നമുക്കൊരു ചെറിയ കണക്ക് പരിശോധിക്കാം. 2008 ജൂൺ മാസത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് ഏതാണ്ട് 160 ഡോളർ ആയിരുന്നു. അപ്പോൾ ഇന്ത്യയിലെ ഡീസൽ വില 34-39 രൂപ നിരക്കിലായിരുന്നുവല്ലോ. ഇപ്പോൾ ക്രൂഡ് വില 70 ഡോളർ, ഡീസൽ വില 71 രൂപ. ഈ തോതിൽ കണക്കു കൂട്ടിയാൽ ക്രൂഡ് വില 2008 ലെ നിലവാരത്തിലെത്തിയാൽ നമ്മൾ ഡീസലിന് കൊടുക്കേണ്ട വില 155-160 രൂപ.

2014 നു മുമ്പ് വിലക്കുറവ് നിലനിർത്താൻ വേണ്ടി നൽകിയ ദേശദ്രോഹപരമായ സബ്‌സിഡി എന്ന ദുർഭൂതത്തെ കുറ്റം പറഞ്ഞാലും ഇത്രേം വലിയ തുകയൊന്നും സബ്‌സിഡി നൽകിയിട്ടില്ലെന്ന് വേദഗണിതത്തിലും ഭാരതീയ മീമാംസകളിലും അത്രയൊന്നും വ്യുൽപ്പത്തിയില്ലെങ്കിലും അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. അപ്പോൾ പിന്നെ കഴിഞ്ഞ നാലു കൊല്ലം കൊണ്ട് ജനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ നികുതി എവിടെപ്പോയി എന്നൊരു ചോദ്യം ചോദിക്കേണ്ടതുണ്ട്. ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ഒട്ടുമിക്ക സൗജന്യങ്ങളും സബ്‌സിഡികളും പൂർണമായി നിർത്തലാക്കുകയോ നിർത്തലാക്കാൻ തീരുമാനിക്കപ്പെടുകയോ ചെയ്‌തുകഴിഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം വിൽപ്പന നികുതി നിരക്കുകൾ വർദ്ധിപ്പിച്ച് നികുതി പിരിവ് പിന്നേയും കൂട്ടി. പക്ഷേ ചോദ്യമിതാണ്, ഇങ്ങനെയൊക്കെ ഖജനാവിലേക്ക് മുതൽക്കൂട്ടുന്ന പണം ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കപ്പെടേണ്ടതല്ലേ..? ചികിത്‌സാ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ, ഇങ്ങനെയൊക്കെയല്ലേ ഈ പണം ചെലവഴിക്കപ്പെടേണ്ടത്? പക്ഷേ നാലു കൊല്ലം കൊണ്ട് ഇതിലേതാണ് നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ കഴിയുക? ഒന്നുമില്ല എന്നാണുത്തരം. നിർമിക്കപ്പെട്ട റോഡുകൾ മുഴുവൻ സ്വകാര്യ നിക്ഷേപങ്ങളാണ്. പാലങ്ങളും വൈദ്യുതി-ജലവിതരണ പദ്ധതികൾപോലും സ്വകാര്യ കമ്പനികളുടേതാണ്. എന്തിന്, അതിർത്തിയിൽ കാവൽ നിൽക്കുന്ന അഞ്ചു ലക്ഷം പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി നൽകാൻപോലും കഴിഞ്ഞിട്ടില്ല, രാത്രി നിരീക്ഷണ സൗകര്യമുള്ള ദൂരദർശിനികൾ വേണമെന്ന സൈന്യത്തിന്റെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അപ്പോൾ പിന്നെ ഈ സഹസ്രകോടികൾ എവിടെ പോയി ..?

നല്ല കാലം ഇനിയും വരും എന്ന് പ്രതീക്ഷിച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. വരാനുള്ളത് ഇതിലും ഭയങ്കരമായ സംഭവങ്ങളാണ്. 2016ലെ കുപ്രസിദ്ധ നോട്ടു നിരോധനത്തിന്റെ പിന്നിലെ ഒരു രഹസ്യ അജണ്ട ബാങ്കുകളിൽ വൻകിട നിക്ഷേപകർക്കു വായ്പ്പ നൽകാൻ പണമെത്തിക്കലായിരുന്നു. ഏതാണ്ട് 170 ലക്ഷം കോടിയുടെ വായ്‌പ്പാ ആവശ്യങ്ങൾ നിറവേറ്റപ്പെടാൻ വേറൊരു മാർഗവുമില്ലാത്തതാണ് അന്നാ കടുംകൈ ചെയ്യാൻ ഗവൺമെന്റിനെ പ്രേരിപ്പിച്ചത് എന്നത് വെറും ആരോപണമായിരുന്നില്ല എന്ന് തുടർന്നുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രണ്ട് ലക്ഷത്തി നാൽപതിനായിരം കോടി രൂപയുടെ ദേശസാൽകൃത ബാങ്കുകൾക്ക് കിട്ടാനുണ്ടായിരുന്ന വൻകിട വായ്പ്പകൾ എഴുതിത്തള്ളിക്കഴിഞ്ഞു. അപ്പോൾ മനസിലായല്ലോ നമ്മുടെ ഓരോരുത്തരുടേയും കഞ്ഞിക്കിണ്ണത്തിൽ നിന്ന് ഊറ്റിയെടുത്ത പണം എങ്ങോട്ടാണ് പോവുന്നത് എന്ന്. രാജ്യത്തെ കർഷകരുടെ വായ്പ്പകൾ എഴുതിത്തള്ളാൻ സാധ്യമല്ല എന്ന സർക്കാരിന്റെ നിലപാട് കൂടി ചേർത്തു വായിക്കണം. അപ്പോഴേ നമുക്കു പറ്റിയ ചതിയുടെ ആഴം പൂർണമായി മനസിലാവൂ.

വിചിത്രമായ സംഗതി ഇതൊന്നുമല്ല. ഇത്രയൊക്കെയായിട്ടും നമുക്കൊരു പരാതിയുമില്ല എന്നതാണ്. ഒരു പ്രതിഷേധവും കൂടാതെ ഇതൊക്കെ നമ്മുടെ വിധിയാണ് എന്നംഗീകരിച്ചു ജീവിക്കുന്നു നമ്മൾ. ഇത്രമേൽ ഷണ്ഡീകരിക്കപ്പെട്ട ഒരു ജനത വേറെ എവിടെയെങ്കിലും ഉണ്ടാവും എന്നു കരുതുക വയ്യ. ഇപ്പോഴും നാം വരാൻ പോകുന്ന നല്ല ദിനങ്ങളെ കാത്തിരിക്കുകയാണ്. ഇത്രയും കാലം കൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്തു മാറ്റമുണ്ടായി എന്നൊന്ന് വിശകലനം ചെയ്‌താൽ തീരാവുന്നതേയുള്ളൂ ഈ മൂഢസ്വർഗത്തിലെ വാസം. പക്ഷേ എന്തു കൊണ്ടോ നമ്മളതിനു തയ്യാറാവുന്നില്ല. അത്ര ആഴത്തിൽ നാം നിശ്ശബ്‌ദരാക്കപ്പെട്ടിരിക്കുന്നു. 6000 കോടിയുടെ പ്രതിമയുടെ പേരിലും വാങ്ങാൻ പോകുന്ന വമ്പൻ ആയുധങ്ങളുടെ പേരിലും തോൽപ്പിക്കപ്പെടാൻ പോകുന്ന അന്യമതത്തിലെ അനാചാരങ്ങളുടെ പേരിലുമൊക്കെ തൃപ്‌തരാവാൻ നാം കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സംശയവുമില്ല, ഈ നിശ്ശബ്‌ദതയിൽ നിന്നും നിസംഗതയിൽ നിന്നും ഉണരാൻ ഇനിയും വൈകിയാൽ തിരിച്ചു പിടിക്കാനാവാത്ത വിധം നമ്മുടെയൊക്കെ ചെറിയ ജീവിതങ്ങൾ തകർന്നു പോകും.

-മനോജ് വീട്ടിക്കാട്

2 Comments
  1. Anil 2 years ago

    Very well said

  2. George 2 years ago

    നമ്മുടെ നിസ്സംഗതതന്നെയാണ് എല്ലാത്തിനും കാരണവും. കൂടാതെ, രാഷ്‌ട്രീയ അന്ധവിശ്വാസവും…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account