സങ്കീർണ്ണമായ ഒരു കാലഘട്ടത്തെക്കുറിച്ച് നടത്തുന്ന ഏതു രൂപത്തിലുള്ള ആഖ്യാനവും സങ്കീർണ്ണമായിത്തീരുക സ്വാഭാവികമാണ്. അത്തരമൊരു ലോകത്ത് അസ്വാഭാവികമായോ അസാധ്യമായോ ഒന്നും തന്നെ ഉണ്ടാവുകയില്ല. സാമാന്യ മനുഷ്യന്റെ യുക്‌തിക്കോ നീതിബോധത്തിനോ യാതൊരു പ്രസക്‌തിയുമില്ലാത്ത, അപര സ്വാതന്ത്ര്യത്തിന്റെ എല്ലാ സങ്കൽപ്പനങ്ങളേയും അട്ടിമറിക്കുന്ന ഒരു വ്യവസ്ഥിതിയിൽ നാമെങ്ങനെയാണ് ശരികളെ നിർവചിക്കേണ്ടത് എന്ന ആശങ്ക നിലനിൽക്കുന്നു. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മരീചികകളാവുന്ന ഒരു രാഷ്‌ട്രത്തിൽ അസ്വസ്ഥതകളേയും അമാനവികതയേയും കുറിച്ചല്ലാതെ മറ്റെന്തിനേക്കുറിച്ചാണ് പറയേണ്ടത്? സ്വന്തം ആകാശം പോലും മറ്റാരൊക്കെയോ എഡിറ്റ് ചെയ്യുന്ന കാലത്ത് എങ്ങനെയാണ് ഉന്നതവും പ്രൗഡവുമായ ദേശീയ ബോധത്തെക്കുറിച്ച് ചർച്ച ചെയ്യുക? നേരിന്റെ ഭാഗത്തു നിന്നു കൊണ്ട് എങ്ങനെയാണ് കപട രാജ്യപ്പെരുമയുടെ വാഴ്ത്തുപാട്ടുകളോട് വിധേയരാവുക? ഇപ്രകാരമുള്ള ഒട്ടനവധിചോദ്യങ്ങളാണ് പി. ജിംഷാർ എഴുതിയ എഡിറ്റിംഗ്‌ നടക്കുന്ന ആകാശം എന്ന നോവൽ ബാക്കി വക്കുന്നത്. ഒരുപക്ഷേ നോവൽ എന്ന ആഖ്യാന രൂപത്തിന്റെ എല്ലാ സാധ്യതകളേയും ശീർഷാസനത്തിൽ നിർത്തുന്ന ഇത്തരം രചനകൾ നമുക്കത്രയൊന്നും പരിചിതമല്ല. അതുകൊണ്ട് തന്നെ സാധാരണ വായനാ സമീപനങ്ങൾ ഉപയോഗിച്ച് ഈ നോവലിന്റെ ബഹുതല സങ്കീർണ്ണതകളെ അഴിച്ചെടുക്കുക അത്ര എളുപ്പമല്ല. ഭൂതകാലത്തും വർത്തമാനകാലത്തും ഭാവിയിൽ പോലും അധികാരത്തിന്റേതും അല്ലാത്തതുമായ വിരുദ്ധ നൈതികതകൾ ഉണ്ടെന്നതും ഉണ്ടാവുമെന്നതും യഥാർഥ്യമാണ്. അധികാരത്തിന്റെ നീതിബോധമാകട്ടെ നിരന്തരമായി ശത്രുതയെയും പകയെയും കുറിച്ച് ആശങ്കപ്പെടുകയും ഭീതിയുടെ സാധ്യതകളെ അധിനിവേശത്തിന്റെ ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അധികാരം എല്ലായ്‌പ്പോഴും അതിന്റെ തന്നെ നാശത്തെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടത്രേ അത് സ്വന്തം കീഴ് ജനതയിൽ അതിന്റെ ശത്രുക്കളുണ്ടെന്ന് ആശങ്കപ്പെടുന്നത്.

അധികാരത്തിന് അതിന്റെ ആധിപത്യം നിലനിർത്താൻ സമൂഹത്തിൽ ഭയം ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഭയം ഭയത്തിന്റെ തന്നെ ഉൽപന്നമാണെന്നിരിക്കെ അപരനിൽ ഭയം ജനിപ്പിക്കാനുള്ള ഏതൊരു ശ്രമവും സ്വയം ഭയപ്പെടുന്നതിനുള്ള കാരണവും കൂടിയാകുന്നു. അത്തരം സന്ദർഭങ്ങളിലാണ് അധികാരം സ്വന്തമായ ഭയഹേതുക്കളെ കണ്ടെത്തുന്നത്. നീട്ടി വളർത്തിയ താടിയും ലോ വെയ്സ്റ്റ് ജീൻസും ചപ്ര തലമുടിയും പോലും അപ്പോൾ നിയമ സംവിധാനങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തിയും എഴുത്തും പാട്ടുമൊക്കെ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. നിരന്തരമായി ചില ശത്രു വർഗങ്ങളില്ലാതെ അതിജീവിക്കാൻ കഴിയാത്ത ഭീരുക്കളാണ് മിക്കപ്പോഴും ഭരണകൂടങ്ങൾ. കുറ്റവാളികളെന്നു മുദ്രകുത്താനും ശിക്ഷിക്കാനും അത് ചില വർഗങ്ങളെ കണ്ടെത്തുന്നു. കുറ്റവാളി വർഗങ്ങൾ തീരുമാനിക്കപ്പെടുന്നത് അതതു കാലത്തിന്റെ താൽക്കാലിക യുക്‌തികൾക്കു വിധേയമായി ജാതിയുടേയോ മതത്തിന്റേയോ തൊഴിലിന്റേയോ ജ്ഞാനത്തിന്റെയോ അടിസ്ഥാനത്തിലാവാം. കുറ്റപ്പെടുത്താനും ശിക്ഷിക്കാനും ചിലരുണ്ടാവുക എന്നതാണ് അധികാരത്തിന്റെ അതിജീവന യുക്‌തി. തീർച്ചയായും അധികാരവും അതിന്റെ ഇരകളും (subjects) തമ്മിലുള്ള സംഘർഷമാണ് എഡിറ്റിംഗ് നടക്കുന്ന ആകാശം എന്ന നോവലിന്റെ അടിസ്ഥാനം.

ചിതറിയ നിലയിലുള്ള ഒട്ടനവധി സീനുകളുള്ള ഒരു സിനിമാക്കഥയാണ് എഡിറ്റു ചെയ്യാൻ നോവലിസ്റ്റ് നമുക്കു നൽകുന്നത്. പക്ഷേ ഓരോ സീനും എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് സ്വയം വേവലാതിപ്പെടുന്ന തിരക്കഥാകൃത്തിനേക്കാൾ മാരകമായി അതേ അനിശ്ചിതത്വം നമ്മെയും ബാധിക്കാനിടയുണ്ട്. എന്തുകൊണ്ടെന്നാൽ വടക്കേക്കാട് ഗവർമെൻറ് കോളേജിലെ 2014-15 വർഷത്തെ മാഗസിൻ തയ്യാറാക്കുന്ന സംഘം യഥാർഥത്തിലുള്ളതും അതേ സമയം മറ്റൊരു സിനിമയിലെ കേവലം കഥാപാത്രങ്ങളുമാണ്. തെരുവിലിട്ട് പോലീസ് വെടിവച്ചു കൊല്ലുന്ന ഏതോ ചെറുപ്പക്കാരനായി സ്വയം തിരിച്ചറിയുന്ന തനിക്കെങ്ങനെയാണ് ഭ്രാന്തു വന്നതെന്ന ചോദ്യത്തിന്റെ ഉത്തരം തേടി നടക്കുന്ന ഒരാൾ ഏതൊരു പ്രത്യേക ബിന്ദുവിൽ വച്ചാണ് ഉണ്മയോ ഇല്ലായ്‌മയോ ആയിത്തീരുന്നത് എന്ന് വ്യവഛേദിച്ചറിയാനുള്ള മാർഗമൊന്നും നമുക്കില്ല. ഭ്രാന്തോളമെത്തുന്ന ഭ്രമാത്‌മകത തന്നെയാണ് നോവലിന്റെ സൗന്ദര്യത്തിലെ പ്രധാന ഘടകം. വടക്കേക്കാട് ഗവൺമെന്റ് കോളേജിന്റെ കേൾക്കപ്പെടാത്തവർ എന്ന മാഗസിന്റെ എഡിറ്റോറിയൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തതോടെ ചിലർ മാഗസിൻ പ്രവർത്തകരുടെ നേരെ എതിർപ്പുകളുമായി വരുന്നുണ്ട്. കോളേജ് മാഗസിനുകളെ അവയിലെ ഉള്ളടക്കത്തിന്റെ പേരിലും പുറം ചട്ടയുടെ പേരിലും ശീർഷകത്തിന്റെ പേരിലുമൊക്കെ വിവാദത്തിലാക്കുന്ന ഒരു കാലത്ത് സ്‌ഫോടനാത്‌മകമായ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുക എന്നത് തന്നെ ധീരതയാണല്ലോ.. അങ്ങനെ ആർക്കൊക്കെയോ പൊള്ളലേറ്റ ആ ദിവസമാണ് സംഘത്തിലെ അഷറഫ് കഞ്ചാവു സഹിതം പോലീസിന്റെ പിടിയിലായത്. അവനെ കൂട്ടിക്കൊണ്ടുവരാൻ ചെന്ന നദിയും അനന്തു ലീഫും ശാഹിദും കൂടി പോലീസിന്റെ കൈയിലകപ്പെടുകയും പോലീസ് ഹോസ്റ്റൽ റെയ്‌ഡ്‌ ചെയ്‌ത്‌ മാഗസിൻ പിടിച്ചെടുക്കുകയും ചെയ്‌തു. ഒരു കോളേജ് മാഗസിൻ എന്തു വിപ്ലവമുണ്ടാക്കാനാണ് എന്ന് ചിന്തിക്കാനുള്ള ധൈര്യമില്ലാത്ത ഭരണകൂടം മാഗസിൻ ഒരു തീവ്രവാദ ഉൽപന്നമാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അതിന് കാരണമാകട്ടെ സഖാവ് ഇദ്രിസിന്റെ വധത്തിൽ 1993 ൽ RSS പ്രവർത്തകനും ഇപ്പോൾ പ്രതിപക്ഷ എം.എൽ എ യുമായ മഹേഷ് മോഹന് പങ്കുണ്ടെന്ന് മാഗസിൻ പ്രവർത്തകർക്കറിയാമെന്ന സംശയവും. അറസ്റ്റിലായ നദിയും കൂട്ടരും ക്രമേണ മുഖ്യധാരയുടെ ഓർമയിൽ നിന്ന് മറഞ്ഞു പോവുകയും ഒടുവിൽ 2015 ജൂലൈ 30ന് നദി ആത്‌മഹത്യ ചെയ്യുകയും ചെയ്‌തു. കൊല്ലപ്പെടുകയോ ആത്‌മഹത്യ ചെയ്യുകയോ ചെയ്യാൻ സാധ്യതയുള്ള ഒരു കാലത്ത്  ഞങ്ങൾ നിശ്ശബ്‌ദരായിരിക്കില്ലെന്ന് വെറുതെ, വെറും വെറുതെ തോന്നിപ്പിക്കാനുള്ള ശ്രമം മാത്രമാണിത് എന്നാണ് അവൻ മാഗസിന്റെ എഡിറ്റോറിയലിൽ എഴുതിയിട്ടുള്ളത്. അതു തന്നെയാണ് നദിയുടെ ആത്‌മഹത്യാക്കുറിപ്പും. കാമ്പസുകളിൽ രാഷ്‌ട്രീയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളുമുണ്ടാവുന്നതിനെ ഭയപ്പെടുകയും വിദ്യാർഥികൾ ആത്‌മഹത്യ ചെയ്യുകയും ചെയ്യുന്ന വർത്തമാനകാലത്ത് നദിയുടെ ആത്‌മഹത്യ അങ്ങനെ വെറുതെ സംഭവിക്കുന്ന ഒന്നല്ല.

ഭ്രാന്താണ് നോവലിലെ ഒരു പ്രധാന കഥാപാത്രം. നദിക്ക് ഭ്രാന്താണ് എന്നതിലുപരി നോവലിനു മൊത്തം ഭ്രാന്തു പിടിക്കുന്നത് നമുക്കനുഭവിച്ചറിയാം. ഭ്രാന്ത് എന്നാലെന്താണ് എന്ന ചോദ്യത്തിന് തീർച്ചയായും പ്രസക്‌തിയുണ്ട്. സാമാന്യലോകത്തിന് പിടി കിട്ടാത്ത തന്റെ ചോദ്യങ്ങളുടെ ഉത്തരങ്ങളും തന്റേതു മാത്രമായ പ്രശ്‌നങ്ങളുടെ പരിഹാരവുമാണ് ഭ്രാന്ത് ഒരാൾക്ക് നൽകുന്നത്. ഏതൊക്കെയോ സന്ധികളിൽ വച്ച് നിലച്ചുപോയതോ മുറിഞ്ഞു പോയതോ ആയ ജീവിതത്തിന്റെ വീണ്ടെടുപ്പുകളാണ് ഭ്രാന്ത്. സ്വാഭാവികമായും അത്തരം വീണ്ടെടുപ്പുകൾ സാമാന്യബോധത്തിന്റെ സംവേദന പരിധികൾക്കു പുറത്തുള്ളവയാണ്. അതിനാൽ തന്നെ ഭ്രാന്തന് സമൂഹവുമായി നിരന്തരം സംഘർഷത്തിലേർപ്പെടേണ്ടി വരുന്നു. പരിഷ്‌കൃതമായ ഒരു സമൂഹത്തിൽ ഇത്തരം സംഘർഷങ്ങൾ ഭൗതിക, ബൗദ്ധിക നവീകരണത്തിനുള്ള ഉപകരണമായി പരിഗണിക്കപ്പെടുമ്പോൾ നമ്മുടേതു പോലുള്ള ഒരു വ്യാജ വ്യവസ്ഥിതിയിൽ ഒരു കൂട്ടം അപരന്റെ കൂട്ടത്തെ ഭ്രാന്തൻമാരുടെ കൂട്ടം എന്ന് തിരസ്‌കരിക്കുകയും അത്തരം തിരസ്‌കാരങ്ങളെ പൊതുബോധത്തിന്റെ സാംസ്‌കാരിക നിർമിതികളോട് ചേർത്തു വക്കുകയും ചെയ്യുന്നു. ജനാധിപത്യം എന്ന വ്യവസ്ഥയുടെ തന്നെ സത്ത നിരാകരിക്കുകയാണ് ആധുനിക സമൂഹത്തിലെ ഭരണസംവിധാനങ്ങളുടെ പൊതു സ്വഭാവം എന്ന് ജിംഷാർ ഉറപ്പിച്ചു പറയുന്നു. അതിനുള്ള ഏറ്റവും ലളിതവും അതേ സമയം ശക്‌തവുമായ ഉപാധിയാണ് ഭ്രാന്ത്. പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നാവുന്ന അതിന്റെ പരിണാമമാണ് തനിക്ക് ഭ്രാന്തുണ്ടെന്ന് ഒരാൾക്ക് സ്വയം തോന്നുന്ന അവസ്ഥ. അതോടെ അയാൾ വ്യവസ്ഥകളോടും വ്യവസ്ഥിതികളോടും പൊരുത്തപ്പെടുന്നതിന് പ്രാപ്‌തനാകുന്നു. എന്നാൽ അതു സാധ്യമല്ലാത്തവനോ മരിച്ചു പോകുന്നു. നദിയുടെ മരണം അവന് ഭ്രാന്തുണ്ടായിരുന്നു എന്ന തിരിച്ചറിവിന്റെ ഉൽപ്പന്നമാണ്. ആ ഭ്രാന്തിനെയാകട്ടെ അധികാര കേന്ദ്രങ്ങൾ വല്ലാതെ ഭയപ്പെടുകയും ചെയ്യുന്നു. ഒരർഥത്തിൽ ഭ്രാന്തചിന്തകളുടെ ഒരു കോക്‌ടെയിൽ കൂടിയാണ് ഈ നോവൽ.

നിയമവും ഭരണകൂടവും എതിർ ശബ്‌ദങ്ങളെ നിരന്തരം വേട്ടയാടുകയും കൊന്നു തീർക്കുകയും ചെയ്യുമ്പോൾ പ്രതിസന്ധിയിലായിപ്പോകുന്ന വിഭാഗം സ്‌ത്രീകളാണ്. വലിയ മാറ്റങ്ങൾ സ്വപ്‌നം കാണുകയും വലിയ വിപ്ലവങ്ങളെക്കുറിച്ച് പദ്ധതികളൊരുക്കുകയും ചെയ്യുന്നവർക്കൊപ്പം അവരുടെ ആശയങ്ങളോടുള്ള അഭിനിവേശം കൊണ്ട് കൂട്ടുകൂടുന്ന പെൺകുട്ടികൾക്ക് എന്തു സംഭവിക്കും എന്നത് പ്രസക്‌തമായ ചോദ്യമാണ്. പരമ്പരാഗതമായ പ്രണയ സങ്കൽപ്പങ്ങളോ മൃദുല വികാരങ്ങളോ ബാധിക്കാത്തവരായിട്ടു പോലും ആൺ നഷ്‌ടങ്ങൾ അവരെ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്. തലമുറകൾക്കിപ്പുറവും സമൂഹം ആൺ പെൺ ദ്വന്ദങ്ങൾക്കപ്പുറം സങ്കൽപിക്കാൻ പ്രാപ്‌തമായിട്ടില്ലാത്ത അവസ്ഥയിൽ അവർക്കിടയിലുള്ളത് ശ്ലീലമല്ലാത്ത ഒന്നാണെന്ന് നിബന്ധിക്കാനേ പൊതുബോധത്തിന് സാധ്യമാകൂ. പ്രണയമോ രതിയോ ഒന്നും ശാശ്വതമല്ലാത്ത കാലത്തു പോലും സ്‌ത്രീയുടേത് അധോ ജീവിതമാണെന്നും നോവൽ അഭിപ്രായപ്പെടുന്നു.

തനിക്ക് ഭ്രാന്തില്ലെന്നും ഈ പറഞ്ഞതെല്ലാം തന്റെ കളഞ്ഞു പോയ തിരക്കഥയിലെ കഷണങ്ങളാണെന്നും എത്ര പറഞ്ഞിട്ടും ഡോക്റ്റർക്ക് മനസിലാവുന്നില്ല. ഡോക്റ്റർർക്കെന്നല്ല ആർക്കും മനസിലാവുന്നില്ല എന്നാണ് നോവലിന്റെ അവസാനം സംവിധായകന്റെ ആവലാതി. ജീവിതമെന്തെന്നും തിരക്കഥയെന്തെന്നും മനസിലായ സ്ഥിതിക്ക് ഇനിയുമൊരു നല്ല തിരക്കഥയെഴുതണം എന്ന വലിയ തിരിച്ചറിവും നോവലിസ്റ്റ് പങ്കു വക്കുന്നു. ഭ്രാന്തുള്ളപ്പോൾ കാണുന്ന കാഴ്‌ചകൾക്ക് ഭ്രാന്തില്ലാത്തപ്പോഴുള്ളതിനേക്കാൾ വ്യക്‌തതയുണ്ട് എന്ന് ബോധ്യമായ സ്ഥിതിക്ക് ഏതാണ് തനിക്കേറ്റവും ഉചിതമായ അവസ്ഥ എന്ന ആശയക്കുഴപ്പവും സംവിധായകനെ കുഴക്കുന്നുണ്ട്. അയാൾ നിരന്തരമായി കേർക്കുന്ന വിസിലടിയൊച്ചയും പോലീസ് ബൂട്ട്സിന്റേയും പോലീസ് വാഹനങ്ങളുടെയും ശബ്‌ദവും വെടിയൊച്ചയും ഭ്രാന്തു മാത്രമാണോ എന്ന  വിഭ്രാന്തി, ഫാസിസ്റ്റുകളുടെ ജയ് ശ്രീറാം വിളികൾ, കൊല്ലപ്പെട്ടവരിൽ ഒരാൾ കൽബുർഗിയാണ് എന്ന വെളിപാട് ഒക്കെ ഭ്രാന്തിന്റെ ഉൽപ്പന്നമാണ് എന്ന് തിരക്കഥാകൃത്തായ, നോവലിസ്റ്റായ, സംവിധായകനും, വടക്കേക്കാട് കോളേജിലെ മാഗസിൻ നിർമാണത്തിന്റെ ചുമതലക്കാരനുമായ തനിക്ക് മനസിലാവുന്നിടത്ത് നോവൽ അവസാനിക്കുന്നു. രാജ്യത്ത് നാം കാണുന്നതൊക്കെ കള്ളമാണെന്നും, കണ്ടതല്ല, തങ്ങൾ പറയുന്നതാണ് സത്യമെന്നും നിരന്തരം പറയുന്ന വർത്തമാന രാഷ്‌ട്രീയാവസ്ഥയിൽ ആർക്കൊക്കെയാണ് ഭ്രാന്തുള്ളത് / ഇല്ലാത്തത് എന്ന് ആശങ്കപ്പെടേണ്ടി വരുന്നത് നമ്മളോരോരുത്തർക്കുമാണ് എന്ന് എഡിറ്റിംഗ് നടക്കുന്ന ആകാശം പറഞ്ഞവസാനിപ്പിക്കുന്നു.

അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും ഒരു രാജ്യത്തിന്റെ ജീവിതാവസ്ഥയാവുന്നതിന്റെ നേരാഖ്യാനമാണ് എഡിറ്റിംഗ് നടക്കുന്ന ആകാശം. ഭ്രാന്തിന്റെ ജുഗൽബന്ദി, അധികാരത്തിന്റെ തേർവാഴ്‌ച, നുണകളുടേയും കൽപിത സത്യങ്ങളുടേയും വിശുദ്ധ പുസ്‌തകം, എഡിറ്റിംഗ് നടക്കുന്ന ആകാശം നിർവചനങ്ങളുടെ എല്ലാ ചട്ടക്കൂടുകളേയും നിരാകരിക്കുകയും ആസ്വാദനത്തിന്റെ നിയാമക നിലപാടുകളെ അട്ടിമറിക്കുകയും ചെയ്യുന്നു.

മനോജ് വീട്ടിക്കാട്
പള്ളിക്കുറുപ്പ് PO
മണ്ണാർക്കാട്
പാലക്കാട് 678582
Ph. 9446514489

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account