മാസ്‌മരികമായ പവിഴപ്പുറ്റുകൾ നിറഞ്ഞു നിൽക്കുന്ന നോഹരമായ ഒരു തടാകമാണ് പാട്ടിൻ്റെ വിസ്‌മയലോകം എന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. ആ വർണ്ണക്കാഴ്ച്ചകൾ ഓരോന്നും തൊട്ടുതൊട്ടു കൊണ്ട് അതിലൂടെ ഇറങ്ങി പാട്ടിനൊപ്പം നീന്തി നടക്കാൻ അതിലേറെ രസമല്ലേ? എന്നാൽ അത്രതന്നെ അഗാധമായ ഇടത്തു നിന്ന് ഇഷ്‌ടമുള്ള പാട്ടുകൾ തെരഞ്ഞെടുത്തു വരികയെന്നത്  ആയാസരഹിതമായ ഒന്നല്ലെന്നു മനസ്സിലായി.

നാമോരുത്തർക്കുമുണ്ടാവും ഒരു പിടി പാട്ടുകൾ എപ്പോഴും ഓർത്തെടുക്കാൻ. അത് വ്യക്‌തിപരമായി വിഭിന്നങ്ങളാവുകയും ചെയ്യുമല്ലോ. വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളും സന്ദർഭങ്ങളും  അനുസരിച്ചാകുമല്ലോ ഓരോരുത്തരുടെയും പാട്ടോർമ്മകൾ.. അത്തരത്തിൽ സന്ദർഭങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന ഓർമ്മകളാണ് ഓരോരുത്തർക്കും അവരവരുടെതായ  പ്രിയതരമായ പാട്ടുകൾ…

ബാല്യത്തിൽ അമ്മ പാടിത്തന്ന “കണ്ടം ബച്ച കോട്ടിലും”,  “അയല പൊരിച്ചതിലും” തുടങ്ങുന്നു എൻ്റെ പാട്ടോർമ്മകൾ. ഓണക്കാലത്തെ “പൂവിളി പൂവിളി  പൊന്നോണമായി” എന്ന പാട്ട് മറ്റൊരു ഓർമ്മയാണ് — കുഞ്ഞനിയത്തിയോടൊപ്പം തൊടിയിലാകെ ഓടിനടന്ന് പൂക്കൾ പറിച്ചെടുത്ത് വർണ്ണാഭമായ പൂക്കളം തീർത്തതിൻ്റെ ഹൃദ്യമായ ഓർമ്മകൾ. കൂട്ടുകാർക്കൊപ്പം ക്ലാസ് മുറിയിലും  പൂക്കളങ്ങളൊരുക്കിയ എത്രയെത്ര പാട്ടുകൾ.

കുട്ടിക്കാലത്ത് സ്‌കൂൾ കലോത്സവങ്ങൾക്ക് ആനിവേഴ്‌സറികളുമായി കൂട്ടുകാരോടൊപ്പം വർണ്ണ വസ്ത്രങ്ങളും ചമയങ്ങളുമണിഞ്ഞ് ചുവടുവച്ച “ചെപ്പുകിലുക്കണ ചങ്ങാതി”യും “പാലാഴി കടവിൽ നീരാട്ടിനിറങ്ങിയ പാലപ്പൂങ്കാവിലെ പൂനിലാവും” ഒപ്പം പാടിത്തീർത്ത “ചക്കര പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തികുമാര” നും, അയൽവക്കത്തെ കല്യാണവീടുകളിൽ നിന്ന് ഉറക്കെയുറക്കെ പാടിക്കേട്ടിരുന്ന “ശരറാന്തൽ തിരി താണു മുകിലിൻ കുടിലിലും” പ്രിയതരങ്ങളായിരുന്നു.

കൗമാരകാലത്തെ ഓർത്തെടുക്കുന്നതിൽ “വൈശാഖ സന്ധ്യ”യും “പൂമാനമേ ഒരു രാഗമേഘം താ” ഉം ഒപ്പം “ഒരു മധുരക്കിനാവിൻ ലഹരിയും” മുന്നിൽ നിൽക്കുന്നു… പിന്നെയും യൗവനത്തിൽ  കൂട്ടിന് വന്ന കുറേയേറെ പാട്ടുകൾ… തുടർന്ന് അമ്മയായ ശേഷം കുട്ടികൾക്കായി പാടാൻ ഏറെ പാട്ടുകൾ എത്തി… പിന്നീട് അവരോടൊപ്പം കളിക്കാൻ പാടിയവ എത്രയെത്ര… കൂടാതെ ക്‌ളാസ്സുമുറിയിൽ കുട്ടികളോടൊപ്പം ചേർന്ന് പാടിയവ, കുട്ടികളെ കൊണ്ട് പാടിച്ചുകേട്ടവ… സഹപ്രവർത്തകർക്കൊപ്പം പാടിത്തകർത്തവ… യാത്രയയപ്പുകൾക്കും പിരിഞ്ഞു പോകുന്നവർക്കുമായി പാടിക്കേട്ടവ… കൂട്ടുകാരോടും സഹപ്രവർത്തകർക്കൊപ്പവും അധ്യയന യാത്രകളിൽ കുട്ടികളോടൊപ്പവും പാടിയാടിയ എത്രയെത്ര ഡപ്പാൻ കുത്തുകൾ…

ചിലപ്പോഴൊക്കെയും അടുക്കളയിലെ ഏകാഭിനയ നേരങ്ങളിൽ പാത്രങ്ങളുമായി  കലമ്പൽ  കൂട്ടുമ്പോൾ രക്ഷക്കായി എത്തുന്ന പാട്ടുകൾ.. പാഠപുസ്‌തക രചന കാലത്ത് വീടിൻ്റെ തിരക്കിൽ നിന്ന് അകലുമ്പോഴും വീടിനെക്കുറിച്ച് വേവലാതിപൂണ്ടും പണിയെടുക്കുന്ന ദീർഘമേറിയ ദിവസങ്ങൾ കൊണ്ടുവരുന്ന മടുപ്പ് മാറ്റാൻ  ഒത്തുചേർന്ന് പാടിയ പാട്ടോർമ്മകൾ… പിന്നെ  കുടുംബത്തോടൊപ്പമുള്ള ചെറുതും വലുതുമായ പല യാത്രകളിലും നിരന്തരം കേൾക്കാറുള്ള ഗാനങ്ങൾ… ഞങ്ങളൊന്നിച്ച് പാടിത്തീർത്തവ…

ഒന്നും ചെയ്യാനില്ലാത്ത ഒഴുക്കൻ നേരങ്ങളിൽ  കൂട്ടുകൂടാനെത്തുന്ന ഓരോരോ പാട്ടുകൾ…

ഇടയ്ക്ക് മടി പിടിച്ചിരിക്കാനും  ഒറ്റക്കിരിക്കാനും പ്രേരിപ്പിക്കുന്ന മറ്റേതോ കാൽപ്പനിക ലോകത്തേക്ക് കിനാവിനെ  വിഹരിക്കാൻ  എടുത്തെറിയുന്നവ… പിന്നെയും പിന്നെയും ദീർഘമേറിയ തീവണ്ടി യാത്രയുടെ വന്യമായ ഏകാന്തതകൾ ഭേദിച്ച്  കൂട്ടിനെത്തുന്ന ചങ്ങാതിയെ പോലെയും ചില പാട്ടുകൾ…

അങ്ങനെ എത്രയെത്ര പാട്ടുകൾ, എത്രയെത്ര ഓർമ്മകൾ… ഓർമ്മകൾക്കൊപ്പമുള്ള പാട്ടുകൾ – പാട്ടുകൾക്കൊപ്പമുള്ള ഓർമ്മകളും… അങ്ങനെ പാട്ടിനെ സ്നേഹിച്ചു സ്നേഹിച്ചിങ്ങനെ നമ്മളും…

തികച്ചും കാവ്യാത്മകമായ വരികളും വർണ്ണനകളുമാണല്ലോ മലയാള ചലച്ചിത്ര ഗാനങ്ങളുടെ പ്രത്യേകത. പ്രത്യേകിച്ച് ആദ്യകാല ഗാനങ്ങൾ.. മികച്ച കാവ്യോപാസകർ തന്നെയായിരുന്നു അന്നത്തെ ഗാനരചയിതാക്കളും എന്നതല്ലാതെ ഇതിന്നു കാരണം മറ്റൊന്നല്ലതന്നെ. അനുവാചക മനസ്സിൽ അതിമനോഹരങ്ങളായ ദൃശ്യങ്ങൾ രൂപപ്പെടുത്തുന്നവയാണ് അവയോരോന്നും. തലമുറകൾക്കിപ്പുറത്തും ആ പാട്ടുകൾ പാടിക്കേൾക്കാൻ നാമാഗ്രഹിക്കുന്നതും അതുകൊണ്ടുതന്നെയല്ലേ?

ഇത്തരത്തിൽ പാട്ടും ദൃശ്യങ്ങളും തമ്മിലുള്ള ഇഴപ്പൊരുത്തം  ഏറ്റവും നന്നായി അനുഭവപ്പെട്ടിട്ടുള്ളത് പത്‌മരാജൻ ചിത്രങ്ങളിലാണെന്ന്  പ്രത്യേകം എടുത്തു പറയാനാകും. പാട്ടിനോടു ചേർന്ന് നാം കാണാനാഗ്രഹിക്കുന്ന, മനസ്സിൽ അരുമയോടെ ചേർത്തുവെക്കാനാഗ്രഹിക്കുന്ന ചിത്രങ്ങൾ തന്നെ നമുക്കായൊരുക്കിത്തരുന്ന മാസ്‌മരികത… അത്രയേറെ പ്രിയങ്കരങ്ങളായി ഈ പാട്ടുകൾ നമ്മോടൊപ്പമൊഴുകുന്നതും അതുകൊണ്ടു തന്നെയല്ലേ!

പത്‌മരാജൻ്റെ ‘ഞാൻ ഗന്ധർവനിലെ “പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ” എന്ന് തുടങ്ങുന്ന ആ മനോഹരഗാനം അങ്ങനെ ഏറ്റം പ്രിയമുള്ളൊരു പാട്ടായി എന്നിൽ കുടിയേറിയിട്ട് കാലങ്ങളായി… ഇപ്പോഴും ആദ്യമോർത്തെടുക്കാവുന്ന പ്രിയമുള്ള പാട്ടുകളിൽ ഒന്നാകുമത്. ഹൃദ്യമായ ദൃശ്യത്തോടൊപ്പമല്ലാതെ ഈ പാട്ടിനെ  ആസ്വദിക്കുവാനാവില്ല…

നനുത്ത മഞ്ഞു പൊഴിയുന്ന പുലർകാലത്തിലേക്ക് ഓടിയണയുന്ന കൗമാരക്കാരി… അവളുടെ മുടിയിഴകളിൽ വീണലിയുന്ന മഞ്ഞിൻ കണങ്ങൾ… പ്രണയത്തോടും രതിയോടും സമൂഹം പുലർത്തുന്ന കാഴ്ച്ചപ്പാടുകളോട് കലഹിച്ചു കൊണ്ടും വ്യക്‌തിഗതമായ  സ്വതന്ത്ര ജീവിത കാമനകളോട് സമൂഹം  ഏർപ്പെടുത്തിയിട്ടുള്ള തീവ്രമായ വിലക്കുകളുടെ ലോകത്തെ ഭേദിച്ചു കൊണ്ടും കുതറിയോടുന്ന, അവളുടെ   ഭ്രമാത്മകമായ ഭാവനകളാണ് ഗന്ധർവ്വനായി അവളുടെ മുന്നിലെത്തുന്നതെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ഓരോ തവണ കേൾക്കുമ്പോഴും നവ്യാനുഭവമായി മനസ്സിൽ നിറയുക തന്നെ ചെയ്യും ഈ ഗാനം.

വരികൾക്ക് ചാരുത പകർന്നു കൊണ്ട് നായികാനായകൻമാരായ സുപർണ്ണയും നിതീഷ് ഭരദ്വാജും പ്രണയത്തിൻ്റെ നേർത്ത ലോല ഭാവങ്ങൾ സമ്മാനിച്ചുകൊണ്ട് വർഷങ്ങൾക്കിപ്പുറവും നമ്മോടൊപ്പം നടക്കുന്നു.

കാലഭേദങ്ങളില്ലാതെ സുഗന്ധം പരത്തുന്ന ഒന്നായി കൈതപ്രത്തിൻ്റെ രചനയും ജോൺസൺ മാഷിൻ്റെ സംഗീതവും ചിത്രയുടെ ആലാപനവും ചേർന്ന ആ ഗന്ധർവ്വരാഗമിതാ ഇവിടെ നിങ്ങൾക്കായി…

ആലാപനം: ദിയ

2 Comments
  1. Prashobh 11 months ago

    Super

  2. Manjula Dubey 10 months ago

    Very well articulated. Enjoyed reading your article. Best regards

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account