ദൃശ്യം / പകൽ / തെരുവ് / ലോങ്ങ് ഷോർട്ട്

നല്ല തിരക്കുള്ള, ആളുകൾ തെറ്റും മാറ്റും നടക്കുന്ന നഗരവീഥി. മഞ്ഞുകാലമാണ്. ഏവരും കോട്ടും തൊപ്പിയും, ചിലരെങ്കിലും കൈയ്യുറകൾ പോലും ധരിച്ചിട്ടുണ്ട്. വിളക്കുകാലിനടുത്ത് നിൽക്കുന്നൊരു പോലീസുകാരൻ. അതുവഴി നടന്നു പോകുന്നതിലൊരാളെ മുട്ടി മുട്ടിയില്ല എന്ന നിലയിൽ നായകൻ തനിക്ക്‌ അഭിമുഖമായി വന്നയാളെ മറികടന്നു പോകുന്നു. അതൊന്നും അറിഞ്ഞമട്ടില്ല അയാൾ. തടിച്ചു പൊക്കം കുറഞ്ഞ ഒരു മധ്യവയസ്‌ക്കൻ. ആരാണയാൾ? ഈ സിനിമയുടെ സംവിധായകൻ ആൽഫ്രഡ് ഹിച്ച്‌കോക്കല്ലേ അത്! തനിക്കിതിലൊന്നും ചെയ്യാനില്ല എന്ന മട്ടിൽ ഞൊടിയിടയ്ക്കുള്ളിൽ ആ സീനിൽ നിന്ന് അദ്ദേഹം നടന്നകലുകയാണ്.

അത്ര പ്രസക്‌തമല്ല എന്ന തോന്നലുളവാക്കി സ്‌ക്രീനിൽ വന്നുപോകുന്ന ഇത്തരം കാമിയോ പോലെ ജീവിതത്തിലും കയറിയിറങ്ങി പോകുന്നവരില്ലേ? യാതൊരു പ്രസക്‌തിയുമില്ലാത്ത വെറും സാന്നിദ്ധ്യമായി വന്നുപോകുന്നവർ മുതൽ നമ്മുടെ ജീവിതത്തിന്റെ കഥയാകെ മാറ്റിമറിക്കുന്നവർ വരെയുണ്ടാകും. തനിക്ക്‌ ഈ ജീവിതത്തിൽ ഒരു പ്രസക്‌തിയുമില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ് ഇറങ്ങിപ്പോകുന്നവരുണ്ട്. അവർ ജീവിതത്തിലേക്ക് കടന്നു വരികയും ഒതുങ്ങി നിന്ന് ആ യാത്ര നിരീക്ഷിക്കുകയും തന്റെയിടമല്ല ഇത് എന്ന് തിരിച്ചറിഞ്ഞ് മൗനമായി പിൻവാങ്ങുകയും ചെയ്യും. തനിക്ക് ചെയ്യാനൊന്നുമില്ലാത്ത ഒരു ജീവചരിത്രത്തിൽ കഥാപാത്രങ്ങളുടെ എണ്ണം കൂട്ടി അതുവഴി ഉണ്ടാക്കുന്ന ആശയക്കുഴപ്പമെങ്കിലും ഒഴിവാക്കിയേക്കാം എന്ന മട്ടിലാണ് ആ പിൻമാറ്റം. അതേക്കുറിച്ച് ‘എത്രയും വിവേകപരമായ തീരുമാനം എന്നേ അതിനെക്കുറിച്ച് പറയുവാനാകൂ’ എന്നാണ്, മേതിൽ രാധാകൃഷ്‌ണന്റെ ‘ഹിച്ച്‌കോക്കിന്റെ ഇടപെടൽ’ എന്ന കഥയിലെ കഥാപാത്രമായ ആരതി പറയുന്നത്.

ഓരോ സാന്നിധ്യങ്ങൾക്കും ഒരു പ്രസക്‌തി ഉണ്ടായിരിക്കണം. അതിലൊരു ശരി ഉണ്ടായിരിക്കണം. പിന്നീടാലോചിക്കുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നാതിരിക്കുംവണ്ണമെങ്കിലും സ്വയമെങ്കിലും ഒരു ന്യായീകരണം ഉണ്ടായിരിക്കണം. അത് ഒരോ കടന്നുവരലുകൾക്കും മാത്രമല്ല, ഓരോ സാന്നിധ്യങ്ങൾക്കും ഉണ്ടായിരിക്കണം. അത് മറ്റുള്ളവർക്ക് സ്വീകാര്യമാകാൻ, അല്ലെങ്കിൽ പ്രസക്‌തമാകാനോ ഉപയോഗപ്രദമാകുവാനോ ഒക്കെ കഴിയുമ്പോഴാണല്ലോ ബന്ധങ്ങൾ ഇമ്പമുള്ളതാകുന്നത്.

പകൽ രാത്രിയിലേക്ക് കടക്കുന്നതിനിടയ്ക്കുള്ള ഇരുട്ടും പ്രകാശവും ഇടകലർന്ന ഒരു നേരം. ആദ്യം പറഞ്ഞതുപോലുള്ള ഏതോ ആൽഫ്രഡ് ഹിച്ച്‌കോക്ക് സിനിമയിലെ ഒരു രംഗം നമ്മുടെ ജീവിതത്തിൽ ആവർത്തിക്കുന്നതായി സങ്കൽപ്പിക്കുക. കുറെ ആളുകൾക്കിടയിൽ കണ്ട ഒരാൾ, അല്ലെങ്കിൽ ഒരു കൂടിക്കാഴ്ച്ചയും അതിൽത്തീർന്നുവെന്നു കരുതുന്ന ഇടപെടലുകളും. ആ ഒരു ചെറിയ സാന്നിധ്യം പിന്നീട് വളർന്നു വരാനുള്ള ഊഷ്‌മളമായ ബന്ധത്തിന്റെ മുന്നോടിയുമാകാം. നിന്റെ കഥയുടെ വഴിത്തിരിവിൽ ഞാൻ കാത്തുനിൽക്കും എന്ന് നിശബ്‌ദമായി പറഞ്ഞുകൊണ്ട് ഇരുട്ടിലേക്ക് ഇറങ്ങി പോയ കഥാപാത്രം പോലെ അങ്ങനെ ചിലർ. പിന്നെയൊരുവേള തികച്ചും അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്‌ത്‌  ജീവിതത്തിൽ ഒരു ചോല വച്ചുപിടിപ്പിക്കുന്നവർ. ജീവിതത്തെ ദൈനദിനം അനുഭവിക്കുന്നതും മനസ്സിൽ ആഗ്രഹിക്കുന്നതുമായ രണ്ടേരണ്ട്‌ വ്യത്യസ്‌ത ഋതുക്കളായി പകുത്തുവയ്ക്കും അവർ.

നിഷ്‌കളങ്കതയുടെ ചിത്രശാല എന്ന നോവലിൽ നായകനായ കെമാലിന്റെ വിവാഹനിശ്ചയ സൽക്കാരത്തിനിടയിൽ ഒരു മേശക്കരികിൽ ഒർഹാൻ പാമുക് സ്വയം ഇരിക്കുന്നുണ്ട്. പാമുകിന്റെ ആ സാന്നിദ്ധ്യത്തിൽ നിന്ന്, അദ്ദേഹം ആ കാലഘട്ടത്തിൽ ആ പരിസരത്ത് തന്നെ, കെമാൽ ബേയ്ക്ക് പരിചിതനായി ജീവിച്ചിരുന്നു എന്ന് വായനക്കാരൻ അറിയുന്നു. കഥയുടെ അന്ത്യത്തോടെയാണ് ആ സാന്നിദ്ധ്യം പ്രസക്‌തമായിരുന്നോ അല്ലയോ എന്നു പോലും വായനക്കാർ തിരിച്ചറിയുന്നത്. കരുതിയിരിക്കുക! കണ്ടുമറന്നൊരാൾ നിങ്ങളുടെ കഥയെ വലിയൊരു സൽക്കാരമാക്കി മാറ്റി അതിനിടയിൽ ക്ഷണിക്കപ്പെട്ട ഒരു അതിഥിയുടെ അകലം പാലിച്ച് കൈകെട്ടിയിരുന്ന് നിങ്ങളെ നോക്കി പുഞ്ചിരിച്ചേക്കാം. അതെ, ജീവിതത്തിൽ ഉള്ളത്ര സസ്‌പെൻസ് മറ്റൊന്നിലുമില്ല എന്ന് മറക്കരുത്.

അതേസമയം മനസിടങ്ങളിൽ നിന്നും ജീവിതങ്ങളിൽ നിന്നുമുള്ള ചില ഇറങ്ങിപ്പോകലുകൾ അപക്വമായ തീരുമാനങ്ങളുമാവാറില്ലേ? നിമിഷ നേരമുള്ള സാന്നിദ്ധ്യങ്ങളുടെ ഇറങ്ങിപ്പോകലുകളെ കുറിച്ചല്ല ഇത്. ജീവചരിത്രമെഴുതിപ്പോകുന്നതിനിടയിൽ വന്നു ചേർന്ന് ഒരുപാട് താളുകളിൽ നിറഞ്ഞ് നിന്ന് പിന്നീട് ഇറങ്ങിപ്പോകുന്നതിനെപ്പറ്റിയാണ്. നമ്മളിൽ നിന്ന് ഇറങ്ങിപ്പോയി അവശേഷിപ്പിക്കുന്ന ഓർമ്മകൾ കൊണ്ട് അത്തരം ചിലർ നിത്യദുഃഖത്തിന്റെ സ്‌മാരകങ്ങൾ പണിതുവയ്‌ക്കാറില്ലേ നമ്മുടെയുള്ളിൽ? മറവികൊണ്ട് മായ്ക്കാന്‍  ശ്രമിക്കുന്തോറും തെളിയുന്നതാണ് ഓര്‍മ്മ എന്ന് ‘ചിന്‍മുദ്രകള്‍’ എന്ന കഥയിൽ പ്രിയ.എ.എസ്. എഴുതുന്നത് ഓർമ്മകളെ ബാക്കിയാക്കുന്ന അത്തരം ഇറങ്ങിപ്പോക്കലുകളെ കുറിച്ചാണ്.

കഥയിൽ ഇങ്ങനെയാണുള്ളത്: ‘അവനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ പിടഞ്ഞ് ഉള്ളകത്തെ ചില്ല് അറകള്‍ക്കെല്ലാം ശ്വാസം മുട്ടുമ്പോള്‍ എന്തെങ്കിലുമൊരു മാറ്റത്തിനുവേണ്ടിയാണ് അവര്‍ വിളര്‍ത്തവെള്ള നിറമുള്ള സാരികളെടുത്ത് സാരിനിറത്തേക്കാള്‍ മങ്ങിയ പൂക്കള്‍ തുന്നിപ്പിടിപ്പിക്കുന്നത് എന്ന് മുറ്റത്തെ ഉണ്ടക്കണ്ണന്‍ നീളന്‍തുമ്പിക്കും വലിയ വാല്‍ മുറ്റത്തിട്ടിഴച്ച് നടക്കുന്ന ചോപ്പുകണ്ണനുപ്പനും വരെ അറിയാമായിരുന്നു.

കാറ്റിന്റെ പിഞ്ചൊച്ച കേട്ടപ്പോള്‍ നൂലനങ്ങുന്നതിന്റെ ഒച്ചയാണ് എന്നാണവര്‍ക്കാദ്യം തോന്നിയത്. നൂലനങ്ങുന്നതിന് ഒച്ചയുണ്ടോ എന്നാണ് അവര്‍ പിന്നെ വിചാരിച്ചത്. ഒട്ടും ഒച്ചയില്ലാത്ത ഒരിടത്ത് നൂലനങ്ങുന്നതിനും ഒച്ചയുണ്ട് എന്ന് അവരതിനിടെ അവരോടുതന്നെ പറഞ്ഞു. അതിനിടയിലാണ് പിച്ചവയ്ക്കുന്ന കര്‍ട്ടന്‍  അവരുടെ മടിയിലേക്കുവീണുകൊഞ്ചിയത്. വെയില്‍പ്പാദങ്ങള്‍ മുറ്റത്തൂകൂടി ഒന്നങ്ങോട്ടിങ്ങോട്ടിളകുന്നത് കര്‍ട്ടനിടയിലൂടെ അവര്‍ കണ്ടു. അപ്പോള്‍ അവരുടെ ഉള്ളൊന്നാളി, അവനെയോര്‍ത്ത്.’ സാന്നിധ്യങ്ങൾ പോലെ തന്നെ അസാന്നിധ്യങ്ങളും അങ്ങനെയാണ് അകത്തളങ്ങളിൽ അടയാളങ്ങൾ വീഴ്ത്തുന്നത്.

വീണ്ടും ഒരു സിനിമാ രംഗം.

ദൃശ്യം / പകൽ / വഴി / ലോങ്ങ് ഷോർട്

എവിടെനിന്നോ നീണ്ടുനീണ്ടു വരുന്ന ചെമ്മൺ പാത. ഇരുവശവും വിളവെടുത്ത ചോളപ്പാടങ്ങൾ. കരിഞ്ഞുണങ്ങിയ ഇലയ്ക്കും മണ്ണിനും ഒരേ നിറമുള്ള ലാറ്റിനമേരിക്കൻ ഭൂപ്രകൃതി. നിരാശ ബാധിച്ച മുഖഭാവങ്ങളോടെ ഏകാകിയായ ഒരാൾ. ജീവിതം അയാളെ അത്രമേൽ വേട്ടയാടുന്നുണ്ട് എന്ന് ഒറ്റക്കാഴ്ച്ചയിൽ ബോധ്യമാകും. അതിനുചേരുന്ന ശോകാദ്രമായ പശ്ചാത്തല സംഗീതം.

പിന്നിൽ നിന്ന് പൊടിപറത്തി പാഞ്ഞുവരുന്ന കുതിരപ്പുറത്തു നിന്നൊരാൾ ചാടിയിറങ്ങി. ഹോളിവുഡ് സിനിമകളിലെ കൗബോയ്  കഥാപാത്രം. തിളച്ചുമറിയുന്ന വെയിലും ചുടുകാറ്റും. അതൊന്നും തന്നെ ബാധിക്കില്ല എന്ന കരുത്തിന്റെ ആത്‌മവിശ്വാസമുണ്ട് അയാളുടെ മുഖത്ത്. പക്ഷെ തൊപ്പിയും കോട്ടും കണ്ണടയും കൈത്തോക്കും കാലുറയും പിന്നെ കുതിരയും; കൗബോയ്ക്ക് ചേരുന്ന പശ്ചാത്തല സംഗീതമല്ല സ്‌ക്രീനിൽ. മറ്റെയാളുടെ അവസ്ഥയ്ക്ക് ചേരുന്നതാണത്. ഒരുവേള പരിഭ്രമം മറച്ചുവച്ച്  ‘അതേ, ഞാൻ ഈ രംഗത്തിന് ചേരുന്ന ആളല്ല’ എന്ന് പറഞ്ഞ് നൊടിയിടയിൽ കൗബോയ് കുതിരയോടിച്ചു പോയി മറഞ്ഞു.

തമാശയായിട്ടെടുക്കരുത്. അപ്രസക്‌ത സാന്നിദ്ധ്യമായി ഒരിടത്തും നിൽക്കാതെ, എന്നാൽ വേണ്ടിടങ്ങളിൽ ചേർന്നൊഴുകുന്ന ജീവിത നദികളുടെ മുന്നോട്ടുപോക്കിനെത്ര ഭംഗിയാണല്ലേ!

– വിനീത പ്രഭാകർ പാട്ടീൽ

1 Comment
  1. Sreeraj 1 year ago

    Wonderful article….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account