2019. ഈ വർഷം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വളരെ നിർണായകമായിരിക്കും. കാരണം, അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് പാവം തട്ടുകടക്കാരൻ മുതൽ ബെൻസിൽ വന്നിറങ്ങുന്ന മുതലാളികൾ വരെ ഇന്ത്യ ഭരിക്കുന്നവരെ കണ്ടെത്താൻ സ്വന്തം വോട്ട്, വേനലിന്റെ ചൂടിൽ, ക്യൂ പാലിച്ച് തിങ്ങി നിരങ്ങി കാസ്റ്റ് ചെയ്യുന്ന ദിവസം. ഇലക്ഷൻ ഡേ… ഇനി ഏതാനും ദിവസങ്ങൾ മാത്രം…

കഴിഞ്ഞ മാസം മുതലേ വഴിയോരങ്ങളിൽ പോസ്റ്റർ ഒട്ടിച്ച് തുടങ്ങിയല്ലോ! ചിരിച്ചും, കൈ കൂപ്പിയും നിൽക്കുന്ന സ്ഥാനാർത്ഥികൾ. ഇലക്ഷൻ പ്രചരണപരിപാടികളിൽ മോഹന വാഗ്‌ദാനങ്ങൾ ഓരോന്നായ് ഉരുവിടുമ്പോൾ, സ്ഥാനാർത്ഥികൾ എതിർ പാർട്ടിക്കാരുടെ കുറ്റവും കുറവും പറയാനും നല്ല ആവേശം കാണിക്കും. ചില വിദ്വാന്മാർ ജയിക്കുന്നതിനു മുൻപേ പല വികസന പ്രവർത്തനങ്ങളും തങ്ങളുടെ നാവ് കൊണ്ട് തുടങ്ങി വെക്കും. ഇത്തരം കാഴ്ച്ചകൾ എല്ലാ ഇലക്ഷൻ കാലങ്ങളിലും പതിവാണ്.

ഇനിയുള്ള ദിവസങ്ങളിൽ ഇലക്ഷൻ പ്രചരണം കൂടുതൽ പൊടിപൊടിക്കും. ഇന്ത്യയുടെ പുതിയ ഭരണകർത്താക്കൾ, എന്താകും ഇന്ത്യൻ രാഷ്‌ട്രീയം എന്നീ കാര്യങ്ങളിൽ ഇന്ത്യക്കാർക്കെല്ലാം ആകുലതകൾ ഒരുപാടുണ്ട്.

പാർലമെന്റ് ഇലക്ഷനിലെ വിജയം  മുൻപിൽ കണ്ട് പല നേതാക്കന്മാരും  വ്യത്യസ്‌ത പാർട്ടികളിലേക്ക് കാലുമാറിയത് നമ്മൾ കണ്ടതാണ്. കോൺഗ്രസ്സ് മെമ്പറായിരുന്ന ‘ടോം വടക്കൻ’ ഇലക്ഷൻ അടുത്തപ്പോൾ കാൽ മാറി ചവിട്ടി ബി.ജെ.പിയുടെ കൂടണഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങളിലും ഇലക്ഷൻ വരവോടെ പല നേതാക്കന്മാരും സ്വന്തംപാർട്ടികളിൽ നിന്നും രാജിവെച്ച് മറ്റ് ചില പാർട്ടികളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇതാണ് ഇന്ത്യൻ രാഷ്‌ട്രീയം. നേതാക്കന്മാരും, അവരുടെ മുന്നണികളും എപ്പോൾ എങ്ങോട്ട്  മാറുമെന്ന് പറയാൻ സാധിക്കില്ല.

സിനിമാ രംഗത്തുള്ള ഒട്ടേറേ പേർ രാഷ്‌ട്രീയത്തിൽ സജീവമായിരിക്കുകയാണ് ഈ ഇലക്ഷനിൽ. കർണാടകയിലെ മാണ്ഡ്യയിൽ നടി സുമലത  ബി.ജെപിയുടെ  പിൻബലത്തോടെയാണ് മത്‌സരിക്കുന്നത്. കേരളത്തിലാകട്ടെ മലയാളത്തിന്റെ മുഖശ്രീയും, ചിരി എന്ന ഔഷധം കൊണ്ട് ഏത് അസുഖവും മാറ്റാം എന്ന് തെളിയിച്ച് തരുകയും ചെയ്‌ത ഇന്നസെന്റും മത്‌സരിക്കുന്നു. ജസ്റ്റ് റിമമ്പർ ദാറ്റ് എന്ന് തൃശൂരിൽ സുരേഷ് ഗോപി ഓർമ്മിപ്പിക്കുന്നു. ഉത്തരേന്ത്യയിൽ ധാരാളം സിനിമാ താരങ്ങൾ മത്‌സര രംഗത്തുണ്ട്.  തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന്റെ പ്രചരണ പരിപാടികളിൽ നടി ഖുഷ്ബൂ സജീവമാകും. ഉലകനായകൻ കമലഹാസൻ സ്ഥാപിച്ച ‘മക്കൾ നീതി മയ്യം’ ഈ ഇലക്ഷനിൽ മറ്റൊരു ആകർഷണീയത തന്നെയാണ്. ഈ ഇലക്ഷൻ കാലം സിനിമകളെ വെല്ലുന്ന സൂപ്പർ ത്രില്ലറായിരിക്കും. ക്ലൈമാക്‌സ് കാണാനായ് വെയ്റ്റ് ചെയ്യുകയാണ് എല്ലാവരും.

ദേശീയ രാഷ്‌ട്രീയത്തിൽ സജീവമായിരുന്ന കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ‘രാഹുൽ ഗാന്ധി’ വയനാട്ടിൽ മത്‌സരിക്കുന്നത് കോൺഗ്രസ്സിന് കേരളത്തിൽ കൂടുതൽ പിൻബലം നൽകുകയാണ്. രാഹുലിന് എതിരായി ബി.ജെ.പി. വയനാട്ടിൽ കൊണ്ട് വന്നത് ‘തുഷാർ വെള്ളാപ്പള്ളി’യെ. ഈ ഇലക്ഷൻ കാലം ഒരു ‘പൊളിറ്റിക്കൽ സർജിക്കൽ സ്‌ട്രൈക്ക്’ തന്നെയാകും എന്ന് തീർച്ച.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായി എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യമാണ് ‘ഇന്ത്യ’. പൂർണമായും ജനാധിപത്യ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ജനങ്ങൾ, ജനങ്ങൾക്ക് സ്വീകാര്യനായ നേതാവിനെ നീതിപൂർവ്വം വോട്ട് രേഖപ്പെടുത്തുന്നതിലൂടെ കണ്ടെത്തുന്നു. ഇവിടെ ജനങ്ങളുടെ പ്രതിനിധികളാണ് ഭരണകർത്താക്കൾ. ഇത്രയും വലിയ ഒരു ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം.

പോളിങ്ങിനും വോട്ടെണ്ണലിനും ദിവസങ്ങൾ മാത്രം ബാക്കി. എല്ലാ രാഷ്‌ട്രീയ നേതാക്കന്മാരും, അണികളും സജീവ പ്രവർത്തനങ്ങളുമായ് രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വളരെ നിർണായകം തന്നെയാണ് ഈ വർഷം. മതവും, മറ്റ് വിഷയങ്ങളും കലർന്നിട്ടുണ്ട് ഇലക്ഷനിൽ. വരും ദിവസങ്ങൾ സസ്‌പെൻസും, മാസ്സ് ട്വിസ്റ്റുകളും നിറഞ്ഞ ഒന്നാകുമെന്ന് തീർച്ച. മെയ് 23 വരെ ഇനി ആകാംക്ഷയുടെ ദിനരാത്രങ്ങൾ!

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account