കഠോര കാലത്തിന്റെ
ഒഴിഞ്ഞ മൈതാനത്ത്
കുറച്ചു കുഞ്ഞു കുട്ടികള്‍
പട്ടം പറത്താന്‍ ചെന്നു.
നീലപ്പട്ടങ്ങള്,
തവിട്ട്, ചുവപ്പ്,
മഴവില്‍ പട്ടങ്ങള്‍,
പരുന്തുപോലുള്ളവ,
പാപ്പാത്തി പോലുള്ളവ.
കാക്ക, മൈന, മഞ്ഞക്കിളി,
പരുന്തിന് പറത്തങ്ങള്,
പ്രാക്കൂട്ട പറത്തങ്ങള്.
വടക്കിനിക്കോലായിലെ
പെണ്ണുങ്ങളതുകണ്ടു,
വെയിലത്തു നില്ക്കുന്ന
ആണുങ്ങളതുകണ്ടു.
മരച്ചോട്ടിലിരിക്കുന്ന
ബുദ്ധന്മാരതുകണ്ടു.
കൊട്ടാരനിവാസികള്‍
രാജാക്കളതുകണ്ടു.
പടയ്ക്കു പോകുന്നോരും
പൂജയ്ക്കു പോകുന്നോരും
വേട്ടയ്ക്കു പോകുന്നോരും
വിതയ്ക്കാന്‍ പോകുന്നോരും
കൊയ്യാന്‍ പോകുന്നോരും
രോഗക്കിടപ്പില് മൃതി
കാക്കും വൃദ്ധന്മാരും
പട്ടപ്പറത്തം കണ്ട്
മുറ്റത്തിറങ്ങി നിന്നു.
സര്‍വ്വരും ആകാശത്തു
മിഴിനട്ടു നില്ക്കുന്നോരായ്.
