ഇന്ത്യ അതിന്റെ ഗ്രാമങ്ങളിൽ ജീവിക്കുന്നു, നഗരങ്ങളിൽ പണിയെടുക്കുന്നു, ഇതിനിടയിൽ എവിടെയോ മരിച്ച് വീഴുന്നു എന്നൊരു കാർട്ടൂൺ കണ്ടതിലേയ്ക്കാണ് കഴിഞ്ഞ ആഴ്ച്ച അവസാനിച്ചതിന്റെ നെടുവീർപ്പു ചെന്നു തെന്നിവീണത്.

ജീവിതത്തിനും തൊഴിലിനുമിടയിൽ ചിന്നി അരഞ്ഞു പോയ പതിനഞ്ച് മനുഷ്യരുടെ ചോരപ്പാടിലൂടെ വീണ്ടും ട്രെയിനുകൾ ഓടി തുടങ്ങുകയാണ്.

മഹാരാഷ്‌ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് നടന്നു പോയ ആ മനുഷ്യർക്കൊപ്പം അരഞ്ഞു പോയത്  എത്ര ജീവിതങ്ങളുടെ പ്രതീക്ഷകളാവും! മരിച്ചില്ലെങ്കിൽ വീട്ടിൽ എത്താം എന്നു മാത്രം ശേഷിക്കുന്ന അവസാന സാധ്യതയിലേക്ക് ഇറങ്ങിയവരാണ് അവർ ഓരോരുത്തരും. എവിടെയാണോ അവിടെ തുടരാൻ നിവർത്തിയുള്ള ഒരാളും ആ നടപ്പ് കൂട്ടങ്ങളിൽ ഉണ്ടാവില്ല. അവരെ അവരുടെ ഇടങ്ങളിൽ എത്തിക്കേണ്ട, അല്ലെങ്കിൽ എവിടെയാണോ ഉണ്ടായിരുന്നത് അവിടെ തുടരാനുള്ള ആത്‌മവിശ്വാസം നൽകാനുള്ള ബാധ്യത ഈ രാജ്യത്തിന് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ രാജ്യമെന്നാൽ അതിന്റെ ജനങ്ങളല്ല, അവർ തെരഞ്ഞെടുത്ത ഭരണകൂടമാണ്. അത് പരാചയപ്പെട്ടപ്പോഴാണ് ആ ജനങ്ങൾ ചുവന്ന തുള്ളികൾ വീണ ചപ്പാത്തികളും ചെരിപ്പുകളുമായി വെയിൽ കൊണ്ട് പഴുത്തു കിടന്നത്.

സ്‌പന്ദിക്കുന്ന ഇന്ത്യയുടെ രക്‌തം പ്രവഹിക്കുന്ന ഞരമ്പുകളെന്നവണ്ണം ഇന്ന്  മുതൽ ട്രെയിനുകൾ  ഓടിത്തുടങ്ങുമ്പോൾ, അതിലെ യാത്രക്കാരായ , അഥവാ രക്‌ത കണങ്ങളായ മനുഷ്യരിൽ രോഗ വാഹകരായവർ കടന്ന് കൂടിയാലോ എന്നതാണ് ഇനി വരുന്ന ആഴ്ച്ചകളിൽ നമ്മൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

അങ്ങിനെ സംഭവിച്ചാൽ ഇന്ത്യ പൂർണ്ണമായും രോഗത്താൽ ആക്രമിക്കപ്പെട്ട, ബലഹീനമായൊരു ശരീരമായി മാറും, അതിന്റെ ഓരോ അവയവങ്ങളും പ്രതിരോധിക്കാൻ ആവാതെ തളർന്നു വീഴും.

വീടെത്താൻ നടന്നവർ തളർന്നുറങ്ങാൻ റെയിൽ പാളങ്ങൾ തിരഞ്ഞെടുക്കുന്ന രാജ്യത്തിന്റെ മരവിച്ച ബോധ തലത്തിനെ ബാധിച്ചത് ഏത് രോഗമാണെന്ന്, എത്ര പഴക്കമുണ്ടതിനെന്ന് മാത്രം നമ്മൾ ഇത് വരെ ആലോചിച്ചില്ല, ചർച്ച ചെയ്‌തിട്ടില്ല. തളർന്ന് വീഴാൻ പാളങ്ങൾ മാത്രമുള്ള രാജ്യമെന്ന് നമ്മൾ നമ്മളെ തിരിച്ചറിയുന്നില്ല.

ഇനിയുമവർ ഉറങ്ങി വീഴും മുൻപ് വീടെത്തിക്കാൻ വണ്ടികൾ ഓടട്ടെ, രക്‌തശുദ്ധി വരുത്തിയ ഞരമ്പുകൾ രാജ്യത്തിനു പ്രാണ വായുവും വഹിച്ചു ഓടിയെത്തി അതിന്റെ മിടിപ്പ് താളാത്‌മകമാക്കട്ടെ .

മരണം കൊണ്ട് മുഖം കഴുകാതെ പുലരികൾ നമുക്ക് പ്രതീക്ഷകൾ തരട്ടെ. ഉറങ്ങേണ്ട ഇടവും നടക്കേണ്ട ഇടവും മാറി നിൽക്കേണ്ട ഇടവും നമ്മൾക്ക് തിരിച്ചറിയാൻ ആവട്ടെ.

1 Comment
  1. Manoj 1 year ago

    ആത്‌മ നിർഭർ ഭാരതത്തിലേക്ക് ഇനിയുമെത്ര ദൂരം…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account