മമ്മൂട്ടിയുടെ പേരൻപ് കണ്ടു. പേരൻപ് എന്നതിന്റെ അർത്ഥം അലിവ് എന്നാണ്. എന്നാൽ ചിത്രം കണ്ടിറങ്ങിയപ്പോൾ മനസ്സിൽ രണ്ട് മുളളമ്പുകൾ തറച്ചുകയറി. അമുദവനും, പാപ്പയും.

അമുദവന്റെ മകൾ പാപ്പ സ്‌പാസ്റ്റിക് പാരാലിസിസ് എന്ന അവസ്ഥയിലുള്ള പതിനാലുകാരിയാണ്. അവളെ  അയൽക്കാർ പേടിക്കുന്നു. അവളുടെ അലർച്ചകൾ അവരിൽ ഭീതിയുളവാക്കുന്നു. സമൂഹവും, കുടുംബവും അവളെ വെറുക്കുന്നു, ഒറ്റപ്പെടുത്തുന്നു. അങ്ങനെയാണ് അമുദവൻ പാപ്പായെയും തന്നെയും സ്വയം ഏകാന്തതയിലേക്ക് പറിച്ച് നടുന്നത്.

അമുദവന്റെ ജീവിതത്തിൽ മൂന്ന് സ്‌ത്രീകൾ വന്നു ചേർന്നിരുന്നു. അവർക്ക് മൂന്ന് മുഖങ്ങളായിരുന്നു. ഒന്ന്, സഹനത്തിന്റെ; രണ്ട് വഞ്ചനയുടെ; മൂന്ന് കരുണയുടെ. അമുദവന്റെതുപോലെ പാപ്പയുടെ ജീവിതത്തിലും ഈ മൂന്ന് സ്‌ത്രീകളും സ്വാധീനം ചെലുത്തിയിരുന്നു. ഒന്നാമത്തവൾ അവളുടെ അമ്മയാണല്ലോ. അടുത്തവളും ആ കുറച്ചു കാലം അവൾക്കു വാത്‌സല്യം നൽകി. പക്ഷേ അത്രയും സ്‌നേഹം കൊടുത്ത അവൾ തന്നെ പാപ്പയെ ഇല്ലാതാക്കാനും ശ്രമിച്ചു. മൂന്നാമത്തവളാണ് പാപ്പയ്ക്ക് ഇനിയുള്ള ജീവിതത്തിൽ  കരുണയും കരുതലും നൽകാൻ പോകുന്നത്.

ഒരച്ഛന്റെയും മകളുടെയും ആത്‌മബന്ധമാണ് സംവിധായകൻ റാം പേരൻപിൽ വരച്ച് കാട്ടുന്നത്. അതിന്റെ ആഴവും പരപ്പും കാണികൾക്കും അനുഭവവേദ്യമാകുന്നു. മകൾക്ക് തന്നോടുള്ള അപരിചിതത്വം മാറ്റുന്നതിനായ് അമുദവൻ കാട്ടിക്കൂട്ടുന്ന ചില കോപ്രായങ്ങളൊക്കെ ഉണ്ട്. അത് ഹരികൃഷ്‌ണൻസിലെ മമ്മൂക്കയുടെ ആ പഴയ ഡാൻസ് ഓർമ്മിപ്പിച്ചു. ചില വൈകാരിക രംഗങ്ങളിൽ പേരൻപിന്റെ മൂർച്ചയുള അമ്പുകൾ ഹ്യദയത്തിൽ കുത്തിയിറങ്ങി. ഏതൊരു കഠിനഹൃദയനും കരഞ്ഞു പോകും. അവിടെയാണ് സംവിധായകൻ വിജയിച്ചത്.

അമുദവൻ യഥാർത്ഥത്തിൽ ഒരു നോവലാണ്. അയാളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും സഞ്ചരിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ്. പ്രകൃതിയുടെ നിയമങ്ങളും, ക്രൂരതകളും അൻപും അമുദവൻ തിരിച്ചറിയുന്നത് തന്റെ തന്നെ ജീവിത യാഥാർത്ഥ്യങ്ങളുടെയാണ്.12 അദ്ധ്യായങ്ങൾ,12 പാഠങ്ങൾ, തീവ്രമായ ഒട്ടനവധി അനുഭവങ്ങൾ – ജീവിതം പാഠപുസ്‌തകമായിത്തീരുന്നു.

ചിത്രത്തിൽ അമുദവനായ് വേഷമിട്ട മമ്മൂട്ടി മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. മലയാളം മമ്മുട്ടിയുടെ സ്റ്റാർ വാല്യൂ മാത്രം മാർക്കറ്റ് ചെയ്യുമ്പോൾ, പേരൻപിൽ യാതൊരു താരപരിവേഷവും മമ്മൂട്ടിക്കില്ല. നിസഹായയായ മകളെ, ജീവനോളം സ്‌നേഹിക്കുന്ന, ചതിച്ച സ്‌ത്രീകളെ ശപിക്കാത്ത ഒരു പാവം മനുഷ്യനാണ് അമുദവൻ, അഥവ ദയയുടെ ആൾരൂപം. മമ്മൂട്ടിയെ മനസ്സിലേക്ക് കൂടുതൽ ചേർത്തുനിർത്തുന്ന ഒരു സിനിമയാണ് പേരൻപ്. പാപ്പയായ് എത്തിയ സാധനയും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. സ്‌പാസ്റ്റിക് ആയ കുട്ടിയുടെ ഭാവ ചേഷ്‌ടകളും ശരീരഭാഷയും എത്രയോ നാച്ചുറൽ ആയി കാണിക്കാൻ സാധനയ്ക്കു കഴിയുന്നു.

നായികമാരായ വിജയലക്ഷ്‌മി എന്ന അഞ്‌ജലിയും, മീര എന്ന അഞ്‌ജലിയും മനസ്സിൽ നിന്ന് മറയില്ല. കാരണം ചതിയുടെയും അലിവിന്റെയും പ്രതിരൂപങ്ങളാണവർ. പക്ഷേ വിജിയുടെ വഞ്ചന അവളുടെ നിസഹായത കൊണ്ടാണ്. അവളോട് നമുക്ക് ദേഷ്യം തോന്നില്ല. മീരയായി ഭിനയിച്ച അഞ്‌ജലി ട്രാൻസ് ജൻഡർ ആണെന്നതും പ്രധാനമാണ്. അത്തരം ആളുകൾക്ക് സിനിമാനടിയായി, അതും മമ്മൂട്ടിയെപ്പോലൊരു നടന്റെ നായികയായി അവസരം കിട്ടുന്നുവെന്നത് ചെറിയ കാര്യമല്ല.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account