ചില മനുഷ്യർ ഈജിപ്തിലെ പഴയ ക്ലോക്കുകളെപ്പോലെയാണ്. കാലത്തിന്റെ ഏതെങ്കിലും ഒരു ബിന്ദുവിൽ പൊടുന്നനെ അവ നിന്നു പോകുന്നു. പിന്നീടാരു ശ്രമിച്ചാലും ആ ക്ലോക്കുകൾ പ്രവർത്തിക്കുകയില്ല.
‘കടമ്മനിട്ട’ എന്ന മനുഷ്യൻ ഓർമ്മയിലേക്കു കവിത ചൊല്ലി കയറുമ്പോഴൊക്കെ എനിക്കങ്ങനെ തോന്നാറുണ്ട്. ‘കടമ്മനിട്ട’ അയാളുടെ വിളിപ്പേര്. യഥാർത്ഥ പേരെന്തെന്ന് അറിഞ്ഞുകൂടാ. ഞങ്ങളുടെ നാട്ടിൽ ‘ഇ. എം. എസ്സും’ ‘എ. കെ. ജി.’ യുമൊക്കെ മഹത്വത്തിന്റെ പരിവേഷമില്ലാതെ വെറും ഇനീഷ്യലുകളുടെ കൈകോർക്കലുകളായി മാറിക്കഴിഞ്ഞതിനാൽ ‘കടമ്മനിട്ട’ ഒരത്ഭുതമൊന്നുമല്ലായിരുന്നു. എന്നാൽ ആ മനുഷ്യൻ രൂപത്തിലും കവിത ചൊല്ലുന്ന തൊണ്ടയുടെ മുഴക്കത്തിലും കവി കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിപ്പിച്ചു.
ഞങ്ങളുടെ കലാസമിതിയുടെ ബിൽഡിങ്ങിൽത്തന്നെ ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചിരുന്നു. ഏട്ടനായിരുന്നു ലൈബ്രേറിയൻ. ഒരു സന്ധ്യാസമയത്ത് ഏട്ടൻ പുസ്തകങ്ങൾ ചേർത്തുകൊണ്ടിരിക്കെ ലഡ്ജറിൽ വീണ നിഴലിനു കവി കടമ്മനിട്ട രാമകൃഷ്ണന്റെ രൂപം കൈവന്നപ്പോൾ ആദരവോടെ ഏട്ടൻ എഴുന്നേറ്റു. ദൈവമേ! കടമ്മനിട്ട ഇവിടെ!
ആ മനുഷ്യൻ – കവിയുടെ പ്രകൃതത്തിൽ നിന്ന് വിഭിന്നമായി – അപേക്ഷാഭാവത്തിൽ പറഞ്ഞു;
‘ ഞാനിവിടെ കൽപണയിൽ പണിയെടുക്കുന്ന ആളാ… ഇവിടെ മെമ്പറാവാൻ വന്നതാ.’
ഏട്ടൻ ഏറെനേരം മിഴിച്ചിരുന്നുപോയി രൂപത്തിലും ശബ്ദത്തിലും കവിയെ അനുസ്മരിപ്പിക്കുന്ന ഇയാൾ ഒരു കൽപണയിലെ തൊഴിലാളി അതൊരു പുതിയ അനുഭവം തന്നെ ആയിരുന്നു ഏട്ടന്. അത്താഴത്തിനിരിക്കുമ്പോൾ ഏട്ടൻ ആ സംഭവം പറഞ്ഞ് പൊട്ടിച്ചിരിച്ചു. അൽപസ്വൽപം കവിതയെഴുത്തിന്റെ അസുഖം ഏട്ടനുമുണ്ടായിരുന്നു. സ്വതവേ അൽപം സ്ത്രയ്ണമായ തന്റെ സ്വരം കവിത ചൊല്ലലിന് അനുയോജ്യമല്ലെന്നു തോന്നിയിരുന്നു. സായാഹ്നങ്ങളിൽ കടമ്മനിട്ടയും ചുള്ളിക്കാടുമൊക്കെ കേരളത്തിലെ തെരുവുകളിൽ ഘനഗംഭീരമായി കവിയരങ്ങുകൾ നടത്തുന്ന അക്കാലത്ത് തന്റെ പതിഞ്ഞ മട്ടിലുള്ള കവിതകളുടെ പേരിൽ ഏട്ടൻ ലജ്ജിച്ചു. വളരെ വളരെ നിർബന്ധിച്ചാൽ മാത്രം തൊട്ടടുത്ത് മറ്റാരും കേൾക്കാനില്ലെന്നുറപ്പു വരുത്തി ഒരു പ്രേമലേഖനം വായിക്കുന്നതു പോലെ മൃദുവായ സ്വരത്തിൽ ഏട്ടൻ കവിത വായിക്കും. നേരിയ ഒരു വിറയൽ ആ സമയം ഏട്ടനിൽ പടരും. വിയർപ്പ്, കവിതാലാപനത്തിനു ശേഷം, ആ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കും. സ്വകാര്യമായ ഒരു ആനന്ദം, ഒപ്പിമാറ്റുന്ന വിയർപ്പിനിടയിലും ആ മുഖത്ത് കാണും. എന്തുകൊണ്ടാണ് ഏട്ടനിങ്ങനെ ലജ്ജിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കവിതയെഴുത്ത് ഒരു പ്രണയാനുഭവമാണെന്ന് ഏട്ടൻ വിചാരിച്ചിരിക്കണം. അതുകൊണ്ടുതന്നെ ‘പ്രണയാനുഭവം’ മൈക്കിലൂടെ തൊണ്ടപൊട്ടുമാറുച്ചത്തിൽ ചൊല്ലുന്നതിൽ അദ്ദേഹം ലജ്ജിച്ചു.
കൽപണയിൽ കല്ലുവെട്ടുതൊഴിലാളിയായ ആ മനുഷ്യൻ, ഞങ്ങളുടെ ഗ്രന്ഥശാലയിൽ അംഗമായതിന്റെ അടുത്തയാഴ്ച ‘കടമ്മനിട്ടയുടെ കവിതകൾ’ സായാഹ്നങ്ങളിൽ ഏതെങ്കിലും പൊതുപരിപാടിക്കിടയിൽ ചൊല്ലാൻ തുടങ്ങി. അയാൾ ലൈബ്രറിയിൽ നിന്ന് ‘കടമ്മനിട്ടക്കവിതകൾ’ എന്ന ഗ്രന്ഥം എടുത്തിരുന്നു. അയാൾ ഗ്രന്ഥശാലയിൽ നിന്നെടുത്ത ഏക പുസ്തകവും അതുതന്നെ. ആ കൃതി അയാൾ ഒരിക്കലും ലൈബ്രറിയിലേക്ക് മടക്കിയതുമില്ല. അയാളുടെ പുരുഷത്വം നിറഞ്ഞ സ്വരത്തിൽ ആ കവിതകൾ ഉച്ചഭാഷിണിയിൽ നിന്നു സ്വതന്ത്രമായി.
‘നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ
ചൂഴ്ന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം
കുളം തോണ്ടുന്നോ?’
കവിത ചൊല്ലുന്ന അതേ സ്വരത്തിൽ, അതേ രൂപമുള്ള ഈ മനുഷ്യൻ കവിത ചൊല്ലുന്നതുകണ്ട് ഞങ്ങളിലാരോ അയാളെ വിളിച്ചു: ‘കടമ്മനിട്ട’. സാംസ്കാരിക സദസ്സിലും കലാപരിപാടികളിലും ‘കടമ്മനിട്ട’ എന്ന ഈ മനുഷ്യന്റെ കവിതചൊല്ലൽ ഒരു സ്ഥിരം പരിപാടിയായി. അതുവരെ കടല കൊറിച്ചും കറങ്ങിനടന്നും വെറുമൊരു സാധാരണജീവിതം നയിച്ച ഇയാൾ കവിത ചൊല്ലുമ്പോൾ മാത്രം അലൗകികമായ ഒരു തലത്തിലേക്കുയരുന്നതായി ഞങ്ങൾക്കുതോന്നി. ആ സമയം ആ മുഖവും
കണ്ണുകളും ചുണ്ടുകളും ചൂണ്ടുവിരലും ശരീരവും താളമടിക്കുന്ന കൈത്തലവും അയാളെ ഒരു വെളിച്ചപ്പാടിന്റെ രൂപത്തിലേക്ക് ഒടിവിദ്യപോലെ മാറ്റിതീർക്കും. നേരത്തെ നടന്നുപോയ നിസ്സാരനായ ഒരുത്തന്റെ തലത്തിൽ നിന്നും തികച്ചും ഗൗരവമുള്ള ഒരു വ്യക്തിത്വത്തിലേക്ക് അയാൾ നടന്നുകയറുന്നത് നാട്ടിൽ ചർച്ചയായി.
‘നിങ്ങൾക്ക് കടമ്മനിട്ടക്കവിതകൾ ചൊല്ലുമ്പോൾ എന്താ ഇത്ര ആവേശം?’ ഏട്ടൻ ഒരിക്കൽ അയാളോടു ചോദിച്ചപ്പോൾ എന്തുകൊണ്ടാണെന്ന് അയാൾക്കു തന്നെ പറയുവാൻ കഴിഞ്ഞില്ല. പറയാനുള്ള ശ്രമത്തിനിടയിൽ അയാളുടെ കണ്ണു നിറയാൻ തുടങ്ങി.
‘ ഞങ്ങളുടെയൊക്കെ ജീവിതമല്ലേ മാഷേ ആ കവിതകളിൽ?’
ഏട്ടൻ കൂടുതലൊന്നും ചോദിച്ചില്ല. പാറ പൊട്ടിക്കുന്ന കരുത്തനായ ഈ മനുഷ്യൻ ഒരു ശിശുവിനെ പോലെ നിഷ്കളങ്കമായി തന്നെ നോക്കി നിൽക്കുന്നത് ഏട്ടൻ ശ്രദ്ധിച്ചു. തകർന്നുതുടങ്ങിയ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകരിലൊരാളാണയാളെന്ന ശ്രുതിയും ഏട്ടന്റെ ചെയിലെത്തിയിരുന്നു. വയനാട്ടിലെ താവളത്തിൽ നിന്ന്, പോലീസിന്റെ കണ്ണിൽപ്പെടാതെ ഓടിപ്പോവുകയായിരുന്നത്രെ അയാൾ.
അടിയന്തരാവസ്ഥ കാലത്ത് പൊടുന്നനെ ഒരു ദിവസം കവിത ചൊല്ലുന്നതിനിടയിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്തു. അയാളുടെ സ്വരത്തിന്റെ മുഴക്കങ്ങളിൽ ഒരു വിപ്ലവത്തിന്റെ പിറവിയുടെ സൂചന അധികാരികൾക്ക് അനുഭവപ്പെട്ടിരിക്കാം. ജയിലിൽ നിന്നു വരുമ്പോഴേക്കും അയാളുടെ മുടി പറ്റെ വടിച്ചുകളഞ്ഞിരുന്നു. വേദനകളില്ലാതെ, മൈക്കിന്റെ ഉന്നത സ്ഥായിയില്ലാതെ, പുഴക്കടവിലും കുളക്കടവിലും ചെന്ന് അയാൾ കവിത ചൊല്ലി..:
‘എല്ലു പൊക്കിയ ഗോപുരങ്ങൾ കണക്കു
ഞങ്ങളുയർന്നിടും
കല്ലുപാകിയ കോട്ടപോലെയുണർന്നു
ഞങ്ങളും നേരിടും.’
ആ മനുഷ്യനെ പോലീസ് പിടിച്ച ദിവസം തന്നെയാണ് ഞങ്ങളുടെ ഗ്രന്ഥശാല അടച്ചിട്ടതും. ഗ്രന്ഥശാല വിപ്ലവകാരികളുടെ ഒളിവിടമാണെന്ന് പോലീസ് സംശയിക്കുന്നതായി പ്രസിഡന്റ് ടി. പി. കെ. പറഞ്ഞു. അയാളുടെ ബന്ധു ഒരാൾ പോലീസിലുണ്ടായിരുന്നു. ഏട്ടൻ സ്വതേ ഭയന്ന മുഖവുമായി ടി. പി. കെ. യെ കേട്ടു. പിന്നെ ഒന്നും ചിന്തിക്കാതെ, അംഗങ്ങളെ വിളിച്ചുകൂട്ടി ഗ്രന്ഥശാല പൂട്ടിയിടാനുള്ള തീരുമാനമെടുപ്പിച്ചു. ഭയം എല്ലായിടത്തും ഒളിച്ചിരുന്ന ആ രാവുകളിൽ ഒരു ആശ്വാസം പോലെ, കടമ്മനിട്ടക്കവിതകൾ അന്തരീക്ഷത്തിലൂടെ വന്ന് ഞങ്ങളെ തൊട്ടു.
‘കരിനാഗക്കളമഴിച്ച്
കുറത്തി നിൽക്കുന്നു
കാട്ടുപോത്തിൻ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമപോലെ
മുളങ്കരുത്തിൻ കൂമ്പുപോലെ
കുറത്തി നിൽക്കുന്നു.’
ദ്രുതതാളത്തിൽ ആ മൂർച്ചയുള്ള കല്ലുകൾ ഞങ്ങളുടെ മൗനത്തിനു മേൽ വീണുകൊണ്ടിരുന്നു. ഞങ്ങളുടെ മുറുകിയ ശ്വാസഗതിയിൽ അത് ഇളവുണ്ടാക്കി. ഭയത്തിന്റെയും ബൂട്സിന്റെയും നാളുകൾ പിന്നിട്ടപ്പോൾ, ‘കടമ്മനിട്ട’ നാടിന്റെ ഒരു തൊണ്ട തന്നെയായി മാറിക്കഴിഞ്ഞിരുന്നു. അതിൽ ഏട്ടന് അൽപമൊരു രസക്കുറവും ഉണ്ടായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഏട്ടൻ ആ മനുഷ്യനെ സംസാരത്തിലേക്ക് വലിച്ചിഴച്ചു. ‘സത്യം പറഞ്ഞാൽ, നമുക്ക് ഒറിജിനൽ കടമ്മനിട്ട രാമകൃഷ്ണൻ എന്ന കവിയെ അറിയില്ല എന്ന് വന്നിരിക്കുന്നു.’
സമൃദ്ധമായി മുറുക്കിയശേഷം പുഞ്ചിരിച്ചുകൊണ്ട് കവി പാതിയോളം നിറഞ്ഞുനിൽക്കുന്ന വാരാന്തപതിപ്പിലേക്ക് നോക്കി ഏട്ടൻ വാക്കുകളെ കൂർപ്പിച്ചു. അതിൽ ‘കടമ്മനിട്ട’ എന്ന കൽപണിക്കാരന് കൊള്ളാവുന്ന ഒരു കൊള്ളിവാക്ക് ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ‘ഒരു മനുഷ്യൻ ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുക, അയാൾ മനസ്സറിഞ്ഞു ചിരിക്കുമ്പോഴാണ്. പക്ഷെ, പല്ലുകൾ പുറത്തുകാണിക്കാത്ത വിധം ഗൗരവക്കാരനായി ഇരിക്കുന്നതാണ് അന്തസ്സെന്ന് എന്തുകൊണ്ടോ നമ്മുടെ ബുദ്ധിജീവികൾ ധരിച്ചുവെച്ചിരിക്കുന്നു.’ ശരിക്കും ആ വാക്കുകളുടെ ധ്വനി, ആ മനുഷ്യനെ അറിയുന്ന ആർക്കും പിടികിട്ടും. കവിയിൽ നിന്നു വ്യത്യസ്തമായി അയാൾ ഒരിക്കൽപോലും ചിരിച്ചു കണ്ടിട്ടില്ല.. ഗൗരവമോ വിഷാദമോ രോഷമോ ഒക്കെ ചേർന്ന് രൂപപ്പെടുത്തിയ കടുപ്പമുള്ള ഒരു മുഖമായിരുന്നു ‘കടമ്മനിട്ട’ക്ക്. തികച്ചും സാധാരണമായ കാര്യങ്ങൾക്കുപോലും അയാൾ മയം കലർന്ന ഭാഷയെ വഴക്കിയെടുത്തില്ല.
‘കടമ്മനിട്ടക്കവിതകൾ’ എന്ന പുസ്തകം മാസങ്ങളായിട്ടും മടക്കാത്തതിന്റെ പേരിൽ ഏട്ടൻ അയാൾക്ക് രണ്ട് സാധാരണ നോട്ടീസും ഒരു രെജിസ്റ്റേർഡ് നോട്ടീസും അയച്ചു. അയാളാവട്ടെ, അത് കൈപ്പറ്റിയ ഭാവം പോലും നടിച്ചില്ല. ആ പുസ്തകം മടക്കിയതുമില്ല.
കലാസമിതിയുടെ വാർഷികാഘോഷം കവി കടമ്മനിട്ട രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന വിവരം ഒട്ടൊരാഘോഷത്തോടു കൂടിയാണ് ഏട്ടൻ വീട്ടിൽ അറിയിച്ചത്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് ചാടിക്കയറുന്ന എനിക്ക് ആശ്ചര്യമായിരുന്നു:
‘അപ്പൊ ഇയാളുകൂടാതെ മറ്റൊരു കടമ്മനിട്ടയുണ്ടോ?’
‘ഒറിജിനലിനെ കാണട്ടേടാ’, നാട്ടുകാർ
ഏട്ടൻ കണ്ണിറുക്കികൊണ്ട്, പകയും അസൂയയും തീണ്ടിയ സ്വരത്തിൽ വാക്കുകളെറിഞ്ഞു. ഏട്ടൻ എന്തുകൊണ്ടാണ് ഇത്രമേൽ അസൂയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു കവിതാസായാഹ്നത്തിൽ അയാൾ കവിത ചൊല്ലിയതിനു ശേഷം, സ്വന്തം കവിത ചൊല്ലാൻ സഭാകമ്പത്തോടെ, ചുരുട്ടിയ കടലാസെടുത്തു നിവർത്തുമ്പോഴേക്കും സദസ്സ് ശൂന്യമായ ഒരനുഭവം ഏട്ടന്റെയുള്ളിൽ തീർത്ത പകയാവാം. സ്വകാര്യമായ ‘പ്രണയം’ മാത്രമല്ല, കവിയരങ്ങുകളിലൂടെയും കവിതയാവാമെന്ന ബോധ്യത്തിലേക്ക് ഏട്ടൻ എത്തിപ്പെടുമ്പോഴേക്കും സദസ്സ് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.
‘ഓരോ കാലത്തും ഓരോ വിജയി സൃഷ്ടിക്കപ്പെടുന്നു. ഒപ്പം പരാജിതരുടെ ഒരു നിരയും.’ അന്നു രാത്രി ഏട്ടൻ ഡയറിയിൽ എഴുതി. ആ വാക്കുകളിൽ തോൽവിയുടെ വേദനയുണ്ടായിരുന്നു. പിന്നീടൊരിക്കൽപോലും ഏട്ടൻ കവിയരങ്ങിൽ കവിത ചൊല്ലിയില്ല. ഏതെങ്കിലും പ്രസിദ്ധീകരണത്തിലേക്ക് കവിത അയച്ചതുമില്ല. ‘ചില കവികൾ സ്കൂൾ മാസ്റ്ററെപ്പോലെ സ്വന്തം നാട്ടിനു പുറത്ത് അവർ അറിയപ്പെടുന്നില്ല.’ എന്ന് ഒരു കവിയെഴുതിയതു വായിച്ച്, ദൈവമേ ഇതെന്റെ ഏട്ടന്റെ ജീവിതത്തെക്കുറിച്ചാണല്ലോ എന്ന് പിൽക്കാലത്ത് ഞാൻ അത്ഭുതപ്പെട്ടിരുന്നു.
കവി കടമ്മനിട്ട രാമകൃഷ്ണൻ വായനശാല ഉദ്ഘാടനം ചെയ്യുന്ന വിവരം ക്ഷണക്കത്തു മുഖേന, കവിത ചൊല്ലുന്ന ഈ മനുഷ്യനെ അറിയിച്ചിട്ടും അയാൾ വന്നില്ല. ഇരുവരെയും ചേർത്തുനിർത്തി എടുക്കുന്ന ഫോട്ടോ എൻലാർജ് ചെയ്ത് കലണ്ടർ സൈസിൽ സ്റ്റുഡിയോ ചുമരിൽ തൂക്കിയിടണമെന്നാശിച്ച ഫോട്ടോഗ്രാഫറെയും ഒട്ടനവധി നാട്ടുകാരെയും അയാൾ നിരാശപ്പെടുത്തി. കവി നന്നായൊന്നു മുറുക്കി സൊറ പറഞ്ഞിരിക്കെ തന്നെപോലെ കവിത ചൊല്ലി നടക്കുന്ന ആ കൽപണിക്കാരനെക്കുറിച്ച് ആരോ പറഞ്ഞപ്പോൾ കവി പൊട്ടിച്ചിരിച്ചു. ‘എങ്കിലെവിടെ? ആ വിദ്വാനെ വിളിക്ക്.’ ശാരീരികമായി നല്ല സുഖമില്ലാത്തതിനാൽ ഉദ്ഘാടനം ഏതാനും വാക്കുകളിലൊതുക്കി കവിത ചൊല്ലാതെ അദ്ദേഹം കാറിനടുത്തേക്ക് നീങ്ങി; അവസാനമായി ഒരിക്കൽക്കൂടി ആരാഞ്ഞു. ‘അയാളെവിടെ? കണ്ടില്ലല്ലോ?’
പിറ്റേന്ന് ഞാനതിന്റെ കാരണം തിരക്കിയപ്പോൾ ആ മനുഷ്യൻ പൊടുന്നനെ നടത്തം നിർത്തി. കണ്ണുകളിൽ ഒരു പ്രത്യേക ഭാവം വരുത്തി കവിതപോലെ പറയാൻ തുടങ്ങി.
‘ഈ വരണ്ട മൗനത്തിനുമേൽ ഒന്നു വിയർക്കും. കുട്ടീ, എന്നും ഒന്നും ഒരുപോലെയായിരിക്കില്ല.എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും. കരിമ്പാറകൾ പിളർന്ന്, നീരുറവകൾ പെട്ടെന്ന് പൊട്ടിപുറപ്പെട്ടേക്കാം. അതുകൊണ്ട് നമുക്ക് ഉരിയാടുകയെങ്കിലും ചെയ്യാം. നമുക്ക് ചിരിക്കാം, അല്ലെങ്കിൽ കരയാം. അർത്ഥമില്ലാത്ത വാക്കുകളെങ്കിലും കൈമാറാം’.
ആ കനത്തവാക്കുകളിൽ ഞാൻ തരിച്ചുനിന്നു. തെല്ലും വികാരമില്ലാതെ അയാൾ നടന്നു പോയി. ഞാൻ പ്രതീക്ഷിച്ച മറുപടിയുടെ സുതാര്യതക്കപ്പുറം ജീവിതത്തിന്റെ എന്തെല്ലാമോ അർഥങ്ങൾ തുളുമ്പുന്ന ഗൗരഭാവങ്ങൾ കൗമാരത്തിന്റെ അനുഭവങ്ങൾക്കുമേൽ തറച്ച ഈ വാക്കുകൾ എക്കാലത്തും എന്നോടൊപ്പം നിലനിന്നു.
എന്തുകൊണ്ട് ആ മനുഷ്യൻ തന്നെ കാത്തുനിന്ന വെള്ളിവെളിച്ചങ്ങളിൽനിന്ന്, കവിസൗഹൃദത്തിന്റെ ഊഷ്മളാനുഭവങ്ങളിൽ നിന്ന് പുറംതിരിഞ്ഞോടി? എഴുതിയ കവിതയിൽനിന്ന് കണ്ടെത്തിയ കവിയും കവിയെന്ന വ്യക്തിയും തമ്മിലുളവാക്കിയേക്കാവുന്ന വൈരുദ്ധ്യം ഭയന്നോ? കവിയും അനുവാചകനുമായുള്ള കൂടിക്കാഴ്ചയുടെ വ്യർത്ഥതയാലോ?
‘ചിലരെ നാം പത്രങ്ങളിലോ, പുസ്തകങ്ങളിലോ മാത്രം കാണാനാഗ്രഹിക്കുന്നു. അവർ പച്ചമനുഷ്യരായി കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്ന മാത്രയിൽ നമ്മളും അവരും ഒന്നായിത്തീരുന്നുവെന്ന തോന്നലുളവാകുകയും നമ്മുടെ സങ്കൽപ്പങ്ങളിലെ വിസ്മയാംശം വറ്റിതീരുകയും ചെയ്യുന്നു.’ഏട്ടൻ പറഞ്ഞ വാക്കുകൾ വാസ്തമാണോ?
വർഷങ്ങൾ കഴിഞ്ഞപ്പോൾ വേദിയിൽ കാസറ്റ് കവിതകൾ ഇടം പിടിച്ചു. കലാസമിതിയുടെ പ്രതാപം അവസാനിച്ചു. ചീട്ടുകളിയുടെയും ടി. വി. കാണലിന്റെയും കേന്ദ്രമായി അതുമാറിയപ്പോൾ ഏട്ടൻ ഗ്രന്ഥശാലയിൽ നിന്നു പിന്മാറി. കല്ലുവെട്ടു യന്ത്രങ്ങൾ വേഗത്തിലും എളുപ്പത്തിലും കല്ലുകൾ വെട്ടാൻ തുടങ്ങിയതോടെ കടമ്മനിട്ട എന്ന മനുഷ്യനും തൊഴിൽ നഷ്ടപ്പെട്ടു. അയാളെ ആളുകൾ മറന്നു.
പിന്നീടെപ്പോഴോ ഒരിക്കൽ ഏതോ ഒരു ബസ് സ്റ്റാൻഡിൽ വെച്ച് ഏട്ടൻ അയാളെ കണ്ടുമുട്ടി. ജടപിടിച്ച മുടിയായിരുന്നു അയാൾക്ക്. ഏട്ടന് ആദ്യം മനസ്സിലായില്ല. അയാൾ പരിചിതമായ ഭാവത്തോടെ ഏട്ടനരികിൽവന്നു കൈകൂപ്പി.
‘എന്നോടു പൊറുക്കണം. ഞാനാ പുസ്തകം തിരിച്ചേൽപ്പിച്ചില്ല.’
ഏട്ടൻ അതൊക്കെ മറന്നു കഴിഞ്ഞിരുന്നു. ഏതു പുസ്തകമാണെന്നോർത്ത് വെയിലും കൊണ്ട് മുഖാമുഖം നോക്കി അൽപനേരം നിന്നു. മനസ്സിൽ കടമ്മനിട്ടക്കവിതകൾ തെളിഞ്ഞത്തോടെ, ഏട്ടൻ ഒട്ടൊരു ദാർശനികമട്ടിൽ പറഞ്ഞു: ‘അതു മടക്കേണ്ട കാര്യമില്ല. അതു നിങ്ങളുടെ പുസ്തകം തന്നെയാണ്.’ ഒട്ടും പ്രതീക്ഷിക്കാത്ത ആ വാക്കുകൾ അവിശ്വസനീയതയോടെ കേട്ടുനിന്നപ്പോൾ അയാളിൽ കണ്ണീരൂറുന്നു.
‘നിങ്ങളുടെ വിചാരങ്ങളും അനുഭവങ്ങളും അറിയാതെയാണെങ്കിലും സ്വന്തം സൃഷ്ടിയായി ഒരെഴുത്തുകാരൻ എഴുതിവെക്കുകയാണെങ്കിൽ തീർച്ചയായും അത് നിങ്ങളുടെ കൃതിതന്നെയാണ്. നമ്മുടെ സ്വത്തിന്റെ രേഖ പകർത്തുന്ന ആധാരമെഴുത്തുകാരന് സ്വത്തിൽ അവകാശമുണ്ടോ? ആ അർത്ഥത്തിൽ എഴുത്തുകാരെല്ലാം വെറും പകർപ്പ് എഴുത്തുകാർ മാത്രമല്ലേ?’
ഏട്ടൻ ജ്വരബാധയേറ്റവനെ പോലെ പറഞ്ഞുകൊണ്ടിരുന്നു. ജനതിരക്കിന്റെ ഉയർന്ന വിതാനത്തിൽ ജടപിടിച്ച ആ മുടിയുള്ള ശിരസ്സ് ഉരുണ്ടുരുണ്ടുപോയി. ഇതേവാദം ഏട്ടൻ പല സ്വകാര്യ സദസ്സിലും ഉന്നയിക്കുകയുണ്ടായി. പലരും അത് നിസ്സാരമട്ടിൽ കേട്ടു. തോറ്റകവിയുടെ കരച്ചിൽ മാത്രമായി ആ വാക്കുകൾ അവഗണിക്കപ്പെട്ടു. കാലന്തരത്തിൽ ഏട്ടൻ മറ്റെല്ലാ മനുഷ്യരെയും പോലെ സാഹിത്യത്തിന്റെ പടംപൊഴിച്ച് വീട്ടുകാര്യങ്ങളിൽ മാത്രം മുഴുകി കൊച്ചു കൊച്ചു കാര്യങ്ങളെക്കുറിച്ചുമാത്രം വ്യാകുലപ്പെട്ടു. ഇതിനിടയിൽ ഞാനും എന്തൊക്കെയോ ആയി. നഗരത്തിലെ ഇടത്തരക്കാരുടെ ഹൗസിങ് കോളനിയിൽ ഭാര്യയോടും മകനോടും ഒപ്പം ജീവിതം കഴിക്കവേ, ഒരു ഓണക്കാലത്ത്… കോളനിയിലെ പൂക്കളമത്സരത്തിന്റെ വിധികർത്താക്കളിലൊരാളായി മറ്റുള്ളവരോടൊപ്പം നടക്കുകയായിരുന്നു ഞാൻ. നക്ഷത്രത്തിളക്കത്തിലും എവിടെയെങ്കിലും തലനീട്ടാവുന്ന പൂക്കളത്തിന്റെ അഭംഗി കണ്ടുപിടിക്കവേ, ദൂരെ കുട്ടികളുടെ ഒരാരവമുയർന്നു. കുട്ടികൾ ഒരു മനുഷ്യനുപിന്നാലെ ആരവങ്ങളുയർത്തി ഉല്ലസിക്കുകയാണ്.
‘മലഞ്ചൂരൽ മടയിൽനിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടിൽനിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു.’
ആ മനുഷ്യന്റെ ക്ഷീണിതമായ ഒടിഞ്ഞുമടങ്ങിയ കറുത്ത രൂപത്തിൽ നിന്ന് കാലം നൽകിയ വാർദ്ധക്യത്തെ തോൽപിച്ച് ആ സ്വരം ഒരു കാട്ടുറവ പോലെ ഒഴുകുകയാണ്. ആ വരികളിലെ പ്രാചീനമായ ഗോത്രസ്മൃതിയിലും ദ്രാവിഡമായ ദ്രുതതാളത്തിലും കോളനിയിലെ ജനാവാലി മാന്ത്രികമായി ആകർഷിക്കപ്പെട്ടു.ഇടത്തരക്കാരന്റെ നഗരജീവിതം തീർത്ത അരക്ഷിതത്വത്തിൽ ഗൃഹതുരമായ ഉൾവിളിയാലെന്നോണം ആ മനുഷ്യരുടെ കണ്ണുകൾ വിടർന്നു. വെളിച്ചപ്പാടിന്റെ ശരീര വിറയലോടെ ആ മനുഷ്യൻ വാക്കുകളിൽ പതച്ചുയരുന്ന വികാരം പൊലിപ്പിച്ചപ്പോൾ വീട്ടമ്മമാരുടെ കൈകൾ കൂപ്പുകൈകളായി. അനന്തരം നാണ്യങ്ങളുടെ ചിലമ്പിച്ച സ്വരങ്ങൾ ആ മനുഷ്യനെ വരിഞ്ഞപ്പോൾ ഞാൻ മെല്ലെ ഗേറ്റു കടന്ന് അകത്തേക്കു നടന്നു. ആ സമയം ജീവിതത്തേക്കുറിച്ചും എഴുതിനെക്കുറിച്ചും വെറുതെ…. ചിന്തിച്ചു. ശെരിക്കും ജീവിതം പകർത്തുന്നവരാണോ എഴുത്തുകാർ? അതോ എഴുത്തുകാർ എഴുതിവെച്ച ഒരു ജീവിതം നാം ജീവിതത്തിൽ പകർത്തുകയാണോ?
-ഹരിദാസ് കരിവെള്ളൂർ

