികൾ ഓർമിച്ചുകൊണ്ടാണ് കെ. ജയകുമാറിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ “നില്പ്പു മരങ്ങൾ” ആരംഭിക്കുന്നത്.

പക്ഷെ, എഴുത്തിലെ പരമാനന്ദം എന്ന (The joy of  writing) സിം ബോർസ്‌ക്കാ കവിതയോടാണ് തന്റെ കവിതകളുടെ ചായ്‌വ് എന്ന് കവി തിരിച്ചറിയുന്നുണ്ടാകാം.

ഈ വിധത്തിൽ തന്നെയേ ഈ സമാഹാരത്തിലെ ഓരോ കവിതയും വായിച്ചു തീർക്കാൻ പറ്റു. കാരണം, ഓരോ താളിനു കുറുകെയും ആയാസപ്പെട്ട് മുറിച്ചു കടക്കുന്ന  വാക്കുകൾ ചരിത്രത്തിന്റെയും ഓർമകളുടെയും ഉണ്മയുടെയുംഅറിയലിന്റെയും പ്രണയത്തിന്റെയും രാഷ്ട്രീയ പാഠങ്ങൾ ആകുന്നുണ്ട്.

കഴിഞ്ഞ ദശകങ്ങളിൽ കവിതയിൽ കടന്നുവന്ന മാറ്റങ്ങൾ മനുഷ്യ രാശിയുടെ തന്നെ പരിണാമഘട്ടത്തിന്റെ പല പല ഏടുകളായി കവി വായിച്ചെടുക്കകയാണ്. “നില്പ്പു മരങ്ങളിലെ” കവിതകളിലൂടെ ഇരുപതാം നൂറ്റാണ്ടു കേരളത്തിനും മലയാള കവിതയ്ക്കും സമ്മാനിച്ച് സ്വത്വാവബോധങ്ങളെയും ദർശനങ്ങളെയും അപഗ്രഥിക്കാനും സമൂഹം, ദേശം, രാഷ്ട്രം, എന്ന ആശയങ്ങളിൽ വേരുറച്ചു നിൽക്കാനും അവയെ  പുനർവിചിന്തനം ചെയ്യാനും നടത്തിയ പോരാട്ടങ്ങൾ കാലാകാലങ്ങളിൽ കവിതയിലും പ്രതിധ്വനിച്ചിട്ടുണ്ട്. ‘നിൽപ്പുമരങ്ങൾ’ലെ കവിതകൾ നിലനിൽക്കുന്ന കാലത്തോട് കലഹിച്ചുനിൽക്കാൻ തന്നെ ആഗ്രഹിക്കുന്നു.  അവ ചിലപ്പോൾ വിശ്വാസങ്ങളെയും അവിശ്വാസങ്ങളെയും നെഞ്ചേറ്റുന്നു.

“എല്ലാം മാറിപ്പോയെന്ന്
അവനാദ്യം പറഞ്ഞപ്പോൾ
ഞാനത് ഗൗനിച്ചതേയില്ല
ഇലകളെല്ലാം പഴുത്തുപോയെന്നും
മരമെല്ലാം ഉറക്കുത്തിയെന്നും
തീരെ വിശ്വസിച്ചില്ല”
എന്ന് കവിയ്ക്ക് എഴുതാനാവുന്നത് (അവൻ പറഞ്ഞത്).

“ഓർമ്മപ്പാടങ്ങളിൽ കുരിശുകൾ മുളച്ചുപൊന്തുന്ന, ഓർമക്കുരിശ് ചുമക്കുന്നവൻ കുരിശിനാൽ മരണപ്പെടുമെന്ന് അരുളപ്പാടുണ്ടാകുന്ന” ഇടമായി കവിത മാറുന്നുണ്ട്. ഓർമയും മറവിയും അറിവും മാറ്റങ്ങൾക്കു വിധേയമാകുമ്പോൾ ചരിത്രം ഇവിടെ അടച്ചു പൂട്ടപ്പെടുകയാണ്. ഓർമകളാണ് ഈ കവിതയിലെ പടയാളികൾ.

“The struggle of a man against
Power is the struggle of
Memory against forgetting”

എന്ന് മിലൻ കുന്ദേര പറയുന്നുണ്ട്. (The book of laughter and forgetting).

ഈ ഓർമയെ നിർവചിക്കാനുള്ള ശ്രമമാണ് “ഇരുളിലെ ഇരുൾരൂപങ്ങൾ” എന്ന കവിത. ഇരുളിലെ നിഴൽ രൂപികളായി കടന്നുവരുന്ന ഓർമ്മകളെയും  മറന്നതെന്തെന്ന വേർതിരിച്ചറിയാനാകാത്ത മറവിയെയും ഒരേ രേഖയിൽവച്ച് കവി അളക്കുന്നു. മരിച്ചവർ തിരിച്ചുവരാത്തപോലെ അവ നിശബ്‌ദമാകുന്നു.

പുതിയ കവിതയിൽ ചരിത്രവും യാഥാർഥ്യവും നിലനിൽക്കുന്ന സത്യങ്ങളാണ്. ഒരു തരത്തിൽ മറ്റൊരു പാഠമായി കവിതയിൽ ചരിത്രം കടന്നുവരുന്നുണ്ട്. പുതിയ കവിതയിലെ ആഖ്യാന ഇടങ്ങളൊക്കെ തന്നെ ചരിത്രത്തെയും വർത്തമാനത്തെയും നിരന്തരം വിചാരണയ്ക്ക് വിധേയമാക്കുന്നു. സമൂഹത്തിന്റെ സങ്കീർണതകളെ ആഖ്യാനത്തിലേക്ക് കടത്തിയിരുത്തി വിശകലനം ചെയ്യാൻ ഈ സമാഹാരത്തിലെ കവിതകൾക്കാവുന്നുണ്ട്. പുതിയ കാലത്തിന്റെ സമസ്യകളും, ബഹുസ്വരതകളും, സംസ്‌കാരവ്യവഹാരങ്ങളുമെല്ലാം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. പ്രാദേശികതകളേയും ഭൂതകാലത്തെയും പുനഃസന്ദർശനം ചെയ്യുന്ന കവിതകൾ ഈ പുസ്‌തകത്തിലുണ്ട്. “കണവൻ കടലിൽ പോയാൽ” കരയിൽ കാവൽ നീയാണെ എന്ന ആപ്‌തവാക്യം തിരുത്തിയെഴുതപ്പെടുന്നു. എന്നിട്ട് കവി വായനക്കാരനെ ചൂതിന് ക്ഷണിക്കുകയാണ്.

“കളിയിൽ
ഒരാൾ ജയിക്കണം
അത്രയേയുള്ളൂ”

എന്ന പുതിയകാലത്തിന്റെ തന്ത്ര വാക്യത്തിലേയ്ക്ക് കവിതയിൽ ഒരു ചാട് തീർക്കുകയാണ് കവി. കളിച്ചുകൊണ്ടേയിരിക്കലാണ് പുതിയ ജീവിതത്തിന്റെ രാഷ്ട്രീയപാഠം എന്ന് തിരിച്ചറിയാതെ തരമില്ല. എല്ലാ നഷ്‌ടത്തിലും കാണും പ്രതീക്ഷിക്കാത്ത ലാഭങ്ങൾ എന്ന ചെറിയ പ്രതീക്ഷയിൽ കളി തുടരുകയാണ്. ഈ കളിയിൽ ആശിക്കാവുന്നതിലപ്പുറം ആശങ്കകളാണ്.

“യാഥാർഥ്യങ്ങൾ ആഗ്രഹങ്ങളെ
നഗ്നരാക്കി വഴിനടത്തുന്നത്
കുഞ്ഞുങ്ങളുടെ ചിരികൾ
ചോരയിൽ കുതിർന്നു കറുക്കുന്നത്
വിദ്വേഷങ്ങൾ സ്വാർത്ഥതറയിൽ
ആഭിചാരം ചെയ്യുന്നത്
വെറുപ്പിന്റെ തീൻമേശയിൽ
സ്നേഹിതരിരുന്ന്
വിഷഭോജ്യം കഴിക്കുന്നത്”

ഒക്കെയാണ് കാഴ്ച്ചയിൽ. …….

ബിംബങ്ങളാണ് ‘നവവത്സരാശംസകൾ’ എന്ന കവിതയുടെ പ്രത്യേകത. ഉറക്കം ഉടയുന്ന സ്‌ഫടിക കുപ്പികളും, കലഹങ്ങളും പ്രമേഹവ്രണങ്ങളും പ്രണയവും രഹസ്യരോഗവും സ്‌നേഹവും വാരിക്കുഴിയും, കാമവും, കുഴിബോംബും,… ഒക്കെയാണ് ഈ കാലത്തിന് ചുറ്റും. കാല്പനികതയിൽനിന്ന് മൂർച്ചയുള്ള വിമർശനത്തിലേക്കു കവിത രൂപം മാറുന്നു. ഭാഷയുടെ അതിസാന്ദ്രമായ ലയനം ആഖ്യാനത്തിലേയ്ക്ക് ചേർക്കപ്പെടുന്ന അപൂർവമായ അനുഭവമായി ചില കവിതകൾ സംവദിക്കുന്നു. ‘കുറ്റപത്രം’ അത്തരം ഒരു കവിതയാണ്. തന്റെ പ്രതിയോഗികളുടെ കോടിയ ചുണ്ടുകളിൽ  ഉറഞ്ഞിരുന്നത് സ്വന്തം പേര് തന്നെ ആയിരുന്നെന്നും ഈ വയലും തോടും കായലും ഒക്കെ നികത്താൻ പണം വാരിയെറിഞ്ഞത് ഞാൻ തന്നെ ആണെന്നും തിരിച്ചറിയുന്ന ഒരു ആത്മവിചാരം കൂടിയാണ് ഈ കവിത. കുറ്റവിചാരണ നടത്തുന്നവരോട്

“നിങ്ങളാരാണ്
വിചാരണ നടത്താനും
കുറ്റപത്രം വായിക്കാനും
അന്ത്യവിധി പറയാനും”
എന്ന് തുറന്നു ചോദിയ്ക്കാൻ ധൈര്യപ്പെടുന്നു ഈ കവിത.

“ഇവ രക്തം
രക്തത്തെ
തിരിച്ചറിയുന്നില്ല
വേദന വേദനയയെ
പുണരുന്നില്ല”

കൃത്രിമമായ യാതൊരു അലങ്കാരങ്ങളും ചമയങ്ങളും ഈ കവിതകളിൽ ഇല്ല. ഏറെ എളുപ്പത്തിൽ സംവദിക്കപ്പെടുന്ന ആഖ്യാനമെന്നു തോന്നുമെങ്കിലും, നിർവചനങ്ങളേയും നിർദേശങ്ങളെയും ഒഴിവാക്കിക്കൊണ്ട് മനശ്ശനൊപ്പം പടരുകയും പകരുകയും ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നു. പുതിയ കാലത്തിന്റെ അനുഭവ പരിസരങ്ങളെ തനതായ ഉണ്മയിൽ പൊളിച്ചെഴുതുകയാണ് കവി. സമകാലികതയുടെ ദുർമുഖങ്ങളെ മനുഷ്യ വംശത്തിന്റെ ഭാഗധേയങ്ങളിലേയ്ക്ക് പടർത്തുന്ന ദുഷിപ്പു അവസ്ഥകളെ കവി ചുഴിഞ്ഞെടുക്കുന്നു.

അവരുടെയും നിങ്ങളുടെയും രക്തം ഒന്നെല്ലെന്ന് ധരിച്ചാൽ മാത്രം മതി (അവരും നിങ്ങളും) എന്ന് പറയുന്നതിലെ രാഷ്ട്രീയ പാഠം ധ്വന്യാത്മകമാണ്.

“വെളിച്ചം ദുഖമാണുണ്ണി
താമസ്സല്ലോ സുഖപ്രദം”
എന്ന അക്കിത്തത്തിന്റെ ദർശനങ്ങളോട് ചേർത്ത് വായിക്കാം ഈ വരികളെ.  തൊട്ടടുത്ത വരിയിൽ

“അവരുടെ ആകാശവും
നിങ്ങളുടെ ആകാശവും
അവരുടെ വിളറുന്ന ചന്ദ്രക്കലയും
നിങ്ങളുടെ നിലാവും
ഒന്നല്ലെന്ന് വിശ്വസിച്ചാൽ മതി”

എന്നെഴുതാനും കവി മുതിരുന്നു. രൂക്ഷമായ സാമൂഹ്യ വിമർശനമാണ്‌ ഈ കവിത. ഭാഷയുടെ വൈരുദ്ധ്യാത്മകതയെ ചൂണ്ടിക്കാണിക്കുകകൂടി ചെയ്യുന്നു ഈ കവിത.

“അവരുടെ മരണവും
നിങ്ങളുടെ മരണവും
വ്യത്യസ്‌ത കലാരൂപങ്ങൾ
നിങ്ങൾ മരിയ്ക്കും
അവർ ചാവും”

ഉപേക്ഷിക്കലിന്റെയും പുറത്താകലിന്റെയും അവസ്ഥകളെ അന്വേഷിക്കുന്നു “സിദ്ധാർത്ഥൻ തിരികെ നടക്കുകയാണ്” എന്ന കവിത.

“അവകാശപ്പെട്ടത് ഉപേക്ഷിക്കുന്നതിൽ എന്താണൊരു മഹത്വം” എന്ന ചോദ്യത്തിലൂടെ സിദ്ധാർത്ഥന്റെ പരിത്യാഗത്തെ പുനസന്ദർശിക്കുന്നു കവി.

“വെറുതെ നിലാവിൽ ഉലാത്താൻ പുറത്തിറങ്ങി മടങ്ങിയ പോലെ” സിദ്ധാർത്ഥന്റെ പുറത്താകലിനെ കവി പുനരാഖ്യാനം ചെയ്യുന്നു. ചരിത്രവും ഭൂതകാലവും ഇത്തരത്തിലാണ് കെ. ജയകുമാറിന്റെ കവിതകളിൽ കടന്നുവരുന്നത്. ബുദ്ധനും ദ്രൗപദിയും യേശുവും ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു.

“ശപിക്കാതിരിക്കാൻ
എനിക്ക് കഴിയുമായിരുന്നില്ല”
എന്നാണ് “ദ്രൗപദി”യിൽ പറയുന്നത്.

അതിജീവിതത്തിന്റെ അടയാളങ്ങളായിത്തന്നെ നേരിട്ട് ഇടപെടുന്ന കവിതകളുമുണ്ട്. ആകാശവും വായുവും ഭൂമിയും ജലവും അഗ്നിയുടെ ചേർന്ന് സംരക്ഷിക്കപ്പെട്ടവരുടെ അതിജീവനം (ദ്രൗപദി), ജന്മവും മരണവും വാഗ്‌ദാനം ചെയ്യുന്ന നഗരം (നെറികെട്ട നഗരം), ദൈന്യത്തിന്റെയും പകയുടെയും പരാജയത്തിന്റെയും കരിമുദ്രകൾ തടയിടുന്ന ജീവിതം (വഴിയിലെ ശബ്‌ദങ്ങൾ), വാഗ്‌ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ വംശം അറ്റുപോകുന്ന തവള കുഞ്ഞുങ്ങളും മരങ്ങളും (കളവ് പറയുന്നവർ), തുമ്പികൾ കടന്നുവരാത്ത, പറന്ന് വരാത്ത ഇടം (പ്ലാച്ചിമടയിൽ ഇപ്പോൾ തുമ്പികൾ വരാറില്ല), തുടങ്ങി അതിജീവിതത്തിന്റെ ഇടങ്ങൾ നിഷേധിക്കപ്പെടുന്ന എത്രയോ വരികൾ വിവിധ കവിതകളിൽ ഉണ്ട്.

പുരോഗതി എന്ന പേരിൽ നടക്കുന്ന മനുഷ്യ വിരുദ്ധതയോട് കടുത്ത എതിർപ്പാണ് കെ. ജയകുമാറിന്. തന്റെ ഭാഷയ്ക്ക് “മറവിയുടെ” മുഖമല്ല, ഓർമയുടെ മുഖമാണെന്ന് ഉറപ്പിച്ചുപറയുന്നു ഈ കവിതകൾ. കാണുന്നതിനേക്കാൾ കാണാത്തതിനെ പരിഗണിക്കുന്ന പ്രത്യയശാസ്ത്രമാണ്  അവയ്ക്ക്. ഓരോ പേരിന്റെ നിഴലിലും പതുങ്ങിയിരിക്കുന്ന ഒന്നിനെ ഓരോ തലവാചകത്തിലും പമ്മിനടക്കുന്ന ഒന്നിനെ… ഓരോ ഘടികാര മണിയിലും ശബ്‌ദമാകാതെ പോകുന്ന പിടച്ചിലുകളെ… ഒരേ പ്രണയത്തിലുമുള്ള കപടതയുടെ രഹസ്യ വാതിലുകൾ കവിത വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.

“കടലിന് താളം പിഴയ്ക്കുന്നത്
കരിമേഘത്തിന്റെ നെഞ്ചത്ത്
മഴവില്ല് ചത്തുകിടക്കുന്നത്
മണ്ണ് പുകയുന്നത്
പുഴ കിതയ്ക്കുന്നത്”
ഒന്നും അറിയാത്ത നിസ്സംഗമായ മനുഷ്യ ജീവനുകളെ കവി പ്രതിപക്ഷത്തു നിർത്തുകയാണ്. ഓർമവഴിയെ നടക്കാനോ, ഗൂഢലിപിയിൽ എഴുതിയ ദുരന്ത സൂചനകൾ വായിക്കാനോ കഴിവില്ലാത്ത ഒരു ജനതയുടെ പ്രതിനിധിയായ, ഉപഭോഗാസക്തിയുള്ള മനുഷ്യന് നേരെ വിരൽ ചൂണ്ടുകയാണ് കവി. പുതിയ ലോക ചരിത്രാനുഭവങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ സമാഹാരത്തിലെ കവിതകളിൽ നിന്ന് കിട്ടുന്ന സവിശേഷ വായനാനുഭവം. ഇത്, ഏകഭാവത്തിൽ അല്ല പ്രത്യക്ഷപ്പെടുന്നത്, അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത, സാംശീകരിച്ചെടുത്ത, സ്ഥലകാല സങ്കൽപത്തെക്കുറിച്ചും ആത്മസത്തയെ കുറിച്ചുമുള്ള അവബോധമായാണ്. ലോകത്തെ മൂടുന്ന സങ്കീർണതകളെ കുറിച്ച് ഈ കവിതകൾ ആകുലരാകുന്നു.

ഓർമവഴിയെ നടക്കാനോ  ഗൂഢലിപിയിൽ എഴുതിയ ദുരന്ത സൂചനകൾ വായിക്കാനോ കഴിവില്ലാതെ നിസ്സംഗനായി നിൽക്കുന്ന പുതിയ മനുഷ്യന്റെ മുന്നിലേക്കാണ് ഉടമ്പടികളും വ്യവസ്ഥകളും മുന്നേറ്റുന്ന കാലുഷ്യങ്ങളെ കുറിച്ച് കവി പറയുന്ന വാക്കുകൾ പ്രതിധ്വനിക്കുന്നത്. ഉറങ്ങിയുണർന്നപ്പോൾ  ഭാഷയും ഭാഷണവും അർത്ഥവും ആവേശവും അപരിചിതമായി പോവുകയാണ്. ക്രൂശിതമായ തന്റെ ജന്മത്ത്, ആവശിഷ്ടങ്ങളുടെ മൺകൂനകളും, പുതിയ കെട്ടിടസമുച്ചയങ്ങളുടെ ഉദാസീനതയും കണ്ടു വ്യർത്ഥനായി നീൽക്കുന്ന മനുഷ്യനാണ് ഏറെക്കുറെ.  അയാളാണ് ചിലപ്പോൾ ഈ കവിതകൾ എഴുതുന്നത് തന്നെ. വാക്കുകൾ അട്ടകളെ പോലെ (വ്യാധി) അയാളെ വലയം ചെയ്യുന്നു. വേരുകളിൽ മിന്നൽ പിണറിന്റെ ബീജകോശവുമായി അയാൾ നിൽപ്പുമരമായി നിലകൊള്ളുന്നു.

“പുറം കണ്ണ് തുറപ്പിക്കും
പുലർ വേളയിലംശുമാൻ
കാവിക്കണ്ണ് തുറപ്പിക്കാൻ
വന്ന നിന്നെ മടക്കിഞാൻ” (പാടും പിശാച്)
എന്നയാൾക്ക്‌ പറയേണ്ടിവരുന്നു.

കവിതയിലേക്കുള്ള പരകായ പ്രവേശത്തിൽ ചങ്ങമ്പുഴയും കമലയും കവിയ്ക്ക് കൂട്ടായെത്തുന്നു. പ്രതീക്ഷയും ഭീതിയും സമരവും ആർദ്രതയും ഒരു ചുഴലിപോലെ ഈ കവിതകളിൽ പിടയുന്നു.

“ഇച്ഛക്കൊത്തു പറക്കാൻ അതിനാവില്ല
ദിശയറിയാമെന്ന് അഹങ്കാരമില്ല
പരിഹാരങ്ങളുടെ ഒറ്റമൂലി വശമില്ല
അത് കിതയ്ക്കുന്നില്ല, വെറുപ്പ് തുപ്പുന്നില്ല
അതിന്റെ ഹൃദയത്തിൽ
സൂക്ഷ്‌മ സുഷിരങ്ങളുണ്ട്
ശ്വാസതടസ്സമുണ്ട്
സന്ദേഹങ്ങളും സംഭ്രമങ്ങളുമുണ്ട്
തലചുറ്റുമുണ്ട്”
എന്ന് തന്റെ കവിതയെ പരിഹസിക്കുന്നവരോട് വിളിച്ചുപറയാൻ കാവിക്കാകുന്നുണ്ട്. ഹൃദയത്തിൽ അനുതാപത്തിന്റെ രക്തം വന്നു നിറയുന്ന പ്രണയത്തിന്റെ രാഷ്ട്രീയമാണ് തന്റെ കവിത എന്ന് കവി ഉറക്കെ പറയുന്നു. അത് ചിലപ്പോൾ ഒറ്റയ്ക്ക് പൊരുതിയ ജടായുവാകുന്നു. ഭൂപടം ഇല്ലാത്തവരുടെ സംഗീതമാകുന്നു. വെടിയേറ്റു മരിച്ച കുഞ്ഞുങ്ങളുടെ കരിച്ചിലുകളാകുന്നു.

എങ്കിൽകൂടി അലഞ്ഞുതിരിയുന്ന ഒരു പ്രണയി ഈ കവിതകളിൽ ഉണ്ട്. പ്രപഞ്ചത്തിന്റെ സകല ജീവികളുടെയും ഹൃദയ സ്‌പന്ദനങ്ങൾ കേൾക്കുന്ന കാറ്റുപോലൊരു പ്രണയിയുടെ ഉള്ള് ഈ കവിതകളിൽ എവിടെയോ കുരുക്കപ്പെട്ടിട്ടുണ്ട്. പ്രണയകാന്തം, ഹാ! പുഷ്പ്പമേ, വെയിലും മഴയും, പ്രണയത്തിന്റെ രാഷ്ട്രീയം, കമല, തുടങ്ങിയ കവിതകൾ തീവ്രപ്രണയത്തിന്റെ കൈയൊപ്പുകളാണ്. ഒടുങ്ങാത്ത മേഘസ്ഫോടനങ്ങൾ പോലെ, ജലാശയത്തിലെ നക്ഷത്ര മൽസ്യങ്ങൾ പോലെ, വിരസതകളിലിളകുന്ന ഒച്ചുകൾ പോലെ പ്രണയം ആളിപ്പടരുന്നു.

“വാസ്തവത്തിൽ
ലളിതമാണ്
പ്രണയത്തിന്റെ അടയാളങ്ങൾ
പട്ടുപോലത്തെ കൈത്തലമോ
വികാരം വളർത്തിയ കുറ്റിത്താടിയോ
ഉരുക്കു പേശികളോ
കപട മധുരമായ ഭാഷയോ അല്ലെന്നുമാത്രം”

പ്രണയത്തിനുവേണ്ടത് ഇതൊന്നുമല്ലെന്ന്‌ പറയുമ്പോഴും

“കണ്ണിൽ
കരുണയുടെയും
മരണനിസ്സാരതയുടെയും
കനലെരിയുന്നുണ്ടോ?”

എന്ന് കവി ചോദിക്കുന്നു.

പ്രണയിക്ക് അടയാളങ്ങൾ ആവശ്യമില്ല എന്ന് കവി അവകാശപ്പെടുന്നു. ഒറ്റനോട്ടത്തിൽ പ്രണയിയ്ക്ക് തന്റെ പ്രണയം കണ്ടെത്താനാകും എന്ന് ആത്മാവിലെ രക്തത്തുള്ളികൾകൊണ്ട് എഴുതിയാണ് കവി ഒപ്പുവെയ്ക്കുന്നത്.

റൂമിയിലാണ് ഈ പ്രണയകാന്തി അതിന്റെ പാരമ്യത്തിൽ പ്രകാശിക്കുന്നത്. അനുരാഗത്തിന്റെ അഭയം പ്രണയി തന്നെ  ആണെന്ന് തിരിച്ചറിഞ്ഞ ഒരു റൂമി കെ. ജയകുമാറിന്റെ ഉള്ളിലുമുണ്ട്.

നിൽപ്പുമരങ്ങളിലെ ഏറ്റവും തീവ്രമായ കവിത “ആർക്കറിയാം” എന്നതാവാം. ആധുനികതയുടെയും ഉത്തരാധുനികതയുടേയും തീവ്രാനുഭവങ്ങളിൽ നിന്ന് വർത്തമാന കാലത്തിന്റെ ക്രൂരാനുഭവങ്ങളിലേക്കു  കുതിയ്ക്കുന്ന കാലത്തെ അതിലും തീവ്രമായി പകർത്തുന്ന ഒരു കവിതയാണ് “ആർക്കറിയാം”. ആഖ്യാനത്തിന്റെ മുറുക്കം ഈ കവിതയെ ഭദ്രമാക്കുന്നു.

“The poet is the priest of the invisible: എന്ന് Wallace Stevans പറഞ്ഞതുപോലെ അദൃശ്യമായ ധ്വനികൾ “ആർക്കറിയാം” എന്ന കവിതയെ സുഭദ്രമാക്കുന്നുണ്ട്.

“കാലത്തിന്റെ സമുദ്രം താണ്ടിവന്ന്
കർമശിഷ്ടം സന്നിവേശിക്കുകയാണ്
രണ്ടാനച്ഛന്റെ കയ്യിലെ
ചുട്ടുപഴുക്കുന്ന കമ്പിയിലും
വെള്ളത്തിനടിയിൽ
കുഞ്ഞു കഴുത്തിലമരുന്നകാലിലും
വിറയ്ക്കുന്ന ചൂലിലും
തിളയ്ക്കുന്ന വെള്ളത്തിലും”

ക്രൂരകാലത്തിന്റെ കാലന്മാർ പതുങ്ങിയിരിക്കുന്നു. ലോക കാക്കുന്ന രക്ഷകന്റെ വരവ് എന്ന് എന്നറിയില്ല. രക്ഷിക്കേണ്ടവർ ഇവിടെ ശിക്ഷകരായി മാറുകയാണ്. രൂപപരമായി കവിതയിൽ ഒരു ജൈവ സ്വഭാവം പുലർത്തപ്പെട്ടിരിക്കുന്നു. പെട്ടെന്ന് കയറിവരുന്ന ഒരു ബിംബമോ, ഒരു വാക്കോ, തോന്നലോ, കവിതയെ ആകമാനം എരിച്ചുനിർത്തുകയും ഈ പൊള്ളൽ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യന്നുണ്ട്. എന്നാൽക്കൂടി, ഒട്ടും അതിഭാവുകത്വം കലരാതെ തന്റെ ഭാവുകത്വത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു, കവി.

ഇലകളെല്ലാം പഴുത്തുപോയ, ഓർമ്മകൾ തമോഗർത്തത്തിലേയ്ക്ക് എറിഞ്ഞുപോയ, പരുഷമായ അശരീരികൾ വിളയാടുന്ന, രാത്രിമാനത്ത് കരിമേഘങ്ങൾ പടരുന്ന, ശിശുഹത്യകൾ പെരുകുന്ന, ഒളിക്യാമറകൾ ഓളം വെട്ടുന്ന, ചൂതുകളികൾ തുടർന്നുകൊണ്ടേയിരിക്കുന്ന, ഫലിതങ്ങൾ കയ്ക്കുന്ന, രക്തത്തിന്റെ നിറം പച്ചയാകുന്ന, സിദ്ധാർത്ഥന്മാർ തിരികെ നടക്കുന്ന, ശപിക്കാതിരിക്കാൻ കഴിയില്ലെന്ന് വിലപിക്കപ്പെടുന്ന, സ്വന്തം ചിതതേടി നാം തിരിഞ്ഞുനടക്കുന്ന, കളവുകൾ മാത്രം ആവർത്തിക്കുന്ന, അടുത്ത സീറ്റിലെ യാത്രക്കാരനോട് സംസാരിക്കാൻ ധൈര്യമില്ലാതാകുന്ന, ഒറ്റനോട്ടത്തിൽ പ്രണയകാന്തം പൂക്കുന്ന, ചതിച്ചുവരുന്ന ചരിത്രങ്ങൾ ആവർത്തിക്കപ്പെടുന്ന, ഭൂപടങ്ങൾ ഇല്ലാതാകുന്ന, ഒരു കാലത്താണ് ഈ കവിതൾ എഴുതപ്പെടുന്നത് എന്ന ഉത്തമ ബോധ്യം കവിക്കുണ്ട്. അതുകൊണ്ടാണ് “ഒരിയ്ക്കൽ നിശ്ചലമായ നഖങ്ങളും പൂർണമായും നിശ്ചലമാകാത്ത കൊക്കും ഒരിക്കൽ പുറത്തുചാടും” എന്ന് കെ. ജയകുമാറിന് എഴുതാനാകുന്നത്.

6 Comments
 1. Very nice… enjoyed reading

  • jwalanam 5 years ago

   Thank you!

 2. good review

  • jwalanam 5 years ago

   Thank you!

 3. Baburaj 5 years ago

  Beautifully written..

 4. Priya 5 years ago

  Very well written. Congrats!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account