(ഇന്ത്യ ടു ഇന്ത്യാന….3)

ചിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവ പോലെയുള്ള തിരക്കു പിടിച്ച നഗരങ്ങളൊഴിച്ച്, അമേരിക്കയിലെ സാധാരണ നഗരങ്ങള്‍ക്കു പൊതുവെ ഗ്രാമത്തിന്‍റെ മുഖച്ഛായയാണ് എന്നു തോന്നിയിട്ടു്. വലിയ തിരക്കും ബഹളവും ശബ്ദവുമൊന്നുമില്ലാത്തവ. നഗരങ്ങളിലെ കെട്ടിടങ്ങള്‍പോലും മിക്കവയും ഒന്നോ രണ്ടോ നിലകളില്‍ അടക്കവും ഒതുക്കവുമുള്ളവ. ചുറ്റും പുല്‍മേടും മരങ്ങളും പച്ചയും പൂക്കളും കൊണ്ട് വിതാനിച്ചവ. വീടാണോ കച്ചവട സ്ഥാപനങ്ങളാണോ എന്ന് ഒറ്റനോട്ടത്തില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തവ.

ഈ രാജ്യത്ത് പൊതുവെ അനുഭവപ്പെടുന്ന അതിരുകളില്ലാത്ത വിശാലതയാണ് തിരക്കു കുറയാന്‍ പ്രധാന കാരണം. വിശാലമായ ജലാശയങ്ങള്‍. വിശാലമായ റോഡുകള്‍. ഭൂമിയിലും ആകാശത്തും ഇഷ്ടംപോലെ സ്ഥലം. റോഡുകളില്‍, കൃഷിയിടങ്ങളില്‍, പാര്‍പ്പിടങ്ങളില്‍, അങ്ങാടികളില്‍ ഒന്നുമില്ല ഞെരിഞ്ഞും അരിഷ്ടിച്ചും കഴിഞ്ഞുകൂടേണ്ടസ്ഥിതി. എല്ലായിടത്തുമുണ്ട് ഇഷ്ടം പോലെ ഒഴിഞ്ഞ ഇടം, വെളിമ്പ്രദേശം. ഇവിടത്തെ പരിസരശുചിത്വത്തിനും വൃത്തിക്കുമൊക്കെ ഒരു പ്രധാനപ്പെട്ട കാരണം ഈ വിശാലതതന്നെയാണ്. ഇന്ത്യാനയിലായാലും, അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെ നോക്കിയാലും ആളോഹരി ഭൂമിയുടെ വിസ്‌തൃതി, പല ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നു കാണാം. ഇന്ത്യാനയുടെ വിസ്‌തീർണം 92,896 സ്ക്വയര്‍ കിലോമീറ്ററാണ്. 2015ലെ സെന്‍സസ് അനുസരിച്ച് ഇവിടത്തെ ആകെ ജനസംഖ്യ 66,19,680 പേര്‍ മാത്രം. കേരളത്തിന്‍റെ ആകെ ഭൂവിസ്‌തൃതി 36836 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്. കേരളത്തിലെ ജനസംഖ്യയാകട്ടെ, 3 കോടി, 48 ലക്ഷവും. അതായത്, ഇന്ത്യാനയുടെ മൂന്നിലൊന്നു വിസ്തീര്‍ണം മാത്രമുള്ള കേരളത്തില്‍ അവിടെ താമസിക്കുന്നതിന്‍റെ അഞ്ചിരട്ടിയോളം ആളുകള്‍ താമസിക്കുന്നുണ്ട്‌ എന്നര്‍ത്ഥം. തൊഴില്‍തേടി അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തില്‍ വന്ന് ഇവിടെ താമസിക്കുന്നവരുടെ കണക്കുകൂടിയെടുത്താല്‍ അഞ്ചിരട്ടിയെന്നത് വീുണ്ടും കൂടും. എന്തുകൊണ്ടാവാം ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ ഈ പടിഞ്ഞാറന്‍ ദേശങ്ങളെ വെറുതേവിട്ട് നമ്മുടെ നാട്ടില്‍വന്ന് ഇങ്ങനെ തിരക്കുകൂട്ടുന്നത്? ഉത്തരം വളരെ ലളിതം. വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടം ജീവിച്ചിരിക്കുക എളുപ്പമല്ല. അത്രയേറെ ക്രൂരമാണ് ഇവിടത്തെ കാലാവസ്ഥയും പ്രകൃതിയും. ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള സാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലമുള്ളതുകൊണ്ടാണ് ഇക്കാലത്തുപോലും മനുഷ്യര്‍ക്ക് ഇവിടെ കഴിഞ്ഞുകൂടാന്‍ ആവുന്നത്.

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഓരോ വീടും നോക്കിനില്‍ക്കാന്‍ തോന്നും. ഇവിടത്തെ മിക്ക വീടുകളും, താമസിക്കാനുള്ള ഇടം എന്നതിലുപരി മികച്ച കലാശില്‍പ്പങ്ങള്‍ കൂടിയാണ്. പരിസ്ഥിതിയും വീടുംതമ്മില്‍ ഏതൊക്കെയോ തരത്തില്‍ പൊരുത്തപ്പെടുന്നുണ്ട്‌. ഓരോ വീടും വ്യത്യസ്തമായിരിക്കമ്പോള്‍ തന്നെ പരിസ്ഥിതിയുടെ താളവുമായി ഏതോ തരത്തില്‍ പൊരുത്തപ്പെട്ടുനില്‍ക്കുന്നു. ഓരോ കാലത്തിനും ഇവിടെ പ്രത്യേകമായി ചൂടും തണുപ്പും മഞ്ഞും മഴയും മാത്രമല്ല, വ്യത്യസ്തമായ നിറവും മണവും കൂടിയുണ്ട്‌. സമ്മര്‍ ആയതുകൊണ്ടാവാം പച്ചയാണ് ഇപ്പോള്‍ നോക്കുന്നേടത്തൊക്കെ. പച്ചനിറത്തിലുള്ള കാര്‍പ്പറ്റ് പൊതുവായി വിരിച്ചിട്ടതുപോലെ തോന്നും. കൃത്യമായി വെട്ടിയൊതുക്കിയ പച്ചപ്പുല്ലിന്‍റെ വിശാലമായ പരവതാനി പ്രകൃതി എല്ലാവര്‍ക്കും പൊതുവായി നല്കിയിരിക്കുന്നു. വീടും മരങ്ങളും കച്ചവടസ്ഥാപനങ്ങളും ഓഫീസുകളും ആശുപത്രികളുമെല്ലാം ഈ അടിസ്ഥാനനിറം ചുരണ്ടിമാറ്റിയ ഒഴിവുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പച്ചനിറമുള്ള ക്യാന്‍വാസില്‍ വരച്ചു പ്രദര്‍ശനത്തിനുവെച്ച ചിത്രങ്ങളാണ് ഓരോ വീടും. വില്‍പ്പനയ്ക്കെന്നുപറഞ്ഞ് ബോര്‍ഡുവെച്ച പ്ലോട്ടുകള്‍പോലും വെട്ടിയൊതുക്കിയ പച്ചയുടെ ഓരോ കഷണങ്ങള്‍. നിരത്തുവക്കിലായാലും വീടിന്‍റെ പരിസരത്തോ അങ്ങാടികളിലോ ആയാലും പച്ചപ്പുല്ല് വെട്ടിയൊതുക്കാന്‍ ജോലിക്കാരും പ്രത്യേക വാഹനങ്ങളുമുണ്ട്‌. ആഴ്ചയില്‍ ഒരുദിവസമെങ്കിലും മാറിമാറി ഓരോരോ സ്ഥലങ്ങളിലായി, പുല്ല് ചെത്തിയൊതുക്കുന്ന വാഹനത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കാം.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമുള്ള പുല്ല് ചെത്തിമിനുക്കിയും വൃത്തിയായും സൂക്ഷിച്ചില്ലെങ്കില്‍ അയല്‍ക്കാര്‍ക്ക് പരാതിപ്പെടാൻ അവകാശമുണ്ട്‌.  അത്ഭുതം തോന്നിയ ഒരു കാര്യം, വീടിനോടു ചേര്‍ന്ന പ്ലോട്ടുകളിലൊന്നും മനുഷ്യര്‍ക്കു ഭക്ഷണമായി ഉപയോഗിക്കാവുന്ന ഫലവര്‍ഗ്ഗങ്ങളോ, പച്ചക്കറിയോ ധാന്യങ്ങളോ കിഴങ്ങുകളോ കൃഷിചെയ്തു കാണുന്നില്ല എന്നതാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ വീടുവെച്ചശേഷം ഒരു ചെറിയ ഒഴിവു കിട്ടിയാല്‍ അവിടെ നാലു തെങ്ങും കുറച്ചു കവുങ്ങും മാവും പ്ലാവുമൊക്കെ നട്ടു നിറയ്ക്കാന്‍ നോക്കും.

എനിക്കൊരു കൂട്ടുകാരിയുണ്ട്‌. അവള്‍ക്കിതൊന്നും ഇഷ്ടമല്ല. പറമ്പുകളില്‍ വലിയ വലിയ മരങ്ങള്‍ തന്നിഷ്ടംപോലെ വളര്‍ന്നു നില്‍ക്കണം എന്നാണ് അവള്‍ എപ്പോഴും പറയുക. വീടുകഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥലമാകെ കാടുനിറഞ്ഞിരിക്കണം. വരുമാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു കൃഷിയും വീടിനടുത്തു പാടില്ല എന്ന ഭ്രാന്തന്‍ സ്വപ്നമാണ് അവളുടെ കിണാശേരി. അവള്‍ക്ക് ഈ സ്ഥലം ഇഷ്ടപ്പെടും. കാരണം ഇവിടെ വീട്ടുവളപ്പിലൊന്നും കൃഷിയില്ല. പല വലിയ വീടുകള്‍ക്കും ചുറ്റിലുമായി വിശാലമായ പറമ്പുകളുണ്ട്. പത്തും പതിനഞ്ചും ഏക്കറുള്ള പ്ലോട്ടുകളിലാണ് പലതും. മിക്കതിനും ചുറ്റുമതിലില്ല. മരങ്ങളാണ് അതിര്‍ത്തി കാക്കുന്നത്. ചില വീടുകള്‍ കൊടും കാട്ടിലാണ് എന്നുതോന്നും. അത്രയേറെ മരങ്ങള്‍ക്കിടയിലാണ് അവ പണിതുവെച്ചിരിക്കുന്നത്. ചില വീടുകളിലേയ്ക്കുള്ള വഴി വളരെ വിശാലമായ കാട്ടിലൂടെയാണ്. പക്ഷേ ഈ മരങ്ങളൊക്കെയും മരങ്ങളായി നിലനില്‍ക്കാന്‍തന്നെ വളര്‍ത്തുന്നവയാണ്, ഫലങ്ങള്‍ കായ്ക്കുമെന്നു പ്രതീക്ഷിച്ചു നട്ടുവളര്‍ത്തുന്നവയല്ല. ഓരോ മരത്തിനും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്നു വ്യക്തമാകും. അവ വളരുന്നത് സ്വതന്ത്രമായാണ്.

പാര്‍പ്പിടത്തിനുചുറ്റുമുള്ള മണ്ണില്‍ കൃഷി ചെയ്‌തു ഭക്ഷണത്തിനാവശ്യമായതു വിളയിച്ചെടുക്കുക എന്ന പരമ്പരാഗത ശീലം മനുഷ്യര്‍ ഉപേക്ഷിച്ചത് എന്തുകൊണ്ടാവാം? സൗന്ദര്യവല്‍ക്കരണത്തിനും പരിസരശുചിത്വത്തിനും ശുദ്ധമായ വായുവിനും ജലത്തിനുംവേണ്ടി ഇത്രയേറെ സ്ഥലം മാറ്റിവെയ്ക്കാന്‍ ഇവര്‍ക്കെങ്ങനെയാണ് കഴിയുന്നത്? ആരായിരിക്കാം ഇവര്‍ക്കുവേണ്ടി ഭക്ഷ്യധാന്യങ്ങളും പയറും പച്ചക്കറികളുമൊക്കെ കൃഷിചെയ്തുണ്ടാക്കുന്നത്?

തീര്‍ച്ചയായും ഇവിടെ കൃഷിയുണ്ട്. ഇന്‍റര്‍ സ്‌റ്റേറ്റ് റോഡുകള്‍ വഴി ദൂരയാത്ര ചെയ്യുമ്പോള്‍ വിശാലമായ കൃഷിയിടങ്ങള്‍ കാണാം. പക്ഷേ കൃഷി ചെയ്യുന്ന സ്ഥലത്ത് മനുഷ്യര്‍ താമസിക്കുന്ന വീടിന്‍റെയോ മനുഷ്യരുടെപോലുമോ ലക്ഷണമൊന്നും കാണാന്‍ കഴിയുന്നില്ല. പതിനായിരക്കണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍മാത്രം. ആരാണ് നനയ്ക്കുന്നത്? ആരാണ് ഇത്രയും വലിയ പ്രദേശങ്ങളില്‍ മരുന്നും കീടനാശിനികളുമൊക്കെ തളിക്കുന്നത്? എത്ര മനുഷ്യര്‍ ചേര്‍ന്നാണ് വിളവിറക്കുന്നത്? എത്രപേര്‍ ചേര്‍ന്നാണ് കൊയ്യുന്നത്? ഒന്നും മനസ്സിലാക്കാന്‍ കഴിയില്ല. ചില കൃഷിയിടങ്ങളില്‍ അവിടത്തെ കൃഷി ഡിസൈന്‍ ചെയ്‌ത സ്ഥാപനത്തിന്‍റെ പരസ്യം കാണാം. ഒരു പ്രദേശത്ത് ചോളമാണെങ്കില്‍ പതിനായിരക്കണക്കിന് ഏക്കറുകളില്‍ ചോളം മാത്രം. അതു കഴിഞ്ഞ് മറ്റൊരിടത്തില്‍ അതുപോലെ ധാന്യങ്ങളോ, ചീരയോ മറ്റു പച്ചക്കറികളോ കാണാം. ഒന്നും ചെറിയ അളവിലില്ല, എല്ലാം വ്യാപകമായിമാത്രം. സ്നേഹശൂന്യമായ കൃഷിയുടെ വ്യവസായം.

                        

ആരും ഒറ്റയ്‌ക്കൊറ്റയ്ക്കു സ്വന്തം വീടിനോടു ചേര്‍ന്ന പരിമിതികളില്‍ കൃഷിചെയ്യാന്‍ മുതിരാതിരിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, ആരെങ്കിലും അങ്ങനെ കുറച്ചുമാത്രമായി കൃഷിചെയ്താല്‍ അവര്‍ക്കത് പ്രോസസ് ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ വിപണി കണ്ടെത്താനോ ഒന്നും കഴിയില്ല എന്നതാണ്. പല വിളവുകളുടെയും കാര്യത്തില്‍, ഉപയോഗിക്കാന്‍ പോലും കഴിയില്ല. കാരണം, സംസ്കരണസംവിധാനങ്ങളെല്ലാം വമ്പന്‍ സംരംഭങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. വലിയ തോതില്‍, പതിനായിരക്കണക്കിന് ഏക്കറുകളില്‍ കൃഷിചെയ്യുന്ന കുത്തകക്കമ്പനികള്‍ക്ക് സ്വന്തമായി പ്രോസസിംഗ്
യന്ത്രങ്ങളും മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും എല്ലാമുണ്ട്. അഥവാ, അവര്‍ക്കുമാത്രമേ അത്തരം സംവിധാനങ്ങള്‍ ലാഭകരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കൂ. ഒരു ചാക്ക് ഗോതമ്പോ, ചോളമോ കൊണ്ടുപോയാല്‍ ഭക്ഷ്യോപയോഗ്യമാക്കിത്തരുന്ന സ്ഥാപനങ്ങള്‍ ഇല്ല എന്നര്‍ത്ഥം. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനുള്ള തേയില നാം വീട്ടുമുറ്റത്ത് കൃഷിചെയ്യാറില്ലല്ലോ. കാരണം, അതിന്‍റെ ഇലനുള്ളിയെടുത്ത് ചായയാക്കാന്‍ ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ ഓരോ വീട്ടിലും വാങ്ങിവെക്കാന്‍ കഴിയില്ല. ഇന്ന് നാം വീട്ടുപറമ്പുകളില്‍ കുറഞ്ഞ അളവില്‍ റബ്ബര്‍ കൃഷിചെയ്യുന്നുണ്ടെങ്കില്‍ അതിനു കാരണം കൃഷിക്കാരന്‍ ഉല്‍പ്പാദിപ്പിച്ച റബ്ബര്‍ വാങ്ങാന്‍, വന്‍കിട കമ്പനികള്‍ തയാറാകുന്നതുകൊണ്ടാണ്. നാളെ അവര്‍ സ്വന്തമായി ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമികളില്‍ റബ്ബര്‍കൃഷി ആരംഭിക്കുകയും പുറമെനിന്നുള്ള റബ്ബര്‍ വാങ്ങി പ്രോസസ് ചെയ്യുന്ന പരിപാടി നിര്‍ത്തുകയും ചെയ്താലോ? റബ്ബര്‍ കൃഷിക്കാര്‍ ആ പണി നിര്‍ത്തേണ്ടിവരും. നാളികേരം,വെളിച്ചെണ്ണ, കപ്പ, അരി, മുളക് എല്ലാം പ്രോസസ് ചെയ്‌ത്‌ പായ്ക്കറ്റില്‍ ആക്കി മാളുകളില്‍ എത്തിയാല്‍മാത്രമേ ഉപഭോക്താവിന് വിശ്വാസം വരൂ എന്നും അപ്പൊഴേ അവര്‍ വാങ്ങിക്കൂ എന്നുമുള്ള അവസ്ഥ വന്നാലോ? ഇത്തരം ഭക്ഷ്യവസ്തുക്കളുടെ കൃഷിയും ശുദ്ധീകരണവും, പ്രോസസിംഗും പായ്ക്കറ്റ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യല്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വന്‍കിടകമ്പനികളുടെ മാത്രം പ്രവര്‍ത്തനമേഖലയായി മാറും. സാധാരണ കൃഷിക്കാര്‍ തങ്ങളുടെ തുണ്ടുഭൂമി കിട്ടുന്ന വിലയ്ക്ക് ഏതെങ്കിലും വന്‍കിട കമ്പനിക്കു വിറ്റ് കൃഷിയില്‍നിന്നു വിടപറഞ്ഞുപോകും. അവര്‍ വന്‍കിട കമ്പനികളിലെ ശമ്പളക്കാരായി മാറും. തീര്‍ച്ചയായും അവര്‍ ജീവിക്കും, പക്ഷേ കൃഷിക്കാരായല്ല, കൂലിപ്പണിക്കാരായും ഉദ്യോഗസ്ഥരായും മാനേജര്‍മാരായുമൊക്കെ.

അമേരിക്കയിലിത് ഏറെക്കുറെ പരിപൂര്‍ണമായിത്തന്നെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. കൃഷി എന്നത് തൊഴിലും ജീവിതോപാധിയും എന്നതിനോടൊപ്പം വ്യക്തിയുടെ സ്വകാര്യമായ അനുഭൂതിയും സാംസ്കാരികപ്രവര്‍ത്തനവുംകൂടിയായിരുന്ന പഴയ അവസ്ഥയില്‍നിന്നും മനുഷ്യര്‍ അകന്നുപോയിരിക്കുന്നു. അഥവാ, കൃഷി ഒരു വന്‍കിട വ്യവസായമായി മാറിയിരിക്കുന്നു എന്നര്‍ത്ഥം.

ഇങ്ങനെ എളുപ്പത്തില്‍ വിട്ടൊഴിഞ്ഞുപോകാനാവാതെ തങ്ങളുടെ മണ്ണിനോടും കൃഷിയോടും അതുമായി ബന്ധപ്പെട്ട കലയോടും ആചാരങ്ങളോടും ജീവിതരീതികളോടും സംസ്കാരത്തോടുമൊക്കെ വേരുപിടിച്ച മനുഷ്യര്‍ ഇവിടെയും ഉണ്ടായിരുന്നു. യഥാര്‍ത്ഥ അമേരിക്കക്കാര്‍. റെഡ് ഇന്ത്യന്‍സ് എന്ന പേരില്‍ യൂറോപ്യന്‍മാര്‍ അടയാളപ്പെടുത്തിയ പ്രാദേശിക ജനതയുടെ ആവാസകേന്ദ്രം എന്ന നിലയ്ക്കാണ് ഇന്ത്യാന എന്ന് ഈ സംസ്ഥാനത്തിന് പേരു ലഭിക്കുന്നത്. ഹൂസിയര്‍ സ്റ്റെയ്റ്റ് എന്നുകൂടി ഇന്ത്യാനയ്ക്കു പേരുണ്ട് . ഹുസിയര്‍ എന്നാണ് ഇവിടത്തുകാര്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ഇക്കൂട്ടരെ 1938 ഓടുകൂടിത്തന്നെ അവരുടെ സ്വന്തം മണ്ണില്‍നിന്ന് പാശ്ചാത്യര്‍ നാടുകടത്തിയിരുന്നു. ഇന്ത്യാനയില്‍നിന്ന് 1060 കിലോമീറ്റര്‍ ദൂരത്തുള്ള കാന്‍സാസിലേയ്ക്ക് 61 ദിവസം കാല്‍നടയായി അവരെ നടത്തിച്ചുകൊണ്ടുപോയ ഗ്രെയ്റ്റ് ട്രെയിലിന്‍റെ കഥ കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചുവല്ലോ. അവരോടൊപ്പം, പ്രാദേശിക സംസ്കാരത്തിന്‍റെയും കൃഷിയുടെയും പൊക്കിള്‍ക്കൊടി ബന്ധംകൂടി അറുത്തുമാറ്റിയതിനാല്‍ കൃഷിയെന്നത് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കു മാത്രം നടത്താന്‍ കഴിയുന്ന വമ്പന്‍ മുതല്‍മുടക്കുള്ള വ്യവസായമായി മാറിയപ്പോഴും ഇന്ത്യാനയിലെ കുടിയേറ്റക്കാര്‍ക്ക് വിശേഷിച്ചാന്നും തോന്നിയിരിക്കാന്‍ സാധ്യതയില്ല. കാരണം, അവരുടെ വേരുകള്‍ ആദ്യംമുതലേ വളര്‍ന്നുനില്‍ക്കുന്നത് ചെടിച്ചട്ടിയിലാണല്ലോ.

എം എം സചീന്ദ്രന്‍
കാര്‍മല്‍ സിറ്റി
ഇന്ത്യാന പോളിസ്, യുഎസ്എ

4 Comments
 1. Haridasan 4 years ago

  Very good narration…

 2. Anil 4 years ago

  Good article

 3. Babu Raj 4 years ago

  സൂക്ഷ്മ നിരീക്ഷണങ്ങളും ചരിത്രവും അറിവും നിറഞ്ഞുനിൽക്കുന്ന യാത്രാവിവരണം.

 4. Author
  Sacheendran 4 years ago

  നന്ദി സുഹൃത്തുക്കളേ.. വായിച്ചതിനും അഭിപ്രായം കുറിച്ചതിനും

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account