കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹിന്ദു പത്രത്തിന്റെ സൺഡേ മാഗസീൻ ഒന്ന് മറിച്ച് നോക്കിയപ്പോഴാണ് തമിഴ് സംവിധായകൻ പ. രഞ്ജിത്തുമായുള്ള ഒരു അഭിമുഖം കണ്ടത്. അതിന്റെ തലക്കെട്ടായിരുന്നു അതു മുഴുവൻ  വായിക്കാൻ എന്നെ പ്രേരിപ്പിച്ചത് – ‘Caste has followed me childhood’ എന്നായിരുന്നു അത്.

1982 ഡിസംബർ 8 ന് തമിഴ് നാട്ടിലെ കർലപാക്കത്തിലാണ് പ.രഞ്ജിത്തിന്റെ ജനനം. 2012ൽ ആട്ടക്കത്തി എന്ന റൊമാന്റിക് ഹിറ്റ് മൂവിയിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത്‌ തമിഴകത്തെ ഹിറ്റ് മേക്കറായ് മാറി രഞ്ജിത്. 2016ൽ സ്റ്റൈൽ മന്നൻ രജനികാന്തിനെ ‘കബാലി’ എന്ന ചിത്രത്തിൽ കോട്ടും, സ്യൂട്ടും ഇട്ട് കൈയിൽ തോക്കുമേന്തി നിൽക്കുന്ന ഒരു അധോലോക നായകനായാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. എന്നാൽ ൨൦൧൮ ൽ പുറത്തിറങ്ങിയ ബോക്‌സ് ഓഫിസ് ഹിറ്റ് മൂവി ‘കാല’ യിൽ കബാലിയിലെ ഡോണിനെ കറുത്ത മുണ്ടും, കൂളിംഗ് ഗ്ലാസും ധരിപ്പിച്ച് ധാരാവി ചേരിയുടെ ലോക്കൽ നേതാവ് ‘കാല’ ആക്കി മാറ്റി അദ്ദേഹം. ഏഴ് കൊല്ലങ്ങൾക്കിടയിൽ വൈവിധ്യമുള്ള അഞ്ച് സിനിമകളാണ് തമിഴകത്തിനദ്ദേഹം  സമ്മാനിച്ചത്. മിക്കതും സൂപ്പർ ഹിറ്റ്.

ഇതുപോലെ ശ്രദ്ധേയമാണ് അദ്ദേഹം നിർമ്മിച്ച സിനിമയും. തമിഴ് നാടിന്റെ ഒരു സവിശേഷതയാണ് ജാതി ഗ്രാമങ്ങൾ. രഞ്ജിത്ത് നിർമ്മിച്ച ‘പരിയേറും പെരുമാൾ’ എന്ന ചിത്രം ജാതിവിവേചനത്തിന്റെ തീവ്രതയെക്കുറിച്ചു എല്ലാവരെയും ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു.  ‘പുളിയൻ കുളം’ എന്ന ജാതി ഗ്രാമത്തിൽ നിന്നാണ് കഥാനായകനായ പെരുമാൾ പട്ടണത്തിലെ ഒരു ലോ കോളേജിൽ പഠിക്കാനായ് എത്തുന്നത്. അവിടെ പെരുമാൾ നേരിടുന്ന ജാതി പീഡനങ്ങളെക്കുറിച്ചാണ് ആ  സിനിമ പറയുന്നത്.  ദളിതനായ രഞ്ജിത്തിന്  ഒരു നല്ല സംവിധായകനായ് ഉയർന്നു വരാൻ തന്റെ ജാതി നിരവധി പ്രതിസന്ധികൾ സൃഷ്‌ടിച്ചിരുന്നു. ഒരു ദളിതനായതുകൊണ്ട് തന്റെ സ്വപ്‌നങ്ങൾ ഒരിക്കലും പ. രഞ്ജിത്തിന് നേടിയെടുക്കാൻ സാധിക്കില്ലെന്നും വിധിയെഴുതിയവരുണ്ട്. അങ്ങനെ സംഭവിക്കാനായിരുന്നു സാധ്യതയും കൂടുതൽ. പക്ഷേ ഇച്ഛാശക്‌തിയോടെ തന്റെ  വിധിയെ മറികടന്നു നടന്ന രഞ്ജിത്ത് തമിഴ് സിനിമാ ലോകത്തെ അറിയപ്പെടുന്ന സംവിധായകനായ് മാറി. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരർത്ഥത്തിൽ അദ്ദേഹം തന്നെയാണ് പരിയേറും പെരുമാൾ.

ഇതൊക്കെ തമിഴ് നാട്ടിലല്ലേ എന്നാശ്വസിക്കും  മുമ്പ് നമുക്ക് ചില കാര്യങ്ങളോർക്കാനുണ്ട്. നമ്മുടെ സമൂഹവും സിനിമാലോകവുമൊന്നും ദളിതരോട് സഹാനുഭൂതി കാണിച്ചിട്ടില്ല. പ. രഞ്ജിത്തിനെപ്പോലെ വിജയിച്ച  ഒരു ദളിത് സംവിധായകനെ നമുക്ക് ചൂണ്ടിക്കാട്ടാനില്ല .

മലയാളത്തിന്റെ മണികിലുക്കമായിരുന്ന അന്തരിച്ച കലാഭവൻ മണിയും ദളിതനായതിനാൽ സമൂഹത്തിൽ അവഹേളിക്കപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ നിരവധി ജാതി പീഡനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട് അനശ്വര നായകനായ കലാഭവൻ മണി. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കൂട്ടാക്കാതിരുന്ന നടിമാർ വരേയുണ്ട്. പിൽക്കാലത്ത് മണിയെ അവഹേളിച്ച നടിമാർക്ക് മണി തന്നെ ഒട്ടനവധി അവസരങ്ങൾ വാങ്ങിച്ച് കൊടുത്തിട്ടുണ്ടെന്നത് ഒരു മധുര പ്രതികാരമാണ്. അത്രയധികം കരുണയും, ദയാ വായ്‌പുമുള്ള മനുഷ്യസ്‌നേഹിയായിരുന്നു കലാഭവൻ മണി.

ഇന്ത്യയിലെ മിക്ക ഉൾനാടൻ പ്രദേശങ്ങളിലും ഇന്ന് ജാതിഗ്രാമങ്ങളും, ജാതി സഘടനകളുമൊക്കെയുണ്ട്. മനുഷ്യന്റെ ധാർമിക ബോധങ്ങളെ വളർത്താനുതകുന്നതല്ല ഇത്തരത്തിലുള്ള ജാതി സംഘടനകൾ. ഉൾനാടൻപ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും നിരക്ഷരരും, സെൻസിറ്റീവുമാണ്. അവർക്കിടയിൽ ജാതിപരമായ, മതപരമായ വിദ്വേഷം വളർത്തുന്നു ചില മനഷ്യരും, ഇത്തരത്തിലുള്ള ജാതി സംഘടനകളും.

ഒരു മനുഷ്യന്റെ ജാതിയോ, അതിന്റെ ഉച്ചനീചത്തങ്ങളോ അല്ല ആ മനുഷ്യന്റെ സംസ്‌കാരവും, സമൂഹത്തിൽ അവനു വേണ്ട സ്ഥാനവും നിർണയിക്കുന്നത്. മറിച്ച്, മനുഷ്യന്റെ നല്ല സ്വാഭാവവും, സമൂഹത്തോടുള്ള അവന്റെ പ്രതിബദ്ധതയിലുമാണ് ആ മനുഷ്യന്റെ വില സമൂഹം നൽകേണ്ടത്. പ. രഞ്ജിത്തിന്റെയും, കലാഭവൻ മണിയുടെയുടെയും ജീവിതത്തെയൊക്കെ അങ്ങനെയാണു വിലയിരുത്തേണ്ടത്. അവരുടെ കഴിവിനെ അംഗീകരിച്ച സമൂഹം അവരെയും അംഗീകരിച്ചു.

ജീവിതത്തിൽ നമുക്കെന്നും പ്രത്യാശകളുണ്ടാകണം. പ്രത്യാശകളാണ് മനുഷ്യജീവിതത്തെ നയിക്കുന്നതു തന്നെ. പ. രഞ്ജിത്തിന് സമൂഹത്തിൽ ഉയർന്നു വരുക എന്ന ലക്ഷ്യമുണ്ടായിരുന്നു. തന്നെ  ജാതിപ്പേരു വിളിച്ച് അപഹസിക്കുന്നത് അദ്ദേഹത്തെ നിരാശപ്പെടുത്തിയിരുന്നുവെങ്കിലും ജീവിതത്തിലെ തന്റെ പ്രത്യാശകളിലൂടെ രഞ്ജിത്ത് നടന്നു. ഉറച്ച വിശ്വാസത്തോടെ രഞ്ജിത്ത് തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിച്ചു.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തന്നെ ഒരു പോലീസുകാരൻ തന്റെ സഹപ്രവർത്തകർകരുടെ ജാത്യധിക്ഷേപം സഹിക്ക വയ്യാതെ മനം നൊന്ത് ആത്‌മഹത്യ ചെയ്‌തു. കുറച്ച് മാസങ്ങൾക്ക് മുൻപ്  മറ്റൊരു പോലീസുകാരൻ സഹപ്രവർത്തകർക്കിടയിലെ  ജാതി പീഡനങ്ങൾ താങ്ങാൻ വയ്യാതെ പോലീസ് സർവീസിൽ നിന്ന് തന്നെ രാജി വെച്ചു. നിരവധി നവോത്ഥാന നായകന്മാർ ജീവിച്ചിരുന്ന, ജാതി വെറിയ്ക്കെതിരേ പോരാടിയ ചരിത്രമുണ്ട് നമുക്ക്. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിന്റെ ജാതി സമവായങ്ങൾ മാറ്റി മറിച്ച ആ മഹാരഥന്മാരുടെ മണ്ണിലാണ് ഇന്ന് ജാതി പീഡനങ്ങളും, മത സ്‌പർദ്ധയും.

നമ്മുടെ സമൂഹത്തിന് മാറ്റം അനിവാര്യമാണ്. താഴ്ന്ന ജാതിയെന്നോ, ഉയർന്ന ജാതിയെന്നോ വ്യത്യാസമില്ലാതെ മനുഷ്യൻ എന്ന ഒറ്റ കുലത്തിൽപ്പെട്ടവരാണ് നമ്മളെല്ലാവരും. ജാതിയും, മതവും അതിന്റെ ഉച്ചനീചത്വങ്ങളും കേരളത്തിൽ ഇന്ന് വളരെ സെൻസിറ്റീവായ അവസ്ഥയുണ്ടാക്കുന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. മലയാളികൾ എപ്പോഴും ഓർക്കേണ്ടത് നമ്മുടെ നവോത്ഥാന നായകന്മാർ നമ്മെ പഠിപ്പിച്ച ധാർമികമൂല്യങ്ങളെയാണ്. ജാതിക്കും, മതത്തിനുമധീതമായ് മനുഷ്യൻ എന്ന ഒറ്റ വികാരത്തിലൂന്നി നാം ജീവിക്കണം.

പ. രഞ്ജിത്ത് എന്ന സംവിധായകന്റെ ജീവിത കഥ നിരവധി പോരാട്ടങ്ങളുടേതാണ്. ജാതിയുടെ പേരിൽ സമൂഹത്തിൽ അദ്ദേഹത്തിന് അപമാനിതനായ് കഴിയേണ്ടിവന്നെങ്കിലും, തന്റെ അത്യന്ത പരിശ്രമങ്ങളിലൂടെ അദ്ദേഹം ജീവിത വിജയം നേടി. ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ  കാലങ്ങളായ് ഇന്ത്യയിൽ നിലനിൽക്കുന്ന ഒന്നാണ്. ജാതിയുടെ പേരിൽ ക്രൂരപീഡനങ്ങൾക്കിരയായ എത്രയോ രക്‌തസാക്ഷികൾ ഇന്ത്യയിലുണ്ട്. ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആത്‌മഹത്യ ചെയ്‌ത യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയും വനിതാ ഡോക്റ്ററുമൊക്കെ നമ്മളെ ശരിക്കും ഭയപ്പെടുത്തുന്നു. അക്കൂട്ടത്തിൽ നിന്ന് പ. രഞ്ജിത്തുമാർ ഉയർന്നു വരുന്നത് പക്ഷേ പ്രതീക്ഷ പകരുന്നു.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account