തിരിച്ചറിയാനാവാതെ പോയ സ്നേഹസങ്കൽപ്പങ്ങളുടെ ദുഃഖഭരിതമായ ശബ്‌ദരൂപമായിരുന്നു “എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ”. സ്ക്രീനിൽ നിറകണ്ണുകളോടെ റാണി പദ്‌മിനി “എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…” എന്നു ചോദിക്കുമ്പോൾ എവിടെയൊക്കെയോ പഴയ മുറിവുകളുടെ തുന്നലുകൾ തുറന്നു വരികയും, എസ് ജാനകിയുടെ തലോടുന്ന ശബ്‌ദത്തിൽ അതിന്റെ ആഴം കൂടുകയും ചെയ്യുന്നു.

80കളിലെയും 90കളിലെയും മലയാളി ഭാവുകത്വം ഏറെ മൂളിയിട്ടുണ്ടായിരിക്കണം ഇത്. യേശുദാസ് പാടിയ “അച്ഛൻ കൊമ്പത്ത്…” എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ് നസീമ എന്ന സിനിമയെക്കുറിച്ചറിയുന്നതും അതു വഴി പ്രസ്‌തുത ഗാനത്തിൽ എത്തിച്ചേരുന്നതും. വേദനയെ വികാരമാക്കുന്ന കാലഘട്ടത്തിൽ, “ഓ മൃദുലേ” പോലെയുള്ള ആത്മ സംഘർഷങ്ങൾ നിറഞ്ഞ ഗാനങ്ങൾ വാഴുന്ന സമയത്താണ് എന്നിട്ടും നീയെന്നെ കേൾവിക്കാർക്കിടയിലേക്ക് കടക്കുന്നത്.

പറയാതെപറഞ്ഞുപോയ പരാതികളായി, ഒറ്റക്ക് കരഞ്ഞു തീർത്ത നഷ്‌ടങ്ങളായി, ഒരിക്കലും പൂർത്തിയാകാതെ, എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ എന്ന സങ്കടത്തിലേക്ക് സംക്രമിക്കുന്ന പി ഭാസ്‌കരൻ  മാഷുടെ വരികൾക്ക് ആത്മാവുള്ള സംഗീതം നൽകിയത് പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററായിരുന്നു. പക്ഷെ മാസ്റ്ററുടെ നിത്യ ഹരിത ഗാനങ്ങളുടെ പട്ടികയെടുത്താൽ  ഈ ഗാനത്തിന് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഒരു നേടുവീർപ്പോളം പോന്ന വേവിൽ പറഞ്ഞവസാനിപ്പിക്കാതെ, ഉള്ളിലിട്ടുരയ്ക്കുകയും, ഉരുക്കുകയും ചെയ്യുന്ന ഒന്നായി, പറഞ്ഞു തീരാതെ “ആത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ സ്‌പന്ദനഗാനമായി” അത് കാതുകളിലൂടെ കൈമാറിപ്പോരുന്നു…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account