മുണ്ടൂർ കൃഷ്‌ണൻകുട്ടി പറയാറുണ്ട്. എഴുത്തുകാരനാവാൻ ശപിക്കപ്പെടലാണെന്ന്. എങ്ങനെയാണ് എഴുത്ത് താങ്കളുടെ മേഖലയാവുന്നത്?

ശ്രീ മുണ്ടൂർ കൃഷ്‌ണൻകുട്ടി മാഷ് പറഞ്ഞത് എനിക്കും നന്നായി ഇണങ്ങുന്ന അഭിപ്രായമാണ്. എഴുത്തുകാരനായ  എന്റേത് ശപിക്കപ്പെട്ട ജന്മം തന്നെയാണ്. സാധാരണ ജീവിതം വലിയ കോളിളക്കങ്ങളില്ലാതെ ജീവിച്ചു പോകുന്നുണ്ടെങ്കിലും എഴുത്തു ജീവിതം സദാ പിരിമുറുക്കത്തിന്റെ പെരുവഴിയിലിട്ട് നിർദ്ദയം ഓടിച്ചു കൊണ്ടിരിക്കും. എഴുതിത്തീർന്നാലും ആ സംഘർഷങ്ങൾക്ക് വിരാമമുണ്ടാകുന്നില്ല. എഴുത്തുകാരന്റേത് ഗർഭിണിയുടെ അവസ്ഥയാണ്. ഗർഭത്തിൽ ചുമന്നു നടന്നേ പറ്റൂ. പ്രസവിച്ചേ പറ്റൂ.

എഴുത്ത് എങ്ങനെ എന്റെ മേഖലയായി എന്ന ചോദ്യത്തിന് ഉത്തരമില്ല. അത് നിഴൽ പോലെ എന്നും കൂടെയുണ്ടായിരുന്നിരിക്കണം. വായന ആ ചോദനയെ പരിപോഷിപ്പിച്ചിട്ടുണ്ടാവണം. ഹൈസ്‌കൂൾ കാലത്തു തന്നെ എം.ടിയേയും ബഷീറിനേയും പൊൻകുന്നം വർക്കിയേയും തകഴിയേയും ഉറൂബിനേയും കാരൂരിനേയുമൊക്കെ രുചിച്ചു കഴിഞ്ഞിരുന്നു. ചിലമ്പൊലി എന്ന കുട്ടികളുടെ മാസികയിൽ കുഞ്ഞു കഥകൾ എഴുതിയിരുന്നു. എന്റെ അഭിരുചികളെ നിയന്ത്രിക്കാനോ നയിക്കാനോ ആരുമുണ്ടായിരുന്നില്ല. മുത്തശ്ശിയോടൊപ്പമാണ് വളർന്നത്. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ തമിഴ്‌നാട്ടിലായിരുന്നു. അതു കൊണ്ട് ഞാൻ തന്നെയായിരുന്നു എന്റെ വിധികർത്താവ്. ഞാൻ നന്നായതിനും ചീത്തയായതിനും ഞാൻ തന്നെയാണ് ഉത്തരവാദി. കഥകളൊന്നും ആരുടേയും വഴി കാട്ടലുകളുടെ അടിസ്ഥാനത്തിലല്ല എഴുതിയിട്ടുള്ളതും പ്രസിദ്ധീകരണത്തിന് അയച്ചിട്ടുള്ളതും. എഴുത്ത് ഒരു സുപ്രഭാതത്തിൽ എന്നെ വന്നു പുണർന്നതല്ല. അത് എല്ലാക്കാലത്തും എന്റെ ഒപ്പമുണ്ടായിരുന്നു.

ഒടിയനെക്കുറിച്ചാണ് ഏറ്റവും കൂടുതൽ ചർച്ചകളുണ്ടായിട്ടുള്ളത്. ഒടിയന്റെ രചനയിലേക്കെത്തിയ വഴികൾ?

ഒടിയനെക്കുറിച്ച് അങ്ങനെ എന്തെങ്കിലും ചർച്ചകൾ ഉണ്ടായിട്ടുണ്ടോ? പ്രത്യേകിച്ച് അത് അർഹിക്കുന്ന രീതിയിൽ? എന്റെ അറിവിൽ ഇല്ല. ഞാനറിയാതെ വല്ല ചർച്ചകളും നടന്നിട്ടുണ്ടോ എന്നറിയില്ല. 2002 ൽ കറന്റ് ബുക്‌സ് നോവൽ അവാർഡ് നേടിയ കൃതിയായിട്ടുപോലും ആകെ മൂവായിരം കോപ്പികളേ ഇറങ്ങിയിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ ആഗസ്റ്റിലാണ് അതിനൊരു മൂന്നാം പതിപ്പ് ഇറങ്ങുന്നത്. സന്തോഷമുള്ള കാര്യം, വായനക്കാർ ഒടിയനെക്കുറിച്ച് എന്നും ഓർത്തുകൊണ്ടിരുന്നു എന്നതാണ്.

ഒടിയന്റെ രചനയിലേക്കെത്തിയ വഴികൾ യാദൃശ്‌ചികതയുടേതായിരുന്നോ എന്നറിയില്ല. ഒടിയൻമാരെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ട കാര്യങ്ങൾ മനസിലുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ മറ്റു ജാതിത്തറകൾ പോലെ ഒരു പറത്തറയുമുണ്ടായിരുന്നു. പത്തു മുപ്പത് കുടിലുകളും അതിലൊക്കെ ആളുകളും. അവിടുത്തെ ആളുകളാണ് ഒടിയനാവുക എന്നൊക്കെ കേട്ടിട്ടുണ്ട്. അവരിലാരെയെങ്കിലും കാണുന്നതു തന്നെ ഭയമുളവാക്കുന്നതായിരുന്നു. തികച്ചും മാന്ത്രികവും ഭയാനകവുമായ ഒരു പരിവേഷമായിരുന്നു ആ തറക്കും അതിലെ ആളുകൾക്കും എന്റെ മനസിൽ. പിന്നീട് ഒരവധിക്ക് നാട്ടിൽ വന്നപ്പോൾ ആ വഴി ഒരു വെറും നടത്തം നടന്നപ്പോൾ ആ തറ അപ്രത്യക്ഷമായിരുന്നു. അവർ കൂട്ടത്തോടെ എവിടെ പോയിരിക്കാം എന്ന ഭാവനയിലെ അന്വേഷണം – തീർച്ചയായും വസ്‌തുതാപരമല്ല – എന്നെ ഒടിയൻ എന്ന നോവലിൽ എത്തിക്കുകയായിരുന്നു. നോവൽ മനസിൽ രൂപം കൊണ്ട ഒരു രാത്രി ഒറ്റയിരുപ്പിൽ ഇരുപത്തേഴു പേജുകൾ എഴുതിത്തീർത്തു. അത്രേ ഉണ്ടായിരുന്നുള്ളൂ ആവേശം. പിന്നെ രണ്ടു വർഷങ്ങൾക്കു ശേഷം മറ്റെന്തോ തിരയുമ്പോഴാണ് എഴുതി വച്ച ഇരുപത്തേഴു പേജുകൾ കാണുന്നത്. അപ്പോഴേക്കും നേരത്തെ മനസിലുണ്ടായിരുന്ന ഒടിയന്റെ രൂപം മറന്നു കഴിഞ്ഞിരുന്നു. പിന്നീട് എന്നെ ഞെക്കിപ്പിഴിഞ്ഞ് പുറത്തു കൊണ്ടുവന്നതാണ് ഇന്ന് കാണുന്ന ഒടിയൻ.

ബഹുരൂപികൾ, നിച്ചാത്തം എന്നിവയെക്കുറിച്ചു കൂടി പറയണം.

നിച്ചാത്തം 1978ൽ ബോംബേയിലായിരുന്ന കാലത്ത് എഴുതിത്തീർത്ത നോവലാണ്. ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി വിവാഹിതയായി മഹാനഗരത്തിലെത്തിപ്പെടുന്നതും നഗരജീവിതവുമായി മല്ലടിച്ച് പൊരുത്തപ്പെട്ട് തന്റേടിയായിത്തീരുന്നതുമായിരുന്നു ഇതിവൃത്തം. പെൺകുട്ടികളൊക്കെ തൊട്ടാവാടിത്തം കളഞ്ഞ് താൻപോരിമയുള്ളവരായിത്തീരണം എന്നത് എന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു. നിച്ചാത്തത്തിലെ നിമ്മിയെക്കൊണ്ട് ഞാൻ അതാണ് ചെയ്യിച്ചത്. എഴുതിത്തീർന്നു എങ്കിലും ആരേയും കാണിച്ചില്ല.

ഒരെഴുത്തുകാരനായിത്തീരണം, പ്രസിദ്ധനാവണം എന്നൊന്നും എനിക്കുണ്ടായിരുന്നില്ല ഒരിക്കലും. അതു കൊണ്ട് എഴുത്തിലൊക്കെ ഞാൻ വളരെ അലസനായിരുന്നു.

ഒടിയനു മുമ്പുതന്നെ ബഹുരൂപികളുടെ എഴുത്തും ആരംഭിച്ചിരുന്നു.  നിച്ചാത്തം ഓരോ തവണയും നവീകരിക്കേണ്ടിയിരുന്നു.  2013 ആഗസ്റ്റിൽ ഡി. സി സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പത്തു പുസ്‌തകങ്ങളിലൊന്നായിരുന്നു നിച്ചാത്തം. വായനക്കാർ നിച്ചാത്തത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. വല്ലാത്ത ഒരുണർവും ആത്മവിശ്വാസവും പ്രദാനം ചെയ്‌ത കാര്യമായിരുന്നു അത്. ബഹുരൂപികൾ പൂർണമാക്കാനുള്ള ഊർജ്ജം അതെനിക്ക് തന്നു. 2017 ആഗസ്റ്റിലാണ് ബഹുരൂപികൾ പുറത്തിറങ്ങുന്നത്. ഡിജിറ്റൽ വിപ്ലവം വരുന്നതിനു മുമ്പുള്ള ഒരു ദിവസം ഒരു ഗ്രാമത്തിലെ ഒരു സ്ഥലത്തു കൂടെ ഒരു നിശ്‌ചിത സമയത്ത് കടന്നു പോകുന്ന ചില ആളുകളെ ഒരു ദിവസം പിന്തുടർന്നു പോകുന്ന പ്രത്യേക രീതിയാണ് ഞാൻ ബഹുരൂപികളിൽ സ്വീകരിച്ചിട്ടുള്ളത്.

നഷ്‌ടസംസ്‌കൃതികളെക്കുറിച്ചുള്ള വേവലാതികളാണ് കണ്ണൻ കുട്ടിയുടെ രചനകളുടെ അടിസ്ഥാനം. പക്ഷേ പലപ്പോഴും സംസ്‌കാരങ്ങളുടെ നിഷ്‌കാസനം കാലത്തിന്റെ ശരികളല്ലേ?

തീർച്ചയായും. സംസ്‌കാരങ്ങളുടെ സമയോചിതമായ നിഷ്‌കാസനം കാലത്തിന്റെ ശരി മാത്രമല്ല ആവശ്യവുമാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഏത് സംസ്‌കാരത്തിലും സമൂഹത്തിലും ആവശ്യമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റപ്പെടേണ്ടവ തന്നെയാണ്. എഴുത്തുകാരൻ എന്ന നിലയിൽ ഇവിടെ ഇങ്ങിനെയൊരു സംസ്‌കാരവും രീതികളുമൊക്കെ നിലനിന്നിരുന്നു എന്ന് പറയാതെ പറയാനാണ് ഞാൻ ശ്രമിക്കുന്നത്. ഓരോ എഴുത്തുകാരനും ചെയ്യുന്നത് അതൊക്കെത്തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. ചരിത്രത്തിന്റെ ബോധപൂർവമല്ലാത്ത രേഖപ്പെടുത്തലാണത്. ആ സംസ്‌കൃതിയിൽ നിലനിന്നിരുന്ന സൗന്ദര്യാത്മകതയെ ചൂണ്ടിക്കാണിച്ചു തരികയാണത്. ഒടിയനിലും നിച്ചാത്തത്തിലും ബഹുരൂപികളിലും അതു തന്നെയാണ് ഞാൻ ചെയ്‌തത്‌. ഈ ഭൂമി, നമ്മുടെ പരിസരം അത്രക്ക് ജീവിക്കാൻ കൊള്ളാത്ത ഇടമായിക്കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞു വക്കലാണത്.

ഒടിയനെ മുൻ നിർത്തി തന്നെ പറയാം. ഋജുവായ ഭാഷയും ആഖ്യാനരീതിയുമാണ് രചനക്ക് കൂടുതൽ സ്വീകാര്യത നൽകുന്നത് എന്ന് കരുതുന്നുണ്ടോ?

തീർച്ചയായും. സ്വീകാര്യത മാത്രമല്ല സൗന്ദര്യവും വായനാസുഖവും ഈ രീതി തരുന്നു. ഭാഷ വായനക്കാരനെ വിഭ്രമിപ്പിക്കാനുള്ളതല്ല. സ്വന്തം പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ളതുമല്ല. ആശയം കൈമാറാനുള്ളതാണ്. അതിനെ ചില എഴുത്തുകാർ എത്ര മാത്രം വികൃതവും വികലവുമാക്കിയിട്ടുണ്ട് പലപ്പോഴും!  ആശയങ്ങളെ എത്ര ലളിതമായി പ്രതിപാദിക്കാൻ കഴിയുന്നുവോ അത്രയും ശക്‌തി ആ രചന കൈവരിക്കുന്നു. ആസ്വാദ്യകരവുമാകുന്നു. ഹെമിംഗ് വേയുടെ ചെറുകഥകളാണ് എന്റെ ഈ വിശ്വാസത്തിനുള്ള അടിസ്ഥാനം. പിന്നെ എഴുത്ത് ആത്മാർഥമാണെങ്കിൽ വിഷയത്തിന് അനുസൃതമായ ഭാഷ രചനാ വേളയിൽ തനിയെ ഉരുത്തിരിഞ്ഞു വരും. ഒടിയനെക്കുറിച്ച് പറയുകയാണെങ്കിൽ വായനക്കാരൊക്കെ പ്രശംസിച്ചത് അതിലെ അലങ്കാരങ്ങളില്ലാത്ത ലളിതമായ ഭാഷയെക്കുറിച്ചും അതുപയോഗിച്ച രീതിയെക്കുറിച്ചുമാണ്. ചെറിയ ചെറിയ വാക്കുകളുപയോഗിച്ച് ഉണ്ടാക്കിയ ചെറിയ വാചകങ്ങളെക്കുറിച്ച്. അവസാനത്തെ അധ്യായം മൂന്ന് കുത്തിൽ അവസാനിക്കുന്ന ഒരു ചെറിയ വാചകം മാത്രമാണ്. ആ വാചകത്തിനപ്പുറം ഒരു ജീവിതം അവസാനമില്ലാതെ നീണ്ടു കിടക്കുന്നു –

നവീന മലയാള സാഹിത്യം റഫറൻസുകളിലും ഉദ്ധരണികളിലും തീസിസുകളിലുമാണ്  പദമൂന്നി നിൽക്കുന്നത്. ഫിക്ഷൻ വല്ലാതെ യഥാർഥമായിപ്പോകുന്നുണ്ട് എന്നു പറഞ്ഞാൽ യോജിക്കുമോ വിയോജിക്കുമോ?

സംശയമെന്ത്? നൂറു ശതമാനവും യോജിക്കുന്നു. സമീപകാലത്ത് കൊട്ടി ഘോഷിക്കപ്പെടുന്ന പല നോവലുകളുടേയും അവസ്ഥ താങ്കൾ പറഞ്ഞതിൽ നിന്നും വ്യത്യസ്‌തമല്ല. ലേഖന സമാഹാരമാകേണ്ട, യാത്രാവിവരണമാകേണ്ട ചില രചനകളെങ്കിലും നോവൽ എന്ന രീതിയിൽ ഇവിടെ സ്വീകരിക്കപ്പെടുന്നുണ്ട്. വാഴ്ത്തപ്പെടുന്നുണ്ട്. ഇത് നല്ല പ്രവണതയല്ല. പുതിയ വായനക്കാരുടെ വായനാനുഭവങ്ങളുടെ ആഴമില്ലായ്‌മയെ ചൂഷണം ചെയ്‌തു കൊണ്ടാണ് ഇത്തരം രചനകളുടെ അംഗീകാരവും പ്രശസ്‌തിയും വിൽപനയും. വായനയെ ഗൗരവത്തിലെടുക്കുന്നവരെ ചെടിപ്പിക്കുന്ന വിധത്തിലായിട്ടുണ്ട് പല പുതിയ പുസ്‌തകങ്ങളും. ആർജവമില്ലാത്ത ഭാഷ ഉപയോഗിച്ച്‌ വായനാസുഖം എന്ന അവശ്യഗുണത്തെപ്പോലും നിരാകരിക്കുന്ന എത്രയോ പുസ്‌തകങ്ങൾ ഇവിടെ ആഘോഷിക്കപ്പെടുന്നുണ്ട്. ഇൻറർനെറ്റിലൂടെ ലഭിക്കുന്ന വിജ്ഞാനങ്ങളും വിവരങ്ങളും സ്വാനുഭവമെന്ന വ്യാജേന നോവലിൽ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ട്. വായനക്കാരുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുകയാണിവർ. മനുഷ്യ ജീവിതത്തിലെ വൈകാരികതകളെ ഒഴിച്ചു നിർത്തി ബൗദ്ധിക വ്യവഹാരങ്ങളായി മാറിപ്പോയി ഇന്നത്തെ നോവൽ. മനുഷ്യന്റെ സൗന്ദര്യാത്മക മനോവ്യാപാരങ്ങളിൽ നിന്ന് ഭൗതിക തലത്തിലേക്കുള്ള യാന്ത്രിക പ്രയാണമായിത്തീർന്നിരിക്കുന്നു ആഖ്യാനിക്കപ്പെടുന്ന ജീവിതങ്ങൾ. ഋജുവായി പറയുക എന്ന രീതി വിട്ട് പരത്തിപ്പറയുകയും പേജുകൾ കൂട്ടുകയും ചെയ്യുക എന്ന രീതിയും പലരും അവലംബിച്ചു കാണുന്നു. കള്ളനാണയങ്ങളെ തിരിച്ചറിയാൻ പറ്റാത്ത അത്രയും നിഷ്‌കളങ്കരാണ് പലപ്പോഴും വായനക്കാർ.

അത്ഭുതപ്പെടുത്തിയ കൃതി?

മലയാളത്തിൽ ആൾക്കൂട്ടം. ആദ്യ വായനയിൽ അനുഭവിച്ച അമ്പരപ്പും അത്ഭുതവും സന്തോഷവും സന്ത്രാസവും ഇന്നുമുണ്ട് എന്നോടൊപ്പം. ജോസഫും സുനിലും പ്രേമും രാധയുമൊക്കെ എന്റെ തന്നെ വിവിധ ഭാവങ്ങൾ. എല്ലാറ്റിനുമുപരി ബോംബേ എന്ന മഹാനഗരത്തിന്റെ ഹൃദയമിടിപ്പുകൾ. മറ്റു ലോകഭാഷകളിൽ ഡോസ്റ്റോവ്‌സ്‌കി , ഷോർഷേ അൽമാദോ , കസൻദ് സാക്കിസ്, മാർക്കേസ് തുടങ്ങിയവർ അത്ഭുതപ്പെടുത്തുന്നു.

രചനാനുഭവങ്ങൾ വായനക്കാർക്ക് പഥ്യമാണ്. പ്രത്യേകിച്ച് ഒടിയന്റെ രചയിതാവിന്റെ..

ഒരു ആശയം തലയിൽ കയറിയാൽ അതിനെ മാത്രം ഉപാസിച്ചുപാസിച്ച് എഴുതാൻ പരുവമായി എന്നു തോന്നുമ്പോൾ ഇരുന്നെഴുതുന്ന ഒരു മനസും രീതിയുമല്ല എന്റേത്. ഒരു കഥ എഴുതിക്കൊണ്ടിരിക്കുമ്പോഴായിരിക്കും മറ്റൊരു കഥ മനസിൽ തെളിയുക. ഒരു രചന പൂർണരൂപത്തിൽ മനസിലുണ്ടെങ്കിൽ പോലും ഒറ്റയിരിപ്പിലിരുന്ന് അതെഴുതാൻ എനിക്കാവില്ല.

രചനക്ക് വേണ്ടി നോട്ടുകൾ തയ്യാറാക്കുക, റഫറൻസുകൾ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങളൊന്നും എനിക്കില്ല. ഒടിയൻ എഴുതിത്തുടങ്ങി പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങുന്നത്. നിച്ചാത്തം മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം, ബഹുരൂപികൾ പതിമൂന്ന് വർഷങ്ങൾക്കു ശേഷം. ഗൾഫിന്റെ പശ്ചാത്തലത്തിൽ 2005 ൽ എഴുതിത്തുടങ്ങിയ ഒരു നോവൽ ഇപ്പോഴും പണിപ്പുരയിൽ . എന്റെ വിഷയം കാലിക പ്രസക്‌തമല്ലാത്തതും ഭാഷ ഭ്രമിപ്പിക്കാത്തതുമായതിനാൽ പ്രസിദ്ധീകരിക്കാനുള്ള ഈ കാലതാമസം സൃഷ്‌ടിയിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് എന്റെ ബലം.

പ്രവാസിയായിരുന്നല്ലോ.. എഴുത്തിൽ പ്രവാസത്തിന്റെ സംഭാവന എന്തായിരുന്നു?

ബോംബേയിൽ 8 വർഷവും ഗൾഫിൽ 26 വർഷവും ജോലി ചെയ്‌തിട്ടുണ്ട്. ബോംബേയിലെ ജീവിതത്തിന്റെ തീക്ഷണത എന്റെ ഗൾഫ് ജീവിതത്തിനില്ലായിരുന്നു. ചിലപ്പോൾ പ്രായത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം അത്. സാമ്പത്തികമായോ ജോലി സംബന്ധമായോ ഒരു ബുദ്ധിമുട്ടും ഞാൻ അനുഭവിച്ചിട്ടില്ല. എന്നാൽ മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടുണ്ട്. സങ്കടപ്പെട്ടിട്ടുണ്ട്. എന്നെ ഒരു പിന്തിരിപ്പനായിട്ട് കണക്കാക്കരുത്. ഗൾഫുകാരന്റെ പ്രശ്‌നം പ്രശ്‌നമായിട്ട് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആ പ്രശ്‌നങ്ങൾ സ്വയം തലയിലെടുത്തു വച്ചവയാണ്. നിയമാനുസൃതമായി ഗൾഫിൽ എത്തുന്ന ഒരാൾക്കും നമ്മൾ കേട്ടറിഞ്ഞ പ്രശ്‌നങ്ങൾ ഒന്നുമുണ്ടാവില്ല. കമ്പനിയുടെ അപ്പോയ്ന്റ്‌മെന്റ് ലെറ്ററും വിസയുമുണ്ടെങ്കിലേ ആ രാജ്യത്ത് താമസിക്കാനാവൂ എന്നിരിക്കെ അതില്ലാതെ അവിടെ എത്തുന്നവർ ആ ഗവണ്മെന്റിനെ പറ്റിച്ചിട്ടുള്ളവരാണ്. അങ്ങനെയുള്ളവർക്കുണ്ടാകുന്ന ദുരനുഭവങ്ങളിൽ നാം പരിതപിക്കേണ്ട കാര്യമില്ല. നിങ്ങളെ ആരും കഴുത്തിനു പിടിച്ച് ഗൾഫിലേക്ക് വലിച്ചിഴച്ചിട്ടില്ല. ആ കുരുക്ക് നിങ്ങൾ സ്വയം അണിഞ്ഞ് വലിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നതാണ്.

ഗൾഫ് കാരന്റെ ജീവിത വഴികളെക്കുറിച്ച് ദുബായ് പുഴയിൽ കൃഷ്‌ണദാസ് പറയുന്നതെന്താണ്? കള്ള ലോഞ്ച് കയറി ഗൾഫിലെത്തുന്നു. ജോലിക്കായി തെണ്ടുന്നു. ദാരിദ്ര്യം ഏതു ജോലി എടുക്കാനും നിർബന്ധിതനാക്കുന്നു. അതിന്റെ പങ്കപ്പാടുകൾ അനുഭവിക്കുന്നു. കുറച്ചു കാലം കഴിയുമ്പോൾ എല്ലാം കലങ്ങിത്തെളിയുന്നു.

നല്ല ഒരു കമ്പനിയിൽ ജോലി ലഭിക്കുന്നു. അവരുടെ വിസ ലഭിക്കുന്നു. നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. നിങ്ങളുടെ ജീവിതം സുഗമമാകുന്നു. നിയമപരമായി എത്തുന്ന വിദേശിക്ക് ഗൾഫ് ജീവിതം സുഖമാണ്. അല്ലാത്തവർക്ക് മാത്രമാണ് ദുരിതം.

ഗൾഫ് പശ്ചാത്തലത്തിൽ ഞാനധികം എഴുതിയിട്ടില്ല. ബോംബെ പശ്ചാത്തലത്തിൽ കുറേ കഥകളെഴുതിയിട്ടുണ്ട്. നിച്ചാത്തത്തിന്റെ പശ്ചാത്തലവും ബോംബെയാണ്. അടുത്ത നോവലിന്റെ ഒരു ഭാഗം ഗൾഫ് പശ്ചാത്തലത്തിലുള്ളതാണ്.  എന്റെ ഇതുവരെയുള്ള എഴുത്തിൽ പ്രവാസത്തിന്റെ സംഭാവന ഒട്ടുമില്ല. ജീവിതത്തിന്റെ സംഭാവനകളേയുള്ളൂ. പ്രവാസി എന്ന പ്രയോഗത്തിനോടും പ്രവാസി എഴുത്തുകാരൻ എന്ന ലേബലിനോടും എനിക്കൊരു പഥ്യവുമുണ്ടായിട്ടില്ല. പ്രവാസ രചനകൾ എഴുതിയിട്ടില്ല. പ്രവാസി പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടില്ല. താൽപ്പര്യവുമില്ല. അന്യന്റെ മുതൽ എന്ന ചെറുകഥാ സമാഹാരത്തിന്റെ ആമുഖത്തിൽ ഇത് വിശദമായി എഴുതിയിട്ടുണ്ട്.

പുതിയ പുസ്തകങ്ങളെക്കുറിച്ച്?

2017 ആഗസ്റ്റ് 10 ന് കൊച്ചി അന്താരാഷ്‌ട്ര പുസ്‌തകമേളയിൽ വച്ചാണ് ബഹുരൂപികൾ ടി.ഡി.രാമകൃഷ്‌ണൻ, എൻ.ഇ. സുധീറിന് നൽകി പ്രകാശനം ചെയ്‌തത്‌. 2005 ൽ എഴുതിത്തുടങ്ങിയ ഒരു നോവൽ പൂർത്തിയാക്കാനുണ്ട്. എപ്പോൾ തീരും എന്ന് പറയാൻ പറ്റില്ല. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 22 കഥകളുണ്ട് സമാഹരിക്കാൻ. ഏഷ്യാനെറ്റ്-അറ്റ്ലസ് ജ്വല്ലറി അവാർഡ് നേടിയ പ്ലാറ്റ്ഫോം നമ്പർ 2 എന്ന നാടകവും പ്രസിദ്ധീകരിക്കാനുണ്ട്. ഭാവിയിൽ ചെയ്യുമായിരിക്കും.

 

1 Comment
  1. K Balagopalan 3 years ago

    It’s called plain speaking or candid writing. He is like that… Writing is not business to him… But fulfilling passion.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account