പെണ്ണായവളുടെ കവിതകൾ
വിജയരാജമല്ലിക

മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയായ വിജയരാജമല്ലികയുടെ മൂന്നാമത്തെ കവിതാസമാഹാരമായ “പെണ്ണായവളുടെ കവിതകൾ” മലയാളിയുടെ വായനാശീലത്തിലും, ജീവിതത്തിലും അടിയുറച്ചു നിൽക്കുന്ന ദ്വന്ദ്വസങ്കൽപ്പങ്ങൾക്ക് നേരെയാണ് വിരൽചൂണ്ടുന്നത്. “കണ്ണീരല്ല കവിതയാണ് തന്റെ ആയുധം” എന്നതാണ് കവിയുടെ നയം.

“നിങ്ങളുടെ അളവുകോലിന്റെ എളിയിലും
വെളിയിലുമായി ഒതുങ്ങാതെ പോയവർ” –(ഹിജഡ)
എന്ന് കവി സൂചിപ്പിക്കുന്നു. ലോകസാഹിത്യം ഭിന്നവർഗ്ഗലൈംഗികതയെപ്പറ്റി സംസാരിക്കുമ്പോൾ മലയാളത്തിലും അതിനായുള്ള ഒരു ചർച്ചാവേദിയൊരുക്കുകയാണ് വിജയരാജമല്ലികയുടെ കവിതകൾ. അവ പ്രതിഷേധങ്ങളും, ചോദ്യങ്ങളും, വിരൽ ചൂണ്ടലുകളുമാണ്. ചില അടിയുറച്ച അസംബന്ധ സങ്കല്പങ്ങൾക്ക് നേരെയുള്ള എഴുത്തു നിൽപ്പാണ്.

“മാഷ്
ആണായതും
ടീച്ചർ
പെണ്ണായതും
എങ്ങനെ?
എന്തിന്?
എപ്പോൾ?” – (മാഷും ടീച്ചറും‌‌)
എന്ന് കവി ചോദിക്കുന്നത് പക്ഷപാതപരമായ ഭാഷാരീതികളെ പുനഃപരിശോധിക്കാനും അഴിച്ചുപണിയാനുമുള്ള ഒരു ആഹ്വാനം കൂടിയാണ്. ചരിത്രത്തിൽ ആദ്യമായി ഇന്റർസെക്സ് വിഭാഗത്തിലെ മിശ്രലിംഗക്കാരായ കുഞ്ഞുങ്ങൾക്കുവേണ്ടി രചിക്കപ്പെട്ട “ആണല്ല പെണ്ണല്ല” എന്ന താരാട്ടുപാട്ടും ഈ പുസ്തകത്തിന് മലയാള സാഹിത്യത്തിലുള്ള പ്രസക്തിക്ക് അടയാളമാണ്. ഇച്ഛാശക്തിയുടെയും സ്വത്വബോധത്തിന്റെയും അതിജീവനത്തിന്റെയും ഭാഷയാണ് ഈ പുസ്തകത്തിലെ എല്ലാ കവിതകളുടേതും.

വിജയരാജമല്ലിക അഥവാ ദൈവത്തിന്റെ മകൾ

മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി. സാമൂഹ്യപ്രവർത്തക, എഴുത്തുകാരി, പ്രഭാഷക. മല്ലികാവസന്തം (ആത്മകഥ) കേരള സംസ്ഥാന സർക്കാരിന്റെ സാഹിത്യവിഭാഗത്തിലെ യുവപ്രതിഭ പുരസ്ക്കാരത്തിനർഹ (2019). ‘ദൈവത്തിന്റെ മകൾ’ മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിതാസമാഹാരം. യുവകലാസാഹിതിയുടെ വയലാർ രാമവർമ്മ കവിതാപുരസ്കാരം (2019) ലഭിച്ച ഈ പുസ്തകം മദ്രാസ് സർവ്വകലാശാലയുടെ പിജി സിലബസ്സിലും കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിലും, മഹാത്മാഗാന്ധി സർവ്വകലാശായിലും പിജിക്ക് പാഠ്യവിഷയമാണ്. “ആൺനദി’ കവിത സമാഹാരം മലയാളഭാഷയിലേക്ക് പത്ത് പുതിയ വാക്കുകൾ സംഭാവന ചെയ്തു. “ആണല്ല പെണ്ണല്ല’ എന്ന ഗാനം ഇന്റർസെക്സ് വിഭാഗത്തിലെ മിശ്രലിംഗരായ കുഞ്ഞുങ്ങൾക്ക് വേണ്ടി എഴുതപ്പെട്ട ആദ്യ താരാട്ടായി ലോകചരിത്രത്തിൽ ഇടം നേടി. 2020ൽ ‘A Word to Mother’ എന്ന പേരിൽ കവിതാപുസ്തകം (ഇംഗ്ലീഷ്) രചിച്ചു. 2016ൽ അരളി പുരസ്കാരം നേടി.

പ്രസാധകർ- ബുക്കർ മീഡിയ പബ്ലിക്കേഷൻസ്
വില- 120 രൂപ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account