പി.ജി കാലത്ത് അരബിന്ദോ ഹോസ്റ്റലിലെ മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവിചാരിതമായി ഒരു സുഹൃത്ത് അയച്ചു തന്ന പാട്ട്, …ദിൽ ഹി തോ ഹേ ന സംഘോ, ഖിശ്ത്… ചിത്ര സിംഗ് എന്ന പാട്ടുകാരിയുടെ ശബ്ദം ഉള്ളു തുളച്ചു കയറിയത് അവിടെ നിന്നുമാണ്. മുറുകുന്ന തബലയ്ക്കൊപ്പം കേൾവിക്കാരെയും മറ്റൊരു തലത്തിലേക്ക് എടുത്തുയർത്തുന്ന സംഗീതം… മിർസ ഗാലിബിന്റെ വരികൾ, ഉർദു കവിതയുടെ നിലക്കാത്ത ഒഴുക്ക്…
അർത്ഥമറിയാതെ കേൾക്കുമ്പോഴും സംഗീതം മനുഷ്യരെ നിരാശരാക്കുന്നില്ല. ആത്മാവിനെ തൊടാൻ ചിലപ്പോൾ വ്യാഖ്യാനങ്ങളില്ലാതെയും സാധിക്കുമായിരിക്കും, അപ്പോഴൊക്കെ അതിന്റെ അർത്ഥവും വ്യാഖ്യാനവും ജീവിതവും അതിന്റെ പരമമായ സംഗീതവുമായിരിക്കണം.
“ഹാ വോ നഹി ഖുദാ പസന്ദ്
ജാവോ വോ ബെവഫാ സഹി
ജിസ്ക്കോ ഹേ ദീൻ ഒ ദിൽ അസീസ്
ഉസ്കി ഗലി മേ ജായെ ക്യൂ..”
(ശരിയാണവനൊട്ടും ഭക്തിയില്ല, വിശ്വസ്തത തീണ്ടാത്ത വ്യക്തിയാണ്, മതവും വിശ്വാസവും പ്രിയമായവർ പോകുന്നതെന്തിനാണവനെ തേടി)
പാടുന്നതിലൊക്കെയും അവനവനെ അന്വേഷിക്കുവാനുള്ള ത്വര, നിഷേധിയുടെ ജീവിതത്തിന്റെ അടക്കമില്ലായ്ക, പൊതിഞ്ഞിരിക്കുന്ന എല്ലാ ഘനങ്ങളെയും പറത്തി വിടാൻ പാട്ടുകൾക്ക് കഴിയുന്നതങ്ങനെയാകണം.
ചിത്ര സിംഗും ജഗജീത് സിംഗും ഈ പാട്ട് ആലപിച്ചിട്ടുണ്ടെങ്കിലും രണ്ടും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലായാണ് അനുഭവവേദ്യമാവുക. ജഗജീത് കൂടുതൽ വേദനയെ, ദുഃഖത്തെ കൊണ്ട് വരുമ്പോൾ ചിത്രയുടെ ശബ്ദം സന്തോഷമാണ് അനാവരണം ചെയ്യുന്നത്. ഒരേ വരികളുടെ രണ്ട് വികാരങ്ങൾ..
കേട്ടു കേട്ടിരിക്കാൻ തോന്നും വിധം പിടിച്ചു നിർത്തുന്ന പാട്ടുകളെക്കാൾ സന്തോഷ ദായകമായ എന്താണ് ഒരു മനുഷ്യന്റെ ശേഖരത്തിൽ ഉണ്ടാകുക, ഒറ്റയ്ക്കിരിക്കുമ്പോൾ ഉള്ളു നനയുന്ന മനുഷ്യന്മാരോട് സംവദിക്കാൻ ഇതിലും നല്ല മാധ്യമമേതാണ്? പാവം മാനവ ഹൃദയമെന്നു പറഞ്ഞതെത്ര ശരി, ദിൽ ഹി തോ ഹേ ന സംഘോ ഖിശ്ത്..
ഹൃദയമല്ലേ കല്ലൊന്നുമല്ലല്ലോ….
ഗാനത്തിന്റെ ലിങ്ക്: https://youtu.be/hWx2kUeM9AY
(വിവർത്തനത്തിനു കടപ്പാട്)