2018,  തമിഴിൽ നിരവധി നല്ല സിനിമകൾ ഉണ്ടായ വർഷമാണ്. അതിനൊരു  ഉത്തമോദാഹരണമാണ് തമിഴ്  നടൻ കതിരിന്റെ ‘പരിയേറും പെരുമാൾ’. വിക്രം വേദയിലെ വിഘ്‌നേഷ് എന്ന കഥാപാത്രത്തിലൂടെ ഏവർക്കും പരിചിതനാണ് കതിർ. പരിയേറും പെരുമാളിലൂടെ മനസ്സേറും കതിർ.

തമിഴ്‌നാട്ടിലെ  ജാതിഗ്രാമങ്ങളിലൊന്നായ പുളിയൻകുളത്തു നിന്നാണ്  പരിയേറും പെരുമാൾ തിരുനെൽവേലിയിലെ ലോ കോളേജിൽ  എത്തുന്നത്. താഴ്ന്ന ജാതിക്കാരനായതു കൊണ്ടു മാത്രം ഏറെ അപമാനിതനായെങ്കിലും പഠിച്ചുയർന്ന്  ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായി മാറിയ ഡോ. അംബേദ്‌കറിനെ പോലെയാകണമെന്നാണ് പെരുമാളിന്റെ സ്വപ്‌നം. എന്നാൽ ആ  ലക്ഷ്യത്തിലേക്കെത്തുവാൻ അവനൊരു വലിയ നദി മുറിച്ച് കടക്കണം. ജാതിയുടെയും സമ്പത്തിന്റെയും നീതിബോധങ്ങൾ ആ നദിയുടെ അടിയൊഴുക്കുകളെ ശക്‌തമാക്കുന്നു.  മുങ്ങിപ്പോവാനാണ് സാധ്യത കൂടുതൽ.

തിരുനെൽവേലിയിലെ ലോ കോളേജിൽ വെച്ച് പെരുമാൾ  ജ്യോതി മഹാലക്ഷ്‌മി എന്ന ഉയർന്ന ജാതിക്കാരി പെൺകുട്ടിയുമായ് സൗഹൃദത്തിലാകുന്നു. അതോടെ പെരുമാളിന്റെ വഞ്ചി കാറ്റും, കോളും നിറഞ്ഞ പ്രക്ഷുബ്‌ധമായ നദിയിലൂടെയാവുന്നു സഞ്ചാരം. .

തമിഴ്‌നാട്ടിലെ ജാതീയമായ ഉച്ചനീചത്വങ്ങളെയാണ് സംവിധായകൻ സിനിമയിലൂടെ വരച്ചുകാട്ടുന്നത്. ജാതിയുടെ പേരിൽ സാമൂഹിക അവഗണന നേരിടേണ്ടി വരുന്ന അനേകം മനുഷ്യരുടെ പ്രതീകമാണ് പരിയേറും പെരുമാൾ.

ഈ സിനിമ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കില്ല. ഒരു പരിധിവരെ രസകരമായ് തന്നെ കഥ പറഞ്ഞു പോകുന്നുണ്ട് താനും. പക്ഷേ കാഴ്‌ചയ്ക്കിടയിൽ നമ്മൾ വല്ലാതെ ടെൻഷനാവുകയും ചെയ്യും. തമിഴ്‌നാട്ടിലെ ജാതി വ്യവസ്ഥയുടെ കാഠിന്യം വ്യക്‌തമാക്കുന്ന ഒരു കഥാപാത്രമാണ് കരാട്ടെ വെങ്കിടേഷിന്റേത്. താഴ്ന്ന ജാതിക്കാരോട് അദ്ദേഹം നിന്ദ കാണിച്ചിരുന്നു. അവരെ അയാൾ തരം കിട്ടുമ്പോഴെല്ലാം ഹിംസിക്കുക പോലും ചെയ്‌തു.‌ അവിടെയും മനുഷ്യന്റെ ജാതിബോധം കാണാം. സിനിമയിലെ കറുപ്പി എന്ന നായയെ ഉയർന്ന ജാതിക്കാർ ക്രൂരമായി കൊല്ലുന്ന ഒരു രംഗമുണ്ട്. അവിടെയും ദളിതരോടുള്ള, ദളിതരുടെ കൂടെക്കഴിയുന്ന മറ്റ് ജീവജാലങ്ങളോടുള്ള ഉയർന്ന ജാതിക്കാരുടെ അവഗണനയാണ് കാണാൻ കഴിയുന്നത്. കറുപ്പിയെ കൊന്നതു പോലെയാണ് പെരുമാളിനെയും വെങ്കടേഷ് കൊല്ലാൻ നോക്കിയത്. അവർക്ക് കീഴ്‌ജാതിക്കാരും നായ്ക്കളുമൊക്കെ ഒരു പോലെ. ജാതി വർഗബോധത്തിന്റെ വ്യത്യസ്‌ത മാനറിസങ്ങൾ ഈ സിനിമയിൽ കാണാം.

ഇത് കേവലം തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ മാത്രം നടക്കുന്ന ഒന്നല്ല. ഇന്ത്യയിൽ പലയിടത്തും ജാതിയുടെ പേരിൽ കൊടിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. രോഹിത് വെമൂലയെ പോലെ നിരവധി പേർ ജാതിയുടെ പേരിൽ  ജീവൻ ബലി കൊടുത്തിട്ടുണ്ട്‌.

ഒരിക്കൽ എന്നോടൊരാൾ ചോദിച്ചു: ‘നീ ഹിന്ദുവാണോ?’. പെട്ടെന്ന് തന്നെ ഞാൻ ഉത്തരം പറഞ്ഞു: ‘അല്ല ,മനുഷ്യനാണ്’. അപ്പോൾ ചോദ്യകർത്താവിനാകെ ഒരു അന്ധാളിപ്പ്. അദ്ദേഹം വിചാരിച്ചിട്ടുണ്ടാക്കണം ഇവന്റ  തലയ്ക്ക് വല്ല പ്രശ്‌നവും കാണുമെന്ന് . അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ  അപ്പോഴത്തെ മുഖഭാവം. സമൂഹത്തിലിന്നും ജാതി മത വർഗ ചിന്തകൾക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതിന്റെ മറ്റൊരു വെർഷനാണ് ശബരിമലയിൽ നടക്കുന്നതും. അവിടെ കീഴ്‌ജാതിയായി കണക്കാക്കുന്നത് സ്‌ത്രീകളെയാണെന്നു മാത്രം.

പരിയേറും പെരുമാളായ് എത്തിയ കതിരും, സുഹൃത്തായ് എത്തിയ യോഗി ബാബുവും, ജ്യോതി യായ് എത്തിയ ആനന്ദിയും  തങ്ങളുടെ സ്വഭാവിക അഭിനയം കൊണ്ട് മികച്ചു നിന്നു. മനസ്സിന്റെ അടിത്തറയിൽ സ്‌പർശിക്കുന്ന ഒരു സിനിമയാണിത്. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. യഥാർത്ഥത്തിൽ തമിഴ്‌ നാട്ടിലെ ജാതിഗ്രാമങ്ങളുടെ, പൊതു ഇടങ്ങളുടെ അവ ചേർന്നുണ്ടാക്കുന്ന  സാമൂഹികവ്യവസ്ഥയുടെ ഒരു നേർക്കാഴ്ച്ചയാണ് ഈ സിനിമ.

– സ്വരൺദീപ്

1 Comment
  1. Alex john 3 years ago

    സ്വരണ്‍ദീപ് എഴുതുന്നത് വല്ലപ്പോഴുമേ വായിക്കാന്‍ കഴിയാറുള്ളു. ഒരു ഹെെസ്‌കുള്‍ വിദ്യര്‍ത്ഥിയുടേതാണ് ഈ എഴുത്തെന്ന് വായനക്കാരന് തോന്നുകയേ ഇല്ലാ.,,
    അതു തന്നെയാണ് ഈ എഴുത്തിന്‍െറ ക്വാളിററിയും,,

    അഭിനന്ദനങള്‍ സ്വരണ്‍ദീപ്
    തുടര്‍ന്നും എഴുതുക

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account