പാടവരമ്പത്ത് പിന്നാലെ നടക്കുന്നവൾ
അലിയാർ മാക്കിയിൽ എഴുതിയ പാടവരമ്പത്ത് എന്ന കഥാസമാഹാരമാണ് കയ്യിൽ. കൃത്യം നൂറ് പേജുള്ള പുസ്തകം. പ്രഭാത് ബുക് ഹൗസാണ് പുറത്തിറക്കിയിരിക്കുന്നത്. നൂറു രൂപ വിലയുമുണ്ട്.
പുസ്തകം ഞാൻ വില കൊടുത്തു വാങ്ങിയതല്ല. വായനോപാഹാരം കിട്ടിയതാണ്. കഥാകൃത്ത് തന്നെ തന്നത്! അദ്ദേഹം എന്റെ വാപ്പിയുടെ നാലാമത്തെ ചേട്ടനാണ്. ഞാൻ മൂത്താപ്പ എന്നാണ് വിളിക്കുക. മൂത്ത വാപ്പ.. വല്യച്ഛൻ!
സത്യത്തിൽ, ഈ പുസ്തകം കയ്യിൽ കിട്ടിയിട്ട് അഞ്ചെട്ടു മാസമായിക്കാണും. കൈമാറിപ്പോയ ഒരു പുസ്തകം തിരിച്ചു കിട്ടുന്നത് ആദ്യമാണ്. അല്ലെങ്കിൽ തന്നെ, കഥയും കവിതയും സാഹിത്യവുമൊക്കെ ഒതുക്കി വെച്ച്, അക്കാദമികമായ മറ്റൊരു ലോകത്ത് കൊത്തിപ്പെറുക്കി നടക്കുകയായിരുന്നു ഞാനും. വായനയ്ക്ക് നനയില്ലാതെ വരണ്ടു പോയിരുന്നു.
ഈ പുസ്തകം വായിക്കണം എന്നും ഇതേക്കുറിച്ച് എന്തെങ്കിലും എഴുതണം എന്നും ആദ്യം മുതൽ തന്നെ മനസ്സിലുണ്ട്. അവസാനം, രണ്ടും കല്പിച്ച് കയ്യിലെടുത്തു. ചെറുകഥാ സമാഹാരങ്ങൾ നൽകുന്ന വായനാപ്രേരണ അതിൻറെ ഘടന നൽകുന്ന അയവാണ്. വായിച്ചു തുടങ്ങിയാൽ, ഒരു കഥ തീരുമ്പോൾ വേണമെങ്കിൽ അവസാനിപ്പിച്ച് മറ്റൊരിക്കൽ അടുത്ത കഥ വായിക്കാം. വായിക്കാനെടുക്കുന്ന പുസ്തകത്തോടുള്ള ദീർഘമായ ഉത്തരവാദിത്തം പലപ്പോഴും ഒരു ബാധ്യത കൂടിയാണല്ലോ. വായിക്കുന്നത് ചെറുകഥാസമാഹാരം ആകുമ്പോൾ,
കണ്ണുടക്കുന്ന ഏതെങ്കിലുമൊരു താളിൽ നിന്ന് ക്രമരഹിതമായി വായിച്ചു തുടങ്ങാം. അതാണ് എന്റെ ശീലവും.
ഈ കഥകളെ കുറിച്ച് പറയാൻ കഥാകൃത്തിനെ കുറിച്ച് തന്നെ പറഞ്ഞു തുടങ്ങണമെനിക്ക്.
അലിയാർ മാക്കിയിൽ എന്ന മനുഷ്യനെ ഞാൻ പ്രത്യേകമായി അറിയുന്നത്, വേദിയെ പ്രകമ്പനം കൊള്ളിച്ച ഒരു നാടകക്കാരൻ എന്ന മട്ടിലാണ്. പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസാമാസം നടക്കാറുള്ള കലാ സന്ധ്യകളുടെ ഭാഗമായി മിക്കവാറും അദ്ദേഹം അണിയിച്ചൊരുക്കിയതോ അഭിനയിക്കുന്നതോ ആയ നാടകങ്ങൾ ശ്രീദേവി ടാക്കീസിൽ വെച്ച് നടന്നിരുന്നു. നീണ്ട ഡയലോഗുകൾ അർത്ഥമിരുത്തി പറയുകയും കാണികളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്ന, കുർത്തയും സഞ്ചിയും തൂക്കിയ അദ്ദേഹത്തിൻ്റെ ഏതോ ഒരു കഥാപാത്രം എന്റെ മനസ്സിൽ ഇപ്പോഴും ഉടക്കി നിൽക്കുന്നുണ്ട്.
പിന്നെ മൂത്താപ്പായെ ഞാൻ സ്നേഹിക്കുന്നത്, എന്റെ വായനയുടെ ലോകം വിശാലമാക്കാൻ സഹായിച്ച, ബഷീറിന്റെ ലോകത്തെ ഒളിപ്പിച്ചു വെച്ച, ഒരു വീട്ടുവായനശാലയുടെ ഉടമസ്ഥൻ എന്ന മട്ടിലാണ്. ഉമ്മിയും വാപ്പിയും കൂടി എവിടെയെങ്കിലുമൊക്കെ പോകാറുള്ള സ്കൂൾ വൈകുന്നേരങ്ങളിൽ എന്നെ ഏൽപ്പിച്ചു പോകുമായിരുന്നത് അദ്ദേഹത്തിൻറെ വീട്ടിലാണ്. ആ വീട്ടിലെ മുകൾ നിലയിലുള്ള രണ്ടു ഷെൽഫുകൾക്കിടയിൽ ഇറങ്ങിയിരുന്നാണ് ഞാൻ ബഷീറിനെയും മാധവിക്കുട്ടിയെയും മറ്റും വായിച്ചു തീർത്തത്.
അലിയാർ മാക്കിയിൽ പിന്നീടെന്നെ സ്വാധീനിക്കുന്നത് വേദികളിൽ വെച്ചാണ്: അല്പം കൂടി മുതിർന്നു കഴിഞ്ഞ്. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം എൻ്റെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയതോടെ നാട്ടിൽ കിട്ടിയ വലിയ സ്വീകരണത്തിൻ്റെ ഭാഗമായി മലയാളം വേദികളിൽ കയറിയിറങ്ങി കവിത ചൊല്ലിയും പ്രസംഗിച്ചു നടക്കുന്നത് ശീലമായിരുന്ന നാലഞ്ച് വർഷങ്ങൾ. അന്നൊക്കെ കാണികളിൽ ഇരിക്കുന്നവർ വാത്സല്യം കൊണ്ട് പരിപാടി കഴിയുമ്പോൾ അരികെ വന്ന് സംസാരിക്കും. അന്നത്തെ എൻ്റെ പ്രധാനപ്പെട്ട വിലാസം “അലിയാർ മാക്കിയിലിൻ്റെ അനിയൻറെ മകളാണ് ഞാൻ” എന്നായിരുന്നു. അന്നേരം, അടുത്തുവരുന്ന സ്ത്രീകൾക്ക് വലിയ സ്നേഹമാണ്. അവർ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും, “അയ്യോ അലിയാർ സാറിൻറെ ചോരയാണോ” എന്ന് ചോദിക്കുകയും ചെയ്യും. “ഞങ്ങടെ അലിയാര് സാറ്” എന്ന് കണ്ണിൽ തിളക്കവുമായി അവർ പറയും. തൊഴിലുറപ്പിനു പോകുന്ന കുടുംബശ്രീയിലെ നാട്ടു പെണ്ണുങ്ങൾ. അദ്ദേഹം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആയാണ് വിരമിച്ചത്. സൗമ്യവും സ്നേഹം തുളുമ്പുന്നതുമായ സമീപനം. ഒരിക്കൽ പ്രസംഗിക്കുമ്പോ അദ്ദേഹത്തെ കേട്ടവരാരും പിന്നീട് ഒരിക്കലും മറക്കില്ല. നാടകാഭിനയത്തിലുള്ള അതേ ചാതുര്യം പ്രസംഗിക്കുമ്പോഴും മൂത്താപ്പ സൂക്ഷിച്ചു. ആകാംക്ഷയോടെ ആളുകൾ ഇപ്പോഴും അദ്ദേഹത്തെ കേട്ടിരിക്കുന്നു.
ഈ മുൻവിധികൾ, അറിയലുകൾ എന്നെ വായനയിൽ നിന്ന് മാറ്റി നിർത്തി. കാരണം, എത്ര ശ്രമിച്ചാലും വസ്തുനിഷ്ഠമായി എനിക്കീ പുസ്തകത്തെ കാണാൻ കഴിയില്ല. വായിക്കുന്ന പുസ്തകങ്ങളിലെല്ലാം എഴുത്തുകാരെ തിരയുക എന്നുള്ളത് പതിവു ശീലമാണ്. സ്കൂളിൽ നിന്നൊക്കെ കിട്ടിയ സാഹിത്യ വായനാ ശീലത്തിലെ പഴഞ്ചൻ നിരൂപണ അസ്കിതയുടെ ബാക്കിയാണ്. കൃതി, രചയിതാവിൻ്റെ ജീവിതവുമായി എത്ര ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഓരോ വരിയിലും ഞാൻ ആലോചിക്കാറുണ്ട്. അതേ കാരണം കൊണ്ട് തന്നെ, വളരെ കാലമായി അറിയുന്ന ഒരാളുടെ കഥകളെക്കുറിച്ച് എനിക്ക് ഒത്തിരി മുൻധാരണകളും നിലനിന്നിരുന്നു.
വായിച്ചു തുടങ്ങിയതോടെ ധാരണ അട്ടിമറിക്കപ്പെടുകയൊന്നും ചെയ്തില്ല. ഒന്നാമത്തെ കാര്യം ഈ പുസ്തകം ഒരു ചെറുകഥാസമാഹാരമാണെന്ന് പറയുന്നുണ്ടെങ്കിലും, എല്ലാം കേവലം കഥകളല്ല എന്നുള്ളതാണ്. പലതും ഓർമ്മക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും അപ്പാടെ എഴുതിയ താളുകൾ.ആമുഖം എഴുതി കഥാകൃത്ത് തന്നെ സൂചിപ്പിച്ചിട്ടുള്ളത് പോലെ, ആ എഴുത്തിൽ പരീക്ഷണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. പച്ചയായ ജീവിതം എങ്ങനെ കാണുന്നുവോ, എങ്ങനെ അനുഭവപ്പെടുന്നുവോ അങ്ങനെ തന്നെ..
പാടവരമ്പത്തെന്ന പേരു തന്നെ നോക്കൂ. ഇറങ്ങുന്ന ഓരോ പുതിയ ചെറുകഥാ സമാഹാരങ്ങളും അവയുടെ പേരുകൾ എങ്ങനെ വ്യത്യസ്ത പെടുത്താം എന്നു പരസ്പരം മത്സരിക്കുമ്പോൾ, ആളിറങ്ങിപ്പോയ പഴയ പാടവരമ്പിൽ തന്നെയാണ് ഈ കഥാകൃത്ത് ഇപ്പോഴും ആശ വെക്കുന്നത്. കെട്ടിലും മട്ടിലും കവർ ചിത്രത്തിലും ഈ ഓർമപ്പെടുത്തൽ വേണ്ടുവോളമുണ്ട്.
ഭാവനാത്മകവും ഭ്രമാത്മകവുമായ കഥകളല്ല പാടവരമ്പത്തുള്ളത്. കടന്നു പോയ ജീവിത മുഹൂർത്തങ്ങൾ കാൽപനികമായി ആവിഷ്കരിക്കുക മാത്രമാണീ രചനകൾ ചെയ്യുന്നത്. ഹേ പെണ്ണുങ്ങളേ, അർബാബ്, പാത്തുമുത്ത്, നിലവിളി, സമ്മതപത്രം, കറുമ്പിപ്പശു, വി: ഗ്രിഗോറിയോസിൻ്റെ പള്ളി, പാടം (പാഠം), വെൻ്റിലേറ്റർ, മഹാശിവരാത്രി തുടങ്ങി 22 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
അതീവ ലളിതമായ ഭാഷ. നാടകീയമായ, ചാരുതയുള്ള ശൈലി. വായന കഴിയുമ്പോൾ, മറ്റെവിടെയെങ്കിലും പേരില്ലാതെ കണ്ടാലും തിരിച്ചറിയാൻ പാകത്തിൽ വ്യക്തവും വ്യത്യസ്തവുമായ ഒരു മുദ്ര തൻ്റെ ശൈലിയിൽ ഇദ്ദേഹം ബാക്കി വെക്കുന്നു.
ആത്മവിമർശനമോ സാമൂഹികവിമർശനമോ പരോക്ഷമായെങ്കിലും എത്തിനോക്കാത്ത ഒറ്റക്കഥപോലും ഈ കൃതിയിലില്ല. ഒക്കെയും ഓർമയുമായി ബന്ധിപ്പിച്ച്, ‘ഓർമകൾ ഉണ്ടായിരിക്കണം’ എന്ന ധ്വനിയിൽ, ഗൃഹാതുരത്വത്തിൻ്റെ മിഠായിക്കവറിൽ പൊതിഞ്ഞാണ് പറയുന്നത് എന്നു മാത്രം!
പോയ കാലത്തിൻ്റെ ചില ഓർമകളിൽ കുരുങ്ങി കിടക്കുകയും, ചില മൂല്യ ബോധങ്ങൾ, ലോക ബോധങ്ങൾ പുതുക്കപ്പെടാൻ കഴിയാതെ പോവുകയും ചെയ്യുന്നതിൻ്റെ ആന്തര സംഘർഷങ്ങൾ, പറയാതെ പറയുന്ന ചില നഷ്ടങ്ങൾ, നേട്ടങ്ങൾ.. ആകെത്തുകയിൽ അതൊക്കെയാണീ കൃതി.
പുതിയ വായനക്കാരോട് : ചെറുകഥയുടെ പുതിയ രൂപമാറ്റവും ഭാവമാറ്റവും ഭാവുകത്വ മാറ്റവും കാണാൻ ഈ കൃതി സഹായിക്കില്ല. കഥയെ സംബന്ധിച്ച ക്രാഫ്റ്റ്, ആഖ്യാന രീതി ഒക്കെത്തിലും പഴയ മട്ടിലെ വിചാരങ്ങളിൽ ഉറച്ചാണ് ഓരോ കഥയും നിലനിൽക്കുന്നത്. ഇസങ്ങളുടെ കണ്ണട കൊണ്ട് വായിച്ചാലും വായനയിൽ എത്ര കണ്ട് സംതൃപ്തി കണ്ടെത്താനാകും എന്ന് സംശയമുണ്ട്. ഞാൻ ഹൃദയം കൊണ്ട്, മുൻധാരണകളെ മാറ്റി വെച്ച് വായിച്ചു തുടങ്ങുകയാണ് ചെയ്തത്. ആ വായനയിൽ അല്പവും നിരാശയുമല്ല.
തന്നെയുമല്ല, ഒരു തലമുറയ്ക്കപ്പുറം, ഞാൻ ജനിക്കുന്നതിനും മുൻപുണ്ടായിരുന്ന എൻ്റെ വീട്, കുടുംബം, ബന്ധുജനങ്ങൾ, നാട്, നാട്ടുകാര്, വീട്ടുവഴികൾ, ഊട് വഴികൾ ഒക്കെയും ഈ കഥകളിൽ നിന്ന് സങ്കല്പിച്ചെടുക്കാനായി. അത്രകണ്ട് വൈയക്തികമായി മാറി എനിക്കീ പുസ്തകം.
പാടവരമ്പത്ത് എന്ന സമാഹാരത്തിലുള്ളത് സാംസ്കാരിക മുസ്ലിം ജീവിതത്തിലെ അടരുകളാണ്. ഒരു സർ ക്കാർ ജീവനക്കാരൻ്റെ ജനിതകമാണ്. നാടക കലാകാരൻ കണ്ട ലോകമാണ്. നാടകക്കാരനാകയാൽ ജീവിതത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ട ചില നാടകീയ മുഹൂർത്തങ്ങളാണ്.
വയലുണ്ടെങ്കിലും ഉണ്ണാനില്ലാത്ത വീട്ടിലെ, ഒരുപാട് ആൺകുട്ടികളിൽ ഒരാൺകുട്ടി വളർന്നു വലുതാകുന്ന പല കാല കഥകൾ. അയാള് വളർന്ന വീടാണ്, കണ്ട മനുഷ്യരാണ്. ഒറ്റയൊറ്റ കഥകളുടെ ലോകത്ത് നിന്ന് ആ ഒരാളെ വരച്ചെടുക്കാൻ ഈ കഥകളിലൂടെ കഴിയും.
കഥാകൃത്തിൻ്റെ ജീവിതവുമായി ഈ കഥകൾ കുരുങ്ങി ക്കിടക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. അതിൽ ഞാൻ എന്നെ കണ്ടെടുക്കാൻ നോക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ സാഹിത്യത്തിൽ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്ന പുതുകാല സർഗാത്മക സാഹിത്യ രീതികളോട് താദാത്മ്യപ്പെട്ടയാളാണ് ഈ കഥാകൃത്ത്. അദ്ദേഹത്തിൻറെ മിറർ എന്ന നിത്യപ്പോസ്റ്റുകളും അറിയില്ലല്ലോ എന്ന സമാഹാരവും ഇതിന് ഉത്തമോദാഹരണമാണ്. അപ്പോഴും,
ഗൃഹാതുരതയെ ഒരു മരുന്നു വേണ്ടാത്ത രോഗം കണക്കെ കൊണ്ട് നടക്കുകയാണ് ഇദ്ദേഹം. പുതിയ കാലത്തിൽ വേര് പടർന്നിട്ടും, തൻ്റെ നിലനില്പിന് വേണ്ടി കഥാകൃത്ത് നീര് തിരയുന്നത് ഭൂതകാലത്തിൽ നിന്നാണ്.
അനുഭവങ്ങൾ കഥവത്കരിക്കുക എന്ന പ്രക്രിയക്കിടയിൽ കഥകളിൽ തീരെ അപ്രസക്തമായ ചില സന്ദർഭങ്ങൾ പോലും കടന്നു വരുന്നുണ്ട്. മുന്തിയ സന്ദർഭങ്ങളിൽ നിന്ന് തെളിച്ചെടുക്കുന്ന വീഞ്ഞല്ല, ചെത്തിയപാടു കുടിയ്ക്കാവുന്ന തരിപ്പുള്ള മധുരക്കള്ളാണ് ഈ വരമ്പിലെ കഥകൾ.
25 കാരിയായ അദ്ദേഹത്തിൻ്റെ അടുത്ത തലമുറക്കാരിയായ ഞാൻ ഈ താളുകൾ മറിക്കുമ്പോൾ, ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത എൻ്റെ ഉപ്പുപ്പ അവിടെ പാടത്തുണ്ട്. കാണുന്ന കാലം മുതൽ വയസായ വല്ലുമ്മ ചെറുപ്പം വിടാതെ ഈ കഥകളിൽ അടുക്കളപ്പണി ചെയ്യുന്നുണ്ട്. ബന്ധു ജനങ്ങളിൽ ചിലരുടെ ഭൂതകാലം സിനിമ പോലെ കാണുന്നുണ്ട്. പുന്നപ്രയുടെ ഗ്രാമ ഞരമ്പുകളിൽ പണ്ടോടിയ ഉറവകൾ കുളിര് തരുന്നുണ്ട്. അനുഭവങ്ങളുടെ ആൽബം കാണുന്ന കുട്ടിയെ കണക്ക് ഞാൻ അവ മറിച്ച് നോക്കുന്നു. ഈ കഥയിലെ ഭൂപടം ഞാൻ നടന്ന വഴികളാണ്. ഇതിലെ മനുഷ്യർ മറ്റു പേരുകളിൽ ജീവിച്ചിരുന്നവരാണ്.എപ്പോഴൊക്കെയോ ഞാൻ കണ്ടിട്ടുള്ളവരോ കേട്ടിട്ടുള്ളവരോ ആണ്.
അല്ലെങ്കിലും ഒരു കഥയും വെറും കഥയല്ലല്ലോ. ശരിക്കും, എൻ്റെ വേരിൻ്റെ കഥകള് കൂടിയാണ് ഈ പാടവരമ്പത്ത് പൂത്തു നിൽക്കുന്നത്.
”മുന്തിയ സന്ദര്ഭങ്ങളില് നിന്നു തെളിച്ചെടുക്കുന്ന വീഞ്ഞല്ല,ചെത്തതിയപാടു കുടിക്കാവുന്ന തരിപ്പുള്ള മധുരക്കള്ളാണ് വരമ്പത്തെ ഈ കഥകള് ”
പ്രിയപ്പെട്ട ആദിലാ,
അലിയാര് സാറിന്റെ പാടവരമ്പത്ത് എന്ന കൃതിയെ ഇതിനേക്കാള് മനോഹരമായി നിര്വ്വചിക്കാനാവില്ല
നന്ദി