ഓണം പാടുമ്പോൾ
പണ്ട് പണ്ട് എൽ ഈ ഡി യ്ക്കും പാനസോണിക്കിനും മുൻപ്, ഒനിഡയുടെ കളർ ടി വി കാലത്തെ ദൂരദർശന്റെ ഓണ പാട്ടുകളിൽ നിന്നാണ് കഥയുടെ തുടക്കം. ഓർമയുടെ വലിയ പിടിത്തമില്ലാത്തതിനാൽ മാവേലി നാട് വാണീടും കാലം നിര നിരയായി നിന്നു പാടുന്ന ഒരു കൂട്ടത്തിന്റെ മങ്ങിയ ചിത്രം മാത്രം മനസിലുണ്ട്. അതാവണം ഓർമയിൽ ആദ്യം വരുന്ന പാട്ടോണം. ഓണത്തെ സൂചിപ്പിക്കുന്ന പാട്ടുകളൊക്കെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മൊത്തക്കച്ചവടക്കാരായിരുന്നു. കാതിനിമ്പവും കേൾക്കുന്നവർക്ക് സന്തോഷവും കൊടുക്കുക എന്ന ഉദ്ദേശത്തിൽ എഴുതപ്പെട്ട ആ പാട്ടുകൾ പൊതുവെ അത്തം മുതൽ പത്തു ദിവസം ചാനലുകളിൽ നിന്ന് ചനലുകളിലേക്ക് മാറി മാറി ഒഴുകി കൊണ്ടിരുന്നു.പൂവിളി പൂവിളി പൊന്നോണമായി യും ഉത്രാട പൂനിലാവേ വാ യും തൊട്ട് ഓണത്തിന്റെ സ്ഥിരം രൂപകങ്ങൾ തന്നെ അതിന്റെ വെള്ളവും വളവുമായി. കർക്കിടകത്തിന്റെ ദുരിത പർവം കഴിഞ്ഞു വരുന്ന മനുഷ്യന്മാർക്കുള്ള പ്രതീക്ഷയും ആശംസയും ആയിരുന്നു ഈ പാട്ടുകളൊക്കെയും. പഞ്ഞ കാലത്തിന്റെ വേവലാതിയൊഴിഞ്ഞ പുതിയ കാർഷിക വർഷത്തിലേക്കുള്ള ക്ഷണം.
ഓണമെന്ന വിഷയവുമായി നേർക്കുനേർ ചേർന്നു കിടക്കുന്നതല്ലെങ്കിൽ കൂടിയും വരവേൽപ്പിലെ “വെള്ളാര പൂമല മേലെ” ഓണത്തിന്റെ ഇമേജറികളെ ഭംഗിയോടെ അവതരിപ്പിച്ച ഒന്നാണ്. ഈ പാട്ടുകളൊക്കെയും പൊതുവെ സന്തോഷം നിറഞ്ഞതോ കേൾക്കുന്നയാളെ സന്തോഷിപ്പിക്കുന്നതോ ആയ ഒന്നാകുമ്പോൾ ഇതിനു നേർ വിപരീതമായി തോന്നിയിട്ടുള്ളത് കിഴക്കൻ പത്രോസിലെ ”പാതിരാ കിളി വരു പാൽ കടൽ കിളി..”യാണ്. സന്തോഷവും സങ്കടവും ഒരുമിച്ചുകൂടി പതഞ്ഞൊഴുകുന്ന ഒരു പാട്ട്. ഓണം എല്ലാവരുടേതുമായിരുന്നു, അല്ലെങ്കിൽ അതിന്റെ സത്ത ആവശ്യപ്പെട്ടിരുന്നത് അതായിരുന്നു. “കാറ്റിലാടുമീ മുളംകാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നു” എന്ന വരി തന്നെ നോക്കുക, ഓണം മുന്നോട്ടു വെച്ചിരുന്ന ആശയം അതിന്റെ സാർവത്രികതയും സമത്വവുമായിരുന്നതിനാൽ ഓണപ്പാട്ടുകളിലെ വരികളിലും അതിന്റെ പ്രതിഫലനവും വികാരവുമാണ് പൊതുവെ കാണാനാവുക.
ഓണത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ ചെന്നെത്തി നിൽക്കുന്നത് പക്ഷെ ഒരു നാടൻ പാട്ടിലാണ്. ഡിഗ്രി യിലെ ആദ്യത്തെ ഓണത്തിന് ഡിപാർട്മെന്റുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനത്തെത്തിയ “അത്തം പൂത്തിറങ്ങി താരാ..” ആയിരുന്നു അത്. അതു വരെയും ഒന്നാം സ്ഥാനത്തിനു വേണ്ടി കെട്ടിയ മനക്കോട്ടകളെയൊക്കെ തള്ളി മറിച്ചിട്ട് മലയാളം ഡിപ്പാർട്ട്മെന്റ് കപ്പും കൊണ്ട് പോകുമ്പോൾ എന്റെ കൂടെ പോന്നതാകട്ടെ ” ഗഞ്ചിറ കൊട്ടി പാടിയ “തിത്താം തെയ് താരാ”എന്ന വായ്ത്താരി ആയിരുന്നു. വരികളുടെ അർത്ഥവും ആശയവുമല്ല ഗോത്ര പാരമ്പര്യത്തിന്റെ തനതായ താളമായിരുന്നു അതിന്റെ ജീവൻ. എവിടെയോ മറന്നിട്ടു പോയി പിന്നീട് യൂ ട്യൂബിനെ കൊണ്ടു തിരഞ്ഞ് കണ്ടു പിടിപ്പിച്ച ആ ഓണത്താളത്തിനൊപ്പം മറ്റൊരോണപ്പാട്ട് എത്തിയിട്ടില്ല എന്നതൊരു സ്വകാര്യാനുഭവം.
പൂക്കളത്തിനും പായസത്തിനുമൊപ്പം ഓരോ വർഷവും പുതിയ ഓണ കാസറ്റുകൾ പുറത്തിറങ്ങുകയും ഓണ പാട്ടുകളുടെ പങ്ക് ഭൂരിഭാഗവും ടെലിവിഷനോണത്തിന്റെ കയ്യിലാണ് എന്ന് പറഞ്ഞു വെക്കുമ്പോഴും അതിൽ തന്നെ എത്ര എണ്ണം ഇറങ്ങിയതിന് ശേഷം അടുത്ത ഓണം വരെ ജീവനോടെ ഇരുന്നു എന്നത് സംശയമാണ്.
ഓരോ വർഷവും മനുഷ്യർക്കൊപ്പം ഓണവും മാറി കൊണ്ടിരിക്കുകയാണ്. അനിവാര്യമായ മാറ്റങ്ങൾക്കിടയിൽ ഇപ്പോഴും എവിടെയെങ്കിലും പൂ പറിക്കുന്ന കുട്ടികൾ
“പൂവായ പൂവൊക്കെ പിള്ളേരറുത്തു
പൂവാങ്കുറുന്തല ഞാനും അറുത്തു
പിള്ളേരെ പൂവൊക്കെ കത്തി കരിഞ്ഞു
ഞങ്ങടെ പൂവൊക്കെ മുങ്ങി തെളിഞ്ഞു” എന്നു പാടുന്നുണ്ടാകുമോ?