‘പാഡ് മാൻ’ എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു. പ്രമേയത്തിലെ വ്യത്യസ്‌തതയും പുതുമയും മാത്രമാണിതിനു പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരുപാടുപേര്‍ പറയാനാഗ്രഹിച്ച ചില കാര്യങ്ങള്‍, സാമൂഹികമായ ചില വിശ്വാസ പ്രമാണങ്ങളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു. ആ കെട്ടുപാടുകളെ അറുത്തുമാറ്റി മനുഷ്യരുടെ ഇടയില്‍ വന്നു തലയുയര്‍ത്തി നില്‍ക്കുകയാണ് ചില വസ്‌തുതകള്‍. എത്ര നിഷേധിച്ചാലും തള്ളിപ്പറഞ്ഞാലും മാഞ്ഞുപോകാത്ത ചില സത്യങ്ങള്‍!!

അക്ഷയ് കുമാര്‍ എന്ന ബോളിവുഡ് നടന് കായികാഭ്യാസങ്ങളും നൃത്തവും അവതരിപ്പിച്ചു കയ്യടി നേടി കാശും വാങ്ങി പോക്കറ്റിലിട്ടു പോകാമായിരുന്നു. പക്ഷെ, ഒരുപാട് പേര്‍ പോകാന്‍ മടിച്ച വഴികളിലൂടെ കടന്നുപോയി ഒരു ഉദാഹരണമായി മാറിയ ഒരസാധാരണ മനുഷ്യന്റെ സഹനത്തിന്റെ, ത്യാഗത്തിന്‍റെ ചിത്രങ്ങള്‍ നമുക്ക് മുന്‍പില്‍ അനാവരണം ചെയ്‌തിരിക്കുന്നു. ആ ചിത്രത്തിന്‍റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!!

എന്താണിത്ര വിശേഷം എന്ന് തോന്നിയോ? പറയാം. അത്ര നല്ലതല്ല എന്ന് ഭൂരിഭാഗം പേരും കരുതുന്ന ഒരു സാധാരണ ജൈവപ്രക്രിയയെ അവഗണിച്ചും നിന്ദിച്ചും പോന്ന ഒരു സമൂഹത്തില്‍ ‘സാനിറ്ററി നാപ്‌കിൻ വിപ്ലവം’ സൃഷ്‌ടിച്ച അരുണാചലം മുരുഗാനന്ദം എന്ന വലിയ മനുഷ്യന്റെ ജീവിതമാണ് നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

ഒരുപാട് തെറ്റിദ്ധാരണകളാല്‍ മൂടപ്പെട്ട് ദുര്‍വ്യാഖ്യാനിക്കപ്പെട്ട ഒരു പ്രക്രിയയാണ് ആര്‍ത്തവം. നമ്മുടെ ഭാരതത്തില്‍ പ്രത്യേകിച്ചും. കൌമാരത്തിലോ അതിനുമുന്‍പോ ഏതാണ്ട് പത്തിനും പതിനാറിനും ഇടയിലാണ് ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടാകുന്നത്. അത്ര സുഖകരമായ ഒരു അവസ്ഥയല്ല അത്. പ്രത്യേകിച്ചും സ്‌കൂള്‍ പഠന കാലത്തില്‍. ഋതുമതിയായതിനു ശേഷമുള്ള ആര്‍ത്തവ ചക്രങ്ങള്‍ ക്രമാനുഗതമായിരിക്കയില്ല. അവിചാരിതമായി പാവാടയുടെ പിന്നില്‍ പരക്കുന്ന ചുവന്ന വൃത്തങ്ങള്‍ സമ്മാനിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ അസഹനീയമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂള്‍, ട്യൂഷന്‍ ക്ലാസ് എന്നിവിടങ്ങളില്‍ എട്ട്മണിക്കൂറിലേറെ ചിലവിടേണ്ടി വരുമ്പോള്‍ പരമ്പരാഗത രീതിയിലുള്ള തുണികൊണ്ടുള്ള പാഡുകള്‍ മതിയാവാറില്ല. അവ സൃഷ്‌ടിക്കുന്ന നനവും അസ്വസ്ഥതയും വേറെ. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നെടുവീര്‍പ്പിട്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാനാകാതെ കഴിച്ചുകൂട്ടേണ്ടി വരുന്ന ദുരവസ്ഥയിലൂടെ ഓരോ പെണ്‍കുട്ടിയും കടന്നു പോയിരിക്കും. നാലോ അഞ്ചോ ദിവസം പിന്നിടുമ്പോഴേക്കും തുടകള്‍ക്കിടയില്‍ തൊലിയടര്‍ന്നു വേദനിച്ചു തുടങ്ങും. ചൂടും വിയര്‍പ്പും, ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ച തുണികളും കൂടിയാകുമ്പോൾ നടക്കാന്‍ പോലും പറ്റില്ല.

സാനിറ്ററി പാഡുകള്‍ സഹായകരമാകുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. ആര്‍ത്തവ രക്‌തം പുരണ്ട തുണികള്‍ കഴുകി വൃത്തിയാക്കി അടുത്തതവണ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ അറിവില്ലാത്തതിനാലും വാസ്‌തവങ്ങളോട് നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കുന്നതിനാലും പല സ്‌ത്രീകളും സാനിട്ടറി പാഡുകള്‍ നല്ലതല്ല എന്ന് വാദിക്കുന്നു. കാര്യങ്ങളില്‍ വ്യക്‌തത നേടിയവരാകട്ടെ അവയുടെ ഉയര്‍ന്ന വില താങ്ങാനാകാതെ തുണികളിലേക്ക്‌ മടങ്ങുന്നു. ഇത്തരം ദുരവസ്ഥ നിലനില്‍ക്കുന്ന ഒരവസരത്തിലാണ് പത്താംതരം വരെ വിദ്യഭ്യാസമുള്ള മുരുഗാനന്ദം സാനിട്ടറി പാഡുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. ഈ ഉദ്യമത്തിന് ആദ്യം എതിരുനിന്നത് അദ്ദേഹത്തിന്റെ കുടുംബം തന്നെയായിരുന്നു. പുച്ഛവും പരിഹാസവും കൊണ്ടാണ് സമൂഹം അദ്ധേഹത്തെ എതിരേറ്റത്. നല്ല ഒരു ഉദ്ദേശവും അധ്വാനിക്കാനുള്ള മനസ്സും മാത്രമായിരുന്നു മുരുഗാനന്ദത്തിനു തുണ. ഒരു കൊടുങ്കാറ്റിനും അയാളെ തളര്‍ത്താന്‍ കഴിഞ്ഞില്ല. കുറഞ്ഞ ചിലവില്‍ നാപ്‌കിൻ ഉണ്ടാക്കാനായി ഒരു യന്ത്രം തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഐ.ഐ.ടി യില്‍ നിന്നും അദ്ദേഹത്തിന് സാങ്കേതിക സഹായങ്ങള്‍ ലഭിച്ചു. ഇന്ന് ഒരുപാട് വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന, മേല്‍ത്തരം സാനിറ്ററി നാപ്‌കിനുകള്‍ നിര്‍മിക്കുന്ന ഒരു വ്യവസായ സംരംഭത്തിന്‍റെ ഉടമയാണ് മുരുഗാനന്ദം. ഈ വേറിട്ട മനുഷ്യനെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് മൂന്നു വർഷം മുന്‍പാണ്. അത്‌ഭുതവും ആദരവും തോന്നി. സ്‌ത്രീകള്‍ പോലും ആര്‍ത്തവത്തെ ശരിയായ രീതിയില്‍ നോക്കിക്കാണാത്ത ഒരു സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തി അതില്‍ വിജയിച്ചു നില്‍ക്കുന്ന മുരുഗാനന്ദം നമുക്കെല്ലാം ഒരു മാതൃകയാണ്.

ആര്‍ത്തവസംബന്ധമായ എല്ലാ തെറ്റിദ്ധാരണകളും കാലക്രമേണ വളര്‍ന്നു വന്നതായിരുന്നു. ആര്‍ത്തവത്തിന്റെ ആദ്യ നാളുകളില്‍ സ്‌ത്രീകള്‍ക്ക് കഠിനമായ വയറുവേദന, കൈകാല്‍ കഴപ്പ്, മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാകാറുണ്ട്.വിശ്രമം ലഭിക്കട്ടെ എന്ന് കരുതി അടുക്കള ജോലികളില്‍ നിന്നും മറ്റ് കായികാധ്വാനമുള്ള പ്രവൃത്തികളില്‍ നിന്നും സ്‌ത്രീകളെ ഒഴിവാക്കിയിരുന്നു. പിന്നീടതിനെ വളച്ചൊടിച്ചു അശുദ്ധിയുടെ മുദ്ര പതിപ്പിച്ചു തീണ്ടാരിമുറികളിലെക്കൊതുക്കി. ജൈവശാസ്‌ത്രപരമായ അറിവുകള്‍ സാധാരണക്കാരന് അപ്രാപ്യമായ ഒരു കാലഘട്ടമായതിനാലായിരിക്കണം ആര്‍ത്തവരക്‌തം അശുദ്ധമായ ഒന്നായത്. ഗര്‍ഭപാത്രത്തിലെ രക്‌തലോമികകള്‍ പൊട്ടുകയും എന്‍ഡോമെട്രിയല്‍ ആവരണത്തോടൊപ്പം യോനിയിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് അത് അശുദ്ധമാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അങ്ങനെയെങ്കില്‍ യോനിയിലൂടെ പ്രസവിച്ചു പുറത്തെത്തുന്ന കുഞ്ഞിനെ അശുദ്ധം എന്ന് പറയാമോ? അങ്ങനെ വല്ലതും ചോദിച്ചാല്‍ ചിലര്‍ പറയും ആര്‍ത്തവ സമയത്ത് സ്‌ത്രീകള്‍ക്ക് നെഗറ്റീവ് എനര്‍ജി ആണെന്ന്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞിട്ടെന്തു കാര്യം!! മറ്റുള്ളവരെ കുറിച്ച് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചു പരദൂഷണം പറഞ്ഞു രസിക്കുമ്പോഴാണ്‌ സ്‌ത്രീകള്‍ക്ക് നെഗറ്റീവ് എനര്‍ജി ഉള്ളതായി എനിക്ക് തോന്നിയിട്ടുള്ളത്. അത്തരം സ്‌ത്രീകളെ അടുക്കളയിലും ആരാധനാലയങ്ങളിലും എന്നല്ല നല്ല കാര്യം നടക്കുന്ന ഒരു സ്ഥലങ്ങളിലും അടുപ്പിക്കാതിരിക്കുകയാണ് ഉചിതം. അങ്ങനെ ചെയ്‌താൽ ഒരുപാട് ജീവിതങ്ങള്‍ രക്ഷപ്പെടും എന്ന് മാത്രമല്ല വിവാഹമോചനം, കൊലപാതകം, ആത്‌മഹത്യ എന്നിവയൊക്കെ നിയന്ത്രിക്കാനുമാകും. വിസര്‍ജ്യമായി പുറന്തള്ളപ്പെടുന്നു എന്നതാണ് ആർത്തവരക്‌തത്തിന്റെ മേലുള്ള ചീത്തപ്പേരെങ്കില്‍ പന്ത്രണ്ടു മണിക്കൂറിലേറെ ഖര മാലിന്യം വഹിക്കുന്ന മലാശയം, ദ്രാവകമാലിന്യങ്ങള്‍ നിറഞ്ഞ മൂത്രസഞ്ചി, കാര്‍ബണ്‍ഡയോക്‌സയിട് നിറഞ്ഞ ശ്വാസകോശം എന്നിവയൊക്കെ ഉള്ള ഏതൊരു മനുഷ്യനും ആശുദ്ധനല്ലേ? മാത്രമല്ല, രക്‌തസ്രാവം നിലച്ച ഉടന്‍ അതുവരെ ഇല്ലാത്ത ശുദ്ധി ഒരുവള്‍ക്ക്‌ വരുന്നതെങ്ങനെ. ആര്‍ത്തവം ഒരു ചാക്രിക പ്രക്രിയയാണ്. അണ്ഡവിസര്‍ജനം നടക്കുമ്പോള്‍ മാത്രമാണ് രക്‌തസ്രാവം ഉണ്ടാകുന്നത്. അതുകഴിഞ്ഞാല്‍ അടുത്ത അണ്ഡം ഉത്‌പാദിപ്പിക്കാന്‍ അണ്ഡാശയം ഒരുക്കം തുടങ്ങും. അങ്ങനെയെങ്കില്‍ വർഷം മുഴുവനും ആശുദ്ധയായ, നെഗറ്റീവ് എനര്‍ജിയുള്ള, ഗര്‍ഭപാത്രവും അണ്ഡാശയവും, യോനിയുമുള്ള സ്‌ത്രീകള്‍ക്ക് അടുക്കളയില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തേണ്ടി വരും. അതൊന്നും നടപ്പില്ല അല്ലെ ??

ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ചില ‘പണ്ഡിതന്മാര്‍’ പറയും ഇതൊക്കെ ഓരോ കീഴ്വഴക്കങ്ങളാണെന്ന്. അപ്പൊ അതാണ്‌ കാര്യം. വ്യക്‌തമായ ഒരു ഉത്തരം ആര്‍ക്കും ഇല്ല. കൊഞ്ഞനം കുത്തി കാണിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ അതിനെ മതവിശ്വാസവുമായി ബന്ധപ്പെടുത്താം. അങ്ങനെയാവുമ്പോ ചോദ്യം ചെയ്യാനും നിഷേധിക്കാനും ചിലരെങ്കിലും മടിക്കും. ‘ദൈവകോപം‘ ഭയന്ന് മൂന്നു നാലു ദിവസങ്ങളെ സ്‌ത്രീകളും അവഗണിക്കും. തൂണിലും തുരുമ്പിലും ആ ചൈതന്യം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് എന്ത് പ്രശ്‍നം? വിശ്വാസങ്ങള്‍ എന്ന് നിങ്ങളുടെ വ്യക്‌തി സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നുവോ അതുവരെ നിങ്ങൾക്ക്‌ ഈ നിസംഗത പാലിക്കാം.

യഥാര്‍ത്ഥത്തില്‍ ഈ അവസരങ്ങളില്‍ ഒരു സ്‌ത്രീ ആഗ്രഹിക്കുന്നത് കുറച്ചു വിശ്രമവും, വ്യക്‌തിശുചിത്വം പാലിക്കാനുള്ള സാഹചര്യങ്ങളും കുറച്ചു മനസ്സമാധനവുമാണ്. വൃത്തിയുള്ള മൂത്രപ്പുര ഉണ്ടായിരുന്നെങ്കില്‍ ഞാനടക്കമുള്ള ഒരുപാട് സ്‌ത്രീകള്‍ ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ പോകാതെ വീട്ടില്‍ ഇരിക്കില്ലായിരുന്നു. ഭയത്തോടെയല്ലാതെ ആ ദിവസങ്ങളെ ഓര്‍ത്തെടുക്കാനാകുന്നില്ല. നാലു മണിക്കൂര്‍ ഇടവിട്ട്‌ നാപ്‌കിൻ മാറ്റിയില്ലെങ്കില്‍ ഉണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ അവഗണിക്കരുത്. അതിനുള്ള സൗകര്യങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഉണ്ടാകേണ്ടതാണ്. മെഡിക്കല്‍ സ്റ്റോറില്‍ പോയി പാഡ് ചോദിച്ചപ്പോള്‍ അശ്ലീലം കലര്‍ന്ന മറുപടി നല്‍കിയ ഒരു സെയില്‍സ് മാനില്‍ നിന്നും കരഞ്ഞുകൊണ്ട്‌ ഞാന്‍ ഓടിയോളിച്ചിട്ടുണ്ട്. പതിനഞ്ചു വയസ്സുള്ള എനിക്ക് ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ലായിരുന്നു. പത്തുവയസ്സാകുമ്പോള്‍ തന്നെ ആര്‍ത്തവത്തെ കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയ, ഭയപ്പെടാതെ, അറപ്പോടെ കാണാതെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ പഠിപ്പിച്ച അമ്മയെയും എന്റെ അമ്മായിയെയും ഞാന്‍ സന്തോഷത്തോടെ സ്‌മരിക്കുന്നു. ആര്‍ത്തവം എന്ന വാക്കിനെ തന്നെ ചിലര്‍ക്ക് ലൈംഗികതയുമായി ബന്ധപ്പെടുത്താനാണിഷ്‌ടം. മലവിസര്‍ജനം പോലെ, മൂത്രമൊഴിക്കുന്നത് പോലെ, മൂക്ക് ചീറ്റി വെടിപ്പാക്കുന്നത്‌ പോലെ ശരീരത്തിന് ആവശ്യമില്ലാത്ത കുറച്ചു രക്‌തത്തേയും പുറന്തള്ളുന്നു എന്ന് മനസ്സിലാക്കാന്‍ എന്നാണു നമ്മള്‍ പഠിക്കുക? അപ്പോഴാണ് മുരുഗാനന്ദം അരുണാചലം എന്ന മഹാനെ ഓര്‍ക്കേണ്ടത്. അദ്ദേഹത്തോട് തോന്നുന്ന ആദരവ് വാഗതീതമാണ്. സ്‌ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന, അവരെ ആദരവോടെ സമീപിക്കുന്ന പുരുഷന്മാരെയാണ് സ്‌ത്രീകള്‍ വിലകൽപ്പിക്കുന്നത്. അതെന്നും അങ്ങനെ തന്നെയായിരിക്കും.

-രാധിക അനൂപ് 

4 Comments
 1. Ashok Kumar 4 years ago

  ഈ തുറന്നെഴുത്തിനു അഭിവാദ്യങ്ങൾ…
  പെൺശബ്‌ദം ഉയരട്ടെ… എങ്കിലേ ഇന്നും നിലനിൽക്കുന്ന പല സാമൂഹ്യ പ്രശ്‍നങ്ങളും മാറുകയുള്ളൂ.

 2. പ്രേംജിത്ത് എൻ 4 years ago

  അശുദ്ധമെന്നു സഹസ്രാബ്ദങ്ങൾ ചൊല്ലിയോരാ വിവേകമാണശുദ്ധം…..

  മനുഷ്യനു മാത്രമല്ല; എഴുത്തിനുമാവാം ‘നട്ടെല്ല്’!

  നട്ടെല്ലുള്ള എഴുത്തിന് നമോവാകം….

 3. Babu Raj 4 years ago

  True and bold writing that every woman should follow… come out of the clutches and stand by you. The world will follow you..

 4. Swathi Sasidharan 4 years ago

  സത്യമാണ് …മിക്കവാറും ഒരു പ്രസവം കഴിയുന്നത് വരെ ഇത് ഉണ്ടാക്കുന്ന ശാരീരിക അസ്വസ്ഥതകൾ വിവരിക്കാൻ ആവില്ല. എന്തിനു പറയുന്നു, വേദന കാരണം ഞാൻ ബോധം കെട്ടു വീണിട്ടുണ്ട്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് ഈ നടുവേദന ഒരു ഭീകര പ്രശനം തന്നെ .

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account